റബര്‍ മരങ്ങള്‍ക്കും ഇന്‍ഷുറന്‍സ് സുരക്ഷ

Posted on: 03 Jun 2013


വിശ്വനാഥന്‍ ഒടാട്ട്‌റബര്‍ മരങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ റബര്‍ കര്‍ഷകര്‍ക്കും തോട്ടമുടമകള്‍ക്കും തോട്ടമുടമകള്‍ക്കും തുണയാകുന്നു. അഗ്രികള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യയുടേതാണ് റബര്‍ കര്‍ഷകര്‍, തോട്ടമുടമകള്‍ എന്നിവര്‍ക്കായുള്ള റബ്ബര്‍ പ്ലാന്റേഷന്‍ ഇന്‍ഷുറന്‍സ് പദ്ധതി.

റബര്‍ കര്‍ഷകര്‍ നേരിടുന്ന ഒട്ടനവധി റിസ്‌ക്കുകള്‍ കവര്‍ ചെയ്യുന്ന പോളിസിയാണിത്. തൈനട്ട് 7 വര്‍ഷം പ്രായമാവുന്നതുവരെയുള്ള അപക്വകാലഘട്ടത്തിന് ഒരു പോളിസിയും, 8 വര്‍ഷം മുതല്‍ ടാപ്പിങ് തീരുന്നതുവരെ (പരമാവധി 38 വര്‍ഷം) ഇന്‍ഷുര്‍ ചെയ്യാന്‍ വെവ്വേറെ പോളിസികളുമാണ് പരിഷ്‌കരിച്ച് പുറത്തിറക്കിയിട്ടുള്ളത്. പോളിസി കാലാവധി ഒരു വര്‍ഷമാണ്. ഒരു ഹെക്ടറില്‍ അപക്വകാലഘട്ടത്തിലാണെങ്കില്‍ 450 മരവും, പൂര്‍ണ്ണവളര്‍ച്ചയെത്തിയ മരമാണെങ്കില്‍ 400 എണ്ണവുമാണ് കമ്പനി കവര്‍ ചെയ്യപ്പെടുന്നത്.

തീപിടുത്തം, ഇടിമിന്നല്‍ , ഉരുള്‍പൊട്ടല്‍ , മലയിടിച്ചില്‍ , കാട്ടുതീ, കാറ്റ് എന്നിവ മൂലം മരങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ , സമരങ്ങള്‍ , സംഘടിതമായി നശിപ്പിക്കല്‍ , കാട്ടുമൃഗങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ , വാഹനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ , വെള്ളപ്പൊക്കം, ഭൂമികുലുക്കം മുതലായവയാണ് പ്രധാനമായും കവര്‍ ചെയ്യുന്ന റിസ്‌ക്കുകള്‍. ഇതിനുപുറമെ, വരള്‍ച്ച ബാധിത പ്രദേശമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചാലും ക്ലെയിം കിട്ടാനിടയുണ്ട്.

എന്നാല്‍ കീടങ്ങള്‍ , പ്രാണികള്‍ , രോഗങ്ങള്‍ മുതലായവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ , തൈനട്ട് ആദ്യവര്‍ഷത്തിലുണ്ടാകുന്ന നഷ്ടങ്ങള്‍ , ഇന്‍ഷുറന്‍സ് എടുത്തശേഷം ആദ്യത്തെ 30 ദിവസത്തിലുണ്ടാവുന്ന നഷ്ടങ്ങള്‍ , സര്‍ക്കാര്‍ ഉത്തരവുകള്‍ മൂലമുള്ള വെട്ടിനീക്കല്‍ എന്നിവ പോളിസിയുടെ പരിധിയില്‍ കവര്‍ ചെയ്യുന്നതല്ല. ഇതിനുപുറമെ, ഒരു ഹെക്ടര്‍ വരെ കൃഷി ചെയ്യുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് രണ്ടുമരങ്ങള്‍ക്കും ഒരു ഹെക്ടര്‍ മുതല്‍ മൂന്നു ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് മൂന്നു മരങ്ങള്‍വരെയും മൂ്ന്നു ഹെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള തോട്ടങ്ങള്‍ക്ക് അഞ്ചു മരങ്ങള്‍ വരെയും ക്ലെയിം ലഭിക്കുന്നതല്ല. മൂന്നു ഹെക്ടര്‍ വരെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പോളിസി എക്‌സസ് ബാധകമല്ല. എന്നാല്‍ മൂന്നു മുതല്‍ 25 ഹെക്ടര്‍വരെ കൃഷിചെയ്യുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് ക്ലെയിമിന്റെ 10%വും, 25 ഹെക്ടറിനു മുകളിലുള്ള തോട്ടമുടമകള്‍ക്ക് 17.5% തുകയും പോളിസി എക്‌സസ് ഉണ്ടായിരിക്കും. നാശനഷ്ടം സംഭവിച്ച റബ്ബര്‍ മരങ്ങള്‍ ഇന്‍ഷുര്‍ ചെയ്ത പോളിസി ഉടമകള്‍ക്ക് അവകാശപ്പെട്ടതായിരിക്കും.

