ജിയോജിത്തിന് 82 കോടി രൂപ ലാഭം

Posted on: 22 May 2013സി.ജെ.ജോര്‍ജ്‌
കൊച്ചി: പ്രമുഖ ഓഹരി ഇടപാട് സ്ഥാപനമായ ജിയോജിത് ബിഎന്‍പി പാരിബ 2012-13 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പുറത്തുവിട്ടു. 2013 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തവരുമാനം 257 കോടിയില്‍ നിന്ന് 2 ശതമാനം വര്‍ധിച്ച് 262 കോടിയായി. നികുതിക്ക് ശേഷമുള്ള ലാഭം 19 കോടിയില്‍ നിന്ന് 82 കോടിയായി. ജിയോജിത്തിന്റെ സംയുക്ത സംരംഭം വിറ്റതു വഴി രണ്ടാം ത്രൈമാസത്തില്‍ ലഭിച്ച അധിക വരുമാനവും ലാഭത്തില്‍ വകയിരുത്തിയിട്ടുണ്ട്.

ജിയോജിത് ബിഎന്‍പി പാരിബയുടെ മാത്രം (അനുബന്ധ സ്ഥാപനങ്ങള്‍ ഒഴികെ) വരുമാനം ഒരു ശതമാനം കുറഞ്ഞ് 233 കോടിയായി. നികുതിക്കു ശേഷമുള്ള ലാഭം 6 ശതമാനം ഉയര്‍ന്ന് 42 കോടിയായി.

ഓഡിറ്റിങ്ങിനു ശേഷമുള്ള വാര്‍ഷിക ഫലങ്ങള്‍ അംഗീകരിച്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം മുന്‍പ് പ്രഖ്യാപിച്ചിരുന്ന 75 ശതമാനം കൂടാതെ 25 ശതമാനം ലാഭവിഹിതം കൂടി പ്രഖ്യാപിച്ചു. ഇതോടെ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നല്‍കുന്ന ലാഭ വിഹിതം 100 ശതമാനമായി.

വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ മൂലം വരുമാനത്തില്‍ കാര്യമായ വര്‍ധന ഉണ്ടായില്ലെങ്കില്‍ കൂടിയും ഫലപ്രദമായ ചെലവു നിയന്ത്രണ നടപടികളും അനുബന്ധ സ്ഥാപനങ്ങളില്‍ (സോഫ്റ്റ്‌വെയര്‍, ക്രെഡിറ്റ്‌സ്) നിന്നുമുള്ള മികച്ച വരുമാനവും ലാഭത്തിന്റെ മാര്‍ജിന്‍ കൂടുവാന്‍ സഹായിച്ചതായി പ്രവര്‍ത്തന ഫലം വിലയിരുത്തിക്കൊണ്ട് ജിയോജിത് ബിഎന്‍പി പാരിബ മാനേജിങ് ഡയറക്ടര്‍ സി.ജെ.ജോര്‍ജ് പറഞ്ഞു.


Tags: Geojit BNP Paribas posts net profit of Rs82 cr in FY2012-13
»  News in this Section