ഓഹരിവിപണി സ്ഥിരതയാര്‍ജിക്കുന്നു

Posted on: 23 Jul 2012


പൊറിഞ്ചു വെളിയത്ത്‌നാല് വര്‍ഷത്തെ അസാധാരണമായ ഏറ്റക്കുറച്ചിലുകള്‍ക്ക ശേഷം സ്ഥിരതയാര്‍ജിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഇന്ത്യന്‍ ഓഹരിവിപണി. വരുംകാലങ്ങളില്‍ വിപണി കൂടുതല്‍ ചലനാത്മകമാകാനും നിക്ഷേപത്തിന് അനുയോജ്യമാകാനുമുള്ള സാധ്യതയാണ് മുന്നില്‍ കാണുന്നത്. ഇതിലേക്ക് നയിക്കുന്ന ചില സാങ്കേതിക ഘടകങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഓഹരി ലഭ്യത കുറയുന്നു

കുറേക്കാലമായി ആഗോളതലത്തിലും ഇന്ത്യന്‍ രാഷ്ട്രീയ-സാമ്പത്തിക രംഗത്തും മോശം വാര്‍ത്തകളുടെ ഒരു പരമ്പര തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനാല്‍, നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുകയും കിട്ടിയ വിലയ്ക്ക് ഓഹരി വിറ്റുമാറിപ്പോവുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇങ്ങനെ ഓവര്‍സോള്‍ഡ് ആയിട്ടുള്ള വിപണിയില്‍ അഞ്ച് കാരണങ്ങള്‍ കൊണ്ടാണ് ഓഹരികളുടെ ലഭ്യത കുറയുന്ന പ്രതിഭാസം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

പ്രമോട്ടര്‍മാര്‍ ഓഹരി വാങ്ങുന്നു

ചരിത്രത്തില്‍ ആദ്യമായാണ് മൂന്നൂറില്‍പ്പരം ഇന്ത്യന്‍ കമ്പനികളില്‍ ഒരേസമയം പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. കമ്പനിയുടെ യഥാര്‍ഥ മൂല്യത്തെക്കാളും വളരെ താഴെ ഓഹരി വിലകള്‍ വരുമ്പോഴാണ് ഇത് സംഭവിക്കുക. കമ്പനിയുടെ ഭാവിയെക്കുറിച്ചും വളര്‍ച്ചാ സാധ്യതകളെക്കുറിച്ചും ഏറ്റവും കൂടുതല്‍ അറിയുന്നത് അതിന്റെ ഉടമസ്ഥര്‍ക്ക് തന്നെയാണെന്നത് സാമാന്യബുദ്ധിയില്‍ മനസ്സിലാക്കാവുന്ന കാര്യമാണ്. പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് ഇപ്പോഴത്തെ വില ആകര്‍ഷകമാണ് എന്നതു മാത്രമല്ല സൂചിപ്പിക്കുന്നത്; അത് വിപണിയിലെ സപ്ലൈ കുറയ്ക്കുകയും ചെയ്യുന്നു.

കമ്പനികളുടെ ഓഹരി തിരിച്ചുവാങ്ങല്‍

കമ്പനികള്‍ നേരിട്ട് സ്വന്തം ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് (ബൈബാക്ക് ഓഫ് ഷെയേഴ്‌സ്) ഇപ്പോള്‍ ഒരു പ്രവണതയായിരിക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്ര, സീ ടി.വി, അല്‍ കാര്‍ഗോ തുടങ്ങി ധാരാളം കമ്പനികള്‍ ബൈബാക്ക് നടത്തിക്കൊണ്ടിരിക്കുന്നതു വഴി വിപണിയില്‍ ഓഹരിലഭ്യത ഗണ്യമായി കുറയുന്നുണ്ട്. പ്രധാനമായും റീട്ടെയില്‍ നിക്ഷേപകരുടെ ഓഹരികളാണ് ഈ രീതിയില്‍ കുറയുക.

പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ്

ഓഹരി വില വളരെ താഴുകയും നിക്ഷേപത്തിന് ആകര്‍ഷണീയമാവുകയും ചെയ്ത സാഹചര്യത്തില്‍ പല പ്രമോട്ടര്‍മാരും ഇപ്പോഴത്തെ വിലയ്ക്ക് പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് വഴി ഓഹരി വാങ്ങിക്കൂട്ടുന്നതിന്റെ യുക്തി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ടാറ്റാ ഗ്രൂപ്പില്‍പ്പെട്ട ഇന്ത്യന്‍ ഹോട്ടല്‍സിന്റെ കാര്യത്തില്‍, വിപണിവിലയുടെ 75 ശതമാനം ഉയര്‍ന്ന നിരക്കിലാണ് 450 കോടി രൂപയ്ക്ക് ഓഹരികള്‍ വാങ്ങിയത്.

