ഭക്തിവ്യവസായത്തിന് ഡിമാന്‍ഡ് കൂടുന്നത് എന്തുകൊണ്ട് ?

Posted on: 18 Sep 2013


വി.ശാന്തകുമാര്‍വിവിധ കാരണങ്ങളാല്‍ കേരളത്തില്‍ ദൈവങ്ങളുടേയും ആള്‍ദൈവങ്ങളുടേയും ഡിമാന്‍ഡ് കൂടുകയാണ്. ഒരു ആധുനിക സമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാകേണ്ട യുക്തിപരത വേണ്ടത്ര വികസിക്കുന്നില്ല. കുറച്ചു ദശകങ്ങള്‍ക്ക് മുമ്പ് അന്ധവിശ്വാസങ്ങള്‍ക്കെതിരെ കുറച്ചുകൂടി ശക്തമായ ചിന്താധാരകള്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ സ്വന്തം കാര്യം നോക്കാനുള്ള ഭക്തിയുടേയും അന്ധവിശ്വാസങ്ങളുടേയും പുതുദൈവങ്ങളുടേയും വിളനിലമായിരിക്കുന്നു ഇന്നത്തെ കേരളം. ഇക്കാര്യത്തില്‍ സാമ്പത്തിക ശാസ്ത്രത്തിനു പറയാന്‍ ഏറെയൊന്നും ഇല്ലെങ്കിലും വിശ്വാസവും സാമ്പത്തിക വളര്‍ച്ചയുടെ സ്വഭാവവും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ടെന്ന കാര്യം മറന്നുകൂടാ.

ഒരു സമൂഹം സാമ്പത്തിക വളര്‍ച്ച നേരിടുമ്പോള്‍ അതിനോടൊപ്പം കൂടുതല്‍ അനിശ്ചിതത്വവും നേരിടും. അനിശ്ചിതത്വം നേരിടുന്ന വ്യക്തികള്‍ക്ക് വിശ്വാസവും ഭക്തിയും ഒരു 'രക്ഷാമാര്‍ഗം' ആണ്. വിശ്വാസം കൊണ്ട് രക്ഷപിടിക്കുമോ എന്നതില്‍ അനിശ്ചിതത്വം ഉണ്ടെങ്കിലും ഭാവി സുഖകരമാകാന്‍ തേടുന്ന വിവിധ മാര്‍ഗങ്ങളില്‍ വിശ്വാസത്തിന്റെ വഴിയും ഉണ്ട്. വികസിത സമൂഹങ്ങളില്‍ ഈ പ്രശ്‌നം അല്പമെങ്കിലും പരിഹരിക്കാന്‍ കുറെ കാലമെടുത്തു. ശക്തമായ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായപ്പോള്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും (ഉദാ: ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടി ജനിക്കുന്നു) വലിയ ബുദ്ധിമുട്ടില്ലാതെ ജീവിതം നയിക്കാന്‍ കഴിയുമെന്ന അവസ്ഥ ഉണ്ടായി. നമുക്ക് അത്തരം സുരക്ഷിതത്വം ഇല്ല. ഇത് വിശ്വാസത്തിന്റെ വഴി തേടാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ആധുനിക സമൂഹങ്ങളില്‍ ഒരു വ്യക്തി കുറെയേറെ തന്റെ സ്വന്തം കാര്യങ്ങള്‍ നോക്കി ജീവിക്കുകയാണ്. ഇവിടെ കുറച്ചൊക്കെ ഏകാന്തത ഉണ്ട്. എന്നാല്‍ നല്ലൊരു ശതമാനം ആളുകളും തങ്ങളുടെ സ്വന്തം ജീവിതം അര്‍ദ്ധപൂര്‍ണമാക്കാനുള്ള വഴി കണ്ടെത്തും. എന്നാല്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് വികസ്വര സമൂഹങ്ങളില്‍ , ഇതിനു കഴിയണമെന്നില്ല. അവര്‍ക്ക് സന്തോഷം കിട്ടാന്‍ കൂട്ടായ്മകള്‍ വേണം. നമ്മുടേതുപോലുള്ള സമൂഹങ്ങളില്‍ ജാതിക്കും മതത്തിനും ദൈവത്തിനും അതീതമായ കൂട്ടായ്മകള്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. ഇതു കാരണം നാം ഇത്തരം കൂട്ടായ്മകളില്‍ നിന്ന് സന്തോഷം നേടാന്‍ ശ്രമിക്കുന്നു.

കേരളത്തിനു പുറത്തു ജോലിയെടുക്കുന്ന മലയാളികള്‍ അവിടെ വിവിധ തരത്തിലുള്ള 'അസ്തിത്വ പ്രതിസന്ധി' നേരിടുന്നു. അവിടെയുള്ള സാമൂഹ്യ ചുറ്റുപാടുമായി വേണ്ടത്ര ഇടപഴകാന്‍ എല്ലാര്‍ക്കും കഴിയുന്നില്ല. അതുകൊണ്ട് ഇവര്‍ നാട്ടിലെ ജാതി, മത, ആശ്രമ, ദൈവ കൂട്ടായ്മകളില്‍ നിക്ഷേപിക്കുന്നു. ഇത് നാട്ടിലെ അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും ആശ്രമങ്ങള്‍ക്കും മറ്റു പ്രാര്‍ത്ഥന ശാലകള്‍ക്കും തങ്ങളുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ അവസരം നല്‍കുന്നു.

വികസനം സ്വാഭാവികമായി (organic ആയി) ഒരു സ്ഥലത്ത് സംഭവിക്കുമ്പോള്‍ അത് ഉള്‍കൊള്ളാനുള്ള മാനസിക വളര്‍ച്ചയും സംഭവിക്കുന്നു. ലിബിറലായ ഉന്നത വിദ്യാഭ്യാസം ഇതിന്റെ ഭാഗമായിരിക്കും. എന്നാല്‍ വികസിച്ചു കൊണ്ടിരിക്കുന്ന സമൂഹങ്ങളില്‍ ചിലര്‍ക്ക് 'അപ്രതീക്ഷിതമായ' വരുമാനവളര്‍ച്ച ഉണ്ടാകാം. സ്വത്തില്‍ നിന്ന്, ബന്ധങ്ങള്‍ മൂലം, സാമൂഹ്യ സ്ഥാനങ്ങള്‍ മൂലം - വ്യക്തിപരമായ കഴിവുകളുടെ സ്വാഭാവിക വളര്‍ച്ചയിലൂടെ അല്ലാതെ - ചിലര്‍ക്ക് വരുമാന വളര്‍ച്ച ഉണ്ടാകാം. ഇത് വരുമാന വളര്‍ച്ചയും പരമ്പരാഗത മനസ്സും ഒരുമിച്ചു കൊണ്ടുപോകുന്നതിന് ഇടയാക്കും.

(അഭിപ്രായങ്ങള്‍ ലേഖകന്റേത്)
 

Tags: Why religious demand high in Kerala
»  News in this Section