വായ്പ എടുക്കുംമുമ്പ് ക്രെഡിറ്റ് സ്‌കോര്‍ അറിയൂ

Posted on: 21 May 2013


ശ്രീകാന്ത്‌ചിലപ്പോഴെങ്കിലും നമ്മളില്‍ ചിലരുടെ വായ്പാ അപേക്ഷ ബാങ്കുകള്‍ തള്ളാറുണ്ട്. നിങ്ങള്‍ നല്‍കുന്ന വായ്പാ അപേക്ഷയും അനുബന്ധ രേഖകളുമെല്ലാം കൃത്യവും വ്യക്തവും വസ്തുതാപരവുമായിരിക്കാം. എന്നിട്ടും ബാങ്ക് അധികൃതര്‍ അപേക്ഷ തള്ളിയാല്‍ നെറ്റി ചുളിക്കേണ്ട. പ്രശ്‌നം നിങ്ങള്‍ക്ക് വേണ്ടത്ര ക്രെഡിറ്റ് സ്‌കോര്‍ ഇല്ല. അത്രതന്നെ.

എന്താണ് ക്രെഡിറ്റ് സ്‌കോര്‍ ?

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഒരു മുഖ്യ സൂചകമാണ് ക്രെഡിറ്റ് സ്‌കോര്‍. വായ്പ നല്‍കുന്ന സ്ഥാപനത്തിന് (ബാങ്കിന്) നിങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന റിസ്‌കുകളും ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നു. ഇന്ത്യയില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയായ സിബില്‍ (ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) ആണ് വായ്പാദാതാക്കള്‍ക്കുവേണ്ടി കസ്റ്റമറുടെ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നത്. നിങ്ങള്‍ വായ്പയ്‌ക്കോ, ക്രെഡിറ്റ് കാര്‍ഡിനോ വേണ്ടി നല്‍കുന്ന അപേക്ഷ ബാങ്കുകള്‍ സിബിലിന് അയച്ച് ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് റിപ്പോര്‍ട്ടും നോക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നതാണെങ്കില്‍ അപേക്ഷ തള്ളും.

സിബില്‍ നല്‍കുന്ന ക്രെഡിറ്റ് സ്‌കോറിന്റെ പരിധി 300 മുതല്‍ 900 വരെയാണ്. പൊതുവേ, 700 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌കോര്‍ അര്‍ഥമാക്കുന്നത് നിങ്ങള്‍ നിങ്ങളുടെ വായ്പ നന്നായി കൈകാര്യം ചെയ്യുന്നുവെന്നാണ്. 750നു മേലുള്ള ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാകാനിടയുണ്ട്. അനുവദിച്ച വായ്പകളില്‍ 90 ശതമാനവും 700നോ അതിനു മുകളിലോ സ്‌കോര്‍ ഉള്ളവര്‍ക്കാണ് ലഭ്യമായിട്ടുള്ളത് എന്നാണ് സിബില്‍ ഈയിടെ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍

ഓരോ ഏജന്‍സിയും ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണിയിക്കുന്ന രീതിയില്‍ നേരിയ വ്യത്യാസം ഉണ്ടായേക്കാം. എങ്കിലും പൊതുവേ, ഒരു വ്യക്തി സാമ്പത്തിക ഇടപാടില്‍ വരുത്തിയ പിഴവുകള്‍, വായ്പ എടുത്തിട്ടുള്ള തുകയുടെ തോത്, വായ്പാ അപേക്ഷകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങളാണ് മുഖ്യമായി പരിഗണിക്കപ്പെടുക. മുന്‍ വായ്പകളിലേതെങ്കിലും തവണ അടയ്ക്കാന്‍ വിട്ടുപോകുകയോ മനപൂര്‍വം അടയ്ക്കാതിരിക്കുന്നതോ ഒക്കെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്.

മുന്‍കാല തിരിച്ചടവിനാണ് സ്‌കോര്‍ നിര്‍ണയത്തില്‍ പ്രമുഖ സ്ഥാനം (കൂടുതല്‍ വെയ്‌റ്റേജ്), ഏതാണ്ട് 35 ശതമാനം. അടുത്തൊരു 30 ശതമാനം ലഭ്യമായ വായ്പയില്‍ നിങ്ങള്‍ എത്രമാത്രം ഉപയോഗിച്ചു എന്നതിനാണ്. എത്രനാളായി നിങ്ങള്‍ വായ്പയെടുക്കല്‍ നടത്തിവരുന്നൂവെന്നതിന് മറ്റൊരു 15 ശതമാനവും. ശേഷിക്കുന്നത് 20 ശതമാനത്തില്‍ നിങ്ങളുടെ മുന്‍കാല വായ്പ, സര്‍ക്കാര്‍ കരം/നികുത അടവുകള്‍ തുടങ്ങിയവയൊക്കെ പരിഗണിക്കപ്പെടും.

