
വിവാഹം ഒരാളുടെ ജീവിതത്തിലെ ഇത്രയും പ്രധാനപ്പെട്ട കാര്യമാണോ? കേരളത്തില്‍, പ്രത്യേകിച്ചും ഇടത്തരക്കാരിലും പാവപ്പെട്ടവരുടെ ഇടയിലും വിവാഹത്തിന് ആവശ്യത്തില്‍ കവിഞ്ഞ പ്രാധാന്യം നിലനില്ക്കുന്നു. ജീവിതത്തിന്റെ എല്ലാ തയ്യാറെടുപ്പും വിവാഹത്തിന് വേണ്ടിയാണെന്ന് വന്നിരിക്കുന്നു. ഇത് സമൂഹ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നില്ല എന്നുമാത്രമല്ല സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി മാറ്റുന്നതിനും കാരണമാകുന്നു.
ഈ ലേഖനം എഴുതുന്നത് ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാര്‍ഥി എന്ന നിലയ്ക്ക് മാത്രമല്ല, ഇരുപതു വയസ്സായ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയ്ക്ക് കൂടിയാണ്. കുറെയൊക്കെ നമ്മുടെ (അധികകാലം മുമ്പല്ലാതെ തുടങ്ങിയ) ശീലങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ മിക്ക അവസ്ഥകളും. ഒരു പെണ്‍കുട്ടി സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹത്തിലൂടെയാണ് അവളുടെ ഭാവി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്വഭാവ രൂപവല്‍ക്കരണം നടക്കുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിയും നേടിയാലും തീര്‍ന്നില്ല പരവേശം. എങ്ങനെയെങ്കിലും സ്ത്രീധനം (പവന്‍ കണക്കിന് സ്വര്‍ണം ഉള്‍പ്പെടെ) കൊടുത്തു ഒരു ചെറുക്കനെ കണ്ടുപിടിച്ചു കല്യാണം കഴിപ്പിക്കാനുള്ള തത്രപെടല്‍ തുടരുന്നു. വിദ്യാഭ്യാസവും ജോലിയും പോലും വിവാഹത്തിനു അനുഗുണമാകുന്ന തരത്തില്‍ മാത്രം രൂപപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്.
വിവാഹം കഴിഞ്ഞാലും തീരുന്നില്ല പ്രശ്‌നം. പിന്നെ ഒന്നോ രണ്ടോ കുട്ടികള്‍ നിര്‍ബന്ധമായി ഉണ്ടാകണം. ഉണ്ടായില്ലെങ്കില്‍ എന്തോ കാര്യമായ കുഴപ്പം സംഭവിച്ചു എന്നാണ് സകലരുടെയും മനോഭാവം. പിന്നെ എങ്ങനെയെങ്കിലും പ്രസവിക്കാന്‍ ആസ്പത്രികളില്‍ സമയവും പണവും ചെലവിടുന്നു. മക്കളുണ്ടായി അവര്‍ വലുതായി തുടങ്ങിയാല്‍ അടുത്ത ഘട്ടം തുടങ്ങുകയായി. സ്വന്തം പെണ്‍കുട്ടിയുടെ കല്യാണം എന്ന പദ്ധതിയിലേക്കുള്ള എടുത്തു ചാടല്‍. ചുരുക്കിപ്പറഞ്ഞാല്‍ കേരള സമൂഹം തങ്ങളുടെ ജീവിതോര്‍ജത്തിന്റെ നല്ലൊരു പങ്ക് ഊര്‍ജം ചെലവഴിക്കുന്നത് വിവാഹത്തിന് വേണ്ടിയാണ് എന്നുവരുന്നു. ഇതുകൊണ്ട് ആര്‍ക്കും നേട്ടമില്ലെന്നല്ല. സ്വര്‍ണവ്യാപാരികള്‍, അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ചാനല്‍ സീരിയലുകള്‍, പരസ്യസ്ഥാപനങ്ങള്‍....തുടങ്ങിയവര്‍ക്ക് നേട്ടം കാണും. മറ്റാര്‍ക്കുമില്ല. ഇങ്ങനെയാണ് ജീവിക്കേണ്ടത്, ഇങ്ങനെയേ ജീവിക്കാവൂ എന്ന് ജനങ്ങളെ ഓര്‍മപ്പെടുത്തുന്ന ഒരു സംസ്‌കാര നിര്‍മാണവും ഇതോടൊപ്പം നടക്കുന്നു.
