മോട്ടറോള ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Posted on: 13 Aug 2012



കാലിഫോര്‍ണിയ: മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണക്കമ്പനിയായ മോട്ടറോള മൊബിലിറ്റിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഇക്കഴിഞ്ഞ മെയ് മാസമാണ് ഗൂഗിള്‍ മോട്ടറോളയെ ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായുള്ള പുനഃസംഘടനയിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

ആഗോള തലത്തില്‍ 94 ഓഫീസുകള്‍ അടച്ചുപൂട്ടാനാണ് കമ്പനി ഒരുങ്ങുന്നത്. 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനും പദ്ധതിയുണ്ട്. ഇതോടെ 4,000ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇതില്‍ ഏറിയ പങ്കും അമേരിക്കയിലാവും.

ലാഭത്തിലല്ലാത്ത വിപണികളില്‍ നിന്ന് പിന്‍മാറുന്നതിന്റെ ഭാഗമായാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ 94 ഇടങ്ങളില്‍ ഓഫീസ് പൂട്ടുന്നത്. മോട്ടറോളയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ആയ ഡെന്നിസ് വുഡ്‌സൈഡ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിളിന്റെ അമേരിക്കയിലെ സെയില്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം മേധാവിയായിരുന്നു അദ്ദേഹം.

ഡസന്‍കണക്കിന് സെല്‍ഫോണുകള്‍ ഇറക്കുന്നതിന് പകരം മികച്ച ഏതാനും മോഡലുകള്‍ മാത്രം ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വില കുറഞ്ഞ മോഡലകുള്‍ നിര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു.

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആപ്പിള്‍, സാംസങ് എന്നിവയുടെ മേധാവിത്വത്തിനിടെ മോട്ടറോള ബഹുദൂരം പിന്നിലായിരുന്നു. എന്നാല്‍, മികച്ച ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കി വിപണി തിരിച്ചുപിടിക്കാനാണ് പദ്ധതി.

മോട്ടറോളയുടെ കൈവശമുള്ള 17,000ത്തോളം പേറ്റന്റുകളില്‍ കണ്ണുവച്ചാണ് കമ്പനിയെ ഗൂഗിള്‍ ഏറ്റെടുത്തത്. 1250 കോടി ഡോളറിന്റേതായിരുന്നു (62,500 കോടി രൂപ) ഇടപാട്.
Tags: Motorola to shrink operations in India
»  News in this Section
ഗ്രാം2440.00
പവന്‍19520.00
വെള്ളി
ഗ്രാം50.00