അല്‍ഫോണ്‍സ മാമ്പഴത്തിന്റെ വില ഇടിയുന്നു

Posted on: 04 Apr 2013മുംബൈ: മാമ്പഴങ്ങളില്‍ കേമിയായ അല്‍ഫോണ്‍സയുടെ വിലയും ഇടിയുന്നു. കയറ്റുമതി കുറഞ്ഞതോടെയാണ് വില ഇടിയാന്‍ തുടങ്ങിയത്. ഏറ്റവും മുന്തിയ ഇനത്തിന് പകുതിയായി വില കുറഞ്ഞിട്ടുണ്ട്. ഒരു ഡസന് കഴിഞ്ഞ വര്‍ഷം ഇതേസമയം 2,000 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 1,000 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. അടുത്ത പത്തു ദിവസങ്ങള്‍ക്കുള്ളില്‍ വില വീണ്ടും ഇടിയുമെന്ന് വ്യാപാരികള്‍ പറയുന്നു.

സാമ്പത്തിക മാന്ദ്യം മൂലം അമേരിക്ക, യൂറോപ്പ്, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഓര്‍ഡര്‍ കുറഞ്ഞതാണ് വിലയിടിവിന് വഴിവെച്ചത്. മുന്തിയ ഇനത്തിന് 1,000 രൂപയായി താഴ്ന്നപ്പോള്‍ ഇടത്തരം അല്‍ഫോണ്‍സ ഡസന് 800 രൂപയ്ക്ക് ലഭിക്കും. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് 600 രൂപയായി താഴുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍ . അതായത്, ഒരു അല്‍ഫോണ്‍സ മാമ്പഴം വെറും 50 രൂപയ്ക്ക് ലഭിക്കും.

കൊല്‍ക്കത്ത വിപണിയില്‍ ഡസന് 400 രൂപയ്ക്ക് വരെ ലഭ്യമാണ്. ഗോവ, മഹാരാഷ്ട്ര തുടങ്ങി കൊങ്കണ്‍ ഭാഗങ്ങളിലാണ് അല്‍ഫോണ്‍സ മാമ്പഴം ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത്. തമിഴ്‌നാട്ടിലും ഇത് കൃഷി ചെയ്യുന്നുണ്ട്. മാര്‍ച്ച് മാസത്തോടെയാണ് അല്‍ഫോണ്‍സ മാമ്പഴം വിപണിയിലെത്തുന്നത്. ഏറ്റവും രുചിയുള്ള മാമ്പഴമായി കരുതപ്പെടുന്ന അല്‍ഫോണ്‍സയ്ക്ക് ഏതാനും വര്‍ഷം മുമ്പ് ഡസന് 5,000 രൂപ വരെ വിലയുണ്ടായിരുന്നു.

Tags: Alphonso mango price falls
»  News in this Section