ഓഹരി വിപണിയിലെ ഭാഗ്യാന്വേഷികള്‍

Posted on: 12 Aug 2012


സനിക



കോളേജ് പഠനത്തിന് ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറത്ത് കണ്ടുമുട്ടിയ സഹപാഠികള്‍. കാലം ഇരുവരിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞിരുന്നു. ഒരാളുടെ തലയില്‍ ഇനി അധികം മുടി ബാക്കിയില്ല. രണ്ടാമന് മുടിയുണ്ടെങ്കിലും നര കയറിത്തുടങ്ങിയിരുന്നു. കാലം വരുത്തിയ രൂപമാറ്റത്തെക്കുറിച്ചു തന്നെയായി അവരുടെ സംസാരം. ''ഹോ. ഇനി മുടിയൊന്നും തലയില്‍ ബാക്കിയില്ലല്ലോ''. കഷണ്ടിയായ തല നോക്കി സുഹൃത്ത് ഇങ്ങനെ പറഞ്ഞപ്പോള്‍, കഷണ്ടിയുടെ മുഖത്ത് മന്ദസ്മിതം. 'അത് നന്നായെന്നാ എനിക്ക് തോന്നുന്നത്. ഇപ്പോഴേതായാലും എനിക്ക് ചീപ്പ് കൊണ്ടുനടക്കേണ്ട കാര്യമില്ലല്ലോ. മുടിയുണ്ടായിരുന്നപ്പോള്‍ എന്തൊരു ബുദ്ധിമുട്ടായിരുന്നു. അനുസരണയില്ലാത്ത എന്റെ മുടിയാണെങ്കില്‍ എപ്പോഴും പാറിക്കിടക്കും. ഏതെങ്കിലും ഹോട്ടലിലോ വീട്ടിലോ ഓഫീസിലോ കയറിച്ചെന്നാല്‍ എവിടെയാണ് കണ്ണാടിയെന്ന് എപ്പോഴും എന്റെ കണ്ണുകള്‍ തേടിക്കൊണ്ടിരിക്കും. ഒരു വിധത്തില്‍ കണ്ണാടിയുടെ മുന്നിലെത്തി പാറിക്കിടക്കുന്ന മുടി ചീകിയൊതുക്കുന്നതു വരെ ഒരു സമാധാനക്കുറവാണ്. ഇപ്പോഴേതായാലും ആ ടെന്‍ഷനില്ല. - ഒരു ചെറു ചിരിയോടെ അയാള്‍ പറഞ്ഞു.

ഇതുകേട്ട രണ്ടാമന്റെ മുഖം പക്ഷേ കൂടുതല്‍ ചുളിയുകയാണുണ്ടായത്. ''സംഗതിയൊക്കെ ശരി തന്നെ, പക്ഷേ ഇപ്പോള്‍ താങ്കള്‍ക്ക് കൂടുതല്‍ മുഖം കഴുകണമല്ലോ'' മുടിയില്ലാത്ത ഭാഗം മുഴുവന്‍ മുഖം തന്നെയായി മാറിക്കഴിഞ്ഞുവെന്ന പരോക്ഷമായ പരിഹാസം കൂടി ആ വാക്കുകളിലുണ്ടായിരുന്നോ എന്നു വ്യക്തമല്ല. അതെന്തു തന്നെയായാലും ഇത്തരത്തിലുള്ള രണ്ടു കൂട്ടര്‍ ഈ പ്രപഞ്ചത്തില്‍ അനാദി കാലം മുതലേ ഉണ്ട്.

എന്തു വന്നാലും ഏതു കണ്ടാലും അതെല്ലാം തങ്ങള്‍ക്ക് ദോഷകരമായിത്തീരുമെന്ന് ധരിക്കുന്നു ഒരു കൂട്ടര്‍. വെറുതെ ഒരു മഴ വന്നാല്‍ പോലും 'ഹോ ഈ നശിച്ച മഴ കാരണം പുറത്തേക്കൊന്നിറങ്ങാന്‍ പോലും സാധിക്കുന്നില്ല' എന്നാവും ഇക്കൂട്ടരുടെ ജല്പനങ്ങള്‍.

