സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് തീരുമാനിക്കുന്നത് മെയിന്‍സില്‍ കിട്ടുന്ന മാര്‍ക്ക് ആണെങ്കിലും അതിനുള്ളില്‍ കടന്നു കൂടേണ്ട പ്രിലിമിനറി പരീക്ഷയിലാണ് യഥാര്‍ത്ഥമത്സരം. ഇവിടെ പങ്കെടുക്കുന്നവരുടെ എണ്ണമാണ് പ്രധാനവിലങ്ങുതടി. യു.പി.എസ്.സി നോട്ടിഫിക്കേഷനില്‍ അരപ്പേജ് തികച്ചില്ല, പ്രിലിമിനറിയുടെ സിലബസ്. എന്നാല്‍, പഠിച്ചു തുടങ്ങുമ്പോള്‍ മനസിലാവും കടല്‍ പോലെ നീണ്ടു കിടക്കുന്ന ഭാഗങ്ങള്‍. ആ കടല്‍വെള്ളം മുഴുവന്‍ ഒരു വിധം കുടിച്ചാലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഈ പരീക്ഷ പ്രവചനങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അപ്പുറം നില്‍ക്കുന്നത്.

സിലബസ് മാറില്ല; കൂട്ടിചേര്‍ക്കലുകള്‍ ശ്രദ്ധിക്കണം

മെയിന്‍സ് പരീക്ഷയ്ക്ക് ഫോക്കസ് ചെയ്ത് പഠിച്ചാല്‍ പ്രിലിമിനറി പരീക്ഷ കയ്യിലിരിക്കും എന്ന് ഒട്ടേറെ അനുഭവസ്ഥര്‍ പറയാറുണ്ട്. അതിനു കാരണം മെയിന്‍സ് പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് വിവരണാത്മക പേപ്പറുകളില്‍ ഏറിയ പങ്കും പ്രിലിമിനറിയുടെ സിലബസ് തന്നെയാണ്. എന്നാല്‍, നോട്ടിഫിക്കേഷന്‍ വന്നയുടനെ അപേക്ഷിച്ചവര്‍ ഇനി ഭയന്നിട്ടോ പ്ലാന്‍ തെറ്റിപ്പോയെന്ന് വിലപിച്ചിട്ടോ കാര്യമില്ല. 

ടൈംടേബിള്‍ ഉണ്ടാക്കി പതിയെ പഠിച്ചു തുടങ്ങുക. ഇത്തവണ സിവില്‍ സര്‍വീസ് കിട്ടിയില്ലെങ്കിലും കുറഞ്ഞ പക്ഷം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (KAS) എങ്കിലും കയ്യില്‍ തടയും. പ്രിലിമിനറിയുടെ സിലബസ് ഇടയ്ക്കിടെ മാറുന്നുവെന്ന് വിലപിക്കുന്ന ചിലരുണ്ട്. എന്നാല്‍, ഒന്നു രണ്ടു ചെറിയ മാറ്റങ്ങള്‍ അല്ലാതെ അടിമുടിയുള്ള ഒരു മാറ്റം കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സിവില്‍ സര്‍വീസ് അടക്കം ഒരു മത്സരപരീക്ഷയിലും ഉണ്ടായിട്ടില്ല. 

കാരണം, അടിസ്ഥാന ഇന്ത്യന്‍ചരിത്രം (Indian History) ഒരിക്കലും മാറില്ല. സയന്‍സ് സിദ്ധാന്തങ്ങള്‍ മാറിയിട്ടില്ല, ജിയോഗ്രാഫിയും സാമ്പത്തികശാസ്ത്രവും കണക്കും ഭരണഘടനയും ഒന്നും മാറിയിട്ടില്ല. മറിച്ച് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മാത്രം. അതിനാല്‍ തന്നെ അടിസ്ഥാനവിഷയങ്ങളില്‍ പൊതുഅറിവുള്ളവര്‍ എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ വെച്ച് അവ അപ്‌ഡേറ്റ് ചെയ്യുകയാണ് പ്രിലിമിനറി പരീക്ഷയ്ക്ക് മുന്‍പായി അത്യാവശ്യമായി ചെയ്യേണ്ടത്.

