കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കരുതേ...

Posted on: 14 Sep 2013


സനികബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നിലെ കാളയുടെ പ്രതിമയ്ക്ക് സമീപം ബോളീവുഡ് നടി മഹിമാ ചൗധരി (ഫയല്‍ ചിത്രം)
യാതൊരു മുന്നറിയിപ്പുമില്ലാതെ ഡി.ഇ.ഒ. സ്‌കൂള്‍ ഇന്‍സ്‌പെക്ഷന് എത്തുന്നു എന്നറിയുമ്പോള്‍ ഹെഡ്മാസ്റ്റര്‍ അടക്കമുള്ള അധ്യാപകര്‍ ഓടിമറയുന്ന രസകരമായി രംഗമുണ്ട്. ഇന്നും എയ്ഡഡ് - സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ അല്പം ഭയത്തോടെ തന്നെയാണ് ഡി.ഇ.ഒ.യെ വരവേല്‍ക്കുന്നത്. തലയെണ്ണല്‍ ഒരു പ്രശ്‌നമേ അല്ലാതിരുന്ന പഴയ നാളുകളില്‍ ഡി.ഇ.ഒ.യെ വരവേല്‍ക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അവരവര്‍ പഠിപ്പിക്കുന്ന വിഷയങ്ങളേക്കുറിച്ചും പൊതു വിജ്ഞാനത്തേക്കുറിച്ചുമൊക്കെ കൂടുതല്‍ പഠിപ്പിച്ച് മിടുക്കന്മാരാക്കുന്ന ഒരു സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. ഡി.ഇ.ഒ. ചോദിക്കുമ്പോള്‍ ഉത്തരം പറയാന്‍ 'റെഡി'യായി ക്ലാസ്സിലെ ഏറ്റവും മിടക്കന്മാര്‍ മുന്‍നിരയില്‍ തന്നെയുണ്ടാകും- ചോദ്യം വരുന്ന മാത്രയില്‍ ഞാന്‍ ഉത്തരം പറയാം എന്ന ഭാവത്തില്‍ കൈയും ഉയര്‍ത്തിപ്പിടിച്ച്!

പതിവ് ഗൗരവമൊന്നുമില്ലാതെയായിരുന്നു അത്തവണത്തെ ഡി.ഇ.ഒ. സ്‌കൂള്‍ ഇന്‍സ്‌പെക്ഷന് വന്നത് എന്നത് ഇന്നുമോര്‍ക്കുന്നു. ഹാജര്‍ നിലയും മറ്റുമൊക്കെ പരിശോധിച്ച് സുസ്‌മേര വദനനായി നിന്ന ഡി.ഇ.ഒ.യുടെ ചോദ്യം നേരിടാന്‍ തയ്യാറായി മുന്‍നിര. പക്ഷേ ഏറ്റവും പുറകിലെ ബെഞ്ചിലെ വിദ്യാര്‍ത്ഥിയെ എഴുന്നേല്‍പിച്ച്, പാനിപ്പട്ട് യുദ്ധമുണ്ടാകാനിടയായ കാരണത്തെക്കുറിച്ച് ഡി.ഇ.ഒ. ചോദിച്ചു. ചോദ്യം കേട്ട് പകച്ചുപോയ ആ വിദ്യാര്‍ത്ഥിക്ക് യഥാര്‍ത്ഥത്തില്‍ താന്‍ സ്‌കൂളിലേക്ക് വരുന്നതിന്റെ കാരണം പോലും കൃത്യമായി അറിയില്ലായിരുന്നു. പിന്‍നിരയിലെ മറ്റു രണ്ട് വിദ്യാര്‍ത്ഥികളോടു കൂടി ഇതേ ചോദ്യം ആവര്‍ത്തിക്കപ്പെട്ടുവെങ്കിലും ക്ലാസ് റൂമിന്റെ സൈഡില്‍ നിന്ന ടീച്ചറെ തികച്ചും നിരാശയാക്കുന്ന തരത്തിലായിരുന്നു അവരുടെയും പ്രകടനം. ഉത്തരം പറയാന്‍ വെമ്പി കൈയും ഉയര്‍ത്തിപ്പിടിച്ചിരുന്ന മുന്‍നിരക്കാരാകട്ടെ തീര്‍ത്തും അവഗണിക്കപ്പെടുകയും ചെയ്തു. ഡി.ഇ.ഒ. പുഞ്ചിരിച്ചുകൊണ്ട് അടുത്ത ക്ലാസ്സിലേക്ക് പോകുമ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു, ''മിടുക്കന്മാരുടെ മുന്‍നിര മാത്രമല്ല ഒരു ക്ലാസ്'' എന്ന സത്യം തിരിച്ചറിഞ്ഞയാളാണ് ഇത്തവണത്തെ ഡി.ഇ.ഒ.

