studentsരാമായണത്തിലെ ബാലിയെപ്പോലെയാവണം സിവില്‍ സര്‍വീസില്‍ ഒരു കരിയര്‍ തേടി നടക്കുന്ന ഏതൊരാളും. യുദ്ധത്തില്‍ തന്റെ എതിരാളികളുടെ ശക്തി പകുതി ചോര്‍ന്നു കിട്ടും ബാലിക്ക്. അതു പോലെ എല്ലാവരില്‍ നിന്നും അറിവുകള്‍ ശേഖരിക്കണം. അതു കൊണ്ടാണ് ശ്രീരാമന്‍ പോലും മരത്തിന് പിന്നില്‍ ഒളിഞ്ഞു നിന്ന് ബാലിയെ അമ്പെയ്ത് വീഴ്ത്തിയത്. പക്ഷേ വയറു നിറയെ കഴിച്ചിട്ട് കിടന്നുറങ്ങുന്ന ആവശ്യം വരുമ്പോള്‍ ഒരു പ്രയോജനവുമില്ലാത്ത കുംഭകര്‍ണ്ണനാണ് മിക്കവരുടെയും റോള്‍ മോഡല്‍.

സിവില്‍ സര്‍വീസ് പരീക്ഷയുടെ ഗതി നിര്‍ണ്ണയിക്കാന്‍ കരുത്തുള്ള ഭാഷയാണ് മലയാളം. ഇത് കൂടാതെ ഗ്രാമീണവിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത് ഇതരഭാഷാ അറിവുകള്‍, പ്രത്യേകിച്ചും ഹിന്ദിയും ഇംഗ്ലീഷും ദേശീയതലത്തിലുള്ള അറിവുകളും  വര്‍ധിപ്പിക്കാനാണ്. ഹിന്ദിയിലുള്ള ആശയവിനിമയശേഷി രൂപപ്പെടുത്തല്‍ ഇതില്‍ പ്രധാനമാണ്. ഹിന്ദി സിനിമ കണ്ടാല്‍ ഒരു പരിധി വരെ ഹിന്ദി പഠിക്കും. ട്രെയിനിംഗ് അക്കാദമിയില്‍ ഞാന്‍ ആദ്യനാലുമാസം കണ്ടു തീര്‍ത്ത ഹിന്ദി സിനിമകളുടെ അനുഭവം ഇതിനു പിന്നിലുണ്ട്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ പോയി നില്‍ക്കുമ്പോള്‍ ഹിന്ദി താനേ വരും.

"കുറഞ്ഞ റാങ്ക് കിട്ടിയത് കൊണ്ടല്ല എനിക്ക് റെയില്‍വേ സര്‍വീസ് കിട്ടിയത്. ഐ.എ.എസും കുറഞ്ഞ പക്ഷം ഐ.പി.എസും നേടാന്‍ അര്‍ഹതയുണ്ടായിരുന്നു, അഞ്ച് ലക്ഷം പേര്‍ മാറ്റുരച്ച സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഞാന്‍ നേടിയ റാങ്കിന്, പക്ഷേ കാഴ്ചക്കുറവെന്ന കടമ്പയില്‍ തട്ടി യു.പി.എസ്.സി ആദ്യം ഐ.പി.എസ് നിഷേധിച്ചു. കാഴ്ചക്കുറവുള്ളവര്‍ക്കുള്ള സീറ്റ് ഇല്ലെന്ന തൊടുന്യായം കാണിച്ച് ഐ.എ.എസും നിഷേധിച്ചു"

മേരേ പ്യാരേ ദേശ് വാസിയോം

ജീവിതത്തില്‍ ഹിന്ദിയുടെ ഉപയോഗം പഠിച്ചത് കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്‌കൂളില്‍ വെച്ച് ഹിന്ദി പഠിപ്പിച്ച സൂസന്‍ ടീച്ചര്‍ പറഞ്ഞത് അനുസരിച്ചിട്ടല്ല. 'ഇസലിയേ'യും 'കാ'യും 'കോ'യും സ്ത്രീലിംഗവും പുല്ലിംഗവും റാം ധാരി സിംഗ് ദിന്‍കറുടെ കവിതയും തെറ്റുമ്പോള്‍ ഞാനും മലയാളത്തില്‍ അഭിമാനം കൊള്ളുകയും പ്രേംചന്ദ്, ബഷീറിന്റെ അത്രയും വരില്ലെന്ന് അക്കാലത്ത് സ്വയം സമാധാനിപ്പിക്കുകയും ചെയ്തിരുന്നു. മലയാളത്തെ ദേശീയഭാഷയായി കണ്ടു കൂടെ എന്നൊരു ന്യായമായ സംശയവും ഞാന്‍ പുലര്‍ത്തിയിരുന്നു.