ഓണ്‍ലൈന്‍ ആയി ഒരു നിശ്ചിത ഫീസ് അടച്ച് സിബില്‍ മുഖാന്തിരം നിങ്ങള്‍ക്ക് സ്വയം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ അറിയാവുന്നതാണ്. അതിനായി https://www.cibil.com/online/credit-score-check.do എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുന്നതിനായി നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പത്തും പതിനഞ്ചും ശതമാനം ഡിസ്‌കൗണ്ടിനുവേണ്ടി നിങ്ങള്‍ വിവിധ ബാങ്കുകളില്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് തുറക്കുമായിരിക്കും. എന്നിട്ട് സാധനങ്ങള്‍ വാങ്ങിക്കൂട്ടും. അതിലൂടെ നിങ്ങള്‍ക്ക് അല്പം കാശ് ലാഭിക്കാമായിരിക്കും. പക്ഷേ, നിങ്ങള്‍ സ്വയം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം മറക്കരുത്.

വായ്പാദാതാവില്‍ നിന്നും കുറഞ്ഞ കാലയളവില്‍ നിരവധി തവണ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വെട്ടിക്കുറയ്ക്കും. പ്രത്യേകിച്ചും, നിങ്ങള്‍ക്ക് നിരവധി ക്രെഡിറ്റ് അക്കൗണ്ടുകള്‍ ഇല്ലെങ്കിലോ ക്രെഡിറ്റ് അക്കൗണ്ട് കുറഞ്ഞകാലയളവിലാണെങ്കിലോ. കൂടുതല്‍ വായ്പകള്‍ ക്രെഡിറ്റ് റേറ്റിങ് കുറയ്ക്കും. നിങ്ങള്‍ ഒരുപക്ഷേ, വളരെ കഠിനപ്രയത്‌നത്താല്‍ നിങ്ങളുടെ ഇഎംഐ (ഇക്വേറ്റഡ് മന്ത്‌ലി ഇന്‍സ്റ്റാള്‍മെന്റ്‌സ് - പ്രതിമാസ തുല്യ തവണകള്‍) അടയ്ക്കുമായിരിക്കും. എങ്കില്‍ക്കൂടി ഒന്നിലധികം വായ്പകള്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കും. അതായത് ഇനിയും വായ്പ തരാന്‍ ബാങ്കുകള്‍ മടിക്കുമെന്ന് സാരം. എങ്ങാനും കിട്ടുമെന്ന് കരുതി വായ്പക്കായി വെറുതേ വിവിധ സ്ഥലങ്ങളില്‍ അപേക്ഷ നല്‍കുന്നതും ക്രെഡിറ്റ് സ്‌കോര്‍ കുറയാന്‍ ഇടയാക്കും. അതുപോലെ തന്നെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും പ്രശ്‌നമാണ്. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ 'ക്രെഡിറ്റ് ഹംഗ്രി' ആണെന്നാണ്. പച്ച മലയാളത്തില്‍ 'കാശിന് ആര്‍ത്തി'യുള്ളവരാണെന്ന്!

വായ്പ നല്‍കുന്നയാള്‍ /സ്ഥാപനം നിങ്ങളെക്കുറിച്ച് വിലയിരുത്തുമെന്ന കാര്യം കൂടി മറക്കാതിരിക്കുക. നിങ്ങള്‍ എവിടെനിന്നൊക്കെ കാശ് കിട്ടുമോ അതിനായി കാത്തിരിക്കുന്നവരാണ് എന്നൊരു ധ്വനി ഇതിലൂടെ അവര്‍ക്കുണ്ടാകും. എന്നിരുന്നാലും ഇത്തരം ഘടകങ്ങള്‍ തീര്‍ത്തും എതിരാകണമെന്നില്ല, പക്ഷേ, വായ്പ അപേക്ഷ പരിശോധിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് തള്ളിക്കളയാന്‍ കാരണമായേക്കും. എന്തെന്നാല്‍, ഫിക്കോയുടെ കണക്കു പ്രകാരം ചുരുങ്ങിയ കാലയളവില്‍ ആറോ അതിലധികമോ വായ്പാ അന്വേഷണം നടത്തിയിട്ടുള്ള ആളുകള്‍ക്ക് ഒരു തവണപോലും വായ്പാ അന്വേഷണം നടത്താത്ത ആളുകളുടേതിനാക്കാള്‍ പാപ്പരാകാനുള്ള സാധ്യത ഏറെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ക്രെഡിറ്റ് കാര്‍ഡില്‍ അത്യാവശ്യത്തിനുമാത്രം വളരെ കുറഞ്ഞ തുക ഉപയോഗിക്കുന്നതാണ് നിങ്ങളുടെ സാമ്പത്തികഭാവിക്ക് സുരക്ഷിതം.

Tags: Know your credit score before applying for loan
»  News in this Section