ഡീലിസ്റ്റിങ്

പല മള്‍ട്ടി നാഷണല്‍ കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഡീ ലിസ്റ്റ് ചെയ്യാന്‍ വേണ്ടി ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. ആല്‍ഫ ലാവല്‍, നൊവാര്‍ട്ടിസ്, ഹണി വെല്‍, ഓറക്കിള്‍, ബ്ലൂ ഡാര്‍ട്ട്, ഗില്ലറ്റ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ധാരാളം നിക്ഷേപകര്‍ ഡീ ലിസ്റ്റിങ്ങിന്റെ സമയത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ വേണ്ടി ഡീ ലിസ്റ്റിങ് സാധ്യതയുള്ള ബഹുരാഷ്ട്ര കമ്പനികളുടെ (എം.എന്‍. സി.) ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത രണ്ടുവര്‍ഷമായി നിലവിലുണ്ട്.

പബ്‌ളിക് ഇഷ്യുകളിലെ കുറവ്

വിപണിയിലെ പ്രതികൂല സാഹചര്യത്തില്‍ പബ്ലിക് ഇഷ്യുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നതിനാല്‍ ഓഹരികളുടെ ലഭ്യത കാര്യമായി കുറഞ്ഞിട്ടുണ്ട്. സാങ്കേതികമായി ഇത് നിക്ഷേപകര്‍ക്ക് നല്ലതാണ്.

പരിഷ്‌കാരങ്ങള്‍ക്ക് സാധ്യത

റീട്ടെയില്‍ വിദേശനിക്ഷേപം പോലുള്ള വലിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് കാലതാമസം നേരിട്ടേക്കാമെങ്കിലും വ്യോമയാനം, ഇന്‍ഷുറന്‍സ് മേഖലകളിലെ വിദേശനിക്ഷപം, ചരക്കു സേവന നികുതി, ചില അത്യാവശ്യ നികുതി പരിഷ്‌കാരങ്ങള്‍ തുടങ്ങിയവ ഉടനെ പ്രതീക്ഷിക്കാവുന്നതാണ്. മന്‍മോഹന്‍ സിങ് ധനകാര്യം ഏറ്റെടുത്തതിനു ശേഷം ഇതിനുള്ള ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഗാര്‍ (ംഎഎഞ) സംബന്ധിച്ചുള്ള പഴയ ധനമന്ത്രിയുടെ നിലപാടും മുന്‍കാല പ്രാബല്യത്തോടു കൂടിയുള്ള നികുതി ഭേദഗതികളും വളരെയധികം വിമര്‍ശിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിന് അനുകൂലമായിട്ടുള്ള തീരുമാനങ്ങളെടുക്കുമെന്ന് കരുതാം.

ഈ മൂന്ന് കാര്യങ്ങളും പരിഗണിക്കുമ്പോള്‍ ഓഹരി വിപണി കാര്യമായി താഴെപ്പോവുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. മാത്രമല്ല, അല്പം അനുകൂലമായിട്ടുള്ള ഘടകങ്ങള്‍ വരുമ്പോള്‍ തിരഞ്ഞെടുത്ത ഓഹരികള്‍ അപ്രതീക്ഷിതമായ മുന്നേറ്റം നടത്താനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്.പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന സമ്പദ്ഘടനയും രാഷ്ട്രീയ സാഹചര്യവും കണക്കിലെടുക്കുമ്പോള്‍, നിക്ഷേപകര്‍ ഓഹരി സൂചിക പ്രവചിക്കാന്‍ ശ്രമിക്കാതെ ഭാവിയില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ ശേഷിയുള്ളതും സത്യസന്ധരായ പ്രതിഭാശാലികള്‍ നയിക്കുന്നതുമായ കമ്പനികള്‍ ആകര്‍ഷകമായ വിലയില്‍ വാങ്ങി ക്ഷമയോടെ ഹോള്‍ഡ് ചെയ്യുകയുമാണ് വേണ്ടത്.

റീപ്‌ളേസ്‌മെന്റ് കോസ്റ്റ്

ഭൂമിയുടെ വിലയും കെട്ടിടനിര്‍മാണ ചെലവും ഗണ്യമായി കൂടുകയും രൂപയുടെമൂല്യം വളരെ കുറയുകയും ചെയ്ത ഇന്നത്തെ സാഹചര്യത്തില്‍ ഒരു പുതിയ കമ്പനി കെട്ടിപ്പടുക്കാനുള്ള ചെലവ് അതിഭീമമാണ്. ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പദ്ധതികള്‍ക്ക് അനുമതി ലഭിക്കുക, അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉയര്‍ന്ന ചെലവും കാലതാമസവുമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍നിലവിലുള്ള, ലാഭകരമായിട്ടുള്ള നല്ല കമ്പനികളുടെ ഓഹരികളുടെ വില വര്‍ധിക്കുകയാണ് വേണ്ടത്. പക്ഷേ, വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടുമാത്രം ഓഹരികള്‍ താഴ്ന്ന നിരക്കില്‍ ലഭ്യമാണ്.


(ലേഖകന്‍ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനാണ്.
porinju@equityintelligence. com)

Tags: Time to invest
»  News in this Section