ഈ കരിയര്‍ സീരീസിനിടക്ക് ഞാന്‍ തള്ളിക്കയറ്റുന്ന എന്റെ കുടുംബ വിശേഷങ്ങള്‍ നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നറിയാന്‍ ഒരു ടെസ്റ്റ് നടത്തട്ടെ..

ഞാന്‍ ഒരാളെപ്പറ്റി കുറച്ച് ലക്ഷണങ്ങള്‍ പറയാം. അതാരാണെന്ന് നിങ്ങള്‍ പറയണം.

മലയാളിയാണ്.
പുരുഷനാണ്.
വെങ്ങോലയില്‍ നിന്നാണ്.
തുമ്മാരുകുടിയിലാണ് ജനിച്ചത്.
എന്‍ജിനീയര്‍ ആണ്.
ഐഐടിയിലാണ് ഉപരിപഠനം ചെയ്തത്.
താമസം വിദേശത്താണ്.
മിക്കവാറും യാത്രയിലാണ്.

ഇത്രയൊക്കെ പറയുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ആളെ മനസ്സിലായിട്ടുണ്ടാകും എന്ന് ധരിച്ച് അതു ഞാനാണെന്ന് നിങ്ങള്‍  ധൈര്യമായി പറയും. എന്നാല്‍ ഇതേ ലക്ഷണങ്ങളോടു കൂടിയ മറ്റൊരാള്‍ കൂടി ഉണ്ട്. അതെന്റെ മൂത്ത സഹോദരന്‍ രവി തുമ്മാരുകുടിയാണ്. കണ്ടാല്‍ ഇളയ സഹോദരനാണെന്നേ തോന്നൂ, അതുകൊണ്ടാണ് 'മൂത്തത്' എന്ന് എടുത്തുപറഞ്ഞത്. 

ഇന്ന് ചേട്ടനെപ്പറ്റി പറയാന്‍ ഒരു കാരണമുണ്ട്. ഐഐടിയില്‍ പഠനവും കഴിഞ്ഞ് ഇരുന്നൂറു ഡോളറും ഒരു പെട്ടിയുമായി അമേരിക്കക്ക് പോയ ചേട്ടനിപ്പോള്‍ അവിടെയൊരു ഐടി സ്ഥാപനത്തിന്റെ മുതലാളിയും സിഇഓയുമാണ്. ബാംഗ്ലൂരിലും, ചെന്നൈയിലും ഒക്കെ ബ്രാഞ്ചുകളുള്ള സ്ഥാപനത്തില്‍ ഏറെപ്പേര്‍ക്ക് ജോലിയും കൊടുക്കുന്നു (http://www.mobiveil.com/company/leadership/ravi-thummarukudy/)

ഇത് ചേട്ടന്റെ രണ്ടാമത്തെ പ്രസ്ഥാനമാണ്. 1996 ല്‍ തന്നെ കൂട്ടുകാരുമായി ചേര്‍ന്ന് ജിഡിഎ ടെക്ക് എന്നപേരില്‍ ഒരു കമ്പനി തുടങ്ങി, വളര്‍ത്തി അമേരിക്കയിലും സിംഗപ്പൂരിലും ഇന്ത്യയിലും ഒക്കെയായി നൂറുകണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന പ്രസ്ഥാനമാക്കി വലുതാക്കി. അതിനെ വിറ്റ് കാശെല്ലാം പോക്കറ്റിലിട്ട ശേഷമാണ് രണ്ടാമത്തെ കമ്പനി തുടങ്ങിയത്. 

പറഞ്ഞു വരുന്നത് ആളുകള്‍ക്ക് പണി കൊടുക്കുന്നതില്‍ ഒന്നാമന്‍ തുമ്മാരുകുടിയില്‍ ചേട്ടനാണ്, ഞാനല്ല (അങ്ങനെ അല്ലായെന്ന് അടുത്ത കൂട്ടുക്കാര്‍ക്കെല്ലാം അഭിപ്രായമുണ്ടെങ്കിലും!).

