അംബാനിമാര്‍ക്ക് വിപണിമൂല്യത്തില്‍ 20,000 കോടിയുടെ നഷ്ടം

Posted on: 24 Mar 2013മുകേഷ് അംബാനിയും അനില്‍ അംബാനിയും
മുംബൈ: ഓഹരി വിപണി കഴിഞ്ഞയാഴ്ച കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും നേതൃത്വങ്ങളിലുള്ള റിലയന്‍സ് ഗ്രൂപ്പുകള്‍ക്ക് വിപണിവിഹിതത്തില്‍ വന്‍ ഇടിവ്. ഓഹരി വില ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇരുകൂട്ടരുടെയും കമ്പനികള്‍ക്ക് എല്ലാം കൂടി ഏതാണ്ട് 20,000 കോടി രൂപയുടെ നഷ്ടമാണ് വിപണിമൂല്യത്തിലുണ്ടായത്.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 10,700 കോടി രൂപ ഇടിഞ്ഞ് 2.63 ലക്ഷം കോടി രൂപയിലെത്തി.

അനില്‍ അംബാനിയുടെ റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന് ആറ് ലിസ്റ്റഡ് കമ്പനികളാണ് ഉള്ളത്. ഇവയ്‌ക്കെല്ലാംകൂടി 9,600 കോടി രൂപയാണ് ചോര്‍ന്നത്. ഇതോടെ 45,620 കോടി രൂപയിലെത്തി അവരുടെ വിപണി മൂല്യം. റിലയന്‍സ് പവറിനാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം നഷ്ടം - 3,395 കോടി രൂപ. ഇതിന്റെ ഓഹരി വില 16 ശതമാനം ഇടിഞ്ഞ് 61.05 രൂപയിലെത്തി.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വിപണി മൂല്യം 2,590 കോടി രൂപ താഴ്ന്ന് 11,156 കോടി രൂപയിലെത്തി. ഓഹരി വില 18.84 ശതമാനം ഇടിഞ്ഞു.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിപണി മൂല്യം 2,113 കോടിയും റിലയന്‍സ് ക്യാപ്പിറ്റലിന്റേത് 1,440 കോടി രൂപയും ഇടിഞ്ഞു. റിലയന്‍സ് മീഡിയക്ക് 49 കോടി രൂപയും റിയലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ്‌വര്‍ക്കിന് 25 കോടി രൂപയും നഷ്ടമായി. ഇവയുടെ ഓഹരി വില ഒരു വര്‍ഷത്തെ താഴ്ന്നനിലയിലെത്തിയിട്ടുണ്ട്.

Tags: Ambani group cos market capitalisation falls by Rs20000 cr
»  News in this Section