മാധ്യമങ്ങളുടെ സാമ്പത്തിക ശാസ്ത്രം

Posted on: 31 Aug 2012


വി.ശാന്തകുമാര്‍




മാധ്യമങ്ങളെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ചില പ്രതീക്ഷകളും പരാതികളും ഒക്കെയുണ്ട്. മാധ്യമങ്ങള്‍ എപ്പോഴും സത്യസന്ധവും ജനങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദവുമായി പ്രവര്‍ത്തിക്കേണ്ടവരാണെന്നാണ് നല്ലൊരു വിഭാഗം ആളുകളും പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്യാത്തപ്പോള്‍ നമ്മള്‍ മറ്റു കാര്യങ്ങളിലെന്നപോലെ ഇടിയുന്ന മൂല്യബോധത്തെ കുറിച്ച് സംസാരിക്കും. ചില രാഷ്ട്രീയ പാര്‍ട്ടികള്‍, കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ ഒരു സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിക്കുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അവര്‍ക്ക് പത്രമുതലാളിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന വാഹനമാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ ചില കച്ചവട താല്പര്യങ്ങളുടെ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന ആശങ്കയും വ്യാപകമാണ്. ഈ പ്രതീക്ഷകളും ആശങ്കകളും പരാതികളും മാധ്യമം എന്ന സേവനത്തിന്റെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് വേണ്ടത്ര ചിന്തിക്കാതെ രൂപീകരിക്കപെടുന്നതാണ് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം.

മാധ്യമം 'വിവരം' നല്‍കുന്ന സേവനമാണ്. മറ്റു സേവനങ്ങളുമായി (ഉദാ: ഒരു ദന്ത ഡോക്ടറുടെ) തട്ടിച്ചു നോക്കുമ്പോള്‍ ഈ സേവനത്തിന് ഒരു അടിസ്ഥാന വ്യത്യാസമുണ്ട്. വിവരം ഒരാള്‍ക്ക് കൊടുത്തു കഴിഞ്ഞാല്‍ അത് കിട്ടിയ ആള്‍ക്ക് മറ്റുള്ളവരിലേക്ക് പണം വാങ്ങിയോ അല്ലാതേയോ നല്‍കാന്‍ കഴിയും. ചുരുക്കത്തില്‍, ആദ്യമായി 'സേവനം' നല്‍കിയ ആള്‍ക്ക് അത് കിട്ടിയ ആളുകളില്‍ നിന്നെല്ലാം പണം കിട്ടുന്നതിനു തടസ്സമാകും. പത്രമുടമക്ക് പത്രം വായിക്കുന്ന ആളുകളില്‍ നിന്നെല്ലാം പണം കിട്ടുന്നില്ലല്ലോ. ടിവി പരിപാടികള്‍ കാണുന്ന എല്ലാവരും കമ്പനിക്ക് പണം നല്‍കുന്നില്ലല്ലോ. ഇത് കാരണം വിവരം നല്‍കല്‍ എന്ന സേവനം അത് കിട്ടുന്നവരില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം മാത്രം ഉപയോഗിച്ച് നഷ്ടമില്ലാതെ നടത്താന്‍ കഴിയില്ല. ആദ്യകാലങ്ങളില്‍ പത്രനടത്തിപ്പ് ലാഭകരമായ പ്രവര്‍ത്തനമായി കണക്കാക്കാതിരുന്നതിനും ഇത് ഒരു കാരണമായിരുന്നിരിക്കും. സാമൂഹ്യ സേവനമോ മറ്റു ബിസിനസ്സുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചു നടത്തുന്ന (എന്നാല്‍ അത്തരം ബിസിനസ്സുകളെയും തങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ താല്പര്യങ്ങളെയും സഹായിക്കുന്ന) ഒരു പ്രവര്‍ത്തനമായിട്ടാണ് മാധ്യമ പ്രവര്‍ത്തനത്തെ കണ്ടിരുന്നത്.

