നിക്ഷേപിക്കാം മ്യൂച്വല്‍ ഫണ്ടില്‍

Posted on: 19 Apr 2011



''ഓഹരി വിപണിയിലെ നിക്ഷേപമൊക്കെ എനിക്ക് മടിയാ. കാലത്തെഴുന്നേറ്റ് പത്രം നോക്കണം. ഓഹരിയുടെ വിലയറിയണം. കമ്പനിയെക്കുറിച്ച് മോശം വാര്‍ത്തകളുണ്ടോ എന്ന് ശ്രദ്ധിക്കണം. ഉണ്ടെങ്കില്‍ പോര്‍ട്ട്‌ഫോളിയോ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. ഈ തൊന്തരവൊന്നുമില്ലാതെ വിപണിയുടെ മികച്ച റിട്ടേണ്‍ കിട്ടാന്‍ വല്ല മാര്‍ഗങ്ങളുമുണ്ടോ? ഉണ്ടെങ്കില്‍ പറഞ്ഞുതാ, ഞാന്‍ റെഡി''-പറയുന്നത് ബാങ്കില്‍നിന്ന് വി.ആര്‍.എസ് എടുത്ത ഇപ്പോള്‍ അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ത്യാഗാനന്ദന്‍.

ഇത്തരം ചിന്താഗതിക്കാര്‍ക്ക് ഏറ്റം അനുയോജ്യമായ നിക്ഷേപം മ്യൂച്വല്‍ ഫണ്ടിലേതു തന്നെ. എന്താണ് മ്യൂച്വല്‍ ഫണ്ട്? നിക്ഷേപകരില്‍ നിന്നും സമാഹരിച്ച പണം, അവര്‍ക്കായി തന്നെ വിവിധ ഓഹരികളില്‍ നിക്ഷേപിക്കയും, അതുവഴിയുണ്ടാകുന്ന ലാഭമോ നഷ്ടമോ നിക്ഷേപകര്‍ക്ക് തന്നെ വീതിച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു ഇടനിലക്കാരന്റെ റോളാണ് മ്യൂച്വല്‍ ഫണ്ടിനുള്ളത്.
പരിചയസമ്പന്നരും യോഗ്യതയുള്ളവരും കൈകാര്യം ചെയ്യുന്നു എന്നത് ഈ നിക്ഷേപമാര്‍ഗത്തിറെ മേന്മയായി കാണാം. അതുകൊണ്ട് തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ സുഗമമായി വിപണിയുടെ വളര്‍ച്ചാഫലം മ്യൂച്വല്‍ ഫണ്ടിലൂടെ അനുഭവിക്കാന്‍ നിക്ഷേപകനു കഴിയും. ചെറുകിട നിക്ഷേപകര്‍ക്കും കുറഞ്ഞ മുതല്‍മുടക്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപകനാകാം.

നിങ്ങളുടെ നിക്ഷേപം കുറഞ്ഞതാണെങ്കില്‍ പോലും, ഒട്ടേറെ പേരില്‍നിന്ന് സംഭരിക്കുന്ന പണം നിരവധി ഓഹരികളിലായാണ് സാധാരണഗതിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കാറുള്ളത്. പരോക്ഷമായ വൈവിധ്യവത്കരണത്തിലൂടെ നിക്ഷേപത്തിന്റെ റിസ്‌ക് ഒരുപരിധിവരെ കുറയ്ക്കുവാന്‍ ഇത് സഹായിക്കുന്നു. ഒപ്പം മുന്‍പ് പറഞ്ഞതുപോലെ, നിക്ഷേപത്തെക്കുറിച്ച് പഠിക്കാനോ, നിരീക്ഷിക്കാനോ നിക്ഷേപകന്‍ സമയം മെനക്കെടുത്തേണ്ടതുമില്ല. ഓഹരിവിപണി നിയന്ത്രണ ബോര്‍ഡായ സെബിയുടെ നിയന്ത്രണത്തിലുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം, അതുകൊണ്ട് തന്നെ നിരന്തരം നിരീക്ഷിക്കപ്പെടുന്നതാണ്. നിക്ഷേപകരുടെ സുരക്ഷിതത്വത്തിനു പ്രഥമസ്ഥാനം നല്‍കുന്ന ഇന്ത്യന്‍ റെഗുലേറ്ററുടെ സാന്നിദ്ധ്യം ഈ മേഖലയിലെ നിക്ഷേപകന് ഗുണകരമാവുന്നു.