ഇനി മറ്റൊരു കൂട്ടരുണ്ട്. പ്രത്യക്ഷത്തില്‍ ദോഷകരമാണെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങള്‍ പോലും നല്ലതിന് എന്നാവും ഇവര്‍ക്കു തോന്നുന്നത്.

ആദ്യ വിഭാഗം ദോഷൈദൃക്കുകള്‍ ആണെങ്കില്‍ രണ്ടാമത്തേത് ശുഭാപ്തി വിശാസികളാണ്.

ഓഹരി വിപണിയിലും ഇത്തരത്തിലുള്ള രണ്ട് വിഭാഗങ്ങളുണ്ട്. പക്ഷേ, ഇവര്‍ അറിയപ്പെടുന്നത് ദോഷൈദൃക്കുകളെന്നോ ശുഭാപ്തിവിശ്വാസികളെന്നോ അല്ല, മറിച്ച് കരടികളെന്നും കാളകളെന്നുമാണെന്ന് മാത്രം. ഈ കരടികളും കാളകളുമാണ് ഓഹരി വിപണിയുടെ ഗതി നിയന്ത്രിക്കുന്നത്. വിവിധ സമയങ്ങളില്‍ ഏതെങ്കിലുമൊരു കൂട്ടര്‍ക്കാവും ശക്തി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിപണിയില്‍ ഇന്ന് കാളകള്‍ക്കാണ് ശക്തിയെങ്കില്‍ നാളെ അത് തുടരണമെന്നില്ല. നാളെ കാളകളില്‍ നിന്നും ആധിപത്യം മുഴുവനായി കരടികള്‍ ഏറ്റെടുത്തേക്കാം. അങ്ങനെ വരുന്ന പക്ഷം ഓഹരി വിലകള്‍ കുത്തനെ ഇടിയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, പെട്ടെന്ന് പണക്കാരനാകാനുള്ള ത്വര മനുഷ്യനില്‍ പണ്ടു മുതലേ ഉണ്ട്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആവേശത്തില്‍ ഊഹക്കച്ചവടത്തില്‍ ഭാഗഭാക്കാകാന്‍ പലരും തയ്യാറാകുന്നു. ബുള്‍സ് അഥവാ കാളകള്‍, ബെയേഴ്‌സ് അഥവാ കരടികള്‍ എന്നാണ് ഓഹണി വിപണിയിലെ ഈ ഭാഗ്യന്വേഷികള്‍ അറിയപ്പെടുന്നത്.

കാളകള്‍ക്ക് വിപണിയില്‍ ആധിപത്യം ലഭിക്കുമ്പോള്‍ ഓഹരികളുടെ വില ഉയര്‍ന്നു തുടങ്ങും. വീണ്ടും വീണ്ടും വില ഉയരുമെന്ന പ്രതീക്ഷയില്‍ ഉയര്‍ന്ന വിലയില്‍ ഓഹരികള്‍ വാരിക്കൂട്ടാന്‍ നിക്ഷേപകര്‍ മത്സരിക്കുന്നതോടെ എങ്ങും എവിടെയും ഉത്സാഹത്തിമര്‍പ്പായി. പത്രമാസികകള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവിടങ്ങളിലൊക്ക സ്റ്റോക്ക് അഡൈ്വസേഴ്‌സിനെക്കൊണ്ട് നിറയുകയായി. പിന്നീടെപ്പോഴാണ് കാര്യങ്ങള്‍ തലകീഴായി മറിയുന്നത്? അതും വിപണിയിലെ ഒഴിച്ചു കൂടാനാകാത്തൊരു പ്രതിഭാസം തന്നെ. കാളകളുടെ കൈയില്‍ നിന്നും കരടികളിലേക്ക് എപ്പോഴാണ് വിപണി തെന്നി വീഴുന്നത്? അതും മറ്റൊരു മനഃശാസ്ത്രം തന്നെ. അതിനെക്കുറിച്ച് പിന്നാലെ പറയാം.
Tags: Bulls and Bears in Stock Market
»  News in this Section
ഗ്രാം2615.00
പവന്‍20920.00
വെള്ളി
ഗ്രാം54.00