ഡെലിവറി നോട്ടും ഡിജിറ്റല്‍ ഒപ്പും
Posted on: 06 Aug 2012
എസ്. അനില്‍കുമാര്‍
ഞാനൊരു റബ്ബര്‍ വ്യാപാരിയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റബ്ബര്‍ വാങ്ങാറുണ്ട്. അങ്ങനെ വാങ്ങുന്ന റബ്ബറിന്റെ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്തേക്കാണ് അയയ്ക്കുന്നത്. ദൂരെസ്ഥലത്തുള്ള വ്യാപാരികളില്‍ നിന്ന് റബ്ബര്‍ വാങ്ങുകയും അവിടെ നിന്നു തന്നെ പുറത്തേക്ക് അയയ്ക്കുകയുമാണ് ചെയ്യാറ്. ചരക്കിന്റെ ഗുണമേന്മയും വിലയും ചരക്ക് നല്‍കുന്ന വ്യാപാരിയുടെ സ്ഥലത്തു ചെന്ന് പരിശോധിക്കാതെ നിശ്ചയിക്കാനാവാത്തതു കൊണ്ടും വാഹനകാര്യം നേരത്തെ തീരുമാനിക്കാന്‍ സാധിക്കാത്തതിനാലും ചരക്കിന്റെയും വാഹനത്തിന്റെയും ഒഴികെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് ഒപ്പും സീലും വച്ച് തയ്യാറാക്കിയ ഡലിവറി നോട്ട് ചരക്കെടുക്കാന്‍ പോകുന്നയാള്‍ വശം കൊടുത്തയയ്ക്കും. ചരക്ക് കണ്ട് ബോധ്യപ്പെടുകയും വാഹനം ഏര്‍പ്പെടുത്തുകയും ചെയ്തശേഷം ബാക്കി വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡലിവറി നോട്ട് പൂര്‍ത്തിയാക്കി ചരക്ക് അന്യ സംസ്ഥാനത്തേക്ക് അയയ്ക്കുകയുമാണ് ചെയ്തുവരുന്നത്. റബ്ബറിന്റെ കാര്യത്തില്‍ മാത്രമല്ല മലഞ്ചരക്ക് മേഖലയിലെ എല്ലാ ഉത്പന്നങ്ങളുടെയും കാര്യത്തില്‍ കാലാകാലങ്ങളായി തുടര്‍ന്നു വരുന്ന അംഗീകൃത രീതിയാണിത്.
എന്നാല്‍, ഇപ്പോള്‍ ഡലിവറി നോട്ട് ഡൗണ്‍ലോഡ് ചെയ്ത് മാത്രമേ ഉപയോഗിക്കാവൂ എന്നും അതിന് ഡിജിറ്റല്‍ ഒപ്പ് നിര്‍ബന്ധമാണെന്നും വ്യവസ്ഥ ചെയ്തുകൊണ്ട് വാണിജ്യ നികുതി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുക്കുന്നതായറിഞ്ഞു. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ സംവിധാനം എങ്ങനെയാണ് ഉപയോഗിക്കുക ?
-വി.ടി. മാത്യു, കോട്ടയം
2012 ആഗസ്ത് മാസം ഒന്ന് മുതല്‍ താഴെ പറയുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് വാണിജ്യ നികുതി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
1. കേന്ദ്ര വില്പന നികുതി നിയമപ്രകാരമുള്ള 'സി, ഇ, എഫ്, എച്ച്' ഫാറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്
2. വാറ്റ് നിയമപ്രകാരമുള്ള 8 എഫ്എ (ജല മാര്‍ഗവും ആകാശ മാര്‍ഗവും കടത്തുന്ന ചരക്കുകള്‍ സംസ്ഥാനത്തെത്തുമ്പോള്‍ നല്‍കേണ്ട ഡിക്ലറേഷന്‍), 15 (ഡലിവറി നോട്ട്) എന്നീ നമ്പര്‍ ഫാറങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്
ക്ലാസ്-2 ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ സര്‍ട്ടിഫിക്കറ്റാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ളത്. കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫൈയിങ് അതോറിട്ടിയെയാണ് ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ളത്. കണ്‍ട്രോളര്‍ ഓഫ് സര്‍ട്ടിഫൈയിങ് ഏജന്‍സി ഇതിനായി താഴെപ്പറയുന്ന ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
1. സിഫി കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്
2. ഐ.ഡി.ആര്‍.ബി.ടി.
3. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍
4. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്
5. എം.ടി.എന്‍.എല്‍. ട്രസ്റ്റ് ലൈന്‍
6. (എന്‍) കോഡ് സൊല്യൂഷന്‍സ്
7. ഇ-മുദ്ര കണ്‍സ്യൂമര്‍ സര്‍വീസസ് ലിമിറ്റഡ്
ഇതില്‍ ഏതില്‍ നിന്ന് വേണമെങ്കിലും വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ സാധിക്കും. താഴെപ്പറയുന്ന നിരക്കില്‍ ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇ-മുദ്ര കണ്‍സ്യൂമര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി വാണിജ്യ നികുതി വകുപ്പ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
1. യു.എസ്.ബി. ടോക്കണ്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ സര്‍ട്ടിഫിക്കറ്റ് വ്യാപാരികള്‍ക്ക് വാങ്ങാവുന്നതാണ്. യു.എസ്.ബി. ടോക്കണ്‍ ഉള്ള സര്‍ട്ടിഫിക്കറ്റിന് (രണ്ട് വര്‍ഷം പ്രാബല്യം) 710 രൂപയും യു.എസ്.ബി. ടോക്കണ്‍ ഇല്ലാത്തതിന് 235 രൂപയുമാണ് വില നല്‍കേണ്ടത്.
റിട്ടേണ്‍ -ഇ ഫയല്‍ ചെയ്യുന്നതിന് ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍, ഡിജിറ്റല്‍ സിഗേ്‌നച്ചറോടുകൂടി ഇ-ഫയല്‍ ചെയ്യുന്ന റിട്ടേണിന്റെ പ്രിന്റൗട്ട് പ്രത്യേകമായി ഓഫീസില്‍ നല്‍കേണ്ട ആവശ്യമില്ല.
സി, ഇ, എഫ്, എച്ച്. ഫോറങ്ങള്‍ ഇടപാടു നടന്ന് മൂന്ന് മാസത്തിനകവും 8 എഫ്എ ഫാറം ചരക്ക് സംസ്ഥാനത്തെത്തിയ ശേഷവും ഡൗണ്‍ലോഡ് ചെയ്യുന്നവയാകയാല്‍ അവയ്ക്ക് ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടാവുകയില്ല. എന്നാല്‍, ഡെലിവറി നോട്ടിന്റെ കാര്യത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉടലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചോദ്യത്തില്‍ പരാമര്‍ശിക്കുന്ന സാഹചര്യങ്ങളില്‍ വാഹനം പുറപ്പെടുന്നത് വ്യാപാര സ്ഥലത്തുനിന്ന് വളരെ ദൂരെയുള്ള സ്ഥലത്ത് നിന്നാകയാല്‍ ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ സഹിതം ഡൗണ്‍ലോഡ് ചെയ്ത് ഡെലിവറി നോട്ട് ഉപയോഗിക്കുന്നത് പ്രായോഗികമാവില്ല. മാത്രമല്ല, ഡിജിറ്റല്‍ സിഗേ്‌നച്ചറിന്റെ സുരക്ഷയുടെ പ്രശ്‌നമുള്ളതിനാല്‍ അത് ഡൗണ്‍ലോഡ് ചെയ്യാന്‍ പലരേയും അധികാരപ്പെടുത്താനുമാവില്ല. ഈ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താകാം ഡലിവറി നോട്ടിന്റെ കാര്യത്തില്‍ ഡിജിറ്റല്‍ സിഗേ്‌നച്ചര്‍ നിര്‍ബന്ധിതമാക്കുന്നത് 2012 ഒക്ടോബര്‍ ഒന്ന് മുതല്‍ മാത്രം മതിയെന്ന് വാണിജ്യ നികുതി കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട് (സര്‍ക്കുലര്‍ 21/2012). എന്നാല്‍, ചോദ്യത്തില്‍ പരാമര്‍ശിക്കുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നില്ല. മലഞ്ചരക്ക് വ്യാപാരത്തെ മൊത്തമായി ബാധിക്കുന്ന പ്രശ്‌നമാകയാല്‍ വ്യാപാരികളും സാങ്കേതിക വിദഗ്ദ്ധരുമായും ചര്‍ച്ച് ചെയ്ത് തീരുമാനമെടുക്കാന്‍ വാണിജ്യ നികുതി കമ്മീഷണര്‍ മുന്‍കൈയെടുക്കുമെന്ന് പ്രതീക്ഷിക്കാം.