എം.ഡി.യല്ല, ചീഫ് മാള്‍ മെക്കാനിക്ക്‌

Posted on: 28 Nov 2012


രാധാകൃഷ്ണന്‍ നരിപ്പറ്റബുധനാഴ്ച പുലര്‍ച്ചെ മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന സുശീല്‍ ഡുങ്കര്‍വാള്‍ പകല്‍ മുഴുവന്‍ കൊച്ചിയിലെ ലുലു മാളിന്റെ അവസാനമിനുക്കുപണികള്‍ സംബന്ധിച്ച് എംകേ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ.യൂസുഫലിയുമായി ചര്‍ച്ചയിലായിരുന്നു. പിന്നെ കോഴിക്കോട്ടേക്ക്. നാലര മണിക്കൂര്‍ ഡ്രൈവിങ്. പിറ്റേന്ന് രാവിലെ 9.30 ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദുമായി പുതിയമാളുകള്‍ പണിയുന്നത് സംബന്ധിച്ച് വിശദമായ കൂടിക്കാഴ്ച. സന്ധ്യയ്ക്ക് മുംബൈയിലെത്തിയാല്‍ ഓഫീസില്‍ അല്‍പ നേരം.. പിറ്റേന്ന് രാവിലെ ഭോപ്പാലിലേക്ക്. അവിടെ നാലു ലക്ഷം ചതുരശ്രയടിയില്‍ ഉയരുന്ന ആഷിമ മാള്‍ സംബന്ധിച്ച് ഉടമകളുമായി അവലോകനം. മുംബൈയില്‍ തിരിച്ചെത്തിയാല്‍ അടുത്താഴ്ച ഡല്‍ഹിയിലേക്ക് . തലസ്ഥാന നഗരിയില്‍ ഒമാക്‌സിന്റെ മാള്‍ 14 ലക്ഷം ചതുരശ്രയടിയിലാണ് വിഭാവനം ചെയ്യുന്നത്. മറ്റൊന്ന് ഗ്രേറ്റര്‍ നോയിഡയില്‍. മുംബൈയിലാണെങ്കില്‍ നെപ്ട്യൂണ്‍ മാഗ്നെറ്റ് മാള്‍ 11 ലക്ഷം ചതുരശ്രയടിയിലാണ്. വേറൊന്ന് ലോണാവാലയിലും.

ഇന്ത്യയിലെങ്ങും പറന്നുനടന്ന് മാളുകള്‍ ആസൂത്രണം ചെയ്തും രൂപകല്‍പന ചെയ്ത് മനോഹരസൗധങ്ങളായി പണിതൊരുക്കിയും രാജ്യത്തിന്റെ മുഖച്ഛായ മാറ്റുകയാണ് രാജസ്ഥാന്‍കാരനായ സുശീല്‍ ഡുങ്കര്‍വാള്‍ എന്ന ചീഫ് മാള്‍ മെക്കാനിക്ക്.മുംബൈ ആസ്ഥാനമായുള്ള ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് എന്ന സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ ഡുങ്കര്‍വാള്‍ ചീഫ് എക്‌സിക്യൂട്ടീവ്, മാനേജിങ് ഡയറക്ടര്‍ പദവികള്‍ക്ക് പകരം സ്വയം അവരോധിച്ചിരിക്കുന്നത് ചീഫ് മാള്‍ മെക്കാനിക്ക് എന്ന സ്ഥാനത്താണ്. കേരളത്തില്‍ നിലവില്‍ നാല് മാളുകളുടെ നിര്‍മാണ ഉപദേശം ഏറ്റെടുത്തിരിക്കയാണിവര്‍. കൊച്ചി ഇടപ്പള്ളിയില്‍ ഒരുങ്ങിവരുന്ന ലുലു മാള്‍, കോഴിക്കോട് മാവൂര്‍ റോഡിലെ ഗോകുലം ഗലേറിയ, കൊല്ലത്ത് പുനര്‍നിര്‍മാണം നടത്തിവരുന്ന ആര്‍.പി. മാള്‍, തൃശൂര്‍ ഹൈവേയില്‍ മലബാര്‍ ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്ന മാള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ 16 മാളുകളുടെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന കമ്പനി ഖത്തറിലെ ദോഹയില്‍ കുട്ടികള്‍ക്കായി നിര്‍മിച്ചൊരുക്കിയ പാര്‍ക്കോസ് മാള്‍ തുറന്നുകഴിഞ്ഞു. എം.ബി.എ. ബിരുദധാരിയായ ഇദ്ദേഹം കോഴിക്കോട്്്, ബാംഗഌര്‍, അഹമ്മദാബാദ് ഉള്‍പ്പെടെ ഇന്ത്യയിലെ 10 ടോപ്് ബിസിനസ്് സ്‌കൂളുകളില്‍ റീട്ടെയില്‍ മാനേജ്‌മെന്റില്‍ കഌസെടുക്കുന്നുമുണ്ട്.