സിവില്‍ സര്‍വീസ് ട്രെയിനിങ്ങിനു പോകുന്ന പ്രൊബേഷണര്‍മാര്‍ക്കായി അക്കാദമി വാഹനം അയയ്ക്കും. ഞാന്‍ വിളിച്ചു പറഞ്ഞിട്ടും അക്കാദമി ഡ്രൈവര്‍ വന്നില്ല. റിസപ്ഷനില്‍ ചെന്ന് ചോദിച്ചപ്പോള്‍ മനസിലായി. ഞാന്‍ 'ആജ്' അല്ല 'കല്‍' ആണ് പറഞ്ഞതെന്ന്. വരുന്നത് ഇന്നല്ല നാളെയായിരിക്കുമെന്ന് ഞാന്‍ പറഞ്ഞ മുറി ഹിന്ദിയില്‍ നിന്നും ഡ്രൈവര്‍ കരുതിയതില്‍ ഡ്രൈവറെ എങ്ങനെ കുറ്റം പറയാനാവും?. റെയില്‍വേ മന്ത്രാലയത്തിലേക്ക് കയറിപ്പോകുമ്പോള്‍ തടഞ്ഞ സെക്യുരിറ്റിക്കാരനും ഇതേ ഗണത്തില്‍പ്പെടും. സിവില്‍ സര്‍വീസ് കിട്ടിയ ശേഷമുള്ള ആദ്യയാത്രയാണ്. ഒടുവില്‍ മുറിഹിന്ദി പറഞ്ഞു രക്ഷപ്പെട്ടു.

പിന്നീട് ഹിന്ദിയില്ലാതെ ഗുജറാത്തിലെ ട്രെയിനിംഗ് അക്കാദമിയില്‍ തുള്ളി വെള്ളം പോലും കിട്ടില്ലെന്ന അവസ്ഥ വന്നു. ഏതാണ്ട് 'പഞ്ചാബി ഹൗസി'ലെ ഹരിശ്രീ അശോകന്റെ അവസ്ഥ. അല്ലെങ്കില്‍ ഛെ.. എന്ന് പറഞ്ഞാല്‍ ആറു റൊട്ടി തരുന്ന ഗതികേട്. അപ്പോള്‍ ഞാന്‍ പണ്ട് ഹിന്ദിയെ തള്ളിപ്പറഞ്ഞതില്‍ പരിതപിച്ചു. ഇതിനെ തിരിച്ചറിവ് എന്നോ മടിയന്‍ മല ചുമക്കും എന്ന പഴഞ്ചൊല്ലുമായുള്ള താരതമ്യപ്പെടുത്തലായോ വിവക്ഷിക്കാവുന്നതാണ്.

പക്ഷേ ഉള്ളിലുള്ളത് പ്രകടമാക്കാന്‍ ഭാഷയില്ലെങ്കില്‍, അതും എതിര്‍വശത്ത് നില്‍ക്കുന്നവന് മനസിലാകുന്ന ഭാഷയില്ലെങ്കില്‍ ഒരു കാര്യവുമില്ല. മോഡിയെ 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന് കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന സകല അനുജന്മാരും അനുജത്തിമാരും മാന്‍ കി ബാത്തോ ദൂരദര്‍ശന്‍ ഹിന്ദി വാര്‍ത്തകളോ കേട്ട് ഹിന്ദി പഠിക്കാന്‍ അഭ്യര്‍ത്ഥന.

ഇംഗ്ലീഷ് പത്രം വായിച്ചാല്‍ കലക്ടറാകുമോ....? 

ഏതെങ്കിലുമൊരു നല്ല ദേശീയ ഇംഗ്ലീഷ് പത്രം വായിക്കുക. പണ്ട് ഞാന്‍ മാത്രമായിരുന്നു നാട്ടില്‍ ഇംഗ്ലീഷ് പത്രം വരുത്തിയിരുന്നത്. ഒരു കോപ്പി എനിക്ക് മാത്രമായി പത്ര എജന്റ്  ഓര്‍ഡര്‍ ചെയ്യണം. ഞാന്‍ വീടിന്റെ വരാന്തയിലിരുന്ന് പത്രം ഉറക്കെ വായിച്ച് ഇംഗ്ലീഷ് ഉച്ചാരണം നന്നാക്കാന്‍ ശ്രമിക്കും.

അപ്പോള്‍ നാട്ടുകാര്‍ പറയും: 'പിന്നേയ് ഇംഗ്ലീഷ് പത്രം വായിച്ചിട്ട് അവനിപ്പോള്‍ കളക്ടര്‍ പരീക്ഷ എഴുതാന്‍ പോകുവല്ലിയോ. ഐ.എ.എസ് അവിടെ എടുത്തു വെച്ചിരിക്കുന്നത് പോലെയാ ഇംഗ്ലീഷ് പത്രമൊക്കെ വായിക്കുന്നത് കണ്ടാല്‍.'