''സെന്‍സെക്‌സ് കുതിച്ച് 19,000 കടന്നു, 20,000 കടന്നു എന്നൊക്കെയുള്ള വാര്‍ത്ത കേള്‍ക്കുമ്പോള്‍ വളരെ പ്രതീക്ഷയോടെ എന്റെ ഓഹരികളുടെ വിലനിലവാരം പരിശോധിക്കും. പലപ്പോഴും നിരാശയാവും ഫലം- ഞാന്‍ വാങ്ങിയ ഓഹരികള്‍ അതേ നിലവാരത്തിലോ, വാങ്ങിയ വിലയിലും താഴെയോ ആവും അപ്പോള്‍ !'' സെന്‍സെക്‌സ് കുതിച്ചുയര്‍ന്നിട്ടും തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ക്ക് അനക്കമില്ലെന്നതു നിക്ഷേകരുടെ പതിവ് പരാതിയാണ്.

എബിഐ അഥവാ ABSOLUTE BREADTH INDICATOR (ABI) എന്തെന്ന് മനസിലാക്കേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണ്. വിവിധ മേഖലകളിലെ മികച്ച കമ്പനികളുടെ ഓഹരികളാല്‍ രൂപീകൃതമായതാണ് സെന്‍സെക്‌സ് സൂചിക. അതുകൊണ്ടു തന്നെ സെന്‍സെക്‌സ് ഉയര്‍ന്നു അഥവാ താഴ്ന്നു എന്നു പറയപ്പെടുന്നത് ഈ ഓഹരികളുടെ വിലകളിലെ ഏറ്റക്കുറച്ചില്‍ കൊണ്ടു മാത്രമാണ്. അതുകൊണ്ടു തന്നെ മാര്‍ക്കറ്റിന്റെ മൊത്തത്തിലുള്ള 'മൂഡ്' സെന്‍സെക്‌സിലെ ഉയര്‍ച്ചതാഴച്ചകളില്‍ നിന്നു മാത്രം മനസ്സിലാക്കപ്പെടാതെ പോകുന്നു. സെന്‍സെകസ് ഉയരുമ്പോഴും മാര്‍ക്കറ്റിലെ ബഹുഭൂരിഭാഗം ഓഹരികളും അനക്കമില്ലാതെ തുടരുകയോ താഴേക്ക് പോവുകയോ ചെയ്യാം. പലപ്പോഴും സെന്‍സെക്‌സ് ഓഹരികളല്ല, മറിച്ച് മികച്ചതെന്നു പ്രതീക്ഷിക്കുന്ന മറ്റു കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്ന സാധാരണ നിക്ഷേപകര്‍ക്ക് പിണയുന്ന അബദ്ധവും ഇതുതന്നെയാണ്. സെന്‍സെക്‌സ് ഉയര്‍ന്നു എന്ന് കേള്‍ക്കുമ്പോള്‍ കാളകള്‍ (bulls) വിപണിയിലേക്കെത്തി എന്നു കരുതി അവര്‍ ഓഹരികള്‍ വാങ്ങും. എന്നാല്‍ സെന്‍സെക്‌സ് കയറിയതല്ലാതെ 'കാളകള്‍ ' വിപണിയില്‍ അപ്പോഴും എത്തിയിട്ടുണ്ടാവില്ല. ഇതിന്റെ ഫലമാണ് നിക്ഷേപകരില്‍ നിന്ന് മുന്‍പ് പറഞ്ഞ പരാതി ഉയരുന്നത്.