നഗര പരിസരത്ത് വിശാലമായ സ്ഥലവും മനസ്സില്‍ മാള്‍ സ്വപ്‌നവുമുണ്ടങ്കില്‍ ഡുങ്കര്‍വാളിനെ ബന്ധപ്പെടാം. അവിടെ മാളിന്റെ സാധ്യതയെക്കുറിച്ച് വിശദമായ പഠനം തുടങ്ങും. സാമ്പത്തിക സാധ്യതകള്‍ ഉള്‍പ്പെടെ പരിഗണിച്ചശേഷം മാളിന്റെ വിസ്തീര്‍ണം തീരുമാനിച്ച്് രൂപകല്‍പനനടത്തും. നിര്‍മാണ മേല്‍നോട്ടം, വിപണനം തുടങ്ങി മാള്‍ മാനേജ്‌മെന്റ് വരെ കമ്പനി നിര്‍വ്വഹിക്കും. ഇന്റീരിയറിനുള്ള ഫിറ്റ്ഔട്ട്് മാനേജ്‌മെന്റ് മുതല്‍ റീട്ടയിലര്‍മാരെ കണ്ടെത്താനുള്ള ദൗത്യം വരെ ഇവര്‍ ഏറ്റെടുക്കും. മാള്‍ രൂപകല്‍പന ചെയ്യാന്‍ ഇവര്‍ക്ക് ഇന്‍ഹൗസ് സംവിധാനവുമുണ്ട്്്. ഫലത്തില്‍ പ്രമോട്ടര്‍ക്ക്്് അല്ലലൊന്നുമറിയാതെ കഴിയാം. രാജ്യത്തെ പ്രമുഖ മാള്‍ അഡൈ്വസറി കമ്പനിയായ ബിയോണ്ട്്് സ്‌ക്വയര്‍ഫീറ്റിന് കേരള വിപണിയേക്കുറിച്ചും ഇവിടുത്തെ ചെലവഴിക്കല്‍ രീതികളേക്കുറിച്ചും വിശദമായ സ്ഥിതിവിവരക്കണക്കുകളുണ്ട്്്.

