എനിക്ക് ഒരു ദിവസം ജനീവയിലെ ഫ്‌ളാറ്റില്‍ ഒരു കത്ത് കിട്ടി. അത് ഫ്രഞ്ചിലായിരുന്നതിനാല്‍ ഓഫീസില്‍ കൊണ്ടുചെന്ന് സെക്രട്ടറിക്കൊണ്ട് വായിപ്പിച്ചു. 

'ഈ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ മൂട്ടശല്യം ഉള്ളതായി റിപ്പോര്‍ട്ട്  കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒരു മൂട്ടപരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നു. ഈ വരുന്ന ഇരുപത്തിമൂന്നാം തിയതി പതിനൊന്നുമണിക്ക് മൂട്ടപരിശോധനക്ക് ആളെത്തും. ഇത് സൗജന്യമാണ് സഹകരിക്കുക'.

ജനീവയിലെ  കാര്യമായതുകൊണ്ട് സഹകരിച്ചില്ലെങ്കില്‍ പിന്നെ രണ്ടാമത് മൂട്ട ഓഫീസറെ ഞാന്‍ പോയി പടികെട്ടി കൊണ്ടുവരേണ്ടിവരും. പത്തായിരം ഫ്രാങ്ക് ചെലവാകും. അതുവേണ്ട, ഇരുപത്തിമൂന്നാം തിയതി പതിനൊന്ന് മണിക്ക് ഞാന്‍ വീട്ടില്‍ കാവല്‍.

പത്തുമണി അന്‍പത്തിയൊന്‍പത്‌ മിനുട്ടില്‍ ഡോര്‍ ബെല്ലടിച്ചു. ഞാന്‍ വാതില്‍ തുറന്നു. ഒരു ഭീകരന്‍ പട്ടിയെയും പിടിച്ച് ഒരു സായിപ്പ്. 

'May I come in?' ഭാഗ്യം സായിപ്പിന് ഇംഗ്ലീഷ് അറിയാം.

'Yes, please'. 

'Can I keep this dog in your bathroom for a minute?'

എന്തിനാണ് മൂട്ട ഓഫീസര്‍ ഒരു പട്ടിയുമായി വന്നതെന്നോ, ആ പട്ടിയെ എന്റെ ബാത്റൂമില്‍ വിടുന്നതെന്നോ എനിക്ക് മനസ്സിലായില്ല. 

'Yes, of course'. 

പട്ടിയെ ബാത്റൂമില്‍ കെട്ടിയിട്ട് സായിപ്പ് സിറ്റിംഗ് റൂമിലെത്തി.

'ഞാന്‍ മൂട്ട പരിശോധിക്കാന്‍ വന്നതാണ്. മൂട്ടയെ കണ്ടുപിടിക്കാന്‍ വേണ്ടി പ്രത്യേകം പരിശീലനം നേടിയ ഒരു അമേരിക്കന്‍ പട്ടിയാണിത്. ഈ പട്ടിക്ക് മൂട്ട എവിടെ ഉണ്ടെങ്കിലും മണത്തറിയാന്‍ കഴിവുണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനായി ഞാന്‍ ഒരു മൂട്ടയെ ചെറിയ ഡപ്പിയിലാക്കി കൊണ്ടുവന്നിട്ടുണ്ട്. സായിപ്പ് വിക്‌സ് ഡപ്പി പോലൊന്ന് എന്നെ കാണിച്ചു (അതിന്റെ മുകളില്‍ വല പോലൊരു ചെറിയ തുണികൊണ്ട് വരിഞ്ഞുകെട്ടിയിരിക്കുന്നു. അതിനകത്ത് ഒരു മൂട്ട).

'നിങ്ങളീ മൂട്ടയെ എവിടെയെങ്കിലും ഒളിപ്പിച്ചു വെച്ചോളൂ, എന്നെ കാണിക്കണ്ട'.

ഞാന്‍ മൂട്ടയെ അടുക്കളയുടെ അലമാരിയില്‍ വെച്ച് കതകടച്ചു.

'Are you ready?'

'Yes'.

Let the game begin...

സായിപ്പ് പോയി പട്ടിയെ തുറന്നുവിട്ടു. പട്ടി വീടുമുഴുവന്‍  കുറേനേരം മണത്തുനടന്നിട്ടും ഒരിടത്തുനിന്നും മൂട്ടയെ കിട്ടിയില്ല. അവസാനം ഭാഗ്യത്തിന് അലമാരിയില്‍ ഞാനൊളിപ്പിച്ചു വെച്ച മൂട്ടഡപ്പി  അവന്‍ തപ്പിയെടുത്തു. 

'Well done', എന്നുപറഞ്ഞ് സായിപ്പ് പോക്കറ്റില്‍ നിന്നും രണ്ട് പട്ടിഗുളികയെടുത്ത് കൊടുത്ത് പട്ടിയുടെ പുറത്തുതട്ടി. 

