സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കേണ്ടത് എങ്ങനെ?

Posted on: 18 Dec 2012


വി.ശാന്തകുമാര്‍സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണമോ എന്ന വിഷയത്തില്‍ സാമ്പത്തിക ശാസ്ത്രത്തിന് കാര്യമായി ഒന്നും പറയാനില്ല. നമ്മുടെ വികാരങ്ങളും മൂല്യങ്ങളും സമൂഹത്തിന്റെ രാഷ്ട്രീയവുമാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ചില പൊതു നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും.

1. പൊതുവില്‍ മിക്ക ആളുകളിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന ചിലരെയെങ്കിലും സഹായിക്കാനുള്ള താല്പര്യം ഉണ്ടാകും.

2. അധികം ആളുകള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സമൂഹം അത് അനുഭവിക്കാത്ത ആളുകള്‍ക്കും സുഖകരമല്ലാത്ത സ്ഥിതി ഉണ്ടാക്കും.

3. സമൂഹത്തില്‍ സമ്പത്ത് ഉണ്ടാക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ചിലര്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നത് സാമ്പത്തിക വളര്‍ച്ചയെ എതിര്‍ക്കാനുള്ള മതിയായ കാരണമല്ല. വ്യക്തിപരമായി നോക്കിയാലും മറ്റുള്ളവരെ കൂടുതല്‍ സഹായിക്കാന്‍ കഴിയുന്നത് സ്വയം സമ്പത്ത് സൃഷ്ടിക്കുന്നവര്‍ക്ക് ആയിരിക്കും.

4. എന്നാല്‍ ഒരു സമൂഹത്തില്‍ എത്രത്തോളം ആളുകള്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നത് ചില ആളുകളുടെ സുമനസ്സിനെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നത്. അത് ആ സമൂഹത്തിന്റെ രാഷ്ട്രീയ സാമ്പത്തിക മാറ്റത്തെ ആശ്രയിച്ചിരിക്കും.

എന്നാല്‍ ഏതെങ്കിലും കാരണം കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ അത് എങ്ങനെ ചെയ്യണം എന്ന കാര്യത്തില്‍ സാമ്പത്തിക ശാസ്ത്രത്തിനു ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. (നിങ്ങള്‍ ഒരു ബന്ധുവിനെ സഹായിക്കാന്‍ തീരുമാനിക്കുമ്പോഴും ഇത് സഹായകരമാകും.)
1. ഏതെങ്കിലും വ്യക്തികള്‍ക്ക് ശാരീരികസ്ഥിതി കാരണം തൊഴിലെടുത്ത് വരുമാനം കണ്ടെത്താന്‍ കഴിയുന്നില്ല എങ്കില്‍ അവര്‍ക്ക് അടിസ്ഥാന ഉപഭോഗത്തിനുള്ള സഹായം നല്‍കണം. എന്താണ് അടിസ്ഥാനം എന്നത് സഹായം നല്‍കുന്ന വ്യക്തിയുടെ (സമൂഹത്തിന്റെ) കഴിവിനനുസരിച്ച് തീരുമാനിക്കപ്പെടാം.

2. എന്നാല്‍ തൊഴിലെടുക്കാന്‍ കഴിയുന്നവരെ എത്രയും വേഗം അത് ചെയ്യാന്‍ പ്രേരിപ്പിക്കണം. അവര്‍ക്ക് ഉപഭോഗത്തിന് സഹായം നല്‍കിയാലും അത് തൊഴില്‍ എടുക്കാതിരിക്കുന്നതിനു കാരണമാകരുത്.

3. തൊഴില്‍ കിട്ടാന്‍ എളുപ്പമല്ല എന്ന് തോന്നാം. ഇതില്‍ കുറച്ചു ശരിയുണ്ട്. എന്നാല്‍ പൂര്‍ണമായും ശരിയല്ല. നമ്മുടെ നാട്ടില്‍ ടീച്ചര്‍ ആകാന്‍ ശ്രമിക്കുന്നവര്‍ക്ക് പണിയില്ല എന്നാല്‍ ഹോം നഴ്‌സുമാരെ കിട്ടാനില്ല. ക്ലര്‍ക്കുമാരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടത്ര അവസരങ്ങള്‍ ഇല്ല. എന്നാല്‍ വേണ്ടത്ര മേസന്‍മാരെ കിട്ടാനില്ല. ചുരുക്കത്തില്‍ തൊഴില്‍ ഇല്ലാതിരിക്കുന്നതിന് ഇന്ന ജോലി വേണം എന്ന ആഗ്രഹവും ഒരു കാരണമാണ്. എന്നാല്‍ സാമ്പത്തിക മുട്ടനുഭവിക്കുന്നവരെ സഹായിക്കുമ്പോള്‍ അവര്‍ ചില ജോലികള്‍ ചെയ്യാന്‍ തയ്യാറാകാത്ത സ്ഥിതി സൃഷ്ടിക്കുന്നത് സമൂഹത്തിനു ദോഷകരമാണ്.

