കിങ്ഫിഷറിന്റെ ആസ്ഥാനമന്ദിരം ബാങ്കുകള്‍ പിടിച്ചെടുത്തു

Posted on: 12 Aug 2013മുംബൈയിലെ കിങ്ഫിഷര്‍ ഹൗസ്

മുംബൈ: മാസങ്ങളായി പ്രവര്‍ത്തനം നിലച്ചിരിക്കുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് ആസ്ഥാനമന്ദിരം നഷ്ടമായി. കിങ്ഫിഷറിന് വായ്പ ലഭ്യമാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് മുംബൈയിലെ ആസ്ഥാനം പിടിച്ചെടുത്തത്. കോടികളുടെ കടബാധ്യതയെത്തുടര്‍ന്നാണ് ഇത്.

പിടിച്ചെടുത്ത മന്ദിരം ലേലത്തിലൂടെ വിറ്റ് പണം കണ്ടെത്താനാണ് എസ്ബിഐ ഒരുങ്ങുന്നത്. എസ്ബിഐ ഉള്‍പ്പെടെയുള്ള 17 ബാങ്കുകളാണ് കിങ്ഫിഷറിന് വായ്പ നല്‍കിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം കൂടി ഏതാണ്ട് 7,000 കോടി രൂപ ലഭിക്കാനുണ്ട്. കിങ്ഫിഷറിന്റെ ആസ്തികള്‍ കണ്ടുകെട്ടി ലേലത്തില്‍ വച്ച് പണമാക്കാനാണ് ബാങ്കുകളുടെ നീക്കം. അതിന്റെ ഭാഗമായാണ് മുംബൈയിലെ 'കിങ്ഫിഷര്‍ ഹൗസ്' പിടിച്ചെടുത്തത്.

നേരത്തെ പണയമായി നല്‍കിയിരുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സ് ഓഹരികള്‍ ബാങ്കുകള്‍ വിറ്റിരുന്നു. ഗോവയിലെ കിങ്ഫിഷര്‍ വില്ലയും പിടിച്ചെടുത്ത് വില്‍പന നടത്താന്‍ ബാങ്കുകള്‍ ആലോചിക്കുന്നുണ്ട്.


Tags: Lenders take possession of Kingfisher Airlines HQ
»  News in this Section