എന്റെ വീട്ടില്‍ മൂട്ടയൊന്നുമില്ല എന്ന സര്‍ട്ടിഫിക്കറ്റും എഴുതിത്തന്ന്  സായിപ്പ് സ്ഥലം വിട്ടു. 

 

മൂട്ടയെ മാത്രം മണത്തു പിടിക്കുന്ന പട്ടി എനിക്കൊരു അതിശയമായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ റെന്റല്‍ ഏജന്‍സിയോട് അതിന്റെ വിവരങ്ങള്‍ ചോദിച്ചു. സായിപ്പ് പറഞ്ഞത് സത്യമാണ്. അമേരിക്കയില്‍ നിന്ന് പരിശീലനം നേടി ഇറക്കുമതി ചെയ്ത പട്ടിയാണ്. ഒരു ദിവസം ഒരുലക്ഷം രൂപയുടെ മുകളിലാണ് ഈ പട്ടി-സായിപ്പ് ടീമിന്റെ കൂലി. ഇങ്ങനെ അധികം പട്ടികള്‍ സ്വിറ്റസര്‍ലാണ്ടില്‍ ഇല്ല. മാസങ്ങള്‍ക്ക് മുന്നേ ബുക്ക് ചെയ്താലേ മൂട്ട ടീമിനെ കിട്ടൂ. പട്ടിക്ക് മൂട്ട പിടുത്തത്തില്‍ സര്‍ട്ടിഫിക്കറ്റ് ഒക്കെ ഉണ്ട്. (http://www.bedbugs.org/dogs/

ഈ ലോകത്തില്‍ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന, നമുക്കറിയാത്ത, ഏറെ വരുമാനമുള്ള  പല പണികളുമുണ്ടെന്ന് അറിയിക്കാനാണ് ഞാനീ കാര്യം പറഞ്ഞത്. നാട്ടില്‍ ഈ മൂട്ട ഓപ്പറേറ്റര്‍ വന്നാല്‍ എല്ലാ തീയേറ്ററിലും ഒടുക്കത്തെ ഡിമാന്‍ഡ് ആയിരിക്കും, ഫ്‌ളാറ്റുകളിലും.

ഇതൊരു അപൂര്‍വത ഒന്നുമല്ല. എന്റെ തൊഴില്‍ജീവിതത്തിനകത്ത് ആയിരക്കണക്കിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഞാന്‍ പങ്കാളിയായിട്ടുണ്ട്. അതിലേറ്റവും ശമ്പളം കൊടുക്കേണ്ടിവന്നത് ഡോക്ടര്‍ക്കോ എന്‍ജിനീയര്‍ക്കോ ഒന്നുമല്ല. ഒരുദിവസം അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം കൊടുത്തത് എണ്ണക്കിണര്‍ കത്തുന്നത് നിയന്ത്രിക്കാന്‍ അമേരിക്കയില്‍ നിന്നെത്തിയ ആള്‍ക്കായിരുന്നു.

കടലിനു നടുക്ക് പ്ലാറ്റ്ഫോം പണിയുന്‌പോഴും അത് റിപ്പയര്‍ ചെയ്യുമ്പോഴും കടലിനടിയില്‍ മുങ്ങി പണിയെടുക്കുന്ന വെല്‍ഡര്‍മാരുണ്ട്. അവര്‍ക്കും കൊടുത്തിരുന്നു  ദിവസം ഒന്നരലക്ഷം രൂപയിലധികം ശമ്പളം (ഈ പണിക്കിപ്പോള്‍ ആളുകൂടി എന്ന് തോന്നുന്നു, ഇന്ന് റേറ്റ് ടെസ്റ്റ് ചെയ്തപ്പോള്‍ ഇതിന്റെ പത്തിലൊന്നായി).

കടലിലും കരയിലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിസൂക്ഷ്മമായി സര്‍വ്വേ നടത്തുന്ന ആളുകള്‍ക്കും, ജാപ്പനീസും അറബിക്കും എല്ലാം ഭംഗിയായി ഇംഗ്ലീഷിലേക്കും തിരിച്ചും തര്‍ജ്ജിമ ചെയ്യുന്നവര്‍ക്കും ഒക്കെ ദിവസം ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം കിട്ടുന്നുണ്ട്. ഇതുപോലെ ഒരു ഡസന്‍ ജോലികള്‍ വേറെയുമുണ്ട് നമ്മള്‍ കേട്ടിട്ടില്ലാത്തതും ശ്രദ്ധിക്കാത്തതും ഒക്കെയായി.  ഇതിനൊക്കെ ശേഷമേ എന്‍ജിനീയരുടെയും ഡോക്ടറുടെയുമൊക്കെ ശരാശരി ശമ്പളം വരൂ.