പാരമ്പര്യമായി ഞങ്ങള്‍ക്ക് ബിസിനസ് ജീനൊന്നുമില്ല. മുതുമുത്തശ്ശന്മാരായിട്ട് കൃഷിയാണ് ചെയ്തിരുന്നത്. അച്ഛന്‍ കമ്പനി ജോലിക്കാരനായിരുന്നു, അമ്മക്ക് കൃഷിയും മറ്റു വീട്ടുകാര്യങ്ങളും. അമേരിക്കയില്‍ കമ്പനി തുടങ്ങാനുള്ള മൂലധനമൊന്നും ചേട്ടന്റെയടുത്തില്ലായിരുന്നു. പിന്നെങ്ങനെയാണ് ചേട്ടന്‍ ഈ രംഗത്തിറങ്ങി അത് രണ്ടുപ്രാവശ്യവും വിജയകരമാക്കിയത്?

സ്വന്തമായി സ്ഥാപനം നടത്തുക, സ്വന്തം ബോസായിരിക്കുക, മറ്റുള്ളവര്‍ക്ക് ജോലി കൊടുക്കുക, കാശുണ്ടാക്കുക ഇതെല്ലാം എല്ലാവരുടെയും സ്വപ്നമാണ്. അപൂര്‍വം പേരേ ഈ സ്വപ്നത്തിന്റെ പുറകേ പോകാറുള്ളൂ. അതിലും കുറച്ചു പേര്‍ മാത്രമേ അതില്‍ വിജയിക്കാറുള്ളൂ. ഒരുമൈക്രോസ്‌കോപ്പിക് മൈനോറിറ്റി മാത്രമേ നമ്മള്‍ സ്വപ്നം കാണുന്ന ബംഗ്ലാവും ജാഗ്വറും ഒക്കെ എത്തിപ്പിടിക്കാറുള്ളു.

എങ്ങനെയാണ് ഒരാള്‍ ഒരു നല്ല സംരംഭകന്‍ ആകുന്നത്? അങ്ങനെയാകാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഇതൊക്കെ വലിയ പ്രബന്ധമായി എഴുതപ്പെടേണ്ട, എഴുതിയിട്ടുള്ള വിഷയമാണ്. ഇതിനെപ്പറ്റി പഠിപ്പിക്കാന്‍ കോഴ്സുകള്‍ പോലുമുണ്ട്. എന്നാലും സ്വന്തം സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെപ്പറ്റി പറയാതെ കരിയര്‍ സീരീസ് പൂര്‍ത്തിയാകില്ലല്ലോ. അതുകൊണ്ട് എന്റെ ചുറ്റുമുള്ള, പ്രസ്ഥാനങ്ങള്‍ നടത്തി ജയിച്ചവരുടെയും തോറ്റവരുടെയും അനുഭവത്തില്‍ നിന്നും ചില കാര്യങ്ങള്‍ പറയാം.

1. ഒരു പ്രസ്ഥാനമുണ്ടാക്കാനുള്ള ആഗ്രഹം: ഒരു വ്യവസായ സംരംഭകനാകാനുള്ള ആദ്യത്തെ യോഗ്യത സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്നുള്ള അടങ്ങാത്ത ആഗ്രഹമാണ് (fire in the belly എന്ന് ഇംഗ്‌ളീഷില്‍). ഇതെങ്ങനെയാണ് ഓരോരുത്തരില്‍ ഉണ്ടാകുന്നതെന്ന് പറയാന്‍ പറ്റില്ല. ജനിച്ചതും വളര്‍ന്നതുമായ സാഹചര്യമാകാം, ഇപ്പോള്‍ ജീവിക്കുന്ന ചുറ്റുപാടാകാം, പൊതുവെ ജീവിതസാഹചര്യങ്ങള്‍ അനുകൂലമായതുകൊണ്ടാകാം, നേരെ  തിരിച്ചുമാകാം. ഏതാണെങ്കിലും ഒരു ജോലിക്ക് ശ്രമിക്കുന്നതുപോലെ നിസ്സാരമായി കാണേണ്ട ഒന്നല്ലിത്. നമ്മുടെയുള്ളില്‍ അടങ്ങാത്ത ആഗ്രഹമായി ഒരു പ്രസ്ഥാനം നടത്തണമെന്ന ത്വര ഉണ്ടോ എന്ന് ആത്മപരിശോധന നടത്തിക്കൊണ്ടേയിരിക്കുക, വര്‍ഷങ്ങളോളം. ജോലി കിട്ടാത്തത് കൊണ്ടോ, ആരുടെയെങ്കിലും  ഉപദേശം കേട്ടോ, സര്‍ക്കാര്‍ ധനസഹായം ചെയ്യും എന്നത് കൊണ്ടോ, കയ്യില്‍ കുറച്ചു കാശുള്ളത് കൊണ്ടോ ഒന്നും പോയി ഒരു സ്ഥാപനം തുടങ്ങരുത്.

