
ന്യൂഡല്‍ഹി: ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് സപ്തംബറിലെ പണപ്പെരുപ്പം കഴിഞ്ഞ 10 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 7.8 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ നവംബറിനുശേഷം ആദ്യമായാണ് പണപ്പെരുപ്പം ഇത്രയും ഉയരുന്നത്. ഇതോടെ സമീപകാലത്ത് റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യതയ്ക്കും മങ്ങലേറ്റു.
വ്യാവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി ഒക്ടോബര്‍ 30-ന്റെ പണ-വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചിരിക്കുന്നത്.
ആഗസ്തില്‍ 7.55 ശതമാനമായിരുന്ന പണപ്പെരുപ്പം ഇക്കുറി 7.7 ശതമാനത്തിനുള്ളിലായിരിക്കുമെന്നായിരുന്നു സര്‍വെ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നത്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് ഇപ്പോഴുള്ളതെങ്കിലും പണപ്പെരുപ്പ നിരക്ക് ഒട്ടും ആശാവഹമല്ല. ഈ സാഹചര്യത്തില്‍ പലിശനിരക്ക് കുറയ്ക്കുന്ന കാര്യം ആലോചിക്കാനേ കഴിയില്ല എന്നാണ് ആര്‍.ബി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചത്. 4-5 ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തണമെന്നതാണ് ആര്‍.ബി.ഐയുടെ ലക്ഷ്യം.
സപ്തംബറിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കാണിക്കുന്നത് റിസര്‍വ് ബാങ്കില്‍ നിന്ന് ആശ്വാസമൊന്നും ലഭിക്കില്ല എന്നാണെന്ന് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ സാമ്പത്തിക വിദഗ്ദ്ധന്‍ ജ്യോതീന്ദര്‍കൗര്‍ പറഞ്ഞു. എന്നാല്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ ചുവടുപിടിച്ച് ചിലപ്പോള്‍ കരുതല്‍ ധനാനുപാതം കുറച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ 4.5 ശതമാനമാണ് കരുതല്‍ ധനാനുപാതം.
സപ്തംബര്‍ 13ന് സര്‍ക്കാര്‍ ഡീസല്‍ വില വര്‍ധിപ്പിച്ചതാണ് പണപ്പെരുപ്പം ഉയര്‍ത്തിയ പ്രധാന ഘടകം. സപ്തംബറിലെ ഇന്ധന വിലവര്‍ധന 11.9 ശതമാനമായാണ് ഉയര്‍ന്നത്. ആഗസ്തില്‍ ഇത് 8.32 ശതമാനമായിരുന്നു.
ഇന്ധന വിലക്കയറ്റം മൂലം ഡിസംബര്‍ അവസാനം വരെ പണപ്പെരുപ്പം ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.