ആധുനിക സമൂഹത്തിനോ വ്യക്തികളുടെ സന്തോഷകരമായ ജീവിതത്തിനോ ഇതൊന്നും ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജപ്പാനില്‍ ഏകദേശം അമ്പത് ശതമാനം സ്ത്രീകളും വിവാഹം കഴിക്കുന്നില്ല. അമേരിക്കയിലും യൂറോപ്പിലും ഏതാണ്ട് ഇതിനു സമാനമായ സ്ഥിതിയാണുള്ളത്. വിവാഹം കഴിച്ചില്ലെങ്കിലും ആണും പെണ്ണും അവരുടെ താല്പര്യത്തിനോ ഒരുമിച്ചു ജീവിക്കുകയോ വേറെ മാറിക്കഴിയുകയോ ചെയ്യുന്നു. ചൈനയില്‍ പെണ്‍കുട്ടികള്‍ക്ക് സാമ്പ്രദായിക വിവാഹത്തില്‍ പങ്കുചേരാന്‍ ഏറെ മടിയായി തുടങ്ങി. ദക്ഷിണ പശ്ചിമ ഏഷ്യയിലും സ്ഥിതി വ്യത്യസ്തമല്ല. ലാറ്റിന്‍ അമേരിക്കയില്‍ സ്ത്രീ പുരുഷ ബന്ധം കുറെക്കൂടി ഉദാരവല്‍ക്കരിക്കപെട്ടതാണ്. ഇന്ത്യയില്‍ ഇന്ന് വിവാഹത്തിന് നമ്മള്‍ കൊടുക്കുന്ന അമിത പ്രാധാന്യം നമ്മുടെ പിന്നോക്കാവസ്ഥയെയാണ് കാണിക്കുന്നത്. അല്ലാതെ ചിലര്‍ കരുതുന്നതുപോലെ നമ്മുടെ സംസ്‌കാരത്തിന്റെ ലക്ഷണം അല്ല. (സംസ്‌കാരം ആയിരുന്നെങ്കില്‍ നായന്മാരെങ്കിലും വിവാഹത്തിന് പകരം സംബന്ധം നടത്തിയേനെ.)
ഒരു സമൂഹത്തില്‍ അതാതു കാലത്ത് നിലവിലുള്ള സൗകര്യങ്ങള്‍ക്കൊത്ത് ജീവിതകാര്യങ്ങള്‍ നിറവേറ്റാന്‍ ചില സംവിധാനങ്ങള്‍ ഉണ്ടാകും. ഇങ്ങനെ ഉണ്ടാകുന്ന സംവിധാനങ്ങളില്‍ അതാതുകാലത്തെ അധീശ വ്യവസ്ഥയും പ്രതിഫലിക്കും. അടിമത്തം ചില ചുമതലകള്‍ നിറവേറ്റാന്‍ ഉണ്ടായ സംവിധാനമാണ്. അത് ഒരുകാലത്ത് അതിന്റെ പങ്കു നിര്‍വഹിച്ചു. പക്ഷെ ഇവിടെ ചിലര്‍ അടിമകളും മറ്റു ചിലര്‍ ഉടമകളുമായി. അതുപോലെ ചില സമൂഹങ്ങളില്‍ ചില ചുമതലകള്‍ നിറവേറ്റാന്‍ അന്നത്തെ അധീശ വ്യവസ്ഥയ്ക്ക് അനുസരിച്ച് ഉണ്ടായതാണ് വിവാഹം എന്ന സംവിധാനവും. എന്നാല്‍ കാലഘട്ടത്തിന് അനുസരിച്ച് ഈ സംവിധാനങ്ങളില്‍ മാറ്റം സംഭവിക്കും. സംഭവിക്കണം. അങ്ങനെ മാറിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