2. വിജയത്തിലേക്ക് കുറുക്കുവഴികളില്ല: സ്റ്റീവ് ജോബ്സിന്റെയും ബില്‍ ഗേറ്റിസിന്റെയും സക്കര്‍ബര്‍ഗ്ഗിന്റെയുമൊക്കെ കഥയേ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളൂ. ഒരു പ്രസ്ഥാനം തുടങ്ങി പൊളിഞ്ഞുപാളീസായി കുടുംബവും തകര്‍ന്ന് മദ്യപാനത്തിലോ, ആത്മഹത്യയിലോ അവസാനിക്കുന്നവരുടെ ചരിത്രമൊന്നും പുസ്തകമോ സിനിമയോ ആകാറില്ല. കാരണം അതത്ര അപൂര്‍വമല്ല എന്നതുതന്നെ. അപ്പോള്‍ പ്രസ്ഥാനം തുടങ്ങുന്നതിനു മുന്‍പ് പരാജയത്തിനാണ് കൂടുതല്‍ സാധ്യത എന്നുതന്നെ മനസ്സില്‍ കരുതണം.

3. റിസ്‌കില്ലാത്ത ബിസിനസ്സില്ല: നമ്മള്‍ എത്ര അറിവുള്ള ആളായാലും, നമ്മുടെ കൈയില്‍ എത്ര പണമുണ്ടെങ്കിലും, നമ്മുടെ എത്ര തലമുറ ബിസിനസ്സ് ചെയ്തതാണെങ്കിലും ബിസിനസ്സ് എന്നും ഒരു റിസ്‌ക്കി പണി തന്നെയാണ്. അതുകൊണ്ടാണ് അത് വിജയിക്കുമ്പോള്‍ നമുക്ക് അതിനര്‍ഹമായ പ്രതിഫലം കിട്ടുന്നത്. റിസ്‌കില്ലാത്ത ബിസിനസ്സ് അന്വേഷിക്കുന്നത് ചുക്കില്ലാത്ത കഷായമന്വേഷിക്കുന്നതു പോലെ പാഴ്വേലയാണ്.

4. റിസ്‌ക്കെടുക്കലാണ് ബിസിനസ്സിന്റെ ഒന്നാംപാഠം: ബിസിനസ്സ് നടത്തുന്നവരെയും തൊഴില്‍ ചെയ്യുന്നവരെയും തമ്മില്‍ മാറ്റിനിര്‍ത്തുന്ന ഏറ്റവും വലിയ ഘടകം അവരുടെ റിസ്‌ക് എടുക്കാനുള്ള മാനസികനിലയാണ്. ഇതിന്റെയര്‍ത്ഥം എത്ര ഉയരത്തിലും അടിയില്‍ വലകെട്ടാതെ ട്രപ്പീസ് കളിക്കാനുള്ള ധൈര്യമാണ് ബിസിനസിന് വേണ്ടത് എന്നല്ല. മറിച്ച് എന്തൊക്കെയാണ് ഇതിലെ റിസ്‌ക്ക് എന്നു മനസിലാക്കി നമ്മുടെ കംഫര്‍ട്ട്  സോണിനു പുറത്ത് കാര്യങ്ങള്‍ ചെയ്യാനുള്ള മനക്കരുത്തുണ്ടാകണം എന്നാണ്.