പരീക്ഷ എഴുതുന്ന മൂന്നു കൂട്ടര്‍

ആരെയാണ് നേരിടാന്‍ പോകുന്നതെന്ന തിരിച്ചറിവ് ആദ്യഘട്ടത്തില്‍ ഏറെ ഗുണം ചെയ്യും. എല്ലാ തവണയും മൂന്നു കൂട്ടര്‍ പ്രിലിമിനറി പരീക്ഷ എഴുതാന്‍ വരും. ഒ.എം.ആര്‍ ഷീറ്റ് ആദ്യമായി കാണുന്ന ഇവരില്‍ ജന്മനാ ജീനിയസ് ആയി ജനിച്ചവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പ്രിലിമിനറി കടക്കും. ഇക്കാര്യം വളരെ സംശയമാണ്; ഇനി അഥവാ കടന്നാല്‍ തന്നെ മെയിന്‍സില്‍ ഇവര്‍ കാലിടറി വീഴാനാണ് സാധ്യത.

അഞ്ചു ശതമാനത്തിനു താഴെയാണ് പ്രിലിമിനറിയില്‍ ഇവരുടെ വിജയസാധ്യത. മുന്‍പ് മറ്റു പല പരീക്ഷകളും എഴുതി വിജയിച്ചവരാകും രണ്ടാമത്തെ കൂട്ടര്‍. ഇവര്‍ തങ്ങള്‍ എഴുതി ജയിച്ച ഐ.ബി.പി.എസ്, കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ തുടങ്ങിയവയിലെ വിജയത്തിന്റെ ആവര്‍ത്തനം പ്രതീക്ഷിച്ചു വരുന്നവരാണ്. ആദ്യഘട്ടവിജയികളില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ ഇവരാണ്. വര്‍ഷങ്ങളായി ഗോദയില്‍ ഉള്ളവരും കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി ഭാഗ്യം പരീക്ഷിക്കുന്നവരുമാകും മൂന്നാമത്തെ കൂട്ടര്‍. ഏറ്റവും കൂടുതല്‍ വിജയം ഉണ്ടാവുക ഈ ഗ്രൂപ്പില്‍ നിന്നാണ്. ഇവരില്‍ നിന്നാണ് കടുത്ത മത്സരം പ്രിലിമിനറിയില്‍ നേരിടുക.

ജോലി ചെയ്തുള്ള പഠനം

എന്റെ ആദ്യ പ്രിലിമിനറി പരീക്ഷ ഒരു എടുത്തുചാട്ടമായിരുന്നു.ജോലിയുള്ളതിനാല്‍ കോച്ചിങ്ങിന് പോകാനുള്ള സമയമില്ല. ഒരു ക്രാഷ് കോഴ്‌സിനു തന്നെ അന്‍പതിനായിരം രൂപ നല്‍കണം. അത്രയും ഫീസും താങ്ങാന്‍ വയ്യ. ഒടുവില്‍ ഞാന്‍ ആയിരം രൂപയ്ക്ക് അടുത്ത് വരുന്ന ടാറ്റാ മക്‌ഗ്രോഹില്‍ പുറത്തിറക്കുന്ന ജനറല്‍ സ്റ്റഡീസ് മാനുവല്‍ വാങ്ങി. അതില്‍ ഒട്ടുമിക്ക പ്രിലിമിനറി സിലബസും ആദ്യപേജില്‍ തന്നെ കൊടുത്തിട്ടുണ്ട്.

ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുമ്പോള്‍ ആദ്യനോട്ടത്തിലെ ആ തടിപ്പുസ്തകം കാണുമ്പോഴേ പഠിക്കാനുള്ള താല്പര്യം പോകും. കുറേക്കഴിയുമ്പോള്‍ സ്വപ്നസഞ്ചാരം തുടങ്ങും. ഞാന്‍ സര്‍വീസില്‍ കയറുന്നു, രാഷ്ട്രപതിഭവനില്‍ പോകുന്നു, ഓഫീസ് മീറ്റിങ്ങുകളില്‍ സംസാരിക്കുന്നു. തുടങ്ങിയ ഫസ്റ്റ് ക്ലാസ്സ് സ്വപ്‌നങ്ങള്‍ കണ്ട് അവിടെ തന്നെ കിടന്നുറങ്ങും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ജനറല്‍ സ്റ്റഡീസ് മാനുവല്‍ തലയണയുടെ സ്ഥാനത്തും തലയണ വേറെയെവിടെയും കിടക്കുന്നു.