എന്തൊക്കെയാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍?
ഓഹരിയുടേതിനു തുല്യമായി ഡിവിഡന്റും (ലാഭവീതം) മൂലധന വര്‍ധനയും മ്യൂച്വല്‍ഫണ്ട് നിക്ഷേപവും നല്‍കുന്നു. ഓഹരി വിപണി ഉയര്‍ച്ചകള്‍ താണ്ടുന്ന അവസരങ്ങളില്‍ മികച്ച റിട്ടേണ്‍ നല്‍കുവാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനു കഴിയും. ഇനിയും ഓഹരി നിക്ഷേപത്തിലേക്ക് കടന്നിട്ടില്ലാത്തവര്‍ക്ക്, കടക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് ആദ്യപടിയായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ കാണാം.

ഇനി ഇതിന്റെ ന്യൂനതകളെക്കുറിച്ചും നിക്ഷേപകന്‍ ബോധവാനായിരിക്കണം. മ്യൂച്വല്‍ ഫണ്ടുകള്‍ മാനേജ് ചെയ്യുന്നത് വിദഗ്ധരാണെങ്കിലും അത് വിപണനം ചെയ്യുന്നത് പലപ്പോഴും വൈദഗ്ദ്ധ്യമില്ലാത്തവരാണ്. എങ്ങനെയെങ്കിലും ഇത് നിക്ഷേപകന്റെ തലയില്‍ കെട്ടിവയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ പലപ്പോഴും നിറംപിടിപ്പിച്ച കഥകള്‍ ഈ ഫണ്ടുകളെക്കുറിച്ച് അവര്‍ കെട്ടിച്ചമയ്ക്കും.
''കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 30 ശതമാനം റിട്ടേണ്‍ നല്‍കിയിരുന്നു. ഇതേ കമ്പനിയുടെ മറ്റേ ഫണ്ട്, അതുകൊണ്ട് കുറഞ്ഞത് 30 ശതമാനം റിട്ടേണ്‍ നിങ്ങള്‍ക്ക് ഈ ഫണ്ടിലും കണ്ണടച്ച് പ്രതീക്ഷിക്കാം''-മ്യൂച്വല്‍ ഫണ്ട് വിപണനത്തിനായി സമീപകാലത്ത് വന്ന ഒരു ഏജന്റിന്റെ വാക്കുകള്‍ ഈ ലൈനിലായിരുന്നു.

മാര്‍ക്കറ്റിന്റെ ഗതിവിഗതികള്‍ക്ക് അനുസൃതമായി മ്യൂച്വല്‍ ഫണ്ടും മിന്നുന്നതോ മങ്ങുന്നതോ ആയ പ്രകടനം കാഴ്ചവയ്ക്കാം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, മ്യൂച്വല്‍ ഫണ്ടുകളും നിശ്ചിതവരുമാനം ഉറപ്പ് നല്‍കുന്നില്ല. ഗവണ്മെന്റ് കൊണ്ടുവരുന്ന പ്രത്യേക നിയമങ്ങള്‍, ചട്ടങ്ങള്‍ ഇവയൊക്കെ വിവിധ വ്യവസായങ്ങളെ ബാധിക്കുക വിവിധ തരത്തിലാണ്. അവയ്ക്കനുസൃതമായി ഇത്തരം കമ്പനികളുടെ ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞെന്നിരിയ്ക്കാം. ഒപ്പം ഈ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനവും മാറിമറിയാം. ഉയര്‍ന്ന വരുമാനം നേടിത്തരുവാനുതകുന്ന, ഓഹരികളെ അപേക്ഷിച്ച് റിസ്‌ക് കുറഞ്ഞ ഈ നിക്ഷേപം ഓരോരുത്തര്‍ക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടുത്ത ലക്കത്തില്‍.
Tags: Invest in Mutual Funds-Article by Manoj Thomas
»  News in this Section
ഗ്രാം2510.00
പവന്‍20080.00
വെള്ളി
ഗ്രാം54.00