
ബാംഗ്ലൂര്‍: മാസങ്ങളായി നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് വ്യോമയാന വകുപ്പ് ഡയറക്ടറേറ്റ് ജനറല്‍ (ഡി.ജി.സി.എ) റദ്ദാക്കി. ഡിജിസിഎ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. ജീവനക്കാരുടെ സമരം മൂലം ഒക്ടോബര്‍ ഒന്നു മുതല്‍ ലോക്കൗട്ടിലായിരുന്നു കമ്പനി. ഏഴു മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് എന്‍ജിനീയര്‍മാരും പൈലറ്റുമാരും സമരം ചെയ്തത്.
മുന്‍കൂര്‍ അനുമതി ഇല്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതു സംബന്ധിച്ചും ജീവനക്കാര്‍ക്ക് ഏഴു മാസമായി ശമ്പളം നല്‍കാത്തതു സംബന്ധിച്ചും കാരണംബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎ കമ്പനിക്ക് ഷോക്കോസ് നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. കാരണംകാണിക്കല്‍ നോട്ടീസിന് വെള്ളിയാഴ്ച കമ്പനി മറുപടി നല്‍കിയെങ്കിലും സര്‍വീസുകള്‍ സംബന്ധിച്ച് വിശദമായ പ്ലാന്‍ നല്‍കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. സമരം ഒത്തുതീര്‍പ്പാക്കാനും വിശദമായ ഫ്ലൈറ്റ് പ്ലാന്‍ സമര്‍പ്പിക്കാനും കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് കിങ്ഫിഷര്‍ മുന്നോട്ടുവച്ചത്.
ഇതെത്തുടര്‍ന്നാണ്, വിമാനക്കമ്പനിയുടെ ഫ്ലയിങ് ലൈസന്‍സ് താത്ക്കാലികമായി റദ്ദാക്കാന്‍ ഡിജിസിഎ തീരുമാനിച്ചത്. കഴിഞ്ഞ പത്തു മാസത്തിനിടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മുന്‍കൂര്‍ അനുമതി ഇല്ലാതെ നിരവധി തവണ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതു യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഡിജിസിഎ വിലയിരുത്തുന്നു. ജീവനക്കാര്‍ക്ക് ഏഴു മാസമായി ശമ്പളം നല്‍കാത്തത്, സര്‍വീസുകളുടെ സുരക്ഷയെ ബാധിക്കുമെന്നും ഡിജിസിഎ കണ്ടെത്തി.
മദ്യ വ്യവസായി വിജയ് മല്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 2005ലാണ് സര്‍വീസ് ആരംഭിച്ചത്. അന്നു മുതല്‍ ഇതുവരെ ലാഭം നേടിയിട്ടില്ലാത്ത കമ്പനി ഇതിനിടെ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ ആരംഭിച്ച എയര്‍ ഡെക്കാന്‍ എന്ന വിമാനക്കമ്പനിയെയും ഏറ്റെടുത്തു. 7,500 കോടിയിലേറെ രൂപയുടെ കടബാധ്യതയുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കഴിഞ്ഞ ഒരു മാസമായി നിശ്ചലമാണ്.