ഇതൊരു തുടര്‍ക്കഥയായപ്പോള്‍ ഞാന്‍ സമയം മാറ്റി പിടിച്ചു. ജോലി കഴിഞ്ഞു വന്നാലുടന്‍ കിടന്നുറങ്ങുക. വെളുപ്പിനെ എഴുന്നേല്‍ക്കുക. ഒടുവില്‍ ഒരു വിധം ജനറല്‍ സ്റ്റഡീസ് മാനുവല്‍ മുഴുമിച്ചെടുത്തു.

അത് കഴിഞ്ഞപ്പോള്‍ എന്റെ ഉള്ളില്‍ ഒരല്‍പം ആശ്വാസം നിറഞ്ഞു. കൂട്ടത്തില്‍ ദ ഹിന്ദു പത്രം വായിക്കുന്നുണ്ട്. എന്നാല്‍, ഹിന്ദുവിലെ ഗടാഗടിയന്‍ ലേഖനങ്ങള്‍, പ്രത്യേകിച്ച് എഡിറ്റോറിയല്‍ അടക്കമുള്ളവ  വായിക്കുമ്പോള്‍ നല്ല ഉറക്കം വരും. എങ്കിലും ഇത് രണ്ടും ഒരു വിധം തീര്‍ത്തു.

അതു കഴിഞ്ഞൊരു ദിവസം ബാങ്കില്‍ ജോലിക്ക് ചെന്ന ഞാന്‍ ഉറ്റസുഹൃത്തുക്കളോടായി വെളിപ്പെടുത്തി.

'ഞാന്‍ സിവില്‍ സര്‍വീസ് സിലബസ് മുഴുവന്‍ കവര്‍ ചെയ്തിരിക്കുന്നു. ഇത്തവണ മിക്കവാറും ലിസ്റ്റില്‍ വരും.'

ഒരു ജനറല്‍ സ്റ്റഡീസ് മാനുവല്‍ മുഴുവന്‍ പഠിച്ചതിന്റെ  പിന്‍ബലത്തിലാണ് ഇത് പറഞ്ഞത്. പക്ഷേ പിന്നീടു പരീക്ഷാഹാളിലിരിക്കുമ്പോള്‍ മനസിലായി ഒരു ജനറല്‍ സ്റ്റഡീസ് മാനുവല്‍ മാത്രം പഠിച്ചിട്ടു ജയിക്കാന്‍ കഴിയുന്ന ഒന്നല്ല ഇതെന്ന്.

ഒടുവില്‍ റിസള്‍ട്ട് വന്നിട്ട്, കിട്ടാതിരുന്നപ്പോള്‍ കൂട്ടുകാര്‍ രഹസ്യമായി കളിയാക്കി പറഞ്ഞു തുടങ്ങി.

'ദാ, പോകുന്നു നമ്മുടെ സിവില്‍ സര്‍വീസുകാരന്‍'.

ഇംഗ്ലീഷിനെ പേടിക്കേണ്ട; നെഗറ്റീവ് മാര്‍ക്ക് വില്ലനാകും

ഈ കളിയാക്കലില്‍ നിന്നുള്ള ഊര്‍ജ്ജം കൊണ്ടാണ് ഞാന്‍ രണ്ടാം തവണ പരീക്ഷ എഴുതുന്നത്. ഇതേ പോലെ പത്രവും ഇയര്‍ബുക്കും പഠിച്ചിട്ടു പോകുന്നവരുണ്ട്. പ്രിലിമിനറിയിലെ ഓരോ വാക്കിനും രണ്ടുമൂന്നു  പുസ്തകങ്ങള്‍ വരെ നോക്കണം. ഒരേ വിഷയത്തില്‍ ഒരു പുസ്തകം കൊണ്ട് മാത്രം കാര്യമില്ല. ഉദാഹരണത്തിന് ഇന്ത്യന്‍ ഭരണഘടനയ്ക്ക് അടിസ്ഥാനപരമായി മൂന്നു പുസ്തകങ്ങള്‍ പഠിക്കണം 

