കുരുമുളക് മുന്നോട്ട്‌

Posted on: 06 Aug 2012



ചാഞ്ചാട്ടങ്ങള്‍ക്കിടയിലും കുരുമുളക് കരുത്ത് നിലനിര്‍ത്തി. ചുക്ക് മുന്നേറ്റം തുടരുന്നു. വിദേശ റബര്‍ വിപണികളിലെ തളര്‍ച്ച ആഭ്യന്തര ഉത്പ്പന്നത്തിന് മറികടക്കാനാവുന്നില്ല.

അടുത്ത സീസണിലെ ഉത്പാദനത്തെ കുറിച്ചുള്ള ആശങ്ക കുരുമുളക് വിപണിയുടെ കരുത്ത് വര്‍ധിപ്പിച്ചു. കാലാവസ്ഥയിലെ വ്യതിയാനം അടുത്ത വര്‍ഷം കുരുമുളക് ഉത്പാദനം ഗണ്യമായി കുറയാന്‍ ഇടയാക്കുമെന്നാണ് ഒരു വിഭാഗം കര്‍ഷകരുടെ അഭിപ്രായം. ഉത്പാദന മേഖല എല്‍-നിനോയുടെ ഭീതിയിലാണെങ്കിലും സംസ്ഥാനത്തെ ഒരു വിഭാഗം തോട്ടങ്ങളിലെ കൊടികളില്‍ മികച്ച തോതില്‍ കായ പിടിച്ചതായാണ് കര്‍ഷകര്‍ വിലയിരുത്തുന്നത്. അതേ സമയം സംസ്ഥാനത്ത് നിലനില്‍ക്കുന്ന കടുത്ത വരള്‍ച്ച അടുത്ത വിളവിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്ന കര്‍ഷകര്‍ സ്‌റ്റോക്ക് വിപണിയില്‍ ഇറക്കാന്‍ താത്പര്യം കാണിക്കുന്നില്ല. കാര്‍ഷിക മേഖലയില്‍ നിന്ന് പ്രതിദിനം ശരാശരി 35 ടണ്‍ കുരുമുളക് കൊച്ചിയില്‍ വില്‍പ്പനക്ക് എത്തുന്നുണ്ട്. കുരുമുളക് വില 40, 000 ത്തിന് മുകളില്‍ എത്തിയതാണ് സ്‌റ്റോക്കിസ്റ്റുകളെ വില്‍പ്പനയ്ക്ക് പ്രേരിപ്പിക്കുന്നത്.

കേരളത്തിലും കര്‍ണാടകത്തിലും നിലനില്‍ക്കുന്ന ശക്തമായ വരള്‍ച്ച അടുത്ത സീസണിലെ ഇഞ്ചി ഉത്പാദനത്തിനും വെല്ലുവിളി ഉയര്‍ത്തിയതോടെ വില കിലോ ഗ്രാമിന് 30 രൂപയിലേക്ക് ചുവടുവെച്ചു. ഇതിനിടയില്‍ വിദേശ അന്വേഷണങ്ങള്‍ ചുക്ക് വിപണിക്ക് ചൂട് പകര്‍ന്നു. പുതിയ സാഹചര്യത്തില്‍ ഇഞ്ചിവില 50 ലേക്ക് കയറും.

യൂറോ മേഖലയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ റബറില്‍ വില്‍പ്പന സമ്മര്‍ദ്ദം കുട്ടി. കേരളത്തില്‍ കാലാവസ്ഥ റബര്‍ ഉത്പാദനത്തിന് അനുകൂലമാണെങ്കിലും സ്‌റ്റോക്ക് കൈമാറാന്‍ ആഭ്യന്തര ഇടപാടുകാര്‍ താത്പര്യം കാണിച്ചില്ല. ടോക്കോം, സീക്കോം വിപണികളില്‍ റബര്‍ വിലകള്‍ താഴ്ന്നിറങ്ങിയതിനൊപ്പം ആഭ്യന്തര നിരക്കും താഴ്ന്നത് ഇടപാടുകാരെ വിപണിയില്‍ നിന്ന് പിന്നോട്ട് വലിച്ചു. നാലാം ഗ്രേഡ് റബര്‍ വാരാന്ത്യം 18, 000 രൂപയിലും അഞ്ചാം ഗ്രേഡ് 16, 900-17, 500 ലും വില്‍പ്പന അവസാനിച്ചു. സാങ്കേതികമായി വീക്ഷിക്കുമ്പോള്‍ നിരക്ക് 160 രൂപ വരെ താഴ്ന്നിറങ്ങാം. റബര്‍ വിപണിയ്ക്ക് കരുത്തുപകരാന്‍ തായ്‌ലന്‍ഡിന്റെ നേതൃത്വത്തില്‍ ഉത്പാദക രാജ്യങ്ങള്‍ സംഘടിത നീക്കത്തിലാണ്.

ഉത്സവ ഡിമാന്‍ഡിനും നാളികേരത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കഴിയുന്നില്ല. കാലാവസ്ഥ തെളിഞ്ഞു നില്‍ക്കുന്നതിനാല്‍ കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും നാളികേര വിളവെടുപ്പും കൊപ്ര സംസ്‌ക്കരണവും ഊര്‍ജിതമായി മുന്നേറുകയാണ്. സംസ്ഥാനത്തെ മില്ലുകാര്‍ ഓണ വിപണി മുന്‍നിര്‍ത്തി വന്‍ തോതില്‍ എണ്ണ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉത്സവ വേളയില്‍ വെളിച്ചെണ്ണയുടെ വിലക്കറ്റത്തിന് സാധ്യത കുറയുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1623 ഡോളറില്‍ നിന്ന് 1604 ലേയ്ക്ക് താഴ്ന്നു. കേരളത്തില്‍ ഒരാഴ്ചയിലേറെ 22, 360 രൂപയില്‍ വിപണനം തുടര്‍ന്നു പവന്‍ ശനിയാഴ്ച്ച 22, 200 രൂപയായി.

»  News in this Section
ഗ്രാം2510.00
പവന്‍20080.00
വെള്ളി
ഗ്രാം54.00