സബ്‌സിഡിപ്പണം നേരിട്ടെത്തിക്കുന്ന പദ്ധതി ഇന്ദ്രജാലമെന്ന് ചിദംബരം

Posted on: 23 Dec 2012




ജയ്പുര്‍: സബ്‌സിഡിപ്പണം നേരിട്ട് ഗുണഭോക്താവിന് നല്‍കുന്ന പദ്ധതിയെ 'യഥാര്‍ഥ ഇന്ദ്രജാലം' എന്നു വിശേഷിപ്പിച്ച ധനമന്ത്രി പി. ചിദംബരം അതിന്റെ കാര്യക്ഷമമായനടത്തിപ്പിന് ബാങ്കുകളുടെ സഹകരണം തേടി.

''പദ്ധതി പ്രകാരം പണം അനുവദിച്ചാലുടന്‍ നേരിട്ട് ഗുണഭോക്താവിന്റെ അക്കൗണ്ടിലെത്തും. അതിനാല്‍ അഴിമതിയുടെയോ കൈയിട്ടുവാരലിന്റെയോ പ്രശ്‌നമുദിക്കുന്നില്ല. അതുകൊണ്ടാണ് ഞാനതിനെ ഇന്ദ്രജാലം എന്നു വിശേഷിപ്പിച്ചത്'' -ചിദംബരം വിശദീകരിച്ചു. ജയ്പുരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിറിന്റെ സുവര്‍ണ ജൂബിലിയാഘോഷച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

''വാര്‍ധക്യകാല പെന്‍ഷനടക്കം പാവങ്ങള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പണം യഥാര്‍ഥ ഗുണഭോക്താവിന് ലഭിക്കുന്നില്ലെന്ന് വ്യാപകപരാതിയുണ്ട്. സര്‍ക്കാര്‍ പണം എവിടേക്കാണ് പോകുന്നതെന്ന് ആര്‍ക്കും അറിയില്ല.'' സബ്‌സിഡിപ്പണം നേരിട്ട് നല്‍കുന്ന പദ്ധതി ന്യായീകരിച്ച് ചിദംബരംപറഞ്ഞു.

ജനവരി 1ന് തിരഞ്ഞെടുത്ത ജില്ലകളില്‍ തിരഞ്ഞെടുത്ത ഏതാനും പദ്ധതികളിലാണ് സബ്‌സിഡിപ്പണം നേരിട്ടു നല്‍കുന്ന പദ്ധതിയാരംഭിക്കുക. വര്‍ഷാവസാനത്തോടെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കാനാവുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു.

പദ്ധതി വിജയകരമായി നടപ്പാക്കുകയെന്ന ഉത്തരവാദിത്വം ബാങ്കുകള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ സേവനം ജനങ്ങളുടെ അവകാശമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

»  News in this Section