ഒന്നാം ഘട്ടത്തില്‍ ലക്ഷ്മിക്കാന്തിന്റെ ഇന്ത്യന്‍ പൊളിറ്റി, രണ്ടാം ഘട്ടത്തില്‍ ഡി.ഡി ബസുവിന്റെ ആന്‍ ഇന്‍ട്രോഡക്ഷന്‍ ഓഫ് ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്‍, മൂന്നാമത് പി.എം. ബാക്ഷിയുടെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷനും. രണ്ടിലും പ്രതിപാദിക്കുന്ന വിഷയം ഒന്നാണ് എങ്കിലും ഇതിലൊന്നാമത്തേതില്‍ ഇല്ലാത്ത പലതും രണ്ടാമതില്‍ ഉണ്ട്. ഈ വ്യത്യാസം തിരിച്ചറിയാത്ത ചിലര്‍ 'ഏതു പുസ്തകം ആയാല്‍ എന്താ എല്ലാറ്റിലും ഉള്ളത് ഇന്ത്യന്‍ ഭരണഘടന തന്നെയാണല്ലോ' എന്ന് അഭിപ്രായപ്പെടും. എല്ലാ മതങ്ങളിലും ഉള്ള ഈശ്വരന്‍ ഒരേ ആളാണെന്ന തിയറി വെച്ച് യു.പി.എസ്.സി പ്രിലിമിനറിയ്ക്ക് വേണ്ടിയുള്ള പുസ്തകങ്ങളെ വിലയിരുത്തരുത്.

ദി ഹിന്ദു എഴുതുന്ന നിലവാരത്തില്‍ ഇംഗ്ലീഷ് ഇല്ലെന്ന തോന്നലില്‍ ഒരിക്കലും സിവില്‍ സര്‍വീസ് കിട്ടില്ലെന്ന് പരിതപിക്കുന്ന സുഹൃത്തുക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍, രണ്ടു പേപ്പറുകള്‍ ഉള്ള പ്രിലിമിനറിയില്‍ ഒന്നാം പേപ്പറായ ജനറല്‍ സ്റ്റഡീസില്‍ കിട്ടുന്ന മാര്‍ക്കാണ് റാങ്കിങ്ങില്‍ നിര്‍ണ്ണായകമാവുക. നിലവില്‍ പ്രിലിമിനറിയില്‍ ഇംഗ്ലീഷ് നിലവാരത്തിന് പഴയത് പോലെ വലിയ റോളില്ല. രണ്ടാം പേപ്പറായ സിസാറ്റ് വെറുതെ ജയിച്ചു കയറിയാല്‍ മാത്രം മതി. 

റാങ്കിങ്ങില്‍ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം കണക്കാക്കില്ല. കണക്കിലും റീസണിങ്ങിലും അടി തെറ്റുന്നവര്‍ക്ക് കൂടി ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. ഇംഗ്ലീഷ്, കണക്ക്, റീസനിംഗ് എന്നിവ അടങ്ങിയ രണ്ടാം പേപ്പര്‍ ആയിരുന്നു മുന്‍പ് പ്രിലിമിനറിയുടെ ഗതി നിയന്ത്രിച്ചിരുന്നത്. ദേശീയതലത്തില്‍ നടത്തുന്ന വിശ്വാസജനകമായ ചില പ്രിലിമിനറി മോക്ക് ടെസ്റ്റുകളില്‍ പങ്കെടുത്ത് സ്വയം നിലവാരം അളക്കാവുന്നതാണ്. 

ഞാന്‍ എഴുതിയ ഇത്തരമൊന്ന് ആത്മവിശ്വാസം നല്കാന്‍ സഹായിക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ ദേശീയറാങ്കിംഗ് വന്നപ്പോള്‍ ഉള്ള വിശ്വാസവും ആശ്വാസവും കൂടി കുറഞ്ഞു. നെഗറ്റീവ് മാര്‍ക്കിംഗ് എങ്ങനെ നേരിടാമെന്ന് ഞാന്‍ പഠിച്ചത് ഏറ്റവും ചുവട്ടില്‍ നിന്ന് മൂന്നാമത് എത്തിയ ഈ പ്രിലിമിനറി മോക്ക് ടെസ്റ്റ് മൂലമാണ്.

