കടക്കെണിയില്‍ കുരുങ്ങി നില്‍ക്കുന്ന ഗ്രീസ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളുടെ മോചനത്തിനായി രക്ഷാഫണ്ട് സ്വരൂപിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പുതിയ നീക്കം അന്താരാഷ്ട്ര ഉത്പ്പന്ന വിപണികള്‍ക്ക് ആവേശം പകര്‍ന്നു.

അതിശക്തമായ തകര്‍ച്ചയില്‍ നിന്ന് അന്താരാഷ്ട്ര റബര്‍ വിപണി വാരാന്ത്യം ശ്രദ്ധേയമായ തിരിച്ചു വരവ് കാഴ്ചവെച്ചു. യൂറോപ്യന്‍ പ്രതിസന്ധി അയയുമെന്ന് കണ്ട് ക്രൂഡോയില്‍ വില ബാരലിന് 84. 96 ഡോളറിലേയ്ക്ക് ഉയര്‍ന്നതും റബറിന്റെ കുതിപ്പിനു കരുത്തു പകര്‍ന്നു. വില ഇടിഞ്ഞ വേളയില്‍ ചൈന മലേഷ്യയില്‍ നിന്ന് ഉയര്‍ന്ന തോതില്‍ റബര്‍ സംഭരിച്ചതും വിപണിയുടെ ആത്മവിശ്വാസം കൂട്ടി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യാന്തര വിപണിയില്‍ റബറിന്റെ വിലയിടിവ് 25. 8 ശതമാനമാണ്. ഇതിനിടയില്‍ കയറ്റുമതി നിയന്ത്രിച്ചു വിപണിയ്ക്ക് കരുത്തു പകരാനുള്ള ശ്രമങ്ങളുമായി തായ്‌ലണ്ട് രംഗത്തിറങ്ങിയതും റബറിന്റെ മുന്നേറ്റത്തിന് സഹായകമായി. കേരളത്തില്‍ റബര്‍ വില നാലാം ഗ്രേഡിന് 18400 രൂപയില്‍ നിന്ന് 18700 ലേയ്കക് കയറി.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വര്‍ദ്ധിച്ച ഡിമാണ്ടില്‍ ചുക്ക് വില ക്വിന്റെലിന് 8500-9000 രൂപയില്‍ എത്തി. വിനിമയ വിപണിയില്‍ രൂപയ്‌ക്കേറ്റ തളര്‍ച്ചയാണ് വിദേശ രാജ്യങ്ങളെ ഇന്ത്യന്‍ ചുക്ക് വിപണിയിലേയ്ക്ക് തിരിച്ചത്. യു എസ് ഇടപാടുകാര്‍ക്കു പുറമേ യൂറോപ്പും മിഡില്‍ ഈസ്റ്റും രംഗത്തുണ്ട്. വിപണി ചൂടു പിടിച്ചതോടെ സ്‌റ്റോക്കിസ്റ്റുകളും കര്‍ഷകരും ചരക്ക് കൈവിടുന്നില്ല. കയറ്റുമതി വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിനു ഡിമാണ്ട് മങ്ങി. വിയറ്റ്‌നാമും ഇന്തോനേഷ്യയും ബ്രസീലും ടണ്ണിന് 6400-6800 റേഞ്ചില്‍ ഓഫറുകള്‍ ഇറക്കിയതാണ് 7500-7800 ഡോളര്‍ വില വരുന്ന ഇന്ത്യന്‍ കുരുമുളകിന് തിരിച്ചടിയായത്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 40, 300 രൂപയില്‍ നിന്ന് 39, 900 ആയും അണ്‍ഗാര്‍ബിള്‍ഡ് 38, 800 ല്‍ നിന്ന് 38, 400 ആയും താഴ്ന്നു. നാളികേരോല്‍പ്പന്നങ്ങള്‍ വീണ്ടും സമ്മര്‍ദ്ദത്തില്‍. മണ്‍സൂണ്‍ ഡിമാണ്ട് പ്രതീക്ഷിച്ചു വില ഉയര്‍ത്തിയ തമിഴ്‌നാട് വ്യാപാരികള്‍ കഴിഞ്ഞ വാരം നിരക്ക് താഴ്ത്തി. തമിഴ്‌നാട്ടിലെ പ്രമുഖ നാളികേര വിപണികളില്‍ ഉയര്‍ന്ന അളവില്‍ ചരക്ക് വില്‍പ്പനയ്ക്ക് എത്തുന്നുണ്‌ടെങ്കിലും വ്യാവസായിക ഡിമാണ്ട് മങ്ങി നില്‍ക്കയാണ്. വെളിച്ചെണ്ണ 6450 രൂപയില്‍ നിന്ന് 6350 ആയി താഴ്ന്നു. 4190-4150 ലാണ് കൊപ്രയുടെ വിപണനം. വന്‍ കുതിപ്പുകള്‍ക്ക് ശേഷം ആഭ്യന്തര മാര്‍ക്കറ്റില്‍ സ്വര്‍ണ വില അല്‍പ്പം താഴ്ന്നു. 22, 360 രൂപയില്‍ വിപണനം തുടങ്ങിയ സ്വര്‍ണം വാരാന്ത്യം 22, 200 ലാണ്.