പിന്നീട് എനിക്ക് സിവില്‍ സര്‍വീസ് കിട്ടിയ വിവരമറിഞ്ഞ് ന്യൂസ് ചാനലുകള്‍ വന്നപ്പോള്‍ നാട്ടില്‍ ഞാനില്ല. അപ്പോള്‍ നാട്ടുകാര്‍ സന്തോഷത്തോടെ ക്യാമറയ്ക്ക് മുന്‍പില്‍ പറയുന്നു:

'ആ പയ്യന്‍ ഭയങ്കര കഠിനാധ്വാനിയായിരുന്നു. ചെറുപ്പത്തിലെ ഇംഗ്ലീഷ് പത്രമൊക്കെ ഉറക്കെ വായിക്കുമായിരുന്നു. അന്നേ ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു ഭാവിയില്‍ അവനു സിവില്‍ സര്‍വീസ് കിട്ടുമെന്ന്'. ചുറ്റിലുമുള്ളവര്‍ എന്ത് പറയുന്നു, എന്ത് കരുതുന്നു തുടങ്ങിയ കാര്യങ്ങള്‍ അധികം ഗൗനിക്കാതിരിക്കുക. ചെയ്യാനുള്ളത് ചെയ്യുക.

സിവില്‍ സര്‍വീസിനെ ജനകീയമാക്കി സിനിമാ താരങ്ങള്‍

സിവില്‍ സര്‍വീസിനെ ജനകീയമാക്കിയതില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവര്‍ക്ക് പങ്കുണ്ട്. ദി കിംഗ്, കമ്മീഷണര്‍, നരസിംഹം, തന്മാത്ര തുടങ്ങിയ സിനിമകള്‍ ഞാന്‍ കണ്ടതിന് കയ്യും കണക്കുമില്ല. ഇവരാണ് സിവില്‍ സര്‍വീസില്‍ എത്താന്‍ രഹസ്യമായി എന്നെ ചെറുപ്പത്തില്‍ പ്രചോദിപ്പിച്ചത്. അല്ലാതെ വിനോദ് റായിയോ പൌലോ കൊയ്‌ലോയോ അല്ല. രാജു നാരായണസ്വാമി സാര്‍ എല്ലാ ക്ലാസ്സിലും റാങ്ക് വാങ്ങിയാണ് സിവില്‍ സര്‍വീസില്‍ എത്തിയെന്നറിഞ്ഞപ്പോള്‍ ഞാന്‍ സിവില്‍ സര്‍വീസ് മോഹം ഉപേക്ഷിച്ചാലോ എന്നാലോചിച്ചു.

കാരണം അതാണ് മാനദന്ധമെങ്കില്‍ ഒരിക്കലും ഞാനീ പരീക്ഷ കടക്കില്ലെന്ന് സ്‌കൂളില്‍ ഒരു ശരാശരിക്കാരനായ എനിക്ക് അക്കാലത്ത് ഉറപ്പായിരുന്നു. സിവില്‍ സര്‍വീസില്‍ വരുന്നതിന് മുന്‍പ് വരെ രണ്ടടിയ്ക്ക് അടുത്ത് ഞാന്‍ ഒരു സിവില്‍ സര്‍വീസുകാരനെയും ജീവിതത്തില്‍ കണ്ടിട്ടില്ല. നാലു തലമുറ പുറകോട്ടു ചികഞ്ഞാല്‍ പോലും ഒരു സിവില്‍ സര്‍വീസുകാരനെ എന്റെ തറവാട്ടില്‍ കാണാന്‍ കഴിയില്ല.

യുപിഎസ്‌സി - പിഎസ്‌സി വ്യത്യാസം 'യു' മാത്രം

കോളേജില്‍ വെച്ച് എന്റെ ലക്ഷ്യം ഏതെങ്കിലും പി.എസ്.സി പരീക്ഷ എഴുതി വില്ലേജ് അസിസ്റ്റന്റോ, എല്‍.ഡി ക്ലാര്‍ക്കോ ആകണം എന്നതായിരുന്നു. മാതൃഭൂമി ഇയര്‍ ബുക്ക്, തൊഴില്‍ വാര്‍ത്ത ഇതൊക്കെയാണ് തുടക്കത്തിലെ എന്റെ ടൂളുകള്‍. പിന്നെയാണ് സിവില്‍ സര്‍വീസ് ക്രോണിക്കിളിലേക്കൊക്കെ എത്തുന്നത്. ഞാന്‍ 2010 ല്‍ ജലഗതാഗതവകുപ്പില്‍ ഒരു പ്യൂണ്‍ പരീക്ഷ എഴുതാന്‍ പോയി. കേരള പി.എസ്.സിയാണ് പരീക്ഷ നടത്തുന്നത്.