പഠനത്തിന് ഒരു രീതിയുണ്ട്

ഇന്ത്യാചരിത്രമെന്ന് കേള്‍ക്കുമ്പോള്‍ സിന്ധുനദീതടസംസ്‌കാരം, ഭരണഘടന വരുമ്പോള്‍ അംബേദ്കര്‍, സാമ്പത്തിക ശാസ്ത്രമെന്നാല്‍ റിസര്‍വ്വ് ബാങ്കിന്റെ ധര്‍മ്മങ്ങള്‍ എന്ന ലൈനില്‍ പഠിക്കുന്നതാണ് പ്രിലിമിനറിയില്‍ മിക്കപ്പോഴും പാളിപ്പോകുന്നത്. പ്രിലിമിനറിയ്ക്കായി ഓരോ വിഷയങ്ങളും പഠിക്കുന്നതിന് അതിന്റെതായ രീതിയുണ്ട്. ഉദാഹരണത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിനാണ് മുഗള്‍ രാജവംശത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്. പൂനാ പാക്ടിനേക്കാള്‍ പൂര്‍ണ്ണസ്വരാജിനാണ് പ്രാധാന്യം നല്‍കേണ്ടത്. 

സുല്‍ത്താന്‍മാരുടെ ശില്പകലയേക്കാള്‍ ചോളശില്പവിദ്യയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. പലപ്പോഴും പ്രിലിമിനറിയില്‍ കൂടുതല്‍ ചോദ്യം വരുക, ആധുനിക ഇന്ത്യാചരിത്രത്തില്‍ നിന്നും അതില്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിന്നുമാവും. ഇന്ത്യന്‍ ഭരണഘടനയിലാവട്ടെ, എല്ലാവരും അനുശ്ചേദങ്ങളും പട്ടികകളും  മൗലികാവകാശങ്ങളും പഠിക്കും. എന്നാല്‍, അടുത്ത കാലത്തുണ്ടായ സംഭവവികാസങ്ങളുടെ പിന്നിലുള്ള ഭരണഘടനാതത്വങ്ങളാണ് ചോദ്യങ്ങളായി വരുക. 

സാമ്പത്തികശാസ്ത്രത്തില്‍ ഇക്കണോമിക് സര്‍വ്വേയും ബജറ്റും പഠിച്ചിട്ടേ പോകാവൂ. ജിയോഗ്രാഫിയില്‍ സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും രാജ്യങ്ങളുടെ സ്ഥാനവുമൊക്കെ അറിഞ്ഞിട്ടു പോകുന്നത് നന്നാവും. മാപ്പ് സ്റ്റഡി ഇതില്‍ അത്യന്താപേക്ഷിതമാണ്. അടുത്ത കാലത്ത് പത്രങ്ങളില്‍ പ്രകൃതിയുമായും സയന്‍സ്&ടെക്‌നോളജിയുമായി വന്ന വാര്‍ത്തകള്‍ ആയിരിക്കും ഇക്കോളജി ഭാഗത്ത് വരുക.

പ്രിലിമിനറിയില്‍ റെഫര്‍ ചെയ്യാവുന്ന ചില പുസ്തകങ്ങള്‍:

Books on Indian History & Culture

 1. NCERT (+ 2 level) - Ancient India, Medieval India, Modern India. 
 2. Publication Division : Gazetteer of India ( Vol 2 : History & Culture)
 3. Gandhi,Nehru,Tagore & Ambedkar - Gopal Krishna
 4. Bipin Chandra - Modern India 
 5. A.C.Banerjee - History of Modern India
 6. A Brief History of Modern India
 7. Trends in Indian Culture and Heritage

Books on Geography

 1. NCERT : Physical Geography of India for X - XII Std
 2. A Good School Atlas
 3. Indian Geography: Majeed Hussain
 4. Sharma & Cotinho : Economic and Commercial Geography of India. 
 5. Khullar : India- A Comprehnsive Geography  
 6. Environmental Studies from Crisis to Cure - R.Rajagoplan  
 7. Charles Farro : General Principles of World Geography
 8. Monsoon Asia Reports published by Centre for Science and Enviornment/Tata Energy Research Institute
 9. National journal - Kurukshetra, Yojana
 10. Down to Earth Magazine

Books on Indian Economy

 1. NCERT (+1 level) - Evolution of Indian Economy (I C Dhingra).
 2. Indian Economy - Mishra & Puri or Dutt & Sundaram
 3. Economic Survey  
 4. Indian Economy :Ramesh Singh