അതല്ലെങ്കില്‍ സര്‍ക്കാര്‍ നടത്തുന്ന അല്ലെങ്കില്‍ സഹായം നല്‍കുന്ന ഒരു സേവനമായിരുന്നു മാധ്യമം. പക്ഷെ സരക്കാരിനെ ആശ്രയിക്കുമ്പോള്‍, (അത് ഏത് സര്‍ക്കാരായാലും) വേറെ ചില കുഴപ്പങ്ങളുണ്ട് എന്നു നമുക്കെല്ലാവര്‍ക്കും അറിയാം. സര്‍ക്കാരിനു താല്പര്യമില്ലാത്ത 'വിവരങ്ങള്‍' മാധ്യമങ്ങള്‍ വഴി ജനം അറിയാതിരിക്കും. മാത്രമല്ല മാധ്യമം ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ സഹായം നല്‍കിയാല്‍, ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താല്പര്യം കുറയും. അപ്പോള്‍ പിന്നെ അത് സര്‍ക്കാരിന്റെ ഒരു ഗസറ്റ് പോലെ ആയിത്തീരും. അതുകൊണ്ട് സര്‍ക്കാരുകളെ മാത്രം ആശ്രയിക്കുന്ന മാധ്യമങ്ങള്‍ക്ക് പൊതുവേ വേണ്ടത്ര സ്വീകാര്യത കിട്ടണമെന്നില്ല.

എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ ലാഭമുണ്ടാക്കുന്ന ബിസിനസ്സായി മാറിയിട്ടുണ്ട്. രണ്ടു സ്രോതസ്സുകളില്‍ നിന്നാണ് വരുമാനം എന്നും നമുക്കറിയാം. പരസ്യവും വരിസംഖ്യയും (ചില ടിവി ചാനല്‍ കമ്പനികള്‍ക്ക് കേബിള്‍ അല്ലെങ്കില്‍ ഉപഗ്രഹംവഴി വിതരണം നടത്തുന്ന ഇടനിലക്കാരില്‍ നിന്നും കിട്ടുന്ന വരുമാനവും). വാങ്ങുന്ന ആള്‍ക്കാരുടെ എണ്ണം കൂടിയാല്‍ വരിസംഖ്യ കൂടും. മാത്രമല്ല ഒരു കുടുംബത്തില്‍ നിന്നും ഒരു മാധ്യമത്തിനു ഒരു വരിക്കാരനേ ഉണ്ടാകൂ. ഒരു കുടുംബത്തില്‍ നിന്നും കിട്ടുന്ന വരിസംഖ്യ തീരെ ചെറിയ തുകയാണ്. അതുകൊണ്ടുതന്നെ വാങ്ങുന്നവരുടെ എണ്ണം മാധ്യമ സേവനത്തില്‍ പ്രധാനമാണ്. (ഏതാണ്ട് ഇത് രാഷ്ട്രീയ സേവനം പോലെയാണ്. ഒരാളില്‍ നിന്നും പരമാവധി കിട്ടാവുന്ന പ്രതിഫലം ഒരു വോട്ടു മാത്രമാണ്......കൈക്കൂലി ഇല്ലെങ്കില്‍.)

പരസ്യവരുമാനം രണ്ട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും. മാധ്യമസേവനം വാങ്ങുന്ന ആളുകളുടെ എണ്ണവും അവരുടെ വാങ്ങല്‍ ശേഷിയും. വാങ്ങല്‍ ശേഷി വരിക്കാരുടെ വരുമാനത്തെ ആശ്രയിച്ചിരിക്കും. അങ്ങനെ പരസ്യ വരുമാനവും വരിസംഖ്യയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു.