കേരളത്തില്‍ എന്നാലും ഇപ്പോഴും 'എന്‍ജിനീയറും ഡോക്ടറും' തന്നെ ആണ് തൊഴിലുകള്‍ മുകളില്‍ നില്‍ക്കുന്നത്. ഇത് സാമ്പത്തിക കാരണങ്ങളാല്‍ മാത്രമല്ല. കേരളത്തിലെ തൊഴിലുകളുടെ ഗ്രേഡിങ് എന്നത് ചില സാമൂഹ്യധാരണകളില്‍  നിന്നും ഉണ്ടായിവന്നതാണ്. ഇത് കുറെയൊക്കെ പഴയ ജാതിവ്യവസ്ഥയുടെയും മറ്റും പിന്തുടര്‍ച്ചയുമാണ്. നല്ല തൊഴില്‍, ചീത്ത തൊഴില്‍, ഉയര്‍ന്ന തൊഴില്‍, താണ തൊഴില്‍ എന്നൊക്കെയുള്ള ചിന്താഗതി നിലനില്‍ക്കുന്നിടത്തോളം കാലം പ്രൊഫഷണല്‍ ആയിട്ടുള്ള കരിയര്‍ മാനേജ്മെന്റ് കൊണ്ട് ഗുണമുണ്ടാകാന്‍ ബുദ്ധിമുട്ടാണ്.

തല്‍ക്കാലം ഇത്തരം മണ്ടത്തരങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ എനിക്ക് താല്‍പ്പര്യവുമില്ല. എന്നാല്‍ പുതുതായി തൊഴില്‍മേഖലയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നവരോട്  കുറച്ചുകാര്യങ്ങള്‍ പറയാം.

നല്ല ജോലി, ചീത്ത ജോലി എന്നിങ്ങനെ ജോലികളെ  ലോകം ഇപ്പോള്‍ തരം തിരിക്കുന്നില്ല. പകരം നിങ്ങള്‍ ചെയ്യുന്ന തൊഴില്‍ ഡീസന്റ് വര്‍ക്ക് ആണോ എന്നതാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടന മാനദണ്ഡമായി എടുക്കുന്നത്. 'Decent work is productive work for women and men in conditions of freedom, equality, security and human dignity. It involves opportunities for work that deliver a fair income; provide security in the workplace and oscial protection for workers and their families'.

ലോകമാണ് നിങ്ങള്‍ തൊഴിലിടമാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇന്ന് കേരളത്തില്‍ ഉള്ള തൊഴിലിനെപറ്റിയുള്ള ചിന്തകള്‍ ആദ്യമേ മാറ്റി വക്കുക. നിയമപരമായി അംഗീകരിക്കപ്പെട്ട ഏതൊരു തൊഴിലും ചെയ്യുന്നതില്‍ ഒരു വിഷമവും വിചാരിക്കേണ്ട കാര്യമില്ല.

ഏത് ജോലിയാണെങ്കിലും അതിനുവേണ്ട പരിശീലനവും പരിചയവും ആര്‍ജ്ജിക്കുക എന്നതാണ് പ്രധാനം. പരിശീലനം വേണ്ടാത്ത  ഒരു തൊഴിലുമില്ല. പരിശീലനം കൂടുന്നതോടെ പൊതുവെ നമ്മുടെ എംപ്ലോയബിലിറ്റിയും ശമ്പളവും കൂടും ഓരോ തൊഴിലിനും അതിന്റേതായ ചില അപകടസാധ്യതകളുണ്ട്. ചിലത് പെട്ടെന്നുണ്ടാകാവുന്ന  അപകടമാകാം (തെങ്ങില്‍ കയറുന്ന ആള്‍ അതില്‍ നിന്നും താഴെ വീഴാനുള്ള സാധ്യത). ചിലത് ഏറെ നാളുകള്‍ കൊണ്ട് ഉണ്ടാകുന്നതാകാം (പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന ആള്‍ ദിവസവും പെട്രോളിലെ രാസവസ്തുക്കള്‍ ശ്വസിക്കേണ്ടി വരുന്നത്). ഇത് നമ്മള്‍ മനസ്സിലാക്കണം. 

ഒരു തൊഴിലിന്റെ വേതനം നിര്‍ണ്ണയിക്കുന്നത് അതിന് എത്രമാത്രം പരിശീലനം ആവശ്യമാണ്, എത്രമാത്രം റിസ്‌ക്കുണ്ട്, അത് ചെയ്യാനുള്ള ആളുകളുടെ ലഭ്യത, ജോലി ചെയ്യുന്ന സ്ഥലം, ആ വ്യവസായത്തിന്റെ മൊത്തം ലാഭം, സംഘടിത ശക്തിയുള്ള തൊഴില്‍ ആണോ അത്  ഇതെല്ലാം അടിസ്ഥാനമാക്കിയാണ്. പണം കൂടുതല്‍ ലഭിക്കുന്ന ജോലിയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ നമ്മള്‍ ശ്രദ്ധിക്കണം. 