Books on Social and National Issues

 1. Social Problem - Ram Ahuja  
 2. Social Welfare Magazine - Published by ministry of social welfare
 3. IIPA Journal  

Books on Indian Polity

 1. NCERT (+1 level)-Indian Political System
 2. N.L. Madan : Bhartiya Rajya Vyavastha
 3. D.D. Basu-Indian Constitution
 4. Indian Polity : Laxmikanth
 5. Subash C Kashyap-Constitution of India
 6. Subhash C. Kashyap : Our Parliament
 7. P.M. Bakshi-Indian Constitution  
 8. Our Constitution : Subhash C. kashyap  
 9. Perspective on Constitution : S.C. Kashyap  
 10. Frontline Magazine

Books on Science & Technology

 1. NCERT : (10 level) : Science  
 2. (+2 level) : Biology  
 3. Popular Science Series (CSIR)
 4. Reports Of the Ministry of Science and Technology
 5. Science Reporter  
 6. Science and Technology in India - Spectrum  

Books on Statistics

 1. (NCERT +1 level) Elementary Statistics  
 2. S.C.Gupta : Statistical Methods  

Books on India and the World

 1. Journal of peace Studies
 2. World Focus
 3. Strategic Analysis
 4. South Asian Journal

Other Books for General Studies & CSAT

 1. India Year Book latest
 2. Guides like Tata Mc Graw Hill, Spectrum or Unique For General Reference
 3. The Pearson General Studies Manual  
 4. Analytical Reasoning - M. K. Pandey
 5. Career             Launcher English
 6. Verbal & Non-Verbal Reasoning - R. S.Aggarwal  

'ലാറി ബേക്കര്‍ മോഡല്‍' പരിശീലനം

മറ്റൊന്ന് സമാധാനത്തോടെയുള്ള കാത്തിരിപ്പാണ്. ഫേസ്ബുക്ക് സുഹൃത്തുകളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ അവര്‍ വാങ്ങിയ കാറും പുതിയ വീടും കാണുമ്പോള്‍ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന് ഉള്ളില്‍ പോലും തോന്നരുത്. ഇടയ്ക്ക് വെച്ച് നടത്തിയ തയ്യാറെടുപ്പുകള്‍ അത്രയും കളഞ്ഞിട്ടു പോകാന്‍ ഉള്ളില്‍ പല തവണ തോന്നുമെങ്കിലും അത്തരം തോന്നലുകളെ ശാസിച്ചു കൊണ്ടേയിരിക്കണം. 

എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍ പഠിക്കണമെന്നൊക്കെ എനിക്ക് തോന്നുന്നത് രണ്ടാമത്തെ തയ്യാറെടുപ്പിലാണ്. സിവില്‍ സര്‍വീസ് പരിശീലനത്തില്‍ ഒരു 'ലാറി ബേക്കര്‍ മോഡല്‍' രീതിയാണ് അഭികാമ്യം. പ്രകൃതിയോട് ഇണങ്ങി, ചെലവ് കുറച്ചുള്ള പഠനം. മുന്‍കാലവിജയികളില്‍ നിന്നും പ്രാദേശികമായി ലഭിക്കുന്ന പഠനമെറ്റീരിയല്‍സ് തന്നെ ഉപയോഗിക്കുക. എന്നാല്‍, നമ്മുടെ തയ്യാറെടുപ്പുകള്‍ക്ക് ഉദ്ദേശിച്ചത്ര വേഗതയും ആവേശവും ആഴവും കിട്ടുന്നില്ലെന്ന് തോന്നിയാല്‍ മുനീര്‍ക്കയിലേക്കോ കരോള്‍ ബാഗിലേക്കോ പോകാം.

പക്ഷേ അവിടെ പോയാല്‍ മാത്രമേ ശരിക്കുമുള്ള കോച്ചിംഗ് ലഭിക്കൂ എന്ന ഉറപ്പൊന്നും വെച്ച് ഡല്‍ഹി തിരഞ്ഞെടുക്കേണ്ട കാര്യമില്ല. എന്നാല്‍, പ്രിലിമിനറിയില്‍ ഡല്‍ഹിയില്‍ നിന്നുള്ള 'ബ്ലാക്കില്‍ കിട്ടുന്ന' പഠനമെറ്റീരിയല്‍സ് ഉപയോഗപ്പെടുത്താവുന്നതാണ്. ചില കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വയറ്റത്ത് അടിക്കുന്നതാണ് ഈ ഏര്‍പ്പാടെങ്കിലും ഇതിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്ത ഒരു സിവില്‍ സര്‍വീസുകാരനേയും സര്‍വീസില്‍ കാണാന്‍ കഴിയില്ല.

