എന്തുകൊണ്ട് ഇപ്പോള്‍ ഓഹരികള്‍ വാങ്ങണം?

Posted on: 25 May 2012


പൊറിഞ്ചു വെളിയത്ത്‌പൊറിഞ്ചു വെളിയത്ത്‌
സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി കാരണങ്ങളാല്‍ നിക്ഷേപകമനോഭാവം എക്കാലത്തേയും മോശമായ അവസ്ഥയിലാണ്. പല ഓഹരികളുടേയും വില ഏറെ താഴെ വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഓഹരികള്‍ വിറ്റുമാറി വിപണിയോട് ഗുഡ്‌ബൈ പറയണോയെന്ന സംശയത്തിലാണ് പല നിക്ഷേപകരും. പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല. തിരഞ്ഞെടുത്ത ഇന്ത്യന്‍ കമ്പനികള്‍ വാങ്ങുകയും അതുവഴി വരുംവര്‍ഷങ്ങളിലേക്കായി വലിയ സമ്പത്ത് സൃഷ്ടിക്കാനുമുള്ള ഉചിതമായ സമയമായാണ് ഞാന്‍ ഇതിനെ കാണുന്നത്.

റീപ്ലേസ്‌മെന്റ് കോസ്റ്റ് തിയറി ഉപയോഗിക്കേണ്ട സമയം

വിലക്കയറ്റം കൊണ്ടും രൂപയുടെ മൂല്യശോഷണം കൊണ്ടും പ്രതിസന്ധിയിലായിരിക്കുന്ന ഒരു സമ്പദ്ഘടനയില്‍ പുതിയ കമ്പനിയോ ബിസിനസോ തുടങ്ങാനുള്ള ചെലവ് അതിഭീമമാണ്. അതിനര്‍ഥം നിലവില്‍ ലാഭകരമായി നടക്കുന്ന, മികച്ച മാനേജ്‌മെന്റുകളുള്ള കമ്പനികളുടെ മൂല്യം കൂടണമെന്നല്ലേ? ഇത്തരം അനുകൂലാവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഓഹരികളുടെ വില ഇടിയുന്നത്. ബിസിനസ് ചാനലുകളും പത്രങ്ങളും പല ന്യായങ്ങളും കണ്ടെത്തിയേക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് യഥാര്‍ഥ അവസരം. മികച്ച കമ്പനികള്‍ ആകര്‍ഷകമായ വിലയില്‍ ലഭിക്കുന്ന അവസരം.

ഓഹരിസൂചികകള്‍ ഗണ്യമായി താഴ്ന്നുവെങ്കിലും ഇതേകാലഘട്ടത്തില്‍ നേട്ടമുണ്ടാക്കിയ ധാരാളം ഓഹരികളുമുണ്ട്. മുന്‍പ് ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള വൊക്കാര്‍ഡ് നോക്കൂ. രണ്ടു വര്‍ഷത്തിനുള്ളില്‍ നാലിരട്ടിക്കു മുകളില്‍ വന്ന വില ഇപ്പോള്‍ അതിന്റെ എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലാണ്. ഇതുപോലെ തന്നെ മുന്‍പ് നിര്‍ദ്ദേശിച്ചിട്ടുള്ള പിരാമള്‍ ഹെല്‍ത്ത്‌കെയര്‍, ഗോദ്‌റെജ്, ടാറ്റാ ഗ്ലോബല്‍, സെലാന്‍ എക്‌സ്‌പ്ലൊറേഷന്‍, മുഞ്ചാല്‍ ഷോവ എന്നിവ വിപണികള്‍ വീഴുമ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നതായി കാണാം. മള്‍ട്ടിനാഷണല്‍ കമ്പനികളായ നെസ്‌ലെ, ബോഷ്, എഫ്.എം.സി.ജി കമ്പനികളായ ഐ.ടി.സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരിക്കോ, കോള്‍ഗേറ്റ് എന്നിവയും ഗണ്യമായ നേട്ടമുണ്ടാക്കി.

കാഷ്വല്‍ ആയ നിക്ഷേപരീതികളും നിരന്തരമുള്ള ട്രേഡിങും സമ്പത്ത് സൃഷ്ടിക്കാന്‍ ഒരിക്കലും നിങ്ങളെ സഹായിക്കില്ലെന്ന് തിരിച്ചറിയുക. കൃത്യമായ ധാരണയോടും അച്ചടക്കത്തോടും കൂടി നടത്തുന്ന ദീര്‍ഘകാലനിക്ഷേപങ്ങള്‍ക്കേ മൂലധനത്തെ സംരക്ഷിക്കാനും പണം ഉണ്ടാക്കാനും നിങ്ങളേ സഹായിക്കാനാവൂ.

