പരിസ്ഥിതി സംരക്ഷണം: ചില മിഥ്യാധാരണകള്‍

Posted on: 27 Jan 2013


വി.ശാന്തകുമാര്‍എഴുപതുകളുടെ ഒടുക്കംതൊട്ട് കേരളത്തില്‍ പരിസ്ഥിതിസംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളരാന്‍ തുടങ്ങി. ഇക്കാര്യത്തില്‍ നാം അന്താരാഷ്ട്ര സമൂഹവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറെ പിന്നിലല്ല. ഇന്ന് കേരളത്തിലെ ഏതു വികസനപ്രവര്‍ത്തനവും പരിസ്ഥിതി സംരക്ഷണത്തിന്റെ വീക്ഷണത്തില്‍ നിന്നുകൂടി വിലയിരുത്തപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് ഏറെ അഭിമാനിക്കാം.

പരിസ്ഥിതിയെക്കുറിച്ചുള്ള ആശങ്ക വികസനവിരുദ്ധമാണെന്ന് കരുതുന്നതില്‍ അടിസ്ഥാനമില്ല. വികസിത രാജ്യങ്ങള്‍ അനുഭവത്തിലൂടെ അറിഞ്ഞ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് നമ്മുടെ വികസനപരിശ്രമങ്ങള്‍ പരിസ്ഥിതിയുടെ സംരക്ഷണത്തിനുകൂടി അനുഗുണമാക്കുന്നതാണ് ശരിയായ സമീപനം.

പരിസ്ഥിതി സംരക്ഷിക്കണം എന്ന് വാദിക്കുന്നവര്‍ സര്‍ക്കാരോ നിക്ഷേപകരോ കൊണ്ടുവരുന്ന പദ്ധതികളെയോ വികസനത്തെയോ സംശയത്തോടുകൂടി വീക്ഷിക്കുന്നതില്‍ അവരെ കുറ്റം പറയാനാവില്ല. വേണ്ടത്ര നിയമങ്ങള്‍ ഉണ്ടാക്കിയാലും അവ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കാറില്ല. രാഷ്ട്രീയക്കാരും ബിസിനസ്സുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള സുതാര്യമല്ലാത്ത ഇടപാടുകള്‍ വഴി പരിസ്ഥിതിക്ക് ദോഷകരമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ കരുതുന്നതിനു അടിസ്ഥാനവുമുണ്ട്. അതുകൊണ്ട്, ഏതു വികസനപദ്ധതിയും സംശയത്തോടെ മാത്രം വീക്ഷിക്കപ്പെടുന്ന അവസ്ഥയുമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ട പ്രധാന നടപടി സര്‍ക്കാരും അതിന്റെ ഭാഗമായുള്ള വിവിധ ഏജന്‍സികളും പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ തങ്ങള്‍ക്കുണ്ടാവേണ്ട വിശ്വാസ്യത ഉണ്ടാക്കിയെടുക്കുക എന്നതാണ്.

എന്നിരിക്കിലും പരിസ്ഥിതിപ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന, അല്ലെങ്കില്‍ കരുതുന്ന ചിന്തകള്‍ ഏറെയും മിഥ്യാധാരണകളുടെ അടിസ്ഥാനത്തിലുള്ളവയാണ്. അവയില്‍ ചിലത് ഇവിടെ പരിശോധിക്കാം.

വികസനം തന്നെ പരിസ്ഥിതിവിരുദ്ധമാണ്; അതുകൊണ്ട് വികസനമേ വേണ്ട എന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. ഇവര്‍ ദാരിദ്ര്യവും അനാരോഗ്യവും നിരക്ഷരതയും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതിപ്രശ്‌നങ്ങളും കണക്കിലെടുക്കുന്നില്ല. ഞാന്‍ ഈ അവസ്ഥയുള്ള ചില ഗ്രാമങ്ങള്‍ ഇപ്പോള്‍ സന്ദര്‍ശിക്കാറുണ്ട്. കുട്ടികളുടെ എണ്ണം വളരെ കൂടുതലായിരിക്കുക, കക്കൂസില്ലാതിരിക്കുക, വീട്ടില്‍ നിന്നുള്ള മലിനജലം വീടിനുചുറ്റും തുറന്നു കിടക്കുക, വീടിനുള്ളില്‍ പുക നിറഞ്ഞ അന്തരീക്ഷം, കുട്ടികള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതിരിക്കുക, പെണ്‍കുട്ടികള്‍ വീട്ടുപണിയെടുക്കാനും പ്രസവിക്കാനുമുള്ള ഉപകരണങ്ങള്‍ മാത്രമായിരിക്കുക തുടങ്ങിയ ഒരു സാഹചര്യം ഒട്ടും പരിസ്ഥിതി സൗഹൃദപരമല്ല. ഇവരുടെ ജീവിതത്തെ ആധുനികവത്കരിക്കുക എന്ന ദൗത്യത്തില്‍ നിന്നും പിന്മാറുന്നത് ഒട്ടും ഗുണകരമാകില്ല. സ്വന്തംവീട്ടിന്റെ (സൂക്ഷ്മ) പരിസ്ഥിതി നന്നായി സൂക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് സ്ഥൂലപരിസ്ഥിതി സംരക്ഷിക്കണം എന്ന് തോന്നില്ല, അതിനു കഴിയുകയുമില്ല.

