ഓഹരി വിപണിയിലുമുണ്ട് മണ്ടന്മാര്‍

Posted on: 24 Mar 2013


സനികചാകാറായൊരു കഴുതയെ തല്ലുകൊള്ളാതെ മറ്റൊരാളുടെ തലയില്‍ സമര്‍ത്ഥമായി കെട്ടിവച്ച് രക്ഷപ്പെട്ടൊരു ഉടമസ്ഥന്റെ കഥ നമുക്കറിയാവുന്നതാണ്. രോഗഗ്രസ്തയായി ഇനി ഈ കഴുത അധികകാലം ജീവിക്കില്ല എന്നുറപ്പായപ്പോള്‍ എങ്ങനെ ഇതിനെ ആര്‍ക്കെങ്കിലും വില്‍ക്കാനാകും എന്ന ചിന്തയായി ഉടസ്ഥന്. വില കുറച്ച് കൊടുത്താലും വാങ്ങി രണ്ടു നാളുകള്‍ക്കുള്ളില്‍ കഴുതയുടെ മരണം ഉറപ്പ്. പണം തന്നവര്‍ 'കുത്തിന് പിടിച്ച്' അതു തിരിച്ചു വാങ്ങുമെന്നു മാത്രമല്ല നാട്ടില്‍ 'ചീത്തപ്പേരും' ഉറപ്പ്. തന്റെ ഈ 'പ്രോഡക്ട്' എങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുമ്പോഴാണ് പുതുതലമുറയില്‍പ്പെട്ട 'അഡൈ്വസേഴ്‌സിനെ'പ്പോലെയുള്ള ഒരാളുടെ വരവ്.

പ്രോഡക്ടിന്റെ നല്ല വശവും മോശം വശവും ഉടമസ്ഥനില്‍നിന്ന് തന്നെ ചോദിച്ചു മനസ്സിലാക്കി അത് തന്ത്രപൂര്‍വ്വം വിറ്റൊഴിയാനുള്ള ഒരു ഉപദേശവും നല്‍കി അഡൈ്വസര്‍. അതനുസരിച്ച് ഉടമസ്ഥന്‍ ഒരു ചെറിയ പരസ്യം നല്‍കി- നറുക്കെടുപ്പിലൂടെ ഒരു നാണയത്തിന് ഒരു കഴുത* നിങ്ങള്‍ക്ക് സ്വന്തം!'' (*നിബന്ധകള്‍ക്ക് വിധേയം -കഴുതയ്ക്ക് അല്പം ആരോഗ്യക്കുറവുണ്ട്.)

സാധാരണക്കാരനെ ആകര്‍ഷിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം? ആള്‍ക്കാര്‍ ക്യൂ നിന്ന് ടിക്കറ്റ് വാങ്ങി. ഒടുവില്‍ എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ നറുക്കെടുപ്പ്. വിജയശ്രീലാളിതന്‍ തന്റെ കഴുതയുമായി വീട്ടിലേക്ക് നടക്കുമ്പോള്‍ ഒരു സംശയം; കഴുതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്‌നമുണ്ടോ? ഉണ്ടെങ്കിലും കുഴപ്പമില്ല, ഒരു നാണയത്തിന്റെ കാര്യമല്ലേയുള്ളൂ എന്നയാള്‍ സമാധാനിച്ചു. പക്ഷേ പിറ്റേന്ന് കഴുതയ്ക്ക് നേരം പുലര്‍ന്നില്ല. അതോടെ 'വിജയശ്രീലാളിതന്' കോപം അടയ്ക്കാനായില്ല. അയാള്‍ കലിപൂണ്ട് കഴുതയെ വിറ്റയാളുടെയടുക്കലെത്തി. ''നിങ്ങള്‍ ചാകാറായൊരു കഴുതയെയാണ് എനിക്ക് വിറ്റതല്ലേ, ദേ കഴുത ഇന്നു ചത്തു. മനുഷ്യരെ ഇങ്ങനെ പറ്റിക്കരുത് എനിക്കെന്റെ പണം താ'' അലറിക്കൊണ്ട് അയാള്‍ പറഞ്ഞു നിര്‍ത്തി. ഉടമസ്ഥന്‍ ഉടന്‍ തന്നെ അകത്തു പോയി ഒരു നാണയം എടുത്ത് അയാളുടെ കയ്യില്‍ കൊടുത്തു. അയാള്‍ ഇനി എന്തുപറയാന്‍? മുടക്കിയ പണം അയാള്‍ക്കു തിരികെ കിട്ടിക്കഴിഞ്ഞല്ലോ? ഒന്നുമുരിയാടാതെ അയാള്‍ പോയപ്പോള്‍ ഉടമസ്ഥന്‍ ആശ്വാസത്തെടെ പുഞ്ചിരിച്ചു.

