ദുബായിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ്

Posted on: 22 Aug 2012



കൊച്ചി: കൊച്ചിയില്‍ നിന്ന് നേരിട്ട് ദുബായിലേക്ക് ഇന്‍ഡിഗോ 25 മുതല്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇതേ ദിവസം തന്നെ ചെന്നൈ-ദുബായ് സര്‍വീസും കമ്പനി ആരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രസിഡന്‍റ് ആദിത്യഘോഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചിയില്‍ നിന്നും ചെന്നൈയില്‍ നിന്നും ദുബായിലേക്കുള്ള തുടക്ക നിരക്ക് 5600 രൂപയായിരിക്കും. മടക്കയാത്ര ഉള്‍പ്പെടെ 11200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമെന്ന് ആദിത്യഘോഷ് വ്യക്തമാക്കി. ഓണത്തിനും മറ്റും നാട്ടിലെത്താന്‍ ടിക്കറ്റ് ലഭിക്കാതെയും ഉയര്‍ന്ന നിരക്കും മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും ഇന്‍ഡിഗോയുടെ ഈ സര്‍വീസുകള്‍.

എ 320 എയര്‍ബസ്സുകളായിരിക്കും ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുക. 180 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ളവയാണിത്. കൊച്ചിയില്‍ നിന്നും വൈകിട്ട് 6.20 പുറപ്പെടുന്ന വിമാനം 9.15ന് ദുബായിലെത്തും. ദുബായില്‍ നിന്നും രാവിലെ 11.30ന് പുറപ്പെട്ട് വൈകിട്ട് 5.15ന് കൊച്ചിയിലെത്തും. ചെന്നൈയില്‍ നിന്നും രാവിലെ ഏഴരക്ക് പുറപ്പെടുന്ന വിമാനം 10.30ന് ദുബായിലെത്തും. ദുബായില്‍ നിന്ന് രാത്രി 10.20ന് പുറപ്പെട്ട് പുലര്‍ച്ചെ 4.50ന് ചെന്നൈയിലെത്തുന്ന വിധമാണ് സര്‍വീസുകള്‍. ഓരോ യാത്രക്കാര്‍ക്കും 30 കിലോ ബാഗേജും സൗജന്യമായി അനുവദിക്കും. കൊച്ചിയില്‍ നിന്നും മസ്‌കറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉടനെ തുടങ്ങുമെന്നും ഇന്‍ഡിഗോ പ്രസിഡന്‍റ് അറിയിച്ചു.

2006 ആഗസ്റ്റ് 3ന് ആരംഭിച്ച ഗുര്‍ഗാവ് ആസ്ഥാനമായുള്ള ഇന്‍ഡിഗോ ഇന്ന് ലോകത്തെ തന്നെ ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ചെലവുകുറഞ്ഞ വിമാനസര്‍വീസുകളില്‍ ഒന്നാണെന്ന് ആദിത്യഘോഷ് പറഞ്ഞു. 58 എയര്‍ബസ്സുകളാണ് കമ്പനിക്കുള്ളത്. 26 ശതമാനം വിപണിവിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ശനമായ സമയനിഷ്ടപാലിക്കുന്ന ഇന്‍ഡിഗോ വിമാനങ്ങള്‍ അത്യപൂര്‍വമായേ റദ്ദാക്കാറുള്ളൂ. കഴിഞ്ഞ സപ്തംബര്‍ ഒന്നിനായിരുന്നു ആദ്യത്തെ അന്താരാഷ്ട്ര ഫ്ലൈറ്റ് ഇന്‍ഡിഗോ ആരംഭിച്ചത്. ഇന്ന് ബാങ്കോക്ക്, ദുബായ്, സിംഗപ്പൂര്‍, കാഠ്മണ്ഡു, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കെല്ലാം സര്‍വീസ് നടത്തുന്നുണ്ട്. നാലുവര്‍ഷമായി ലാഭത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്ജയ്കുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

»  News in this Section
ഗ്രാം2475.00
പവന്‍19800.00
വെള്ളി
ഗ്രാം51.00