മൂര്‍ത്തിയുടെ വരവ് മുന്‍കൂട്ടി അറിഞ്ഞ് ഓഹരികളില്‍ ക്രമക്കേട്?

Posted on: 05 Jun 2013മുംബൈ: ഇന്‍ഫോസിസിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍ആര്‍ നാരായണമൂര്‍ത്തിയെ മടക്കി കൊണ്ടുവരാന്‍ ശനിയാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനിച്ചത്. ശനിയാഴ്ച രാവിലെ തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനവും വന്നു. എന്നാല്‍ , വെള്ളിയാഴ്ച തന്നെ ഇതു മുന്‍കൂട്ടി അറിഞ്ഞ് ഓഹരി വിപണിയില്‍ ഇന്‍സൈഡര്‍ ട്രേഡിങ് നടന്നതായി സംശയം ശക്തമാകുന്നു.

കമ്പനിക്കുള്ളിലെ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതാണ് ഇന്‍സൈഡര്‍ ട്രേഡിങ്. ഇതു സെബി നിരോധിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഓഹരി വിപണി കൂപ്പുകുത്തിയപ്പോഴും ഇന്‍ഫോസിസ് ഓഹരി വില കുതിച്ചുയര്‍ന്നതാണ് ഇങ്ങനെയൊരു സംശയം ബലപ്പെടുത്തുന്നത്. സെന്‍സെക്‌സ് 455 പോയന്റ് (2.25 ശതമാനം) ഇടിഞ്ഞപ്പോള്‍ ഇന്‍ഫോസിസിന്റെ ഓഹരി വില 3.32 ശതമാനം ഉയരുകയായിരുന്നു. ഒന്നര മാസത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റമായിരുന്നു അത്. അതേസമയം, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയുടെ ഓഹരി വില കാര്യമായ കയറ്റിറക്കങ്ങളില്ലാതെയാണ് അന്ന് അവസാനിച്ചത്.

മോശം പ്രവര്‍ത്തനഫലവും വളര്‍ച്ചാ അനുമാനവും മൂലം ഏപ്രില്‍ 12ന് ഇന്‍ഫോസിസിന്റെ ഓഹരി വില 20 ശതമാനം കൂപ്പുകുത്തിയിരുന്നു. അതിന് ശേഷം കമ്പനിക്ക് അനുകൂലമായ യാതൊരു സാഹചര്യവും ഇല്ലാതിരുന്ന അവസരത്തിലാണ് ഒറ്റ ദിവസം കൊണ്ട് 3.32 ശതമാനം വില ഉയര്‍ന്നത്.

വെള്ളിയാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്യാന്‍ മിനിട്ടുകള്‍ മാത്രം ശേഷിക്കെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 5.77 കോടി രൂപയുടേയും 6.25 കോടി രൂപയുടെയും ബ്ലോക്ക് ഡീലുകള്‍ നടന്നിരുന്നു. ഇതാണ് സംശയം ജനിപ്പിക്കാന്‍ കാരണം.

ഇന്‍സൈഡര്‍ ട്രേഡിങ് നടന്നതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെബിയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളും അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്.

Also Read:
ഇന്‍ഫോസിസില്‍ വന്‍ അഴിച്ചുപണി; നാരായണമൂര്‍ത്തി തിരിച്ചെത്തുന്നു

Tags: Did insiders make quick buck on Infosys
»  News in this Section