"ഫലം വന്ന്, ലിസ്റ്റിട്ടു അഡൈ്വസ് മെമ്മോ വരുമ്പോള്‍ ഞാന്‍ ആ വര്‍ഷം എഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് സിവില്‍ സര്‍വീസ് ട്രെയിനിങ്ങിലാണ്. പി.എസ്.സിയും സിവില്‍ സര്‍വീസ് പരീക്ഷ നടത്തുന്ന യു.പി.എസ്.സിയും തമ്മില്‍ ഒരു 'യു'വിന്റെ വ്യത്യാസമേയുള്ളൂവെങ്കിലും രണ്ടും തമ്മില്‍ സൂപ്പര്‍ ഫാസ്റ്റ്  ട്രെയിനും പാസ്സഞ്ചര്‍ ട്രെയിനും തമ്മിലുള്ള വ്യത്യാസമുണ്ട്' 

അതു കൊണ്ടു തന്നെ സിവില്‍ സര്‍വീസ് എന്ന ഒറ്റപരീക്ഷ മാത്രം എഴുതാതെ ബാക്കിയുള്ളവയും എഴുതുക. ചെറിയ ജോലി കിട്ടിയാലും വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരിക്കുക. പൊതുമേഖലയില്‍ അടിക്കടി പരീക്ഷ നടത്തുന്ന രണ്ടു കൂട്ടര്‍ ബാങ്കുകളും റെയില്‍വേയുമാണ്. കൃത്യമായ ടൈം ടേബിള്‍ വെച്ച് പരീക്ഷ നടത്തുന്ന യു.പി.എസ്.സിയും ഇതില്‍പ്പെടും. 

ഒരിക്കല്‍ ഡല്‍ഹിയില്‍ വെച്ച് ജെ.എന്‍.യുവിന് പുറകിലുള്ള ജവഹര്‍ ബുക്ക് ഡിപ്പോയില്‍ സിവില്‍ സര്‍വീസിനു പഠിക്കേണ്ട പുസ്തകങ്ങള്‍ തിരയുമ്പോള്‍ അവിടെ നില്‍ക്കുന്ന സെയില്‍സ്മാന്‍ പരീക്ഷയ്ക്ക് വേണ്ട പുസ്തകങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ എന്നെ സഹായിച്ചു. നിരവധി പേരെ സഹായിച്ചിട്ടുള്ള അയാള്‍ അത് ചെയ്യുമ്പോള്‍ അയാളുടെ കച്ചവടമനോഭാവമല്ല, മറിച്ച് എന്നെ സഹായിക്കാനുള്ള സന്നദ്ധതയാണ് അനുഭവപ്പെട്ടത്. ഇത്തരം താഴേയ്ക്കിടയിലുള്ള സാധാരണ ആളുകളാണ് എന്നെ രൂപപ്പെടുത്തിയതെന്നാണ് എന്റെ വിശ്വാസം.

കരിയര്‍ മാപ്പിംഗ് തയ്യാറാക്കുക

ഇന്ത്യയില്‍ ശരിയായ കരിയര്‍ മാപ്പിംഗ് വേണ്ട സമയത്ത് കുട്ടികളില്‍ നടക്കുന്നില്ല. ഏതു മേഖലയിലാണ് ഒരു കുട്ടിയുടെ അഭിരുചി എന്ന് കണ്ടെത്തുകയാണ് പ്രധാനം. സിവില്‍ സര്‍വീസില്‍ അഭിരുചിയുണ്ടോ എന്നറിയാനുള്ള സ്‌കില്‍ ടെസ്റ്റുകള്‍ നിരവധിയുണ്ട്. 

സാങ്കേതികവിദ്യയുടെ ഉപയോഗമാണ് പ്രധാനം. ഫെയ്‌സ്ബുക്കിനെയും വാട്ട്‌സ് ആപ്പിനെയും ഗൂഗിള്‍ ഡ്രൈവിനെയും ഒക്കെ തയ്യാറെടുപ്പിന്റെ ഭാഗമാക്കാം. ഡയറിയില്‍ എല്ലാം കുത്തിക്കുറിച്ച് വെയ്ക്കുന്നതിന് പകരം വേര്‍ഡ് ഫയലില്‍ എല്ലാം അപ്‌ഡേറ്റ് ചെയ്തു പോകുന്ന ഒരു ഐ.പി.എസ് ബാച്ച്‌മേറ്റ് ഉണ്ടായിരുന്നു എനിക്ക്.

