ആരാണ് ചിത്ര രാമകൃഷ്ണ?

Posted on: 02 Apr 2013
ഓഹരി വിപണി പുരുഷന്‍മാര്‍ക്ക് പറ്റിയ ഇടമെന്നാണ് പൊതുവിലുള്ള ധാരണ. പക്ഷെ, ഓഹരി വ്യാപാരത്തിലൂടെ നേട്ടമുണ്ടാക്കിയ നിരവധി സ്ത്രീകള്‍ നമ്മുടെ മുന്നിലുണ്ട്. ഇതിനിടയിലും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ തലപ്പത്ത് പുരുഷകേസരികള്‍ തന്നെയായിരുന്നു ഇതുവരെ. ലോകത്തില്‍ തന്നെ ചുരുക്കം ചില സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ മാത്രമാണ് വനിതാമേധാവികളുള്ളത്. ആ നിരയിലേക്ക് ഇന്ത്യയിലെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍എസ്ഇ) കടന്നിരിക്കുകയാണ്.

എന്‍എസ്ഇയുടെ ചരിത്രത്തിലെ ആദ്യ വനിതാ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി 49കാരിയായ ചിത്ര രാമകൃഷ്ണ ഏപ്രില്‍ ഒന്നിന് ചുമതലയേറ്റു.

ചിത്ര രാമകൃഷ്ണ
1990കളുടെ തുടക്കത്തില്‍ പുതിയൊരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചപ്പോള്‍ തന്നെ അതു യാഥാര്‍ത്ഥ്യമാക്കാനായി നിയോഗിച്ച അഞ്ചംഗ സമിതിയില്‍ ചിത്രയുമുണ്ടായിരുന്നു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ അവര്‍ അപ്പോള്‍ ഐഡിബിഐയില്‍ ഉദ്യോഗസ്ഥയായിരുന്നു.

1992ല്‍ എന്‍എസ്ഇ സ്ഥാപിതമായ ശേഷമുള്ള മൂന്നാമത്തെ എംഡിയാണ് ചിത്ര. ആര്‍എച്ച്.പട്ടേലായിരുന്നു ആദ്യ എംഡി. രണ്ടാമത്തേത് രവി നാരായണും. എന്‍എസ്ഇയുടെ രണ്ട് ദശാബ്ദത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടെ നിരവധി സുപ്രധാന തീരുമാനങ്ങള്‍ക്കും പദ്ധതികള്‍ക്കും ചിത്ര നേതൃത്വം നല്‍കിയിട്ടുണ്ട്.

എംഡി പദവിയില്‍ നിന്ന് രവി നാരായണ്‍ വിരമിച്ചതോടെയാണ് ചിത്ര ആ സ്ഥാനത്തെത്തുന്നത്. 2012 നവംബറില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ചിത്രയെ അടുത്ത എംഡിയാക്കാന്‍ തീരുമാനിച്ചത്. അതുവരെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായിരുന്നു അവര്‍ .

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് എക്‌സ്‌ചേഞ്ചസിന്റെ കണക്കനുസരിച്ച് ലോകത്തിലെ 57 സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഒമ്പതെണ്ണത്തിന് മാത്രമാണ് വനിതാ മേധാവിയുള്ളത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെര്‍ഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നിക്കി ന്യൂട്ടണ്‍ കിങ്, ചൈനയിലെ ഷെന്‍ഷെന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ലീപിങ് സോങ്, ഇസ്രായേലിലെ ടെല്‍ അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എസ്റ്റര്‍ ലെവനോണ്‍ , ശ്രീലങ്കയിലെ കൊളംബോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സുരേഖ, മാള്‍ട്ട സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എലീന്‍ മസ്‌ക്കറ്റ്, ഓസ്ട്രിയയിലെ വിയന്നെര്‍ ബോഴ്‌സിന്റെ ബിര്‍ഗിറ്റ് കുറാസ്, നോര്‍വേ ഒസ്ലോ ബോഴ്‌സിന്റെ ബെന്റേ ലാന്‍ഡ്‌സ്‌നെസ്, ഐറിഷ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഡിയര്‍ഡര്‍ സോമേഴ്‌സ് എന്നിവരാണ് മറ്റു വനിതാ സാരഥികള്‍ .

Tags: NSE Managing Director and CEO Chitra Ramakrishna Profile
»  News in this Section