കേരളത്തില്‍ 2015 നുള്ളില്‍ 50 മാളുകള്‍ ഉയരുമെന്ന്് അദ്ദേഹം വെളിപ്പെടുത്തി. ഇവ വ്യത്യസ്ത ഘട്ടങ്ങളിലാണുള്ളത്. മൊത്തം ഒന്നരക്കോടി ചതുരശ്രയടി വിസ്തീര്‍ണം വരുന്ന ഇവയ്ക്കാകെ ചെലവ്്് 45,000 കോടി രൂപ വരും. ഒരു ചതുരശ്രയടി മാള്‍ നിര്‍മിക്കാന്‍ സ്ഥലവില കൂടാതെ 3,200 രൂപ മുതല്‍ 3,500 രൂപ വരെയാകും. കേരളത്തില്‍ മാളുകളുടെ വസന്തകാലം വരാന്‍പോവുകയാണെന്ന്് ഡുങ്കര്‍വാള്‍ പറഞ്ഞു. ഗള്‍ഫിലെ മാളുകള്‍ കയറിയിറങ്ങുന്ന പ്രവാസികള്‍ക്ക് ഇന്ത്യയിലും അത്തരമൊരു ഷോപ്പിങ് അനുഭവം അനിവാര്യമാവുകയാണ്. മലബാര്‍ ഗ്രൂപ്പിനു പുറമേ ഹൈലൈറ്റ്, ജോയ് ആലൂക്കാസ്, യൂണിടെക് തുടങ്ങിയവരെല്ലാം കേരളത്തില്‍ മാള്‍ നിര്‍മാണ പദ്ധതികളുമായി മുന്നേറുകയാണ്്. തിരുവനന്തപുരം, തൃശ്ശൂര്‍, കൊച്ചി, കോഴിക്കോട്, പാലക്കാട്, കോട്ടയം, കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളിലെല്ലാം പുതിയ മാളുകള്‍ ഉയര്‍ന്നുവരും. ഇന്ത്യയിലിപ്പോള്‍ 350 മാളുകളാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടു മൂന്നു വര്‍ഷത്തിനകം 750 എണ്ണം കൂടി തുറക്കാനിരിക്കയാണ്.ഫിബ്രവരി 3ന് ഉദ്ഘാടനം നിശ്ചയിച്ചിട്ടുള്ള ലുലു മാള്‍ കേരളീയര്‍ക്ക് അന്താരാഷ്ട്ര ഷോപ്പിങ് അനുഭവമാണ് പ്രദാനം ചെയ്യുക. 12 ഏക്കര്‍ സ്ഥലത്ത് 16 ലക്ഷം ചതുരശ്രയടിയിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഒരുങ്ങുന്നത്. ബാംഗളൂരിലെ മന്ത്രി മാളിനും ചെന്നൈയിലെ എക്‌സ്പ്രസ് അവന്യൂവിനും 10 ലക്ഷം ചതുരശ്രയടി വീതം വിസ്തീര്‍ണമേയുള്ളൂ. രണ്ടുലക്ഷം ചതുരശ്രയടിയിലുള്ളതായിരിക്കും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. പശ്ചിമേഷ്യയില്‍ നിന്നുള്ള ഫാമിലി എന്റര്‍ടെയിന്‍മെന്റ്് ബ്രാന്‍ഡായ സ്പാര്‍ക്കീസ് ലുലുവിന്റെ ആകര്‍ഷണമായിരിക്കും. സ്‌പെയിനില്‍ നിന്നുള്ള ജാക്ക് ആന്‍ഡ് ജോണ്‍സ്, അമേരിക്കന്‍ ബ്രാന്‍ഡുകളായ മക്‌ഡൊണാള്‍ഡ്‌സ്, കെ.എഫ്.സി., ഇന്ത്യന്‍ ബ്രാന്‍ഡുകളായ ജോയ് ആലൂക്കാസ്, സ്റ്റാര്‍ ഗോള്‍ഡ്, മലബാര്‍ തുടങ്ങിയവയും അണിനിരക്കുന്നുണ്ട്്. ബ്രിട്ടനിലെ അട്കിന്‍സാണ് ലുലു രൂപകല്‍പന ചെയ്തത്.

മാള്‍ ഓഫ് ജോയ് എന്ന പേരില്‍ ജോയ് ആലൂക്കാസ് 12 മാളുകളാണ് കേരളത്തില്‍ പണിയുന്നത്. 160 കോടി രൂപ ചെലവിലാണ് ഗോകുലം ഗ്രൂപ്പ് കോഴിക്കോട്ട് ഗോകുലം ഗലേറിയ നിര്‍മിച്ചുവരുന്നത്. ബേബി മെമ്മോറിയല്‍ ആസ്പത്രിക്ക് അഭിമുഖമായി മൂന്നര ഏക്കര്‍ സ്ഥലത്ത് നാലു നിലകളിലായി പണിയുന്ന ഗലേറിയ 2013 അവസാനത്തോടെ സജ്ജമാകും. രണ്ടുലക്ഷം ചതുരശ്രയടിയില്‍ ഹോട്ടലും കണ്‍വെന്‍ഷന്‍ സെന്ററുമുള്‍പ്പെടെ മൊത്തം അഞ്ചര ലക്ഷം ചതുരശ്രയടിയായിരിക്കും ഇതിന്റെ വിസ്തീര്‍ണം. റിലയന്‍സിന്റെ ഹൈപ്പര്‍മാര്‍ക്കറ്റായ റിലയന്‍സ് മാര്‍ക്കറ്റ്‌സ്, ടാറ്റയുടെ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോറായ വെസ്റ്റ്‌സൈഡ്, മെക്‌സിക്കന്‍ സിനിമാശ്രൃംഖലയായ സിനിപൊളിസ്, സ്പാനിഷ് ബ്രാന്‍ഡുകളായ ജാക്ക് ആന്‍ഡ് ജോണ്‍സ്, വെരാമോഡ എന്നിവയ്ക്ക് പുറമേ കെ.എഫ്.സി., മക്‌ഡൊണാള്‍ഡ്‌സ്, വുഡ്‌ലാന്‍ഡ്‌സ് എന്നിവയും എത്തും. ഒപ്പം മെക്‌സിക്കന്‍ സിനിമാശ്രൃംഖലയായ സിനിപൊളിസ് ആറു സ്‌ക്രീനുകളൊരുക്കും.