എല്ലാ ജോലികളും ആഗോളതലത്തില്‍ സാധ്യതയുള്ളതല്ല. അപ്പോള്‍ പുറംരാജ്യത്തെ ജോലിക്കാണ് നമുക്ക് താല്പര്യമെങ്കില്‍ എവിടെയൊക്കെ എന്തൊക്കെ ജോലികള്‍ ലഭ്യമാണ്, അവിടെ നമുക്ക് എത്തിച്ചേരാന്‍ ഉള്ള പ്രതിബന്ധങ്ങള്‍ ഏതൊക്കെയാണ് എന്ന് നന്നായി മനസ്സിലാക്കിവേണം അതിന് ശ്രമിക്കാന്‍.

കേരളത്തില്‍ നിന്ന് ഏതാനും കുറച്ചു വിഷയങ്ങള്‍ പഠിച്ചാണ് കുട്ടികള്‍ പുറത്തിറങ്ങുത്തതെങ്കിലും പതുക്കെപ്പതുക്കെ അനവധി തൊഴില്‍മേഖലകളില്‍ ജോലിചെയ്യുന്ന മലയാളികള്‍ ലോകത്തെമ്പാടുമുണ്ട്. പുതിയ തലമുറയിലെ കുട്ടികള്‍ക്ക്, അവര്‍ ഐടിഐ പാസായതായാലും പിഎച്ഡി ചെയ്തതായാലും, ഈ രംഗങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ എന്തു ചെയ്യണമെന്നു പറഞ്ഞുതരാന്‍ അവര്‍ തയ്യാറാണ്. അങ്ങനെയുള്ളവരുടെ ഒരു ഡയറക്ടറി ഞാന്‍ തയ്യാറാക്കുകയാണ്. അപ്പോള്‍ ഏതെങ്കിലും പ്രത്യേക മേഖലയില്‍ ഉള്ള അവസരങ്ങളെയും സാധ്യതകളെയും കുറിച്ച് വരും ദിവസങ്ങളില്‍ അവര്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ മറുപടി തരുന്നതാണ്. 

ഞാന്‍ പറഞ്ഞുവരുന്നത് ഡോക്ടറും എന്‍ജിനീയറും എന്ന നിലയിലേക്ക്  മാത്രം കരിയര്‍ ഓപ്ഷനെ ചുരുക്കേണ്ട ഒരു കാര്യവുമില്ല. അതേസമയം ഈ ചിന്ത ഒന്നും തൊഴില്‍ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രം ഉണ്ടായാല്‍ പോരാ. ജോലിയുടെ ഉച്ചനീചത്വങ്ങളെ സംബന്ധിച്ച ചിന്ത പങ്കാളിയെ തിരഞ്ഞെടുക്കുന്‌പോഴും മാറ്റിയില്ലെങ്കില്‍, 'നല്ല' പെണ്ണ് കിട്ടാനും, 'കൊള്ളാവുന്ന' ചെറുക്കനെ കിട്ടാനും വേണ്ടി സമൂഹം വീണ്ടും എന്ജിനീയര്‍മാരെയും ഡോക്ടര്‍മാരെയും ഒക്കെ തേടി പോകും. 

'ഒരു പട്ടിയെയും പിടിച്ചുകൊണ്ടു നടക്കുന്ന പയ്യനെ', അയാള്‍ എത്ര മര്യാദക്കാരനാണെങ്കിലും, എത്ര ലക്ഷപ്രഭു ആണെങ്കിലും പ്രേമിക്കാനോ കല്യാണം കഴിക്കണോ പെണ്‍കുട്ടികള്‍ തെയ്യാറായില്ലെങ്കില്‍ മൂട്ട ഇന്‍വെസ്‌റിഗേറ്ററുടെ തൊഴില്‍ ഇവിടെ പച്ചപിടിക്കില്ല. കേരളത്തിലെ സ്ത്രീകള്‍ ഏറെ വരുമാനമുള്ള, എത്രയോ ഡിമാന്‍ഡ് ഉള്ള അനവധി ജോലികള്‍ക്ക് പോകാതിരിക്കുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. 

ആണ്‍ കുട്ടികളിലും പെണ്‍കുട്ടികളിലും ഈ മൈന്‍ഡ്സെറ്റ് ചേഞ്ച് ഉണ്ടായാലേ നമ്മള്‍ പറയുന്ന ഡിഗ്‌നിറ്റി ഓഫ് ലേബര്‍ അടുത്ത തലമുറയില്‍ എങ്കിലും സാധ്യമാകൂ.