ഇന്‍ഫോസിസില്‍ ശമ്പള വര്‍ധന

Posted on: 14 Jun 2013ബാംഗ്ലൂര്‍ : രാജ്യത്തെ മുന്‍നിര ഐടി സോഫ്റ്റ്‌വേര്‍ കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നു. എട്ടു ശതമാനം വര്‍ധനവായിരിക്കും ലഭിക്കുക. ഇന്ത്യക്ക് പുറത്തുള്ള ജീവനക്കാര്‍ക്ക് മൂന്നു ശതമാനമായിരിക്കും വര്‍ധന. ജൂലായ് ഒന്നു മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും.

എന്‍ആര്‍ നാരായണമൂര്‍ത്തി ഇന്‍ഫോസിസിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് മടങ്ങിയെത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളം ഉയരും.

ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ കമ്പനികളിലൊന്നായിരുന്നു ഏതാനും വര്‍ഷം മുമ്പ് വരെ ഇന്‍ഫോസിസ്. എന്നാല്‍ കമ്പനിയുടെ വരുമാനവും ലാഭവും ഇടിയാന്‍ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജീവനക്കാരുടെ ആനുകൂല്യങ്ങളും വെട്ടിക്കുറിച്ചിരുന്നു. കമ്പനിയോടുള്ള ജീവനക്കാരുടെ പ്രതിബദ്ധത കുറയാന്‍ ഇത് ഇടയാക്കുകയും ചെയ്തു.

ജീവനക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നതായിരിക്കും ഇപ്പോഴത്തെ ശമ്പളവര്‍ധന. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ചെറിയൊരളവോളം കുറയ്ക്കാനും ഇത് ഉപകരിക്കും. നാരായണമൂര്‍ത്തി മുന്‍കൈയെടുത്താണ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതെന്നാണ് സൂചന. ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റി കാമ്പസിലെ ടൗണ്‍ ഹാളില്‍ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് മൂര്‍ത്തി തന്നെയാണ് ശമ്പളവര്‍ധന പ്രഖ്യാപിച്ചത്.

പ്രകടനം മോശമായുള്ള ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന ലഭിക്കാന്‍ സാധ്യതയില്ല. ഇത്തരക്കാര്‍ ഇന്‍ഫോസിസില്‍ തുടരുന്നതിനായി പ്രകടനം മെച്ചപ്പെടുത്താന്‍ തുടങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനിയെ ഉയര്‍ന്ന വളര്‍ച്ചാപദത്തിലെത്തിക്കുന്നതിനായി ജീവനക്കാര്‍ ഉത്പാദനക്ഷമത ഉയര്‍ത്തണമെന്നും മൂര്‍ത്തി അഭ്യര്‍ത്ഥിച്ചു.

ഇന്‍ഫോസിസ് ശമ്പളവര്‍ധന പ്രഖ്യാപിച്ചതോടെ മറ്റൊരു പ്രമുഖ ഐടി കമ്പനിയായ വിപ്രോയും ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 6-8 ശതമാനമായിരിക്കും വര്‍ധന.

Tags: Infosys, Wipro announce salary hikes
»  News in this Section