ചില പരസ്യക്കാര്‍ക്ക് അവര്‍ക്ക് ജനങ്ങളെ അറിയിക്കേണ്ട കാര്യം 'പരസ്യം' ആയി നല്‍കിയാല്‍ ഉദ്ദേശിച്ച ഗുണം ഉണ്ടാകില്ല. അവര്‍ക്ക് ഗുണമുള്ള കാര്യം വാര്‍ത്തയായിവരണം. കേരളത്തിലെ ചില പുതിയ 'അമ്പല'ക്കമ്പനികള്‍ അതിനായി മാധ്യമങ്ങളെ സ്വാധീനിക്കാറുണ്ടത്രേ. ഇങ്ങനെ ഗുണം കിട്ടിയാല്‍ മാധ്യമങ്ങളും തങ്ങളുടെ വാര്‍ത്ത! 'ചില' പരസ്യക്കാരുടെ താല്പര്യത്തിനൊത്തു മാറ്റിയേക്കാം. ഒരു പത്രത്തിനു ഒരു കെട്ടിടവും പണിയാതെ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനി തുടങ്ങാം. 'മിച്ചമുള്ള' പരസ്യസ്ഥലം തങ്ങള്‍ക്കു കൂടുതല്‍ കമ്മിഷന്‍ തരുന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ പരസ്യം നല്‍കി, അല്ലെങ്കില്‍ തങ്ങളുടെ മിച്ചമുള്ള പരസ്യ സ്ഥലം ഉപയോഗപ്പെടുത്തി മറ്റു കമ്പനികളുടെ വിപണന ജോലിയുടെ കരാര്‍ ഏറ്റെടുക്കാന്‍ മാധ്യമകമ്പനികള്‍ തയ്യാറായേക്കും. ഇവയൊക്കെ ശരിയായ വിവരത്തിനു മാധ്യമങ്ങളെ ആശ്രയിക്കുന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇക്കാര്യങ്ങളില്‍ പ്രസ് കൗണ്‍സില്‍ പോലുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും അത്ര ഫലപ്രദം ആവണമെന്നില്ല.

പത്രങ്ങള്‍ക്കു വരിക്കാരുടെ എണ്ണം കൂടുന്തോറും ഒരാള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ട തുക വളരെ കുറയും. വിവര ശേഖരണത്തിനും ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനും ഉള്ള ചെലവു വരിക്കാരുടെ എണ്ണം കൂടുന്തോറും ഓരോ വരിക്കാരന്റെയും അക്കൗണ്ടില്‍ പെടുത്തേണ്ട ചെലവു കുറയും. അത് ഏതാണ്ട് പൂജ്യത്തിനു അടുതെത്തും. ധാരാളം വിറ്റഴിയുന്ന പത്രങ്ങള്‍ ഓരോ കോപ്പിക്കും വേണ്ട കടലാസ്സിന്റെ വിലക്ക് വിറ്റഴിക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാകും. ഇത് ഇവക്കു കൂടുതല്‍ വരിക്കാരെ ഉണ്ടാക്കും. ഇതിനു പുറമേ, ഒരു പത്രം കൂടുതല്‍ ആളുകള്‍ വായിക്കുമ്പോള്‍, ഒരു മാധ്യമം കൂടുതല്‍ ആളുകള്‍ കാണുമ്പോള്‍, വീണ്ടും കൂടുതല്‍ ആളുകള്‍ക്ക് അത് കാണാന്‍/വായിക്കാന്‍ താല്പര്യം കൂടും. അധികം വരിക്കാരില്ലാത്ത മാധ്യമങ്ങളെ ഇതൊക്കെ സമ്മര്‍ദ്ദത്തിലാക്കും. മുകളില്‍ സൂചിപ്പിച്ച എണ്ണം കൂട്ടേണ്ട ആവശ്യവും, എണ്ണം കൂടിയാല്‍ കുറഞ്ഞ ചെലവില്‍ വില്‍ക്കാന്‍ കഴിയുന്ന സാഹചര്യവും കൂടി വായിച്ചാല്‍ വളരെ കൂടുതല്‍ വരിക്കാരുള്ള ചില മാധ്യമങ്ങള്‍ മാത്രം സാമ്പത്തികമായി സ്വയം നിലനില്‍ക്കുകയും മറ്റുള്ളവ മറ്റെന്തിങ്കിലും പ്രത്യേക കാരണങ്ങള്‍ ഇല്ലെങ്കില്‍ നഷ്ടം വന്നു പൂട്ടിപ്പോകാനുള്ള സാധ്യതയും സൃഷ്ടിക്കുന്നു.

