രാഷ്ട്രീയ കമ്പോളത്തില്‍ നിന്നുള്ള പാഠങ്ങള്‍

Posted on: 04 Aug 2013


വി.ശാന്തകുമാര്‍മീന്‍ ചന്തയില്‍ എത്തി. വില്പനക്കാരിയുടെ കയ്യില്‍ അയല ഉണ്ട്. ഒരു കിലോ എണ്‍പതു രൂപയ്ക്ക് നല്കുന്നോ എന്ന് ചോദിച്ചു. ഇങ്ങനെ ചോദിക്കുമ്പോള്‍ വില്പനക്കാരി അത് എത്ര രൂപയ്ക്കാണ് വാങ്ങിയതെന്നോ എണ്‍പതു രൂപയ്ക്ക് വിറ്റാല്‍ അവര്‍ക്ക് മിനിമം ലാഭം കിട്ടുമോ എന്നു നാം നോക്കാറില്ല. അങ്ങനെ നോക്കേണ്ട ആവശ്യവുമില്ല. അതു നോക്കേണ്ട ചുമതല വില്പനക്കാരിക്ക് തന്നെയാണ്. അവര്‍ക്ക് ആവശ്യമുള്ള ലാഭം കിട്ടുമെങ്കില്‍ വില്‍ക്കാന്‍ തയ്യാറാകണം; അല്ലെങ്കില്‍ വില്‍ക്കാന്‍ പാടില്ല. അവര്‍ സാധനം തരാത്തത് അമിത ലാഭം പ്രതീക്ഷിച്ചാണോ എന്ന് നമുക്ക് തോന്നിയാലോ? അങ്ങനെയെങ്കില്‍ ഈ മീന്‍കാരിയെ വിട്ട് മറ്റൊരു വില്പനക്കാരിയെ സമീപിക്കും.

ഇക്കാര്യം എല്ലാവര്‍ക്കും അറിയാം.

ഇനി നമുക്ക് രാഷ്ട്രീയ കമ്പോളത്തിലേക്ക് വരാം. ഒരു വോട്ടര്‍ എന്ന നിലയ്ക്ക് എനിക്ക് സര്‍ക്കാരില്‍ നിന്ന് രണ്ടു രൂപയ്ക്ക് ഒരു കിലോ അരി, ഒരു രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി, മുപ്പതു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ എന്നിവ കിട്ടണം എന്നുണ്ട്. ഇതൊക്കെ തരാന്‍ സര്‍ക്കാരിനു കഴിയുമോ എന്ന് നോക്കേണ്ട ബാധ്യത എനിക്കുണ്ടോ?

ഒരു തരത്തില്‍ നോക്കിയാല്‍ അങ്ങനെ ഒരു ബാധ്യത വോട്ടു ചെയ്യുന്ന ജനങ്ങള്‍ക്കില്ല. പൊതുപണം കൊണ്ട് താങ്ങാവുന്ന സഹായം മാത്രം ചെയ്യേണ്ട ചുമതല രാഷ്ട്രീയ പാര്‍ട്ടിക്കാണുള്ളത്. പക്ഷേ സര്‍ക്കാര്‍ ചില സഹായങ്ങള്‍ ചെയ്യാത്തത് പൊതു പണത്തിന്റെ പരിമിതി കൊണ്ടാണോ മറ്റെന്തെങ്കിലും കാരണം (കാര്യക്ഷമത കുറവ്, അഴിമതി) കൊണ്ടാണോ എന്ന് നാം എങ്ങനെ അറിയും? ഇതിനുള്ള പരിഹാരം ചോദിക്കുന്ന സഹായം തരാത്ത സര്‍ക്കാരിനെ താഴെയിറക്കി വേറെ രാഷ്ട്രീയ പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവരിക എന്നതാണ്. ജനങ്ങള്‍ ചോദിക്കുന്ന എല്ലാ സഹായവും നല്‍കാന്‍ അവര്‍ക്കും കഴിയില്ല. ഇങ്ങനെ ഒരു സര്‍ക്കാരിനെ മാറ്റി മറ്റൊന്നിനെ കൊണ്ടുവരുന്നതിലൂടെ, രാഷ്ട്രീയ മത്സരത്തിലൂടെ സര്‍ക്കാരുകള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് നാം അറിയുന്നു. പക്ഷേ ഈ പ്രക്രിയ അത്ര സുഗമമായി നടക്കില്ല എന്നു നമുക്കറിയാം.
1) ഒരു സര്‍ക്കാരിനെ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെ മാറ്റാന്‍ അഞ്ചു വര്‍ഷമെടുക്കും.
2) സര്‍ക്കാര്‍ നമുക്ക് സഹായം തരുമ്പോള്‍ മന്ത്രിമാര്‍ സ്വന്തം കയ്യിലെ പണമെടുത്തല്ല തരുന്നത്. ആരാന്റെ കയ്യിലെ പണമെടുത്തു
ചെലവഴിക്കുമ്പോള്‍ അത്ര ശ്രദ്ധിക്കേണ്ട കാര്യമില്ല.
3) സര്‍ക്കാരുകള്‍ ആവശ്യത്തില്‍ കൂടുതല്‍ കടമെടുത്തും ഇപ്പോഴുള്ള വോട്ടര്‍മാരെ സഹായിക്കും. അതിനു കാരണം കടത്തിന്റെ ഭാരം വഹിക്കേണ്ടവര്‍ - അടുത്ത തലമുറ - ആണെന്നതും അവര്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ അല്ലെങ്കില്‍ വോട്ടു ചെയ്യാന്‍ ഇപ്പോള്‍ ഇവിടെയില്ല എന്നതുമാണ്.

അതുകൊണ്ട് കുറച്ചുകൂടി (മറ്റുള്ളവരെ കുറിച്ചും അടുത്ത തലമുറയെ കുറിച്ചും) കരുതലുള്ള സമീപനം ജനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും ഉണ്ടാകുന്നത് നല്ലതാണ്. എന്നാല്‍ പാവപ്പെട്ടവരില്‍ നിന്നും ഇങ്ങനെയൊരു സമീപനം നാം പ്രതീക്ഷിക്കാന്‍ പാടില്ല. തങ്ങള്‍ക്കാവശ്യമുള്ളതു സര്‍ക്കാരിനോട് ചോദിച്ചു വാങ്ങാന്‍ അവരെ പ്രാപ്തരാക്കുകയാണ് സാമൂഹ്യ വികസനത്തിന്റേയും ജനാധിപത്യവത്കരണത്തിന്റേയും ആദ്യപടി. ജനങ്ങള്‍ മധ്യവര്‍ഗക്കാരും സമ്പന്നരും ആകുമ്പോള്‍ അവരോടു മറ്റുള്ളവരുടെ കാര്യം കൂടി നോക്കണം എന്നു പറയാം.
 

Tags: Lessons from Political Market
»  News in this Section