പുതിയ സിഇഒ: ഇന്‍ഫോസിസ് തിരച്ചില്‍ തുടങ്ങി

Posted on: 12 Jun 2013ബാംഗ്ലൂര്‍ : രാജ്യത്തെ മുന്‍നിര ഐടി സോഫ്റ്റ്‌വേര്‍ കമ്പനിയായ ഇന്‍ഫോസിസ് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറിനെ (സിഇഒ) കണ്ടെത്താനായുള്ള തിരച്ചില്‍ ആരംഭിച്ചു. ഇതിനായി പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇഗോണ്‍ സെന്‍ഡറിനെ കമ്പനി ചുമതലപ്പെടുത്തി.

നിലവിലെ സിഇഒ ആയ എസ്.ഡി.ഷിബുലാല്‍ 2015ല്‍ സ്ഥാനമൊഴിയുന്നതു മുന്നില്‍കണ്ടാണ് ഇപ്പോള്‍ തന്നെ തിരച്ചില്‍ തുടങ്ങിയത്. അദ്ദേഹമായിരിക്കും കമ്പനിയുടെ സിഇഒ സ്ഥാനത്തുള്ള അവസാനത്തോടെ സ്ഥാപകന്‍ . സ്ഥാപകനല്ലാത്ത ആദ്യ സിഇഒ ആയിരിക്കും പുതുതായി എത്തുക. ഇന്‍ഫോസിസില്‍ തന്നെയുള്ള ഉന്നതര്‍ക്ക് പുറമെ കമ്പനിക്ക് പുറത്തുനിന്നുള്ളവരെയും ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ഇന്‍ഫോസിസിന്റെ ഇന്ത്യന്‍ മേധാവിയും ബിപിഒ വിഭാഗം തലവനുമായ വി.ബാലകൃഷ്ണന്‍ , അമേരിക്കന്‍ മേധാവി അശോക് വേമുറി, യൂറോപ്യന്‍ മേധാവി ബി.ജി.ശ്രീനിവാസന്‍ എന്നിവരാണ് സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കമ്പനിക്കുള്ളില്‍ നിന്നുള്ളവര്‍ . അതേസമയം, ഇന്‍ഫോസിസ് വിട്ട് ഐഗേറ്റിന്റെ സിഇഒ ആകാന്‍ ഒരുങ്ങുകയാണ് അശോക് വേമുറി. ശ്രീനിവാസനെയും ഐഗേറ്റ് പരിഗണിക്കുന്നുണ്ട്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് എന്‍ആര്‍ നാരായണമൂര്‍ത്തി മടങ്ങിയെത്തിയതാണ് കമ്പനി വിടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. അദ്ദേഹം മടങ്ങിയെത്തിയതോടെ ഇന്‍ഫോസിസിനുള്ളില്‍ തങ്ങളുടെ വളര്‍ച്ചാസാധ്യതകള്‍ അടഞ്ഞിട്ടുണ്ടെന്നാണ് ഒരു വിഭാഗം മേധാവികളുടെ കണക്കുകൂട്ടല്‍ .

ഹെഡ്‌റിക്ക് ആന്‍ഡ് സ്ട്രഗിള്‍സ് , റസ്സെല്‍ റെയ്‌നോള്‍ഡ്‌സ് എന്നീ സ്ഥാപനങ്ങളെയും സിഇഒ തിരച്ചിലിനായി ഇന്‍ഫോസിസ് പരിഗണിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഇഗോണ്‍ സെന്‍ഡറിന് നറുക്ക് വീഴുകയായിരുന്നു.

Tags: Infosys on global hunt for CEO
»  News in this Section