അങ്ങനെയെങ്കില്‍, എന്തേ കേരളത്തില്‍ ധാരാളം ചെറുകിട പത്രങ്ങള്‍ നിലനിക്കുന്നതിനു കാരണം? ഒന്ന് സമൂഹത്തില്‍ വ്യത്യസ്ത രാഷ്ട്രീയ, സാമൂഹ്യ (ജാതി ഉള്‍പ്പെടെ) താല്പര്യങ്ങള്‍ ഉള്ളതുകൊണ്ട് ആ താല്പര്യങ്ങള്‍ക്ക് വേണ്ടി ചിലര്‍ പണം നല്‍കാന്‍ തയ്യാറാകും. ദേശാഭിമാനിയോ വീക്ഷണമോ ജന്മഭൂമിയോ തേജസ്സോ വരുത്തുന്നവര്‍ ആ പത്രം വരുത്തുന്നത് 'ഒരു പത്രം' എന്ന നിലക്കാവാനുള്ള സാധ്യത വളരെ വിരളം ആണല്ലോ? മാത്രമല്ല ഇവയുടെ വരിക്കാരില്‍ നല്ലൊരു പങ്കും മറ്റൊരു പത്രവും വായിക്കാനുള്ള സാധ്യതയുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ പരസ്യം ചെറുകിട പത്രങ്ങള്‍ക്കും നല്‍കും എന്നതും ചില ചെറുകിട പത്രങ്ങളുടെ നിലനില്‍പ്പിനു സഹായിക്കും. സര്‍ക്കാര്‍ പരസ്യവരുമാനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പത്രങ്ങളും പത്രപ്രവര്‍ത്തകരും കേരളത്തില്‍ ഉണ്ടത്രേ. (ഇവയൊക്കെ സാമ്പത്തികമായി സ്വയം നിലനിക്കുന്ന മാധ്യമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറത്താണ്.)

ഈ സാമ്പത്തിക സാഹചര്യങ്ങളുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്? ഒന്ന്: മാധ്യമങ്ങള്‍ വരിക്കാരെ വര്‍ധിപ്പിക്കാന്‍ നോക്കും. പരസ്യ വരുമാനവും വരിസംഖ്യയും വര്‍ധിപ്പിക്കാന്‍ നോക്കും. ഇത് രണ്ടും കൂടി വര്‍ധിപ്പിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും മാധ്യമങ്ങള്‍ നടത്തുന്നത്. ഇതിനായി വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണം. കൂടുതല്‍ ആള്‍ക്കാര്‍ വായിക്കാനായി മാധ്യമങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും കൂടുതല്‍ വോട്ടു കിട്ടാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തമ്മില്‍ സമാനത ഉണ്ട്. ഒരു സംസ്ഥാനത്ത് രണ്ട് പാര്‍ട്ടികളെ/മുന്നണികളെ ഉള്ളൂ എന്ന് കരുതുക. ഒന്ന് ദരിദ്രരുടെ പാര്‍ട്ടി, മറ്റൊന്ന് പണക്കാരുടെ പാര്‍ട്ടി. തല്കാലത്തേക്ക് അവിടെ പതിനൊന്നു വോട്ടര്‍മാര്‍ ഉണ്ടെന്നു കരുതുക. (ഇത് എത്ര ആയാലും കുഴപ്പമില്ല , പക്ഷെ ഉദാഹരണത്തിനായി ഈ ചെറിയ എണ്ണം എടുക്കുന്നു എന്ന് മാത്രം). അവരെ സാമ്പത്തിക ശേഷിക്കനുസരിച്ചു ഏറ്റവും പണക്കാരന്‍ മുകളിലും ഏറ്റവും പാവപ്പെട്ടവന്‍ അവസാനവും ആയി ഒരു ലിസ്റ്റ് തയ്യാറാക്കുന്നു എന്നിരിക്കട്ടെ. പണക്കാരുടെ പാര്‍ട്ടിക്ക് മുകളിലത്തെ ഒന്ന്, രണ്ട്, മൂന്നു, നാലു,...എന്നിവരുടെ വോട്ടുകള്‍ കിട്ടും. പാവപ്പെട്ടവന്റെ പാര്‍ട്ടിക്ക് താഴെ നിന്നും പതിനൊന്നു, പത്തു, ഒമ്പത്, എട്ടു,...എന്നിവരുടെ വോട്ടുകളും. പക്ഷെ ഒരു പാര്‍ട്ടിക്ക് ജയിക്കണമെങ്കില്‍ അഞ്ച്, ആറ്, എന്നിവരുടെ വോട്ടുകള്‍ കൂടി കിട്ടണം. അപ്പോള്‍ പാവപ്പെട്ടവന്റെ പാര്‍ട്ടിയും പണക്കാരുടെ പാര്‍ട്ടിയും അഞ്ചു, ആറ് എന്നിവരുടെ വോട്ടുകള്‍ കിട്ടാന്‍ വേണ്ടി ശ്രമിക്കും. അവരുടെ പ്രത്യയശാസ്ത്രവും വര്‍ഗതാല്‍പര്യവും അല്പം മയപ്പെടുത്തി ആണെങ്കിലും ജനാധിപത്യത്തില്‍ ജയിക്കാന്‍ വേണ്ടി ഇടത്തരക്കാരന്റെ വോട്ടിനു വേണ്ടി ശ്രമിക്കും.