4. ഇനി ജോലി ചെയ്യുന്നവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇപ്പോള്‍ ചെയ്യുന്ന തൊഴിലിനു ഡിമാന്‍ഡ് കുറവാണ്. വരുമാനവും കുറവാണ്. അങ്ങനെ വിവിധ കാരണങ്ങള്‍ ഉണ്ടാകാം. ഇവിടെ അവരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള സഹായമാണ് നല്‍കേണ്ടത്. ഇവിടെയാണ് ഉത്പാദനക്ഷമതയുടെ പ്രസക്തി. ഒരു തൊഴിലാളിയുടെ ഏറ്റവും പ്രധാനപ്പെട്ട വിഭവം അയാളുടെ സമയമാണ്. ഒരു ദിവസം (എട്ടു പത്തു മണിക്കൂര്‍ കൊണ്ട്) എത്ര വരുമാനം ഉണ്ടാക്കാം എന്നതാണ് പ്രധാനം. അയാള്‍ ചെയ്യുന്ന തൊഴിലിന് (അല്ലെങ്കില്‍ ഉണ്ടാക്കുന്ന ഉത്പന്നതിന്) ഡിമാന്‍ഡ് ഉണ്ടാകണം; ഡിമാന്‍ഡ് കുറവാണെങ്കില്‍ അതുള്ള തൊഴില്‍ ചെയ്യാന്‍ കഴിയണം. ഒരു ദിവസത്തെ അധ്വാനം കൊണ്ട് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ കഴിയണം. ഡിമാന്‍ഡുള്ള തൊഴില്‍ കൂടുതല്‍ കാര്യക്ഷമതയോടുകൂടി ചെയ്യുമ്പോഴാണ് വരുമാനം കൂടുന്നത്. അതിന് അവരെ സഹായിക്കണം. ഇതാണ് സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെ സഹായിക്കാനുള്ള ഏറ്റവും ശരിയായ വഴി.

എങ്ങനെയാണ് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുന്നത്? ഒരു കൃഷിക്കാരന് ഇപ്പോള്‍ ഒരു ഏക്കര്‍ ഭൂമിയുണ്ടെന്ന് കരുതുക. ആ സ്ഥാനത്ത് അയാള്‍ക്ക് രണ്ടേക്കര്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞാല്‍, അയാള്‍ ചെലവഴിക്കുന്ന സമയംകൊണ്ട് കൂടുതല്‍ വരുമാനം കിട്ടും. ഒരു മേശിരി കൈ കൊണ്ട് ചെയ്യുന്ന മരപ്പണിയില്‍ ഒരു വൈദ്യുതി-ട്രില്ലര്‍ (യന്ത്രം) ഉപയോഗിച്ചാല്‍ അയാള്‍ ചെലവഴിക്കുന്ന സമയത്തിനുള്ളില്‍ കൂടുതല്‍ വരുമാനം കിട്ടും. എന്നാല്‍ ആധുനിക സാമ്പത്തിക വ്യവസ്ഥയില്‍ കൂടുതലാളുകളുടെ ഉത്പാദനക്ഷമത കൂടുതല്‍ വര്‍ധിക്കുന്നത് അറിവും വിദ്യാഭ്യാസവും കൊണ്ടാണ്. ആ അര്‍ഥത്തില്‍ ഭൂമി കൊടുത്തും യന്ത്രം വാങ്ങാനുള്ള ധനസഹായം കൊണ്ടും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കിലും ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം നല്‍കുകയെന്നതാണ് ഏറ്റവും ഫലപ്രദം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കഴിവ് വര്‍ധിപ്പിക്കാനുള്ള പരിശീലനവുമാകാം.

എന്നാല്‍ ഇക്കാര്യത്തില്‍ നമ്മള്‍ വ്യക്തികളും സമൂഹവും ഏറെ തെറ്റ് വരുത്താറുണ്ട്. ഉപഭോഗത്തിന് നല്‍കുന്ന സഹായം കാരണം തൊഴില്‍ എടുക്കാനുള്ള പ്രേരണ കുറയ്ക്കും. തൊഴിലില്‍ നിന്നുള്ള നിന്നുള്ള വരുമാനം കുറയുമ്പോള്‍ നല്‍കുന്ന സഹായം സ്വന്തം കാലില്‍ നില്‍ക്കാനോ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനോ സഹായിക്കാത്ത തരത്തിലുള്ളതായിരിക്കും. (കൃഷിക്കാര്‍ക്ക് വരുമാനം കുറവാണെങ്കില്‍ കൂടുതല്‍ സബ്‌സിഡി നല്‍കും. എന്നാല്‍ അത് ഉത്പാദനക്ഷമത കൂട്ടണം എന്നില്ല).

ഇങ്ങനെ സഹായം കിട്ടുന്നവര്‍ നിരന്തരം അത് കിട്ടിയാലേ ജീവിക്കാന്‍ കഴിയൂ എന്ന അവസ്ഥ ഉണ്ടാകുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?

1. നമ്മള്‍ മറ്റുള്ളവരെ സഹായിക്കുന്നത് വൈകാരികമായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ യുക്തിചിന്ത കുറയുന്നു.

2. സമൂഹത്തിന്റെ കാര്യത്തില്‍ എങ്ങനെ സഹായം നല്‍കണമെന്ന് തീരുമാനിക്കുന്നതില്‍ 'ഇടനിലക്കാര്‍' സ്വാധീനം ചെലുത്തുന്നു. പലപ്പോഴും എങ്ങനെ സഹായം നല്‍കണം എന്നതില്‍ ഇടനിലക്കാര്‍ക്ക് എന്ത് നേട്ടം കിട്ടും എന്ന ചിന്തയും കടന്നുവരും.
 

Tags: How to help the poor
»  News in this Section