ഇ-കൊമേഴ്‌സ് വിപ്ലവമൊരുക്കാന്‍ ആമസോണ്‍ ഇന്ത്യയില്‍

Posted on: 05 Jun 2013ബാംഗ്ലൂര്‍ : ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയില്‍ സൈറ്റായ ആമസോണ്‍ ഡോട്ട് കോം ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ പ്രവേശിച്ചു. ആമസോണ്‍ ഡോട്ട് ഇന്‍ (Amazon.in) എന്ന പേരില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടല്‍ അവതരിപ്പിച്ചുകൊണ്ടാണ് ആമസോണിന്റെ ഇന്ത്യന്‍ അരങ്ങേറ്റം.

ഇന്ത്യയിലെ ചില്ലറ വ്യാപാര നിമയങ്ങള്‍ പാലിച്ചുകൊണ്ടാണ് മാര്‍ക്കറ്റ് പ്ലേസ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ആമസോണിന്റെ ഇന്ത്യാ മേധാവി അമിത് അഗര്‍വാള്‍ പറഞ്ഞു.

പുസ്തകങ്ങള്‍ , സിനിമാ സിഡികള്‍ , ഡിവിഡികള്‍ എന്നിവയാണ് നിലവില്‍ ആമസോണ്‍ ഡോട്ട് ഇന്നില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്. 70 ലക്ഷം പുസ്തകങ്ങള്‍ , 13,000 സിനിമാ സിഡികള്‍ എന്നിവ നിലവില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണുകള്‍ , ക്യാമറകള്‍ എന്നിവയും ഉടന്‍ അവതരിപ്പിക്കും.

ആമസോണ്‍ നേരിട്ടല്ല വില്‍പന നടത്തുന്നത്. ഓണ്‍ലൈനിലൂടെ വില്‍പന നടത്താനുദ്ദേശിക്കുന്ന കമ്പനികള്‍ക്ക് ഒരു ഇടം എന്ന നിലയിലാണ് ആമസോണ്‍ ഡോട്ട് ഇന്‍ പ്രവര്‍ത്തിക്കുക. ഇതു ഉപഭോക്താക്കള്‍ക്കും ഉപകാരപ്രദമാണെന്ന് വിപണി വിലയിരുത്തുന്നു. ഒരേ ഉത്പന്നം തന്നെ ഒട്ടേറെ വില്‍പനക്കാര്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അവ താരതമ്യം ചെയ്ത് താഴ്ന്ന വിലയ്ക്ക് സ്വന്തമാക്കാം.

499 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് ഡെലിവറി ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ ചെറിയ ഓര്‍ഡറുകള്‍ക്ക് 49 രൂപ ഈയിനത്തില്‍ ഈടാക്കും. ക്യാഷ്-ഓണ്‍ - ഡെലിവറി (cash-on-delivery) ഓര്‍ഡറുകളാണെങ്കില്‍ 39 രൂപ അധികമായി നല്‍കേണ്ടിവരും. ഓര്‍ഡര്‍ നല്‍കി 2-4 ദിവസത്തിനുള്ളില്‍ ഉത്പന്നം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഗ്രാമീണ മേഖലകളില്‍ ഇത് 14 ദിവസം വരെയാകാം.

ഫ്ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ , ഹോംഷോപ്പ്18, ടൈംസ് ഷോപ്പിങ് എന്നിവയ്ക്ക് മത്സരമൊരുക്കി കൊണ്ടാണ് ആമസോണ്‍ ഡോട്ട് ഇന്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനി ജങ്ഗ്‌ലീ ഡോട്ട് കോം (Junglee.com) എന്ന പേരില്‍ വില താരതമ്യ പോര്‍ട്ടല്‍ (price-comparison portal) തുടങ്ങിയിരുന്നു.

Tags: Amazon launches online marketplace in India
»  News in this Section