ഇതിനു സമാനമായ ഒരു ഫലം മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരത്തിലും കാണാം. ഓരോ മാധ്യമത്തിനും വേണ്ടത് (പരസ്യ വരുമാനവും വര്‍ധിപ്പിക്കാന്‍ ഉതകുന്ന) വരിക്കാരുടെ എണ്ണം കൂട്ടലാണ്. രണ്ടു പ്രമുഖ മാധ്യമങ്ങള്‍ ഉണ്ടെങ്കില്‍ ഇരു കൂട്ടര്‍ക്കും ചില 'പരമ്പരാഗത' വരിക്കാര്‍ ഉണ്ടാകും. ഇതിനു പുറമേ ഓരോരുത്തരും മറ്റുള്ളവരുടെ പരമ്പരാഗത വരിക്കാരെയോ പുതിയ വരിക്കാരെയോ ആകര്‍ഷിക്കാന്‍ ശ്രമിക്കും. കൂടുതല്‍ ആളുകള്‍ വായിക്കുന്ന 'സാധനം' എഴുതാനായിരിക്കും താല്പര്യം എന്ന് പറയേണ്ടതില്ല. ഈ 'സാധനം' എപ്പോഴും ശരിയോ അര്‍ത്ഥപൂര്‍ണമോ, അല്ലെങ്കില്‍, സമൂഹത്തിനു ഏറ്റവും പ്രാധാന്യമുള്ളതോ ആവണമെന്നില്ല.

മാധ്യമ മുതലാളിയുടെ രാഷ്ട്രീയം, സാംസ്‌കാരിക ഇഷ്ടാനിഷ്ടം, അല്ലെങ്കില്‍ വര്‍ഗതാല്പര്യം ഒരു സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യം ആകണമെന്നില്ല. അതുകൊണ്ട് തന്നെ, മാധ്യമം സാമ്പത്തികമായി വിജയിക്കണമെങ്കില്‍ മുതലാളി സ്വന്തം താത്പര്യത്തില്‍ വെള്ളം ചേര്‍ത്തായാലും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ തന്റെ കമ്പനി നടത്തും. മുതലാളിമാരുടെ വര്‍ഗതാല്പര്യം പൂര്‍ണമായി മാധ്യമങ്ങളില്‍ പ്രതിഫലിക്കാതിരിക്കുന്നതിനു മറ്റൊരു കാരണം കൂടി ഉണ്ട്. ഒരു സോപ്പ് കമ്പനിയിലെ ജീവനക്കാരന്റെ വര്‍ഗതാല്പര്യം അയാളുണ്ടാക്കുന്ന സോപ്പില്‍ പ്രതിഫലിക്കില്ല. എന്നാല്‍ പത്രപ്രവര്‍ത്തകര്‍ ഉണ്ടാക്കുന്ന 'സാധനത്തില്‍' അവരുടെ വര്‍ഗതാല്പര്യം കൂടി പ്രതിഫലിക്കും. ഇതൊഴിവാക്കാന്‍ മാധ്യമ മുതലാളി ശ്രമിച്ചാല്‍ അത് ഏറെ ബുദ്ധിമുട്ടുള്ള പണിയാണ്. കേരളം പോലുള്ള പ്രദേശത്ത് പത്രമുടമ സമ്പന്ന വിഭാഗത്തില്‍ നിന്നാണെങ്കിലും പത്രപ്രവര്‍ത്തകര്‍ ഇടത്തരക്കാരായിരിക്കും. അതുകൊണ്ടുതന്നെ 'സമ്പന്നര്‍' നടത്തുന്ന മാധ്യമങ്ങളിലെ ഉള്ളടക്കം ഇടത്തരക്കാരുടെ താല്പര്യങ്ങള്‍ പ്രതിഫലിക്കുന്നതാകുന്നതില്‍ അത്ഭുതമില്ല.

