റിലയന്‍സിന്റെ 800 കോടി അനിലിന്റെ മ്യൂച്വല്‍ ഫണ്ടില്‍

Posted on: 03 Apr 2013അംബാനി സഹോദരന്മാര്‍
മുംബൈ: 80,000 കോടി രൂപയുടെ കരുതല്‍ ധനവുമായിരിക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അനില്‍ അംബാനിയുടെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ടില്‍ 800 കോടി രൂപയുടെ നിക്ഷേപം. കമ്പനിയുടെ കരുതല്‍ ധനത്തിന്റെ ഏതാണ്ട് 10 ശതമാനം വരുമിത്. കഴിഞ്ഞ എട്ടു മാസത്തിനിടെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ടിന്റെ വിവിധ മ്യൂച്വല്‍ ഫണ്ടുകളിലായാണ് ഈ തുക നിക്ഷേപിച്ചിരിക്കുന്നത്.

ഫിക്‌സഡ് മെച്യൂരിറ്റി പ്ലാനുകളിലും ഡെബ്റ്റ് ഫണ്ടുകളിലുമാണ് കൂടുതല്‍ നിക്ഷേപം. 2013 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് റിലയന്‍സ് മ്യൂച്വല്‍ ഫണ്ടിന്റെ 13 സ്‌കീമുകളിലെങ്കിലും ഏറ്റവും വലിയ നിക്ഷേപകര്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. നേരത്തെ അനിലുമായി നല്ല ബന്ധമില്ലാതിരുന്ന സമയത്ത് റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് ഒഴികെയുള്ള മ്യൂച്വല്‍ ഫണ്ടുകളിലായിരുന്നു നിക്ഷേപം.

ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം കരുതല്‍ ധനമുള്ള കമ്പനികളിലൊന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ വര്‍ഷം ഒന്നേകാല്‍ ലക്ഷം കോടി രൂപയായിരുന്ന കരുതല്‍ ധനം ഇപ്പോള്‍ 80,962 കോടി രൂപയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ , ഓഹരികള്‍ എന്നിവയിലൊക്കെയായാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്.

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 2005ല്‍ റിലയന്‍സ് സാമ്രാജ്യം വിഭജിച്ച ശേഷം 2010 മുതല്‍ അംബാനി സഹോദരന്മാര്‍ നല്ല ബന്ധത്തിലാണ്. കഴിഞ്ഞ ദിവസം അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള 4ജി ബ്രോഡ്ബാന്‍ഡ് കമ്പനിയായ റിലയന്‍സ് ജിയോ 1,200 കോടി രൂപയുടെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 4ജി സേവനത്തിനായി റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉപയോഗിക്കാനാണ് ഇത്.

Also Read:
അംബാനി സഹോദരന്മാര്‍ കൈകോര്‍ക്കുന്നു; 4ജി സേവനത്തിനായി
റിലയന്‍സിന്റെ കൈവശം 1.25 ലക്ഷം കോടി രൂപTags: RIL parks over Rs 800 cr cash in Anil-led Reliance MF
»  News in this Section