ഈ കഥ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. പലപ്പോഴും ഒരു നാണയം മുടക്കി നാം പരീക്ഷണത്തിനിറങ്ങാറുണ്ട്; പക്ഷേ നാം അത് അറിയാറില്ലെന്നു മാത്രം.

വര്‍ഷങ്ങള്‍ മുന്‍പ് നടന്ന ഒരു സംഭവം. ഒരു വലിയ നെഗറ്റീവ് ന്യൂസിനോടനുബന്ധിച്ച് വല്ലാതെ വിലയിടിഞ്ഞു ഒരു ഓഹരിക്ക്. ദിനം പ്രതിയെന്നോണം കുറഞ്ഞുവരുന്ന വിലയില്‍ വിറ്റു പിന്‍മാറാന്‍ ഓഹരിയുടമകള്‍ മത്സരിച്ചതോടെ വീണ്ടും വീണ്ടും വില കുറഞ്ഞു തുടങ്ങി. ഒടുവില്‍ ഏതാണ്ടൊരു താഴ്ന്ന നിലവാരത്തില്‍ വിലയെത്തിയപ്പോള്‍ വീണ്ടും വിലയിടിയാതായി. മാര്‍ക്കറ്റില്‍ വളരെ നാളുകളായി നിക്ഷേപം നടത്തുന്ന ഒരു നിക്ഷേപകന്‍ ഈ ഓഹരി വലിയ തോതില്‍ വാങ്ങിക്കൂട്ടിയത് അത്ഭുതത്തോടെയാണ് മറ്റുള്ളവര്‍ ശ്രദ്ധിച്ചത്. വാങ്ങിയതിനു ശേഷവും വിലയില്‍ കാര്യമായ മാറ്റമില്ല. പക്ഷേ പിന്നീട് എവിടെയൊക്കെയോ വന്നു ചില വാര്‍ത്തകള്‍. ഈ കമ്പനി അതിന്റെ മോശം സമയത്തെ അതിജീവിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നു പോലും, ഈ കമ്പനിയുടെ ഓഹരികള്‍ ഏതോ ഒരു ഗ്രൂപ്പ് വാങ്ങുവാന്‍ ശ്രമിക്കുന്നുവത്രേ. ഒപ്പം ഈ കമ്പനിയുടെ ഓഹരിയുടെ പ്രതാപകാലത്തെ വിലയും ശോചനീയമായ അവസ്ഥയിലെ വിലയും തമ്മിലുള്ള ഒരു താരതമ്യപഠനം! ഹോ എന്തൊരു അന്തരം. ഈ കമ്പനിക്ക് ഈ മോശം സമയം അതിജീവിക്കാനായാല്‍ ഓഹരി പഴയ വിലയിലും മുകളില്‍ എത്താതിരിക്കില്ല. നിക്ഷേപകര്‍ക്കിടയില്‍ ചെറിയ ആവേശം. ആവേശം പിന്നീട് കൊടുങ്കാറ്റായി. ഒരു നാണയത്തിന് ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്ന ഭാഗ്യാന്വേഷികള്‍!

കുറച്ച് നാളുകള്‍ക്കുശേഷം ഈ ഓഹരി മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്യാതായപ്പോഴാണ് പഴയ ആളുടെയടുത്ത് ഇതിനെക്കുറിച്ച് ചോദിക്കുന്നത്: 'അന്ന് വാങ്ങിയ ഓഹരിയൊക്കെ നഷ്ടത്തിലായല്ലോ?'. പക്ഷേ വന്ന മറുപടി ഞെട്ടിച്ചുകളഞ്ഞു. ''ഏയ്! വാങ്ങിയതിന്റെ മൂന്ന് മടങ്ങ് വിലയില്‍ ഞാനതു വിറ്റു. ഒരു നാണയത്തിന് ആരോഗ്യം കുറഞ്ഞ കഴുതയെ സ്വന്തമാക്കാനെത്തിയ ഭാഗ്യാന്വേഷികളുടെ പോലെയൊരു തള്ളിക്കയറ്റം ഇവിടെയും ഞാന്‍ പ്രതീക്ഷിക്കുന്നു'' -പറഞ്ഞു നിര്‍ത്തിയപ്പോള്‍ പഴയ ആ സത്യം ഒരിക്കല്‍കൂടി ഓര്‍ത്തുപോയി. ''ചിലര്‍ എന്നും മണ്ടന്‍മാരാകും, മറ്റു ചിലരാകട്ടെ ബാക്കിയുള്ളവരെ മണ്ടന്മാരാക്കിക്കൊണ്ടേയിരിക്കുകയും ചെയ്യും.

Tags: Idiots and idiot makers in stock market
»  News in this Section