5. എല്ലാമറിഞ്ഞിട്ട് ഒന്നും നടക്കില്ല: റിസ്‌കെടുക്കുന്നതിലെ ഒരു പ്രധാന സംഗതി ചില കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് നമുക്ക് പ്രവചിക്കാനേ പറ്റില്ല എന്നതാണ്. ഉദാഹരണത്തിന്, നമ്മള്‍ റിന്യുവബിള്‍ എനര്‍ജിയുടെ ബിസിനസ് ചെയ്യുന്നു എന്നു കരുതുക. ആഗോള എണ്ണവില ഈ ബിസിനസിനെ ബാധിക്കുന്ന ഒരു ഘടകമാണ്. അതിനെ ബാധിക്കുന്നതാകട്ടെ, സാമ്പത്തികഘടകങ്ങളേക്കാള്‍ കൂടുതല്‍ രാഷ്ട്രീയഘടകങ്ങളാണ്. അപ്പോള്‍ അമേരിക്കയില്‍ ഒരു പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നു, ഇറാനെതിരെ ഉപരോധമുണ്ടാകുന്നു, ഇതെല്ലാം എണ്ണവിലയെ ബാധിക്കും. അതുവഴി നമ്മുടെ ബിസിനസിനേയും. ഇതൊക്കെ മുന്‍കൂട്ടി അറിഞ്ഞ് ഒരു ബിസിനസ്സ് നടത്താന്‍ ഒരിക്കലും കഴിയില്ല.

6. ബോസുമാരുടെ വേലിയേറ്റം: ഏറെയാളുകള്‍ ഒരു ബിസിനസ്സ് സംരഭത്തെപ്പറ്റി ചിന്തിക്കുന്നത് ഓഫിസ് അന്തരീക്ഷത്തില്‍ ഒരു ബോസിന്റെ കീഴില്‍ ജോലിചെയ്യാനുള്ള വിമുഖത കൊണ്ടാണ്. എന്നാല്‍ സത്യം നേരെ മറിച്ചാണ്. ഓഫിസ് ജോലിക്കാരന് ഓഫിസിലെ ഔദ്യോഗിക സംവിധാനമനുസരിച്ചുള്ള ഒരു ബോസിനെ മാത്രം ഗൗനിച്ചാല്‍ മതി. എന്നാല്‍ ബിസിനസ് നടത്തുന്നവര്‍ക്ക് എല്ലാവരെയും ഗൗനിക്കണം. ഇന്ത്യയില്‍ ഇതിന്റെ  അതിപ്രസരവുമാണ്. ഒരു പാറമട നടത്താന്‍ തന്നെ പതിനാറ് ലൈസന്‍സ് വേണം എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനീയര്‍, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, യൂണിയന്‍ നേതാക്കള്‍, ലോക്കല്‍ എംഎല്‍എ, ബാങ്കര്‍, ക്ലയന്റ് തുടങ്ങി നമുക്ക് ഏതൊക്കെ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടണോ അതിലൊക്കെയുള്ളവര്‍ നമ്മുടെ ബോസുമാരായി അവതരിക്കും.

7. അറിവുണ്ടാകണം, പക്ഷെ പാരാലിസിസ് ബൈ അനാലിസിസ് ആകരുത്: പുതിയതായി ബിസിനസ്സ് തുടങ്ങുന്നവര്‍  ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് അത്യാവശ്യം അറിവുള്ള ഡൊമൈനില്‍ വേണം ബിസിനസ്സ് തുടങ്ങാന്‍ എന്നതാണ്. നമ്മുടെ പഠനം, പരിശീലനം, യാത്ര, ബന്ധുബലം, പാരമ്പര്യം, ഇവയൊക്കെ കാരണം നമുക്ക് ഏതെങ്കിലുമൊക്കെ രംഗത്ത് അറിവും സാമൂഹ്യബന്ധങ്ങളും ഉണ്ടാകുമല്ലോ. അതിലോ, അതിന്റെ അനുബന്ധമായിട്ടോ  വേണം പണിതുടങ്ങാന്‍. അതെസമയം ഒരു പ്രസ്ഥാനവും ഉണ്ടാക്കുന്നതിന്റെ നിയമവശം സാമ്പത്തികവശം ഇവയില്‍ ഒക്കെ കുറച്ച് സമയത്തെ ചിലവാക്കണം. നമുക്ക് യാതൊരു പരിചയവുമില്ലാത്ത രംഗത്ത് അല്ലെങ്കില്‍ രാജ്യത്ത് പോയി ബിസിനസ്സ് തുടങ്ങുന്നത് അനാവശ്യ റിസ്‌ക് ആണ്. എന്നുവെച്ച് ഒരു ബിസിനസ്സ് തുടങ്ങുന്നതിനു മുന്‍പ് ആ വിഷയത്തില്‍ പിഎച്ഡിയോ മാസ്റ്റേഴ്സോ ഒന്നും എടുക്കേണ്ട കാര്യമില്ല കേട്ടോ.