തോട്ടത്തിന്റെ വിസ്തൃതിക്കനുസരിച്ച് പ്രീമിയത്തില്‍ കുറവ് നല്‍കുന്നുണ്ട്. മൂന്നു ഹെക്ടര്‍ മുതല്‍ 10 ഹെക്ടര്‍ വരെയുള്ള കൃഷികാര്‍ക്ക് 7.5%, 10 ഹെക്ടര്‍ മുതല്‍ 50 ഹെക്ടര്‍ വരെയുള്ളവര്‍ക്ക് 12.5%, 50 മുതല്‍ 500 ഹെക്ടര്‍ വരെയുള്ളവര്‍ക്ക് 17.5%, 500 മുതല്‍ 750 ഹെക്ടര്‍ വരെയുളളവര്‍ക്ക് 22.5%, 750 മുതല്‍ 1000 ഹെക്ടര്‍ വരെയുള്ള റബ്ബര്‍ തോട്ടങ്ങള്‍ക്ക് 25% വരെയും പ്രീമിയത്തില്‍ കിഴിവ് നല്‍കുന്നു. ഇതിനുപുറമെ, ക്ലെയിം ഇല്ലാത്തവര്‍ഷങ്ങളില്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ 5%, രണ്ടാം വര്‍ഷം 7.5%, മൂന്നാം വര്‍ഷം 10%, നാലാംവര്‍ഷം 15% എന്നിങ്ങനെ വേറെയും പ്രീമിയത്തില്‍ കിഴിവ് നല്‍കുന്നുണ്ട്.

പ്രീമിയം എത്ര?
അപക്വകാലഘട്ടത്തില്‍ 7 വര്‍ഷത്തെ മരങ്ങള്‍ ഒന്നിച്ച് ഇന്‍ഷുര്‍ ചെയ്യാന്‍ ഹെക്ടറിന് 3250 രൂപയാണ് പ്രീമിയം നല്‍കേണ്ടത്. ഹെക്ടര്‍ ഒന്നിന് 1.5ലക്ഷം മുതല്‍ 6 ലക്ഷം വരെയാണ് പരമാവധി നഷ്ടപരിഹാരമായി ഈ കാലഘട്ടത്തിലുള്ള തൈകള്‍ക്ക് നല്‍കുക. എന്നാല്‍ പ്രായപൂര്‍ത്തിയായ മരങ്ങള്‍ക്ക് 8 മുതല്‍ 13 വര്‍ഷം വരെ പ്രായമായവയ്ക്ക് ഹെക്ടറൊന്നിന് 3250 രൂപയും 14 മുതല്‍ 19 വര്‍ഷംവരെ പ്രായമായവക്ക് 2750 രൂപയും, 20 മുതല്‍ 25 വര്‍ഷംവരെ പ്രായമായവക്ക് 2250 രൂപയും, 26 മുതല്‍ 31വര്‍ഷം വരെ പ്രായമായവക്ക് 1800 രൂപയും 32 മുതല്‍ 38 വരെ പ്രായമായവക്ക് 1250 രൂപയുമാണ് വാര്‍ഷികപ്രീമിയം. ഇതോടൊപ്പം 12.36% സേവനനികുതിയും എല്ലാ പ്രീമിയത്തിനും ബാധകമായിരിക്കും.

ഒരു ക്ലെയിം ഉണ്ടായാല്‍ മൂന്നു ദിവസത്തിനകം രേഖാമൂലം ഇന്‍ഷുറന്‍സ് കമ്പനിയെ വിവരം അറിയിക്കണം. പൂരിപ്പിച്ച ക്ലെയിം ഫോമിനോടൊപ്പം വസ്തുവിന്റെ അവകാശം തെളിയിക്കുന്ന രേഖ, പോളിസി കോപ്പി, നാശനഷ്ടം തെളിയിക്കുന്നതിനുള്ള രേഖ, ഫോട്ടോ എന്നിവ സഹിതം കമ്പനിക്ക് അയച്ചുകൊടുക്കേണ്ടതാണ്. റബര്‍ ഉത്പാദക സഹകരണ സംഘങ്ങള്‍ , കൃഷിക്കാര്‍ , തോട്ടമുടമകള്‍ , എസ്റ്റേറ്റ് ഉടമകള്‍ എന്നിവര്‍ മുന്‍കൈയെടുത്ത് ഇന്‍ഷുര്‍ ചെയ്ത് സംരക്ഷിക്കാം. മണ്‍സൂണ്‍ തുടങ്ങിയതിനാല്‍ കാറ്റുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒട്ടനവധി ഉണ്ടാവുക പതിവാണ്.

(ലേഖകന്റെ മൊബൈല്‍ നമ്പര്‍ : 9895768333
ഇ-മെയില്‍ : odatt@aimsinsurance.in)

Tags: Insurance Scheme for Rubber Plantations
»  News in this Section