ഇറക്കുമതി തീരുവ കൂട്ടി; സ്വര്‍ണവില കൂടും

Posted on: 13 Aug 2013ന്യൂഡല്‍ഹി: ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ തീരുവ വീണ്ടും ഉയര്‍ത്തി. എട്ടു ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഇത്തവണ വര്‍ധിപ്പിച്ചത്. സ്വര്‍ണക്കട്ടി, വെള്ളി, പ്ലാറ്റിനം എന്നിവയുടെ തീരുവയും ഉയര്‍ത്തി. എട്ടു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തീരുവ വര്‍ധിപ്പിക്കുന്നത്.

സ്വര്‍ണക്കട്ടിയുടെ ഇറക്കുമതി തീരുവ ഏഴു ശതമാനത്തില്‍ നിന്ന് ഒമ്പതു ശതമാനമായും വെള്ളിയുടേത് ആറു ശതമാനത്തില്‍ നിന്ന് പത്തു ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. പ്ലാറ്റിനത്തിന്റേത് എട്ടില്‍ നിന്ന് പത്തു ശതമാനമായി കൂട്ടി.

തീരുവ ഉയര്‍ത്തിയതോടെ സ്വര്‍ണത്തിന്റെ വില ഉയരും. സര്‍ക്കാരിന് 4,830 കോടി രൂപയുടെ അധികവരുമാനമുണ്ടാകാനും തീരുവ വര്‍ധന വഴിവെയ്ക്കും.

വിദേശവ്യാപാരക്കമ്മി അപകടപകരമായ നിലയിലേക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടത്. സ്വര്‍ണം, ക്രൂഡോയില്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചാല്‍ മാത്രമേ വ്യാപാരക്കമ്മി താഴ്ത്തിക്കൊണ്ടുവരാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ കയറ്റുമതി വന്‍തോതില്‍ ഉയര്‍ത്തേണ്ടിവരും.

Tags: Govt hikes customs duty on gold, silver
»  News in this Section