8. കഠിനാധ്വാനം നിര്‍ബന്ധം: ലോകത്തെമ്പാടും ജോലിചെയ്യുന്നവരുടെ ജോലിഭാരം വര്‍ഷാവര്‍ഷം കുറഞ്ഞുവരികയാണ്. യൂറോപ്യന്‍ യൂണിയനിലൊക്കെ ആഴ്ചയില്‍ മുപ്പത്തിയഞ്ച് മണിക്കൂറുകളായിട്ടുണ്ട് ജോലിസമയം. എന്നാല്‍ ബിസിനസ്സ് തുടങ്ങുന്നവര്‍, ആദ്യകാലത്തെങ്കിലും പകലോ രാത്രിയോ നോക്കാതെ, അവധി ദിവസമോ തൊഴില്‍ ദിവസമോ നോക്കാതെ ആഴ്ചയില്‍ എണ്‍പത് മണിക്കൂറോ അതിലും കൂടുതലോ ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം.

9. കുടുംബത്തിന്റെ പിന്തുണ: ബിസിനസ്സ് പച്ചപിടിച്ചു കഴിഞ്ഞാല്‍ നമുക്ക് ഉറപ്പാക്കാവുന്ന ഒന്നുണ്ട്, സമൂഹത്തിന്റെ പിന്തുണ. എന്നാല്‍ തുടങ്ങുന്ന കാലത്ത് സ്ഥിതി നേരെ തിരിച്ചാണ്. ബിസിനസ് ബാക്ഗ്രൗണ്ടില്‍ നിന്നല്ലാതെ ആ രംഗത്തെത്തുന്നവരെ പരമാവധി നിരുത്സാഹപ്പെടുത്താനേ സമൂഹം ശ്രമിക്കൂ. അപ്പോള്‍ നമുക്ക് പൂര്‍ണ്ണമായും കുടുംബത്തിന്റെ വൈകാരികപിന്തുണ ഉണ്ടായേ പറ്റൂ. ഇതത്ര എളുപ്പമല്ല. പ്രത്യേകിച്ചും ബിസിനസ്സ് അറിയാത്ത ബാക്ഗ്രൗണ്ടില്‍ നിന്നും വരുന്ന പങ്കാളിയാണെങ്കില്‍. സ്ഥിര ജോലിയില്‍ നിന്നാണ് നാം ബിസിനസിലേക്ക് ഇറങ്ങുന്നതെങ്കില്‍ ഉറപ്പായും കുടുംബത്തില്‍ ഇത് പ്രശ്‌നങ്ങളുണ്ടാക്കും. പണത്തിന്റെ കാര്യത്തിലും കുടുംബത്തിനോടൊപ്പമുള്ള സമയത്തിന്റെ കാര്യത്തിലും കുറവ് വരുമല്ലോ. ഇക്കാര്യങ്ങള്‍ പങ്കാളിയുമായി നേരത്തെ ചര്‍ച്ചചെയ്യണം. ബിസിനസ്സിന്റെ തുടക്കത്തിലുണ്ടാകുന്ന മനസികവിഷമങ്ങള്‍, സാമ്പത്തിക ഞെരുക്കം, സമയക്കുറവ് ഇതെല്ലാം നമ്മുടെ കുടുംബബന്ധങ്ങള്‍ അതിജീവിക്കുമോ എന്ന് നമ്മള്‍ ഉറപ്പാക്കണം. അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍  തയ്യാറായിരിക്കണം.