ഓരോ കാലഘട്ടത്തിലും തയ്യാറെടുക്കേണ്ട വിധം ആദ്യമേ തയ്യാറാക്കി വെയ്ക്കാം. ഞാന്‍ ഡിഗ്രി കഴിഞ്ഞ ഉടനെ ഒരു കരിയര്‍ പ്ലാന്‍ എന്റെ ഡയറിയ്ക്കുള്ളില്‍ രഹസ്യമായി തയ്യാറാക്കി.അതിങ്ങനെയാണ്:

2010 സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നു.തോല്‍ക്കുന്നു (എന്റെ അറിവിനെക്കുറിച്ച് എനിക്ക് തന്നെ ഒരു ബോധ്യം ഉണ്ടല്ലോ)
2011 വീണ്ടും എഴുതുന്നു.തോല്‍ക്കുന്നു.
2012 നിരാശനാവാതെ വീണ്ടും പ്രിലിമിനറി പരീക്ഷ എഴുതുന്നു. ജയിക്കുന്നു. പക്ഷേ മെയിന്‍ പരീക്ഷ കിട്ടുന്നില്ല.
2013 വീണ്ടും പ്രിലിമിനറി പരീക്ഷ എഴുതുന്നു. മെയിന്‍ പരീക്ഷ എഴുതുന്നു. പക്ഷേ കിട്ടുന്നില്ല.
2014 പ്രിലിമിനറി കടന്ന് മെയിന്‍ പരീക്ഷ എഴുതുന്നു. ഇന്റര്‍വ്യൂ കിട്ടുന്നില്ല.
2015 ഇന്റര്‍വ്യൂ കിട്ടുന്നില്ല.
2016 ഇന്റര്‍വ്യൂ കിട്ടുന്നു. സര്‍വീസില്‍ എത്തുന്നു. (അപ്പോഴേക്കും എന്റെ ഇംഗ്ലീഷ് ദേശീയനിലവാരത്തില്‍ എത്തും എന്ന ശുഭപ്രതീക്ഷ)

ഈ അടുത്ത കാലത്ത് ഡയറി മറിച്ച് നോക്കുമ്പോഴാണ് ഞാനിതു കാണുന്നത്. 2012 ബാച്ചിലാണ് എനിക്ക് സിവില്‍ സര്‍വീസ് കിട്ടുന്നത്. 

തിരിച്ചടികളെ പോസിറ്റീവായി എടുക്കുക

നിലവില്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വീസിലാണ്  ജോലി നോക്കുന്നത്. സിവില്‍ സര്‍വീസ് വിജയത്തിന് ശേഷം ഐ.എ.എസ് പ്രതീക്ഷിച്ചു ഓഫര്‍ ലെറ്ററിന് കാത്തു നിന്ന എന്നെ കേന്ദ്രപഴ്‌സണല്‍ മന്ത്രാലയം ആദ്യ മൂന്നുമാസം ഇരുട്ടിലാക്കി. 

കുറഞ്ഞ റാങ്ക് കിട്ടിയത് കൊണ്ടല്ല എനിക്ക് റെയില്‍വേ സര്‍വീസ് കിട്ടിയത്. ഐ.എ.എസും കുറഞ്ഞ പക്ഷം ഐ.പി.എസും നേടാന്‍ അര്‍ഹതയുണ്ടായിരുന്നു, അഞ്ച് ലക്ഷം പേര്‍ മാറ്റുരച്ച സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഞാന്‍ നേടിയ റാങ്കിന്, പക്ഷേ കാഴ്ചക്കുറവെന്ന കടമ്പയില്‍ തട്ടി യു.പി.എസ്.സി ആദ്യം ഐ.പി.എസ് നിഷേധിച്ചു. കാഴ്ചക്കുറവുള്ളവര്‍ക്കുള്ള സീറ്റ് ഇല്ലെന്ന തൊടുന്യായം കാണിച്ച് ഐ.എ.എസും നിഷേധിച്ചു..

തൊട്ടു പുറകേ, ഇതേ കാരണം കാട്ടി ഇന്ത്യന്‍ റവന്യൂ സര്‍വീസ് അടക്കമുള്ളവ നല്‍കാതെ ഏഴുനൂറാം റാങ്ക് നേടുന്നവര്‍ക്കുള്ള ഇന്ത്യന്‍ റയില്‍വേ സര്‍വീസ് എനിക്ക് വെച്ച് നീട്ടി. ഇത്തരം ചെറിയ തിരിച്ചടികളെയും പോസിറ്റീവായിയെടുക്കണം.