ഇവിടെ ആണും പെണ്ണിനും തമ്മിലുള്ള ലൈംഗിക ആകര്‍ഷണവും അതുവഴി കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയും വിവാഹവും വേര്‍തിരിച്ചു കാണണം. ആദ്യത്തേത് ഒരു പ്രകൃതി പ്രതിഭാസമാണെങ്കില്‍ രണ്ടാമത്തേത് സമൂഹം ഒരു കാലത്ത് ഉണ്ടാക്കിയ സംവിധാനം മാത്രമാണ്്. വിവാഹം എന്ന സാമ്പ്രദായിക സംവിധാനം ഇല്ലെങ്കിലും ആണിനും പെണ്ണിനും പരസ്പരം ആകര്‍ഷിക്കപ്പെടാനും കുട്ടികളെ ഉത്പാദിപ്പിക്കാനും വളര്‍ത്താനും കഴിയും. ഇന്ന് ഭാര്യ ഭര്‍ത്താക്കന്മാരായി ഒരുമിച്ചു കഴിയാതെ കുട്ടികളെ വളര്‍ത്തുന്ന ധാരാളം പേരെ വികസിത രാജ്യങ്ങളില്‍ കാണാന്‍ കഴിയും. ഇങ്ങനെ എഴുതുമ്പോള്‍ വളരെ ചെറുപ്പത്തില്‍ പ്രസവിക്കുന്ന അമ്മമാരുടെ പ്രശ്‌നം ചിലര്‍ എഴുതാറുണ്ട്. ഈ പ്രശ്‌നം കൂടുതലും കറുത്ത വര്‍ഗക്കാരിലും പാവപ്പെട്ടവരുടെ ഇടയിലും ആണ് ഉള്ളത്. എന്നാല്‍ വിദ്യാസമ്പന്നരും തൊഴിലെടുക്കുന്നവരും ആയ വെള്ളക്കാര്‍ക്കിടയില്‍ കല്യാണം കഴിച്ചില്ലെങ്കിലും ഒരുമിച്ച് ജീവിച്ചില്ലെങ്കിലും കുട്ടികളെ ഉത്തരവാദിത ബോധത്തോടെ നോക്കുന്ന പലരെയും ഈ ലേഖകന് നേരിട്ടറിയാം. അങ്ങനെ ഉള്ളവര്‍ ധാരാളമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും.

ഒരു കാലത്ത് കുട്ടികളെ നോക്കിയിരുന്നത് അമ്മമാര്‍ (അല്ലെങ്കില്‍ അമ്മൂമ്മമാര്‍) ആയിരുന്നെങ്കില്‍ ഇപ്പോള്‍ (പകല്‍ സമയത്ത്) നോക്കാന്‍ മറ്റു സംവിധാനങ്ങളും ഉണ്ടാകുന്നു. അച്ഛന്മാര്‍ ഒട്ടും നോക്കാതിരുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ഇത് എല്ലാ കാര്യത്തിലും ഉണ്ടാകും. ഒരു കാലത്ത് മുതിര്‍ന്നവരെ പൂര്‍ണമായി ശുശ്രൂഷിക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഇന്ന് ഹോം നഴ്‌സുമാരെ ആവശ്യമായി വരുന്നു. ഇതൊക്കെ സാമൂഹ്യ സാമ്പത്തിക മാറ്റത്തിനു അനുസരിച്ച് ഉണ്ടാകുന്ന അനിവാര്യമായ മാറ്റങ്ങളാണ്.