10. പണം ലാഭിച്ചും ചെലവാക്കിയും പഠിക്കണം: ബിസിനസ്സില്‍ ഇറങ്ങുന്നവരെ സംബന്ധിച്ചിടത്തോളം പണത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകണം. ബിസിനസ്സിനകത്ത് പൂര്‍ണ്ണമുതലാളിത്ത ചിന്തയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. കാര്യക്ഷമത, കോസ്റ്റ് എഫക്ടീവ്‌നെസ്സ് എന്നിവയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. പണം ചുരുക്കി ചെലവാക്കണം. അതേസമയം ബിസിനസ്സ് പച്ചപിടിച്ചുവന്നാല്‍ പഴയതുപോലെ ടൊയോട്ടയുമോടിച്ച് നടക്കരുത്. പണം ചെലവാക്കാനുള്ള അവസരം ലഭിച്ചത് ബിസിനസില്‍ ഇറങ്ങിയതിന്റെ, കഠിനാധ്വാനം ചെയ്തതിന്റെ, റിസ്‌ക്ക് എടുത്തതിന്റെ എല്ലാം പ്രതിഫലമാണ്. നല്ല വീടുവെക്കുന്നതിനും, ബിഎംഡബ്‌ള്യു വാങ്ങുന്നതിനും, ബിസിനസ്സ് ക്ലാസ്സില്‍ യാത്ര ചെയ്യുന്നതിനും ഒരു മടിയും വിചാരിക്കേണ്ട. നിങ്ങളും കുടുംബവും അതര്‍ഹിക്കുന്നു. ധാരാളം പണം ചെലവുചെയ്യുന്നതു കാണുമ്പോള്‍ സമൂഹം ചുമ്മാ കുറ്റമൊക്കെ പറയും, മൈന്‍ഡ് ചെയ്യണ്ട.

11. ബിസിനസ്സ് ചാരിറ്റിയല്ല: ബിസിനസ്സില്‍ തീരുമാനങ്ങളെടുക്കുന്നത് ബിസിനസ് താല്പര്യങ്ങള്‍  മാത്രം നോക്കിയായിരിക്കണം. കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് ജോലി കൊടുക്കുന്നതോ ബിസിനസ്സ് പൊളിഞ്ഞവരുടെ കടം എഴുതിത്തള്ളുന്നതോ ഒന്നും നല്ല ബിസിനസ്സുകാരന് പറ്റിയ പണിയല്ല. ഒരു ബിസിനസ്സ് നടത്തി ലാഭമുണ്ടാക്കിക്കഴിഞ്ഞാല്‍ അതിന്റെ നല്ലൊരു ഭാഗം സമൂഹത്തിനുവേണ്ടി ചെലവഴിക്കാം. അതില്‍ സന്നദ്ധസംഘടനകളെയും രാഷ്ട്രീയക്കാരെയുമൊക്കെ ഉള്‍പ്പെടുത്താം എന്നാല്‍ രാഷ്ട്രീയക്കാരുടെയോ ബന്ധുക്കളുടെയോ വാക്കുകേട്ട് ആരെയും ജോലിക്കെടുക്കരുത്. ബന്ധുക്കള്‍ക്ക് ആര്‍ക്കും കോണ്‍ട്രാക്റ്റും കൊടുക്കരുത്.

12. പണമല്ല പ്രശ്‌നം: നല്ല ബിസിനസ്സ് ആശയങ്ങളെ പിന്തുണക്കാനിപ്പോള്‍ അനവധി സംവിധാനങ്ങളുണ്ട്. സര്‍ക്കാരിന്റെ മുദ്രാബാങ്ക്, വെഞ്ചര്‍ കാപിറ്റല്‍, ക്രൗഡ് ഫണ്ടിംഗ് എന്നിങ്ങനെ പലതും. നല്ല ആശയം ഉണ്ടായിരിക്കുക, നമ്മുടെ പാഷന്‍ കാണിക്കുക, നമ്മള്‍ അതില്‍ നൂറുശതമാനം മുഴുകാന്‍ തയ്യാറായിരിക്കുക ഇതൊക്കെയാണ് പ്രധാനം.

13. അതിരുകളില്ലാത്ത കമ്പോളം: ഇന്റര്‍നെറ്റിന്റെ ലോകത്ത് ബിസിനസ്സ് തുടങ്ങുന്നതില്‍ പഴയതില്‍  നിന്നും പല മാറ്റങ്ങളുമുണ്ട്. ഒന്നാമത് വലിയ മുതല്‍മുടക്കൊന്നും വേണ്ട, രണ്ടാമത് സഹായം ലോകത്ത് എവിടെ നിന്നും വരാം, മൂന്നാമത് വിജയമായിക്കഴിഞ്ഞാല്‍ അതിന് അതിരുകളില്ല. കേരളത്തില്‍ നിന്നും ഒരു ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ബ്രാന്‍ഡ് ഉണ്ടായി വരാവുന്നതേയുള്ളൂ. കേരളത്തിലെ തോറ്റ എഞ്ചിനീയര്‍മാരില്‍ നിന്നായിരിക്കും അത് സംഭവിക്കുക എന്നാണ് എന്റെ പ്രവചനം.