"ചിലപ്പോള്‍ ആഗ്രഹിച്ച സര്‍വീസ് കിട്ടിയാലും ആഗ്രഹിച്ച കേഡര്‍ കിട്ടിയെന്നിരിക്കില്ല. ഇനി അത് കിട്ടിയാലും ആഗ്രഹിച്ച പോസ്റ്റിംഗ് കിട്ടണമെന്നില്ല. ഐ.എ.എസ് കിട്ടിയാലും ഐ.പി.എസ് കിട്ടിയാലും റയില്‍വേ സര്‍വീസ് കിട്ടിയാലും ഒരു സിവില്‍ സെര്‍വന്റ് നില്‍ക്കുന്നത് പൊതുജനങ്ങള്‍ക്കിടയിലാണ്. പബ്ലിക് സര്‍വീസാണ് എന്റെ പ്രവര്‍ത്തനമേഖല. ഇതിലെ ഒന്നാമത്തെ വാക്കായ പബ്ലിക്കിന്റെ സഹായം കൊണ്ടാണ് ഞാനീ നിലയിലെത്തിയത്"

ഗവണ്‍മെന്റ് ഫീസിളവും സ്‌കോളര്‍ഷിപ്പും തന്നില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഞാനുണ്ടാവില്ലായിരുന്നു. ഇതിലെ രണ്ടാമത്തെ വാക്കായ സര്‍വീസിലൂടെ, പൊതുസേവനത്തിലൂടെ അവര്‍ എനിക്ക് തന്നതെല്ലാം വീണ്ടും പബ്ലിക്കിനു തന്നെ തിരികെ കൊടുക്കുകയാണ് എന്റെ വലിയ ലക്ഷ്യങ്ങളിലൊന്ന്.

കരിയര്‍ പ്ലാനിംഗ്

നമ്മളെക്കുറിച്ചൊരു അടിസ്ഥാനവിലയിരുത്തല്‍ നടത്താന്‍ കരിയര്‍ പ്ലാനിംഗ് സഹായിക്കും. ഇത്തരത്തില്‍ സ്‌കൂള്‍ കാലം തൊട്ടേ കരിയര്‍ പ്ലാന്‍ തയ്യാറാക്കാം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ എന്നെ കണ്ടുമുട്ടിയ ആയിരത്തോളം കുട്ടികളില്‍ ഞാനിതിന്റെ ഫലം കണ്ടു. കരിയര്‍ പ്ലാനിംഗിനെ വര്‍ഷം തിരിച്ച് ഇങ്ങനെ വേര്‍തിരിക്കാം.
സ്‌കൂള്‍ കാലം
 

  • പ്ലസ് ടു കാലം
  • ഡിഗ്രി കാലം
  • ബിരുദാനന്തര ബിരുദ കാലം
  • പരിശീലനകാലം

 

'നിങ്ങളെന്താ എന്നെ തല്ലാന്‍ വന്ന ഗുണ്ടയാണോ'

എന്റെ ആദ്യ ഇന്റര്‍വ്യൂ എസ്.ബി.ടി ക്ലാര്‍ക്ക് ആയിരുന്നു. സുഹൃത്തില്‍ നിന്നും കടം വാങ്ങിയ ഒരു ഷര്‍ട്ട് ആയിരുന്നു വേഷം. ഞാന്‍ ആ ഫുള്‍ സ്ലീവ്‌സ് ഷര്‍ട്ടിന്റെ കൈ മടക്കി വെച്ചിട്ടാണ് ഉള്ളിലേക്ക് പോകുന്നത്. അന്നറിയില്ല എങ്ങനെയാണ് ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതെന്ന്.

പിന്നീട് ഐ.ഡി.ബി.ഐ ബാങ്കില്‍ ജോലിക്ക് അസിസ്റ്റന്റ് മാനേജര്‍ ആയി ആദ്യദിവസം ചെന്നപ്പോഴും ഇത് തന്നെ. ഒരു സ്‌ളിപ്പര്‍ ചെരുപ്പും മുഷിഞ്ഞ പാന്റും ഫുള്‍ സ്ലീവ്‌സ് ഷര്‍ട്ടിന്റെ കൈയും മടക്കി വെച്ചിട്ടാണ് അസിസ്റ്റന്റ് മാനേജര്‍ ആവാന്‍ ഉള്ളിലേക്ക് പോകുന്നത്.

ചെന്നപ്പോള്‍ മാനേജര്‍ ചോദിച്ചു. 'നിങ്ങളെന്താ എന്നെ തല്ലാന്‍ വന്ന ഗുണ്ടയാണോ'.

