ബാങ്കിങ് സേവനങ്ങള്‍ക്ക് ചെലവേറുന്നു

Posted on: 19 Jul 2013സൗജന്യമായി ലഭിച്ചിരുന്ന എസ്എംഎസ് അലര്‍ട്ടിന് ഇനി മുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ ഫീസ് നല്‍കേണ്ടി വരും. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതു മുതല്‍ തന്നെ വിവിധ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ എസ്എംഎസ് അലര്‍ട്ടിന് ഫീ ഈടാക്കി തുടങ്ങിയിരുന്നു. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മൊബൈല്‍ അലര്‍ട്ടിന് ചാര്‍ജ് ചെയ്തുതുടങ്ങുകയാണ്. എല്ലാ ബാങ്കുകളും എസ്ബിഐയുടെ പാത പിന്‍തുടരാന്‍ താമസമുണ്ടാകില്ലെന്നതിനാല്‍ സൗജന്യ മൊബൈല്‍ അലര്‍ട്ട് സേവനം തന്നെ അവസാനിച്ചേക്കാം.

60 രൂപ മുതല്‍ 120 രൂപ വരെയാണ് ഈ സേവനത്തിന് വിവിധ ബാങ്കുകള്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ചില ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് അടക്കമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ മറ്റു ചില ബാങ്കുകളില്‍ നിശ്ചിത ഫീസിനു മേല്‍ 12 % സര്‍വീസ് ചാര്‍ജും മൂന്നു ശതമാനം വിദ്യാഭ്യാസ സെസും കൂടി നല്‍കേണ്ടി വരും.

ജൂണ്‍ പാദം അവസാനിക്കുമ്പോള്‍ മുതല്‍ ഫീസ് ബാധകമാകുമെന്നാണ് എസ്ബിഐ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സര്‍വീസ് ചാര്‍ജ് അടക്കം 60 രൂപയാണ് വാര്‍ഷിക ഫീസ്. എന്നാല്‍ എടിഎം, , ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള എസ്എംഎസിന് ഫീസ് ബാധകമാണോ അതോ മറ്റ് സ്‌പെഷ്യല്‍ എസ്എംഎസുകള്‍ക്ക് മാത്രമാണോ ഫീസ് ബാധകമാകുക എന്ന കാര്യം ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

ഏപ്രില്‍ മുതല്‍ തന്നെ വിവിധ ന്യൂ ജനറേഷന്‍ ബാങ്കുകള്‍ എസ്എംഎസ് അലര്‍ട്ടിന് ഫീസ് ഈടാക്കിയിരുന്നു. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര, എന്നിവയെല്ലാം ഇതിനകം തന്നെ ഫീസ് ഈടാക്കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ഏപ്രില്‍ മുതല്‍ ഇന്‍സ്റ്റാഅലര്‍ട്ട് സേവനത്തിന് ഫീസ് ഈടാക്കുന്നു. സാലറി, സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് മൂന്നു മാസത്തില്‍ 15 രൂപയാണ് ഫീസ്. എന്നാല്‍ കറന്റ് അക്കൗണ്ടുകളില്‍ ഇത് 25 രൂപയാണ്. അതായത് വര്‍ഷം 100 രൂപ. എന്നാല്‍ ഇമെയില്‍ വഴിയുള്ള അലര്‍ട്ട് ഇപ്പോഴും സൗജന്യമാണെന്ന് ബാങ്ക് വ്യക്തമാക്കുന്നു.മെയ് മുതല്‍ ഐസിഐസിഐ ബാങ്കും ഫീസ് ഈടാക്കുന്നു. നികുതി അടക്കം മൂന്നു മാസക്കാലയളിവല്‍ 15 രൂപയാണ് ചാര്‍ജ്. എന്നാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ് അക്കൗണ്ട്, സില്‍വര്‍ സേവിങ്‌സ് അക്കൗണ്ട് , പ്രിവിലേജ്ഡ് ബാങ്കിങ് അക്കൗണ്ട് എന്നിവയെ ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആക്‌സിസ് ബാങ്ക് ജൂണ്‍ 15 മുതല്‍ മാസം അഞ്ചു രൂപ നിരക്കില്‍ ചാര്‍ജ് ചെയ്യുന്നു.

കോട്ടക് മഹീന്ദ്രയാകട്ടെ എസ്ബി അക്കൗണ്ടില്‍ നിത്യേനയുള്ള ബാലന്‍സ് അറിയിക്കുന്ന എസ്എംഎസിന് 200 രൂപയായിരുന്ന വാര്‍ഷിക ഫീസ് 120 രൂപയാക്കി കുറച്ചു. ആഴ്ചയില്‍ ബാലന്‍സ് അറിയിക്കുന്ന സേവനം, പണമിടപാടുകള്‍ , മറ്റ് മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവയുടെ അലര്‍ട്ടിന് വര്‍ഷം 75 രൂപയെന്നത് 60 രൂപയാക്കിയിട്ടുണ്ട്. ജൂലായ് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. യെസ് ബാങ്ക് എസ്ബിഅക്കൗണ്ടിന് ഏഴു ശതമാനം പലിശ നല്‍കുന്ന സ്മാര്‍ട്ട് സാലറി അക്കൗണ്ട് ഉടമകളില്‍ നിന്ന് എസ്എംഎസിന് മാസം പത്തു രൂപ ഈടാക്കുന്നു. മറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് എസ്എംഎസ് സൗജന്യമാണ്.

കോട്ടക് മഹീന്ദ്ര, യെസ് ബാങ്ക് എന്നിവ ഉയര്‍ന്ന നിക്ഷേപമുള്ള എസ്ബിഅക്കൗണ്ടിന് കൂടുതല്‍ പലിശ നല്‍കുന്നുണ്ട്. എന്നാല്‍ വിവിധ സേവനങ്ങള്‍ക്ക് വളരെ ഉയര്‍ന്ന ഫീസാണ് ഇത്തരം അക്കൗണ്ടുകളില്‍ ഈടാക്കുന്നത്.

കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് എസ്എംഎസിനുള്ള ചാര്‍ജ് ടെലികോം കമ്പനികള്‍ നാല്- അഞ്ച് ഇരട്ടിയോളം വര്‍ധിപ്പിച്ചുവെന്നും അതിനാല്‍ അത് ഉപഭോക്താക്കളിലേക്ക് കൈമാറാതെ നിവര്‍ത്തിയില്ല എന്നുമാണ് ബാങ്കുകളുടെ വിശദീകരണം. ഒരു ദിവസം ഏഴു മുതല്‍ പത്തു വരെ ലക്ഷം എസ്എംഎസുകളാണ് പല ബാങ്കുകളും അയയ്ക്കുന്നത്. ഒരു മെസേജിനുള്ള ചാര്‍ജ് അഞ്ചു പൈസയില്‍ നിന്ന് 25 പൈസയായി വര്‍ധിച്ച സാഹചര്യത്തില്‍ ഫീസ് ഈടാക്കാതെ തരമില്ല എന്നാണ് ബാങ്കുകളുടെ വാദം.

എസ്.രാജ്യശ്രീ


Tags: Banks start charging for SMS alerts, mobile banking
»  News in this Section