14. നെറ്റ്വര്‍ക്ക് സര്‍വപ്രധാനം: ഒരു ജോലി കിട്ടാന്‍ നെറ്റ്‌വര്‍ക്ക് ഗുണകരമാണെങ്കിലും നെറ്റ്‌വര്‍ക്ക് ഇല്ലെങ്കിലും ജോലി നേടാം, നിലനിര്‍ത്തുകയും ചെയ്യാം. പക്ഷെ ബിസിനസ്സ് എന്നുപറയുന്നത് മൊത്തം നെറ്റ്‌വര്‍ക്കിന്റെ കളിയാണ്. മറ്റുള്ളവരില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുക, അത് നിലനിര്‍ത്തുക, ഇതൊക്കെയാണ് പ്രധാനം. പ്രൊഫഷണല്‍ രംഗത്തും വ്യക്തിപരമായും നെറ്റ്വര്‍ക്കിങ് ഉഷാറാക്കാതെ ബിസിനസ്സില്‍ വിജയിക്കില്ല.

ഒരു ബിസിനസ്സ് തുടങ്ങി വിജയിപ്പിക്കാന്‍ ഏറ്റവും എളുപ്പം ഇപ്പോള്‍ നടക്കുന്ന ഏതെങ്കിലും ബിസിനസ്സ് ഏറ്റെടുത്ത് അത് കൂടുതല്‍ നന്നായി ചെയ്യുകയാണെന്നാണ് എന്റെ സുഹൃത്തും അയര്‍ലന്‍ഡിലെ സംരംഭകയും ആയ നിക്കോളയുടെ അഭിപ്രായം. ഒരു സംരഭകയുടെ ജീവിതവും തൊഴിലും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയാന്‍ താല്പര്യം ഉള്ളവര്‍ അവരുടെ പ്രസംഗം സൂക്ഷിച്ചു കേള്‍ക്കുന്നത് നന്നായിരിക്കും.  https://www.youtube.com/watch?v=pZWqeyacHMc

ഈ പരമ്പരയുടെ മുന്‍ലക്കങ്ങള്‍ 

1. അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം 

2. ചാട്ടത്തിലെങ്ങാനും പിഴച്ചുപോയാല്‍ 

3. മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റര്‍ 

4. ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ....

5. ഈ എന്‍ജിനീയര്‍മാര്‍ക്കെന്താ കൊമ്പുണ്ടോ?

6വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാന്‍

7. ഞങ്ങള്‍ വക്കീലന്മാരെന്താ മോശാ?

8. എന്തുവന്നാലും നാടകക്കമ്പനി തുടങ്ങരുത്‌

9. നേഴ്‌സിങ്ങിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല 

10. 'ബമാമ'യുടെ കോളേജ് ജീവിതം

11. ഇംഗ്ലീഷ് ഒരു ഭാഷയാണ്, ബുദ്ധിയുടെ അളവുകോലല്ല, പക്ഷേ

12. തപാല്‍ വഴി നീന്തല്‍ പഠിക്കാമോ

13. മുടിവെട്ടും ഇറച്ചിവെട്ടും....! യൂറോപ്പിലെ തൊഴില്‍ സാദ്ധ്യതകള്‍

14. ബുദ്ധിയുള്ളവരെ ഉദ്ധരിക്കുന്നത് ബുദ്ധിയില്ലാത്തവര്‍

15. ബയോഡേറ്റയെ ആര്‍ക്കാണ് പേടി 

16. വിദ്യാധനവും വിദേശത്തെ പഠനവും

17. തോറ്റ എന്‍ജിനീയര്‍മാരുടെ ഭാവി

18. വിദേശജീവിതവും രണ്ടാമത്തെ പാസ്‌പോര്‍ട്ടും

19. കണ്‍സള്‍ട്ടന്റാകാം, നാട്ടിലിരുന്ന് ഡോളര്‍ വാങ്ങാം

20. തൊഴില്‍ കമ്പോളത്തിലെ രണ്ടാമൂഴം

21. രാഷ്ട്രീയം ഒരു നല്ല തൊഴിലാണോ?

22. പിഎച്ച്ഡി യില്‍ നിന്നും പിഡിഎഫിലേക്ക്

23. ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുമ്പോള്‍