പെണ്‍കുട്ടിയോട് നിന്റെ ജീവിതം വിവാഹത്തിലാണ് എന്ന് പറഞ്ഞു പഠിപ്പിച്ചാല്‍ അവള്‍ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും സ്വന്തം കാലില്‍ നില്ക്കാന്‍ പറ്റുന്ന ഒരാളായി മാറില്ല. അവളുടെ സാമ്പത്തിക, സാമൂഹ്യ സുരക്ഷിതത്വം വിവാഹത്തിലൂടെയേ ലഭിക്കൂ എന്ന സ്ഥിതി നിലനില്‍ക്കും. അപ്പോള്‍ ഓരോ കുടുംബവും തങ്ങളുടെ പെണ്‍കുട്ടിക്ക് ഏറ്റവും കൂടുതല്‍ 'സുരക്ഷിതത്വം' നല്‍കാന്‍ കഴിയുന്ന ചെറുക്കനെ തേടും. ഒരു ചെറുക്കനും ഈ സുരക്ഷിതത്വ സേവനം വെറുതെ നല്‍കില്ല. പ്രത്യേകിച്ചും കൂടുതല്‍ ആളുകള്‍ ഒരു ചെറുക്കന്റെ കയ്യില്‍ നിന്നും ഈ സേവനം ലഭിക്കാനായി മത്സരിക്കുമ്പോള്‍. ഇങ്ങനെ നമുക്ക് തന്നെ 'നല്ല' ചെറുക്കനെ കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടുതല്‍ സ്വര്‍ണവും സ്ത്രീധനവും നല്‍കാനുള്ള ശ്രമത്തിന്റെ അടിസ്ഥാനം. അങ്ങനെ ചെയ്യാന്‍ കഴിയാത്തവര്‍ നിരാശരാകുന്നു. ഈ പണം കൊടുത്തു വിവാഹത്തിനു അകത്തു കയറിയാല്‍ അതിനകത്ത് മാത്രമേ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം കിട്ടൂ എങ്കില്‍ അതിനകത്തെ പീഡനങ്ങള്‍ സഹിക്കാന്‍ പെണ്‍കുട്ടി തയ്യാറാകേണ്ടി വരും.
ഈ പ്രവണത സമൂഹത്തിലും പ്രതിഫലിക്കും. ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടിക്ക് (പണമുണ്ടെങ്കിലും) സുരക്ഷിതത്വതോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള സാമൂഹ്യ സാഹചര്യം ഉണ്ടാവില്ല. ഇത് ഒരു തരത്തില്‍ ആണുങ്ങള്‍ക്കും ദോഷകരമാണ്. കടുത്ത സാമ്പ്രദായിക വിവാഹത്തില്‍ നിന്ന് പുറത്തുകടന്നാലുള്ള അവസ്ഥ ആശ്വാസ്യമല്ലെങ്കില്‍ അത് കുടുംബം സംഘര്‍ഷങ്ങള്‍ക്ക് വിധേയമാകുകയും അത് രണ്ടുകൂട്ടര്‍ക്കും ദുരിതം സമ്മാനിക്കുകയും ചെയ്യും.
ഇത് പോലെ തന്നെ പ്രധാനമാണ് എല്ലാവര്‍ക്കും സ്വന്തം കുട്ടികളുണ്ടാകണം എന്ന ചിന്ത. അതിനു സാധിച്ചില്ലെങ്കില്‍ എന്തോ നഷ്ടപ്പെട്ടു എന്ന് കരുതി അവര്‍ ജീവിതം തള്ളുന്നു. മക്കളുണ്ടെങ്കില്‍ തങ്ങളുടെ വാര്‍ധക്യം ബുദ്ധിമുട്ടില്ലാതെ കഴിയും എന്ന് ഇന്നത്തെ മാതാപിതാക്കള്‍ക്ക് പ്രതീക്ഷിക്കാനാവുമോ? വാര്‍ധക്യകാലത്ത് കഴിയാനുള്ള പണവും മറ്റുസംവിധാനങ്ങളും നാം മുന്‍കൂട്ടി ഒരുക്കുകയാണ് മക്കളുണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധി!
ചുരുക്കത്തില്‍ നമ്മുടെ മാറുന്ന സാമൂഹ്യ സാമ്പത്തിക സ്ഥിതിക്കനുസരിച്ചു നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന സംവിധാനങ്ങളില്‍ മാറ്റം ഉണ്ടാകണം. അങ്ങനെ ഉണ്ടാകേണ്ട ഒന്നാണ് വിവാഹം. ആ മാറ്റം ഉണ്ടാകാത്തതിന്റെ പ്രശ്‌നങ്ങള്‍ നാം അനുഭവിക്കുന്നു.