എന്നാല്‍, ഉള്ളില്‍ ഡല്‍ഹിക്ക് പോകാനുള്ള ആഗ്രഹമുണ്ടെങ്കില്‍ അതും പരീക്ഷിക്കണം. നാട്ടില്‍ നിന്ന് മാറി നിന്നാല്‍ എനിക്ക് പനി വരും, അമ്മ വാരിത്തരുന്ന ചോറും ഇലത്തോരനും കൂട്ടി ഉച്ചയൂണ് കഴിക്കണം, തൊടിയിലെ കിണറ്റുവെള്ളത്തില്‍ കുളിക്കണം തുടങ്ങിയ ആഗ്രഹങ്ങള്‍ ഭാവിജീവിതത്തില്‍ ഉള്ളവര്‍ പ്രിലിമിനറി പോലും എഴുതാന്‍ മെനക്കെടരുത്.

സഹായിക്കാന്‍ മനസുള്ളവര്‍

ഓരോ വര്‍ഷവും കുറഞ്ഞത് നാല്‍പതിനായിരം മുതല്‍ എണ്‍പതിനായിരം വരെ അപേക്ഷകര്‍ പുതുതായി സിവില്‍ സര്‍വീസ് പരീക്ഷയിലേക്ക് ഇടിച്ചു കയറുന്നുണ്ട്. അത് കൊണ്ടു തന്നെ പ്രിലിമിനറി ഒന്നെഴുതി നോക്കാത്തവര്‍ മുതല്‍ നിലവില്‍ ഇന്റര്‍വ്യൂവിനായി തയ്യാറെടുക്കുന്നവര്‍ വരെ കോച്ചിംഗ് സ്ഥാപനങ്ങളുമായി രംഗത്തുണ്ട്. ഇന്ത്യയില്‍ നിലവിലുള്ളതില്‍ വെച്ച് യാതൊരു മുതല്‍ മുടക്കുമില്ലാതെ, എന്നാല്‍ ലാഭകരമായി നടത്താന്‍ കഴിയുന്ന ബിസിനസ്സുകളില്‍ ഒന്നാണ് സിവില്‍ സര്‍വീസ് മോഹവുമായി നടക്കുന്നവര്‍ക്കുള്ള കോച്ചിംഗ് സ്ഥാപനം ആരംഭിക്കല്‍.

ഒട്ടു മിക്ക കോച്ചിംഗ് സ്ഥാപനങ്ങളിലും തോറ്റവരാണ് തലപ്പത്ത്. രാഷ്ട്രീയം കഴിഞ്ഞാല്‍ തോറ്റവര്‍ ജയിക്കാനായി വഴികള്‍ നല്‍കുന്ന ഏകമേഖല സിവില്‍ സര്‍വീസ് കോച്ചിംഗാണ്. നോട്ടിഫിക്കേഷന്‍ വന്നു കഴിഞ്ഞു കോച്ചിങ്ങിന് ചേരുന്നത് സ്വന്തം റിസ്‌ക്കില്‍ മാത്രമായിരിക്കണം.

കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ കുറിച്ചറിയാന്‍ ഞാനൊരു തിരുവനന്തപുരം സുഹൃത്തിന്റെ അടുത്ത് ചെന്നു. ചെന്നപാടെ അയാളുടെ കയ്യിലുണ്ടായിരുന്ന സര്‍വ്വനോട്‌സും എടുത്തു എന്റെ കൈയില്‍ തന്നിട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊള്ളാന്‍ പറഞ്ഞു. കുറഞ്ഞ ചിലവില്‍ ഫോട്ടോകോപ്പി എടുക്കുന്ന നാലാഞ്ചിറയിലെ ഒരു കടയും പറഞ്ഞു തന്നു. ഇങ്ങനെ ചിലരുണ്ട്. നിങ്ങള്‍ വെറും ആഗ്രഹവുമായി ഒന്നും പ്രതീക്ഷിക്കാതെ കയറി ചെല്ലുമ്പോള്‍ ലാഭേശ്ചയില്ലാതെ ഒത്തിരി സ്‌നേഹത്തോടെ പലതും തരുന്നവര്‍.