ഞാന്‍ പ്ലിംഗ്. അപ്പോള്‍ ഉള്ളില്‍ ആദ്യം വന്നത് എന്നെപ്പോലുള്ള ഒരു തനി നാട്ടിന്‍പുറത്തുകാരനോട് ഇങ്ങനെ ഒക്കെ ചെയ്യുന്ന നഗരവാസിയോടുള്ള അമര്‍ഷം. പിന്നെ മനസിലായി, ചില ഫീലിങ്ങ്‌സില്‍ നല്ല ഒരു കുത്ത് കിട്ടിയാലേ നന്നാവൂവെന്ന്. ചത്ത മീനിന്റെ കണ്ണ് പോലെയാവരുത്. കണ്ണുകളുടെ ലുക്ക്(Eye-Contact). കണ്ണുകളെ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണം. എന്നാല്‍, ഇന്റര്‍വ്യൂ ബോര്‍ഡിലെ ലേഡി മെമ്പറെ ഇടയ്ക്കിടെ ഇറുക്കണ്ണിട്ട് നോക്കരുത്.

ജീവിതത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെ സദ്‌സ്വഭാവങ്ങളും കഴിവുകളും മാനറിസങ്ങളും പകുതിയെങ്കിലും അനുകരിക്കാന്‍ കഴിയണം. ഒരു മാസം ഒരു നല്ല കഴിവ് വളര്‍ത്തിയെടുക്കുന്ന ശീലം ഉണ്ടാക്കുക. പ്രചോദനം കിട്ടാന്‍ മറ്റുള്ളവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്ന പതിവ് ഒരു പരിധിയില്‍ കൂടുതല്‍ പാടില്ല. സ്വയം ഉള്ളില്‍ നിന്നുള്ള പ്രചോദനം(Self-Motivation) എപ്പോഴും വളര്‍ത്താന്‍ ശ്രമിക്കുക.

എനിക്ക് കിട്ടിയ ഒരു സ്വഭാവം സിവില്‍ സര്‍വീസ് ട്രെയിനിങ്ങിനു ഗുജറാത്തില്‍ ചെന്നപ്പോള്‍ അക്കാദമിയില്‍ എന്റെ റൂംമേറ്റ് ആയിരുന്ന ആന്ധ്രാപ്രദേശുകാരന്‍ പ്രശാന്ത് ചിലുക്കയില്‍ നിന്നാണ്. ചിലുക്ക ഇപ്പോള്‍ ബീഹാര്‍ കേഡറില്‍ ഐ.എ.എസാണ്. ചെറുപയര്‍ മുളപ്പിച്ച് പ്രഭാതഭക്ഷണമായി ആദ്യം കഴിക്കുക എന്ന ശീലം ചിലുക്കയില്‍ നിന്നാണ് കിട്ടിയത്. 

രണ്ടാമത്തെയാള്‍ സമയകൃത്യത പാലിക്കുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും. എന്ത് നേട്ടത്തിനും ആദ്യം ദൈവത്തോട് നന്ദി പറഞ്ഞതിന് ശേഷം തന്നോട് പറഞ്ഞാല്‍ മതിയെന്നു നിര്‍ബന്ധം പിടിക്കുന്ന രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ എംപിയുമാണ്. ഒര്‍ഹാന്‍ പാമുക് പറഞ്ഞത് പോലെ എന്തിലും (അടി കിട്ടാതെയുള്ള) ഒരു കുട്ടിത്തം കാണുക, കാട്ടുക.

സൂപ്പ് എങ്ങനെ കുടിക്കണം

ഞാന്‍ ഒരിക്കലും ഒരു പോളിഷ്ഡ് സ്‌കൂളിലോ കോളേജിലോ പഠിക്കാത്തതിനാല്‍ അതിന്റെ എല്ലാ കുറവുകളും കൂടുതലുകളും എന്റെ സ്വഭാവത്തില്‍ സിവില്‍ സര്‍വീസ് ട്രെയിനിങ്ങിന്റെ തുടക്കം മുതലേ പ്രകടമായിരുന്നു. തീന്‍മേശകളിലെ ആതിഥ്യമര്യാദകളോ ഹസ്തദാനം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളോ ഒന്നും തന്നെ ആദ്യസമയത്ത് ഞാന്‍ ശ്രദ്ധിച്ചിരുന്നേയില്ല. സൂപ്പ് കുടിക്കുമ്പോള്‍ നായ ചൂടുപാല്‍ നക്കി കുടിക്കുന്നത് പോലെയല്ല, മറിച്ച് ശബ്ദമുണ്ടാക്കാതെ സ്പൂണ്‍ പതുക്കെ വായിലേക്ക് തിരുകി പതുക്കെ കുടിക്കണമെന്ന് പറഞ്ഞു തന്നത് ട്രെയിനിംഗ് അക്കാദമിയിലെ ഒരു ഉത്തരേന്ത്യന്‍ സുഹൃത്താണ്.