കേരളത്തില്‍ വിവാദമായിട്ടുള്ള വിവിധ വിഷയങ്ങള്‍ പരിശോധിച്ചാല്‍ മാധ്യമങ്ങള്‍ എടുത്തിട്ടുള്ള നിലപാടുകളില്‍ ഈ താല്പര്യം കാണാം. (ആ നിലപാടുകള്‍ എല്ലാം ശരിയാണെന്ന് അല്ല ഇവിടെ വാദിക്കുന്നത്.) ചില നേതാക്കള്‍ അല്ലെങ്കില്‍ പാര്‍ട്ടികള്‍ തങ്ങള്‍ക്കെതിരായ ധാരാളം വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ ഉത്സാഹം കാണിക്കുമ്പോള്‍, എന്തുകൊണ്ടാണ് തങ്ങള്‍ക്കെതിരെ കേരളത്തിലെ ഇടത്തരക്കാര്‍ ചിന്തിക്കുന്നത് എന്നുവേണം ആലോചിക്കേണ്ടത്. (കേരളത്തിലെ ഇടത്തരക്കാരുടെ നിലപാടുകള്‍ എല്ലാം ശരിയാണ് എന്ന് ഈ ലേഖകന്‍ കരുതുന്നില്ല.) മാധ്യമ മുതലാളിമാരുടെ വര്‍ഗതല്പര്യവും, പത്രപ്രവര്‍ത്തകരുടെ എതിര്‍പ്പും ഒക്കെ ഉണ്ടാകാമെങ്കിലും ആത്യന്തികമായി അവര്‍ വില്‍ക്കുന്ന സാധനത്തിന്റെ സ്വീകാര്യത ഉറപ്പു വരുത്തുകയാണ് ചെയ്യുന്നത്.

നമ്മള്‍ എങ്ങനെയാണ് മാധ്യമങ്ങളെ സമീപിക്കേണ്ടത്. ചില കാര്യങ്ങളില്‍ വലിയ തെറ്റ് കൂടാതെ നടന്ന കാര്യങ്ങള്‍ നമ്മെ അറിയിക്കാന്‍ വിവിധ മാധ്യമങ്ങള്‍ ശ്രമിക്കും. അവ തമ്മിലുള്ള മത്സരം നമുക്ക് ശരിയായ വിവരം കിട്ടുന്നതിനു സഹായിക്കും. എന്നാല്‍ എല്ലാക്കാര്യങ്ങളിലും, പ്രത്യേകിച്ച് ഏതെങ്കിലും ഒരു പ്രശ്‌നത്തെ കുറിച്ചുള്ള നിലപാടുകളില്‍' സമൂഹത്തിനു മൊത്തത്തില്‍ ഗുണകരമായ നിലപാട് ഏതെങ്കിലും ഒരു മാധ്യമം സ്വീകരിക്കണമെന്നില്ല. തങ്ങളുടെ ഉപഭോക്താക്കളുടെ ഭൂരിപക്ഷ താല്പര്യം ആയിരിക്കും, അവയുടെ നിലപാടുകളില്‍ പ്രതിഫലിക്കുന്നത്. പരസ്യദാതാക്കളുടെ താല്‍പര്യവും വാര്‍ത്തയും തമ്മില്‍ കൂടിക്കുഴയാനുള്ള സാഹചര്യം നാം മുന്‍കൂട്ടി കാണണം. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഒരു സാധനം അല്ലെങ്കില്‍ സേവനം വാങ്ങാന്‍ പോകുമ്പോള്‍ മറ്റു തരത്തില്‍ കൂടി അവയുടെ ഗുണമേന്മ നാം ഉറപ്പു വരുത്തണം.

മാധ്യമങ്ങള്‍ സമൂഹത്തില്‍ നിശ്ചിതമായ അര്‍ത്ഥത്തില്‍ സേവനം നല്‍കുന്നുണ്ട്. എന്നാല്‍ നാം അവയുടെ പ്രാധാന്യത്തെ പെരുപ്പിച്ചു കാണരുത്.

 
Tags: Economics of Media
»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00