മുന്‍നിരക്കാര്‍ മാത്രമടങ്ങുന്നതല്ല ക്ലാസ് എന്നു മനസ്സിലാക്കിയ ഡി.ഇ.ഒ.യെപ്പോലെ സെന്‍സെക്‌സ് പ്രതിനിധാനം ചെയ്യുന്ന ഓഹരികള്‍ മാത്രമടങ്ങിയതല്ല ഷെയര്‍ മാര്‍ക്കറ്റ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട വസ്തു. മാര്‍ക്കറ്റിന്റെ മൊത്തത്തിലുള്ള മൂഡ് മനസ്സിലാക്കാന്‍ അടുത്തതായി അറിയേണ്ടത് വ്യാപാരം ചെയ്യപ്പെടുന്ന മൊത്തം ഓഹരികളുടെ എണ്ണമാണ്. ബിഎസ്ഇ, എന്‍എസ്ഇ വെബ്‌സൈറ്റില്‍ ഈ വിവരം ലഭ്യമാണ്. അടുത്തതായി ഒരു ദിവസം ട്രേഡ് ചെയ്യപ്പെട്ട എത്ര ഓഹരികളാണ് മുകളിലേക്കെന്നും എത്രയാണ് താഴേക്കെന്നും എത്രയാണ് വിലയില്‍ വ്യത്യാസമില്ലാതെ തുടരുന്നതെന്നും മനസ്സിലാക്കുക. ഈ വിവരങ്ങളെല്ലാം വെബ്‌സൈറ്റില്‍ ലഭ്യമായതിനാല്‍ എബിഐ എന്തെന്നു മനസ്സിലാക്കേണ്ട ആവശ്യകത മാത്രമേ നിക്ഷേപകനുള്ളൂ. ട്രേഡ് ചെയ്യപ്പെട്ട ഓഹരികളില്‍ കൂടുതല്‍ എണ്ണത്തിന്റേയും വില ഉയരുകയാണെങ്കില്‍ മാര്‍ക്കറ്റ് മികച്ച 'ബ്രെഡ്ത്' (Breadth) ഉണ്ടെന്നു സാരം. ഉദാഹരണത്തിന് ആകെ ലിസ്റ്റ് ചെയ്യപ്പെട്ട 1800 ഓഹരികളില്‍ , ഒരു ദിവസം 1200 ഓഹരികളുടെയും വില കയറിയെന്നും, 300 എണ്ണത്തിന്റെ വില കുറഞ്ഞെന്നും, 300 എണ്ണത്തിന്റെ വില മാറ്റമില്ലാതെ തുടര്‍ന്നെന്നുമിരിക്കട്ടെ. ഇവിടെ NET ADVANCE എന്നു പറയുന്നത് 900 ആണ്. അതായത് വില ഉയര്‍ന്ന 1200 ഓഹരികളില്‍ നിന്നും വില കുറഞ്ഞ 300 ഓഹരികള്‍ കിഴിച്ചാല്‍ കിട്ടുന്ന ബാലന്‍സ് (1200300=900). ഇവിടെ എബിഐ എന്നു പറയുന്നത് 50 % ആണ്. അതായത് 900/1800 X 100=50%. 40 ശതമാനത്തിന് മുകളിലുള്ള എബിഐ ബുള്ളിഷ് മാര്‍ക്കറ്റിനെയും 15 ശതമാനത്തിന് താഴെയുള്ള എബിഐ ബെയറിഷ് മാര്‍ക്കറ്റിനെയും പ്രതിനിധാനം ചെയ്യുന്നുവെന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനം. മാര്‍ക്കറ്റ് മൂഡിനാലാണ് സാധാരണ ഓഹരികളില്‍ ഭൂരിഭാഗവും കയറിയിറങ്ങുന്നത് എന്നതിനാല്‍ മൂഡ് അറിയാന്‍ സഹായകമായ എബിഐ നിങ്ങളെ ചെറുതല്ലാത്ത രീതിയില്‍ സഹായിക്കുമെന്ന് തീര്‍ച്ച.

Tags: How to know Absolute Breadth Indicator
»  News in this Section