പൊതുമേഖലാ ഓഹരി വില്‍പനയില്‍ രക്ഷകരായത് എല്‍ഐസി

Posted on: 24 Mar 2013ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം 23,900 കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ അതില്‍ ഏതാണ്ട് 10 ശതമാനത്തിനടുത്ത് വാങ്ങിയത് എല്‍ഐസി. ഏതാണ്ട് 2,000 കോടി രൂപയുടെ ഓഹരികളാണ് പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാങ്ങിയത്.

പൊതുമേഖലാ ഓഹരികള്‍ക്ക് വേണ്ടത്ര ആവശ്യക്കാരുണ്ടാവാത്ത അവസരങ്ങളിലാണ് അവ വാങ്ങിക്കൊണ്ട് എല്‍ഐസി രക്ഷകരുടെ റോളിലെത്തിയത്. എന്‍ബിസിസി, എച്ച്‌സിഎല്‍ , എന്‍ടിപിസി, ആര്‍സിഎഫ്, നാല്‍കോ, ഓയില്‍ ഇന്ത്യ, എന്‍എംഡിസി, സ്റ്റീല്‍ അതോറിറ്റി എന്നീ എട്ടു കമ്പനികളുടെ ഓഹരികളാണ് ഈ സാമ്പത്തിക വര്‍ഷം വിറ്റഴിച്ചത്. ഇതിലൂടെ 23,900 കോടി രൂപ സര്‍ക്കാര്‍ സമാഹരിച്ചു. 1991-92ലാണ് സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം ഇതാദ്യമായാണ് ഇത്രയും കോടി രൂപ ഒരു സാമ്പത്തിക വര്‍ഷം സമാഹരിക്കുന്നത്.

2009-10 സാമ്പത്തിക വര്‍ഷത്തെ 23,553 കോടി രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന ഓഹരി വില്‍പന. 1991-92ല്‍ 3,038 കോടി രൂപയുടെ പൊതുമേഖലാ ഓഹരികളാണ് വിറ്റഴിച്ചത്. അന്നു തൊട്ടു ഇന്നു വരെ മൊത്തം 1.37 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ഓഹരിവില്‍പനയിലൂടെ സര്‍ക്കാര്‍ സ്വരൂപിച്ചത്.

ഈ സാമ്പത്തിക വര്‍ഷം നടന്ന എട്ടു ഓഹരി വില്‍പനകളില്‍ ഏഴെണ്ണത്തിന്റേയും ഓഹരികള്‍ എല്‍ഐസി വാങ്ങിയെന്നാണ് പ്രാഥമിക വിവരം. സ്റ്റീല്‍ അതോറിറ്റിയുടെ ഓഹരി വില്‍പന കഴിഞ്ഞയാഴ്ചയാണ് നടന്നത്. അതിന്റെ ഓഹരികള്‍ ആരെല്ലാം വാങ്ങിയെന്ന വിവരം പുറത്തുവന്നിട്ടില്ല.


Tags: Govt gets Rs2000 cr boost in record disinvestment kitty from LIC
»  News in this Section