ലോകമൊട്ടാകെയുള്ള സ്ഥിതി പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. പരിസ്ഥിതി സംരക്ഷണത്തിന് കൂടുതല്‍ പണം ചെലവഴിക്കാന്‍ കഴിയുന്നത് വികസിത രാജ്യങ്ങള്‍ക്കാണ്. ഇന്ന് ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള നഗരങ്ങള്‍ വികസ്വര/ദരിദ്രരാജ്യങ്ങളിലാണുള്ളത്. നദികളിലെത്തുന്ന മാലിന്യം, പൊടി ശല്യം, ആസിഡ് മഴ, വീടുകള്‍ പുറന്തള്ളുന്ന ഖര/ജല മാലിന്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വികസിത രാജ്യങ്ങള്‍ ഏറെ മുന്നിലാണ്. മാത്രമല്ല, അന്താരാഷ്ട്രതലത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനും അതിനുവേണ്ടി കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാവുന്നതും വികസിത രാഷ്ട്രങ്ങളാണ്. അതുകൊണ്ട് വികസനം ഇല്ലാതെ പരിസ്ഥിതി സംരക്ഷിക്കാം എന്നു കരുതുന്നത് മണ്ടത്തരമാണ്.

എന്നാല്‍ വികസനം എന്നത് എല്ലാ മനുഷ്യരും അമിതമായി ഉപഭോഗിക്കുന്നതും പ്രകൃതി വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നതുമായ ഒന്നായി സങ്കല്‍പിക്കേണ്ടതില്ല. അങ്ങനെയല്ലാതെ കുറച്ചുകൂടി കരുതലുള്ള വികസന മാതൃകകള്‍ ഉണ്ടാകാം. അല്ലെങ്കില്‍ അങ്ങനെയുള്ളവ നിലവിലുണ്ട്. ഉദാഹരണമായി എല്ലാവരും സ്വകാര്യ വാഹനം അമിതമായി ഉപയോഗിക്കുന്ന ഒരു ജീവിതരീതിക്ക് പകരം പൊതുഗതാഗതത്തിനും (ചെറിയ ദൂരത്തില്‍ നടത്തത്തിനും സൈക്കിള്‍ സവാരിക്കും) ഊന്നല്‍ നല്‍കുന്ന ഒരു ഭാവി സാധ്യമാകാം.

ഒരു വിഭവം (ഉദാഹരണം: വനം) ഒട്ടും ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് നല്ലതെന്ന് ചില പരിസ്ഥിതിവാദികള്‍ കരുതുന്നു. എന്നാല്‍ അങ്ങനെ ഉപയോഗപ്പെടുത്താതിരിക്കണമെങ്കില്‍ അത് സംരക്ഷിക്കാന്‍ പണം ചെലവഴിക്കണം. ഇത് പലപ്പോഴും സംരക്ഷണത്തിനുള്ള പണമില്ലാത്ത സ്ഥിതിയുണ്ടാക്കും. മാത്രമല്ല ചില വിഭവങ്ങള്‍ ഉപയോഗിച്ചുകൊണ്ട് സംരക്ഷിക്കാന്‍ കഴിയും. ഉദാഹരണമായി കുറച്ചു ടൂറിസ്റ്റുകളെ വനത്തില്‍ സഞ്ചരിക്കാന്‍ അനുവദിച്ചുകൊണ്ട് അവരില്‍ നിന്നും നല്ല തുക ഫീസീടാക്കിയാല്‍ കുറേ വരുമാനവും പരിസ്ഥിതി സംരക്ഷണവും നടക്കും. ചില പരിസ്ഥിതി വാദികള്‍ക്ക് ഇത്തരം പ്രായോഗിക സംരക്ഷണത്തില്‍ താത്പര്യമില്ല.

പിന്നെ മറ്റുചില കൂട്ടരുണ്ട്. അവരെ സംബന്ധിച്ചടത്തോളം പരിസ്ഥിതിനാശം ഉണ്ടാകുന്നതിനു പ്രധാന കാരണം ഭാരതത്തിന്റെ ആര്‍ഷസംസ്‌കാരത്തില്‍ നിന്ന് മാറിയതാണ്. അല്ലെങ്കില്‍ പാശ്ചാത്യസംസ്‌കാരം സ്വീകരിച്ചതാണ്. മറ്റൊരു കൂട്ടര്‍ക്ക് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം തങ്ങളുടെ മതത്തിലുണ്ട്. ഇവയൊന്നും വിശദമായ പരിശോധനയില്‍ നിലനില്‍ക്കുന്ന വാദങ്ങളല്ല. നേരത്തെ സൂചിപ്പിച്ച ദാരിദ്രവും കഷ്ടപ്പാടും അതിനോടൊപ്പം ജാതി വ്യവസ്ഥയും സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന പ്രവണതയുമൊക്കെ ആര്‍ഷ സംസ്‌കാരത്തിലും, 'ഇതിലെല്ലാമുണ്ട്' എന്ന് പറയുന്ന മതങ്ങളിലും ന്യായീകരിക്കപ്പെടുന്നു.

നമ്മള്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം തേടേണ്ടത് ഇന്നും നാളെയുമുള്ള/ഉണ്ടാകാനിടയുള്ള സാധ്യതകളിലാണ്. അല്ലാതെ ഏറെ പ്രശ്‌നസങ്കീര്‍ണമായിരുന്ന, പരിമിതമായിരുന്ന, ഭൂതകാലത്തിലല്ല.
 

Tags: Environment Protection and its Economics
»  News in this Section