ഭാഗ്യക്കുറി ഏജന്‍റുമാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിട്ടില്ല- ചെയര്‍മാന്‍
Posted on: 18 Jul 2012
കാസര്‍കോട്: ഭാഗ്യക്കുറിമേഖലയില്‍ പണിയെടുക്കുന്ന ഏജന്‍റുമാരുടെയും വില്പനക്കാരുടെയും വില്പന കമ്മീഷനും ക്ഷേമനിധി ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുവെന്ന ആരോപണം ശരിയല്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ് അറിയിച്ചു.
പുതിയ ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നശേഷം 1101 പേര്‍ക്ക് സ്‌പെഷല്‍ പെന്‍ഷന്‍, 24 പേര്‍ക്ക് സൂപ്പറാന്വേഷന്‍ പെന്‍ഷന്‍, 33 പേര്‍ക്ക് കുടുംബപെന്‍ഷന്‍ എന്നീ ഇനങ്ങളിലായി 1.04 കോടി രൂപയും മരണാനന്തര സഹായധന ഇനത്തില്‍ 78 പേര്‍ക്ക് 43,50,000 രൂപയും ചികിത്സാസഹായമായി 33 പേര്‍ക്ക് 55,208 രൂപയും വിവാഹസഹായധനം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ അവാര്‍ഡ് എന്നീ ഇനങ്ങളിലായി ആകെ 45,000 രൂപയും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ക്ഷേമനിധി അംഗങ്ങള്‍ക്ക് 1000 രൂപവീതം ഓണം അലവന്‍സ് ഇനത്തില്‍ 1,42,48,000 രൂപയും ആകെ 1,39,47,000 രൂപ മുഖവിലയ്ക്കുള്ള ഭാഗ്യക്കുറി ടിക്കറ്റുകളും ഓണത്തിന്റെ ഭാഗമായി സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആകെ 4,30,45,958 രൂപ വിവിധ ഇനങ്ങളിലായി ക്ഷേമനിധി ബോര്‍ഡുവഴി വിതരണം ചെയ്തിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
നറുക്കെടുപ്പുകളുടെ എണ്ണം ആഴ്ചയില്‍ ഒന്നായി പരിമിതപ്പെടുത്തിയ സാഹചര്യത്തില്‍ 30 ശതമാനം വരെ നല്‍കിയിരുന്ന ഏജന്‍സി കമ്മീഷന്‍ ഭാഗ്യക്കുറി ഏജന്‍റുമാരുടെയും വില്പനക്കാരുടെയും വരുമാനത്തിലുണ്ടായ കുറവ് പരിഗണിച്ച് 35 മുതല്‍ 35.25 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. നറുക്കെടുപ്പുകളുടെ എണ്ണം ആഴ്ചയില്‍ ഏഴാക്കി പുനഃസ്ഥാപിച്ചപ്പോള്‍ ഭാഗ്യക്കുറിമേഖലയിലെ വിറ്റുവരവ് വര്‍ധിക്കുകയും ഏജന്‍സികമ്മീഷന്‍ 26 മുതല്‍ 28 ശതമാനം വരെ ആയി നിജപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ മാസം മുതല്‍ നറുക്കെടുപ്പ് നടത്തുന്ന ഭാഗ്യക്കുറി ടിക്കറ്റുകളുടെ വില്പനക്കമ്മീഷന്‍ 28 മുതല്‍ 30 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട് -ബാബു ജോസഫ് പറഞ്ഞു.