ന്യൂഡല്‍ഹി: ഓഹരി വിറ്റഴിക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ധനമന്ത്രി പി. ചിദംബരം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളും ഓഹരികള്‍ സമയബന്ധിതമായി വിറ്റഴിച്ചാലേ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 30,000 കോടി രൂപ ഈ സാമ്പത്തികവര്‍ഷം തന്നെ നേടാനാകൂ എന്ന് ചിദംബരം ഓര്‍മിപ്പിച്ചു. ഇയ്യിടെ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ധനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം, ഓഹരി വിറ്റഴിക്കല്‍ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹലീംഖാന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഓഹരി വിറ്റഴിക്കല്‍ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനും പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍ക്കുന്നതിന് സമയക്രമം തയ്യാറാക്കുന്നതിനുമാണ് യോഗം ചേര്‍ന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ അഞ്ചുമാസം പിന്നിടാറായിട്ടും ഒറ്റ പബ്ലിക് ഇഷ്യുപോലും നടത്താന്‍ ഗവണ്‍മെന്‍റിനായിട്ടില്ല. കഴിഞ്ഞവര്‍ഷം 40,000 കോടി രൂപ ഓഹരി വില്പനയിലൂടെ നേടാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും 14,000 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്.
ധനക്കമ്മി കുറച്ചുകൊണ്ടുവരുന്നതിന് ഓഹരി വിറ്റഴിക്കലിലൂടെയുള്ള ധനസമാഹരണം അനിവാര്യമാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഉയരുന്ന ഭക്ഷ്യവിലയും ഇന്ധന, രാസവള സബ്‌സിഡികളുമെല്ലാം ധനക്കമ്മിയില്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഓഹരി വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന തുക കൂടി കണക്കിലെടുത്താണ് ധനക്കമ്മി നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
2500 കോടി രൂപയുടെ രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡിന്റെ (ആര്‍ഐഎന്‍എല്‍) ഐപിഒ കഴിഞ്ഞ ജൂലായില്‍ വിപണിയിലെത്തേണ്ടതായിരുന്നു. എന്നാല്‍, ഓഹരിവിപണി താഴെ പോയതിനാലും ആത്മവിശ്വാസം കുറവായതിനാലും ഗവണ്‍മെന്‍റ് ഐപിഒ മാറ്റിവെക്കുകയായിരുന്നു.
നടപടികള്‍ സപ്തംബറില്‍ത്തന്നെ ആരംഭിക്കാമെന്നാണ് ഓഹരിവിറ്റഴിക്കല്‍ വകുപ്പ് നിര്‍ദേശിക്കുന്നത്. സെയില്‍, ബിഎച്ച്ഇഎല്‍, എച്ച്എഎല്‍, ഓയില്‍ ഇന്ത്യ എന്നിവയുടെ ഓഹരികള്‍ വില്‍ക്കുന്നതിന് ഗവണ്‍മെന്‍റ് അനുമതി നല്‍കിക്കഴിഞ്ഞിട്ടുണ്ട്.