കൊല്ലത്ത് 70 കോടി രൂപ ചെലവില്‍ പണിത ആര്‍.പി. മാള്‍ ഇപ്പോള്‍ മുഖം മിനുക്കിവരികയാണ്. രവിപിള്ള ഗ്രൂപ്പ് ഏറ്റെടുത്തശേഷം ഇത് റീഡിസൈന്‍ ചെയ്ത് യഥാര്‍ഥ ഷോപ്പിങ് കേന്ദ്രമാക്കുകയാണ്. അതോടെ മൊത്തം ഷോപ്പിങ് ഏരിയ രണ്ടുലക്ഷം ചതുരശ്രയടിയായി ഉയരും. 17 അടുക്കളകളുള്ള ഫുഡ്‌കോര്‍ട്ടും മിനിപ്‌ളെക്‌സും കൊല്ലത്തിന് പുതിയ അനുഭവമായിരിക്കും. അവിടത്തെ പ്രഥമ ഫാമിലി എന്റര്‍ടെയിന്‍മെന്റ് കേന്ദ്രമാകും ഇത്. 2013 ന്റെ ആദ്യപാദത്തില്‍ 27 ബ്രാന്‍ഡുകളോടെ ആര്‍.പി.മാള്‍ പുനരവതരിപ്പിക്കുമെന്ന് ഡുങ്കര്‍വാള്‍ വെളിപ്പെടുത്തി. മലബാര്‍ ഗ്രൂപ്പ് തന്നെയാണ് മാള്‍ മാനേജ് ചെയ്യുന്നത്.

തൃശ്ശൂരില്‍ മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ 22 ഏക്കര്‍ സ്ഥലത്താണ് ആസൂത്രണം ചെയ്യുന്നത്. ഹോട്ടലും ഭവനസമുച്ചയവും ആഭരണക്കടകളും ഇതിന്റെ ഭാഗമായുണ്ടാകും. തിരുവനന്തപുരം, കോയമ്പത്തൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും ഇവര്‍ക്ക് മാള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഒരു മാള്‍ ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ രണ്ട് ഏക്കറിലേറെ സ്ഥലവും മൂന്ന് - മൂന്നര ലക്ഷം ചതുരശ്രയടിവിസ്തീര്‍ണവും വേണമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഡുങ്കര്‍വാള്‍ പറയുന്നു. സ്ഥലവില കൂടാതെ ചുരുങ്ങിയത്് 100- 150 കോടി രൂപ മുടക്കേണ്ടിവരും. ഉപഭോക്തൃ സൗഹൃദ രൂപകല്‍പനയും പ്രശസ്തരായ റീട്ടെയിലര്‍മാരും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. രാജ്യത്തെ 400 ബ്രാന്‍ഡുകളില്‍ കുറേയെണ്ണവും 1200 പ്രാദേശിക - മേഖലാബ്രാന്‍ഡുകളില്‍ പലതും അവിടെ സ്ഥാനം പിടിക്കണം.

മാള്‍ വികസനം ചെറുകിട വ്യാപാരത്തെ ബാധിക്കില്ലേ എന്നാരാഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി കേള്‍ക്കുക: ചെറുകിടക്കാര്‍ ഇന്ത്യയില്‍ ഒരിക്കലും അപ്രത്യക്ഷമാകില്ല. വലിയ റീട്ടെയിലര്‍ക്കും ചെറുകിടക്കാര്‍ക്കും അവരുടേതായ സ്‌പേസ് ഉണ്ട്. പക്ഷേ അവര്‍ കാലത്തിനൊത്ത് മാറണം. ഞാന്‍ രണ്ടാഴ്ച മുമ്പ് മിഠായി തെരുവിലും ചെറൂട്ടി റോഡിലുമൊക്കെ പോയി. അവിടെയെല്ലാം പൊടിപൊടിച്ച കച്ചവടമാണ്. മാള്‍ വന്നതുകൊണ്ട് ആരും കട പൂട്ടിയിട്ടില്ല. ഇതുതന്നെ ഇന്ത്യയിലെങ്ങുമുള്ള അനുഭവം. മാത്രമല്ല,മാള്‍ സംസ്‌കാരം രാജ്യത്ത് ഒട്ടേറെ പുതിയ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യും.


Tags: Susheel Dunkarwall works beyond square feets
»  News in this Section