അത് കൊണ്ടു തന്നെ അക്കാദമിയിലെ മിക്ക ഡിന്നര്‍ പാര്‍ട്ടികളും ആദ്യമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ദുസ്സഹമായിരുന്നു. ആദ്യമൊക്കെ മിക്കവാറും അത്തരം ചടങ്ങുകള്‍ ഒഴിവാക്കാന്‍ എന്താണൊരു വഴി എന്ന ഇന്‍ ഫീരിയോറിറ്റി കോംപ്ലക്‌സ് എന്റെ ഉള്ളില്‍ ആദ്യ മാസങ്ങളില്‍ ഉണ്ടായിരുന്നു. പതുക്കെ അത് മാറ്റിയെടുത്തു. അതിന് ഞാന്‍ കണ്ടെത്തിയ വഴി, വീട്ടില്‍ വരുമ്പോള്‍ പാവപ്പെട്ട ചേട്ടനെയും അമ്മയേയും ഈ വക 'ആചാരങ്ങള്‍' ട്രെയിനിങ്ങിനിടെ വീട്ടില്‍ വരുമ്പോള്‍ നിര്‍ബന്ധപൂര്‍വം  അടിച്ചേല്‍പ്പിക്കുകയായിരുന്നു. അതിനാല്‍ തന്നെ ചേട്ടന്‍ വിനേഷ് കാലക്രമേണ ഒരു സൂപ്പ് വിരോധിയായിത്തീര്‍ന്നു.

ഉയര്‍ന്ന പോളിഷ്ഡ് സംസ്‌കാരം കാണിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി. അതോടെ എന്റെ ആത്മവിശ്വാസം ഇരട്ടിയായി. കാരണം ഇത്തരത്തിലുള്ള 80 ശതമാനം പേരും ഏച്ചു കെട്ടിയ വികാരങ്ങള്‍ മുഖത്ത് കാണിക്കുകയോ അഭിനയിക്കുകയോയാണെന്ന് എനിക്ക് മനസിലായി. അഞ്ചോ പത്തോ  ശതമാനം ആളുകള്‍ മാത്രമേ സ്വാഭാവികമായി ഇങ്ങനെ ചെയ്യൂ. അവരിലുള്ള രണ്ടു ഗുണങ്ങള്‍ ഞാന്‍ പ്രത്യേകം കണ്ടുപിടിച്ചു. അതിന്റെ പേരാണ് ലാളിത്യവും ഭവ്യതയും.

സംഭാഷണങ്ങളിലാവട്ടെ ഗ്രാമങ്ങളില്‍ നിന്നും വരുന്നവരുടെ വാക്കുകളും ആശയങ്ങളും (To the Point) കിറുകൃത്യമായിരിക്കും. കൃത്യസ്ഥാനത്ത് അത് ചെന്ന് കൊള്ളും. എന്നാല്‍ പോളിഷ്ഡ് സംസ്‌കാരക്കാര്‍ അവിടെയും ഇവിടെയും തൊടാതെ ഒഴുക്കോടെ സംസാരിക്കും. ഞാന്‍ കണ്ടവരില്‍ ഇത്തരക്കാരില്‍ ഭൂരിപക്ഷവും ഐഡിയലിസ്റ്റുകളാണ്. മീറ്റിങ്ങുകളില്‍ ഇവര്‍ മണിക്കൂറുകള്‍ സംസാരിക്കുന്നതു ഒറ്റവാക്യത്തില്‍ ഒതുക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നാറുണ്ട്.

ചിട്ടയായി, ക്രമമായി ചെറുപ്പത്തിലേ വിജയത്തിനായി സ്വയം ഒരുക്കുക. ഇതൊന്നും വേണ്ട അല്ലെങ്കില്‍ ഇതൊക്കെയെന്ത് എന്നാലോചിച്ച് 'ഞാന്‍ ഭാവിയില്‍ സ്വന്തമായി ഒരു ഐ.ടി കമ്പനി തുടങ്ങി അതിന്റെ സി.ഇ.ഒ ആവും, അവിടെ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചയെ പണിക്ക് വെയ്ക്കും അതുമല്ലെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെപ്പോലെ എഴുപതാം വയസ്സില്‍ യു.എസ് പ്രസിഡന്റ് ആവും,ഇനി ഇതൊന്നും ക്ലച്ച് പിടിച്ചില്ലെങ്കില്‍ ഗള്‍ഫിലുള്ള അമ്മാവന്റെ കെയര്‍ഓഫില്‍ റിഗ്ഗില്‍ പോയി ജോലി ചെയ്ത് കുവൈറ്റ് ദിനാര്‍ വാങ്ങി രക്ഷപ്പെടാം എന്നും സ്വപ്നം കാണുന്നവരോടും സിവില്‍ സര്‍വീസിനായി ആത്മാര്‍ത്ഥമായി തയ്യാറെടുക്കുന്നവരോടും ഒന്നേ പറയാനുള്ളൂ. നിങ്ങളെ ഡിങ്കന്‍ രക്ഷിക്കട്ടെ.