വിവരവും വിദ്യാഭ്യാസവുമുള്ള ദേശസ്‌നേഹികളെ സംബന്ധിച്ചിടത്തോളം സമ്പദ്ഘടനയുടെ പോക്ക് വലിയ ആശങ്ക ഉയര്‍ത്തുന്നു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം, തെറ്റായതും ദീര്‍ഘവീക്ഷണമില്ലാത്തതുമായ സാമ്പത്തികനയങ്ങള്‍ ഉണ്ടാവുന്നു. ഇതില്‍ കുടുങ്ങി കറന്റ് അക്കൗണ്ട് കുടിശ്ശിഖയും ധനകമ്മിയും അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇത് രൂപയെ തകര്‍ത്ത് തരിപ്പണമാക്കി കഴിഞ്ഞു. വെറും ഒരു വര്‍ഷത്തിനുള്ളില്‍ രൂപയുടെ മൂല്യത്തില്‍ 20 ശതമാനത്തിനും മുകളിലുള്ള ഇടിവാണ് കണ്ടത്. വളരുന്ന മറ്റു ചില രാജ്യങ്ങളുടെ കറന്‍സികള്‍ മെച്ചപ്പെട്ട പ്രകടനം കാണിക്കുമ്പോഴാണ് രൂപയുടെ പതനം.

രാജ്യാന്തര റേറ്റിങ് ഏജന്‍സികള്‍ ഇന്ത്യയെ ഡൗണ്‍ഗ്രേഡ് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വിദേശനിക്ഷേപകര്‍ ഇങ്ങോട്ടു വരാന്‍ മടി കാണിക്കുന്നു. ഇങ്ങനെയുള്ള അതീവഗുരുതരമായ അവസ്ഥയിലും തിരഞ്ഞെടുത്ത ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കണമെന്ന് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഞാന്‍ നേരത്തെ സൂചിപ്പിച്ച റീപ്ലേസ്‌മെന്റ് കോസ്റ്റ് തിയറിയാണ്. പുതിയ ബിസിനസ് ഇന്നുണ്ടാക്കാന്‍ മുടക്കേണ്ടുന്ന ചെലവ് നോക്കുമ്പോള്‍ റീപ്ലേസ്‌മെന്റ് കോസ്റ്റ് തിയറി പ്രയോഗിച്ച് തിരഞ്ഞെടുത്ത ഓഹരികള്‍ വാങ്ങാനുള്ള ഏറ്റവും യുക്തിസഹമായ സമയമാണിത്.

സെലാന്‍ എക്‌സ്‌പ്ലൊറേഷന്‍

ജനവരിയില്‍ ശുപാര്‍ശ ചെയ്ത അഞ്ചു ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോ ഇപ്പോഴത്തെ വിപണിസാഹചര്യത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സെലാന്‍ എക്‌സ്‌പ്ലൊറേഷന്‍ അന്നത്തെ 230 രൂപയില്‍ നിന്നും 270 രൂപയായി ഉയര്‍ന്നു.

460 കോടി രൂപ വിപണിമൂല്യമുള്ള ഈ കമ്പനി ഞാന്‍ എടുത്തുപറയാന്‍ ഉദ്ദേശിക്കുന്നു. നിക്ഷേപകര്‍ അതു ഹോള്‍ഡ് ചെയ്യുക. മാത്രമല്ല, ഇപ്പോഴത്തെ വിലയ്ക്ക് വാങ്ങാനും അനുയോജ്യമാണ്.

ഗുജറാത്തില്‍ 200 ചതുരശ്ര കിലോമീറ്ററില്‍ അഞ്ചു എണ്ണപ്പാടങ്ങളുള്ള സെലാന്‍ അതിന്റെ മൊത്തം ഉത്പാദനസാധ്യതയുടെ ചെറിയൊരംശം മാത്രമേ ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നുള്ളൂ. വലിയ തോതില്‍ എണ്ണ ഉത്പാദിപ്പിക്കുവാന്‍ വേണ്ടി 3ഡി സീസ്മിക് സര്‍വെപോലുള്ള കാര്യങ്ങള്‍ കമ്പനി ചെയ്തുകഴിഞ്ഞു. എണ്ണ ഖനനം ചെയ്യാനുള്ള അനുമതിക്ക് കാലതാമസം നേരിട്ടതു കൊണ്ടാണ് കഴിഞ്ഞ വര്‍ഷം ഗണ്യമായി ഉത്പാദനം കൂടാതിരുന്നത്. വരും വര്‍ഷങ്ങളില്‍ എണ്ണ ഉത്പാദനം പലമടങ്ങ് വര്‍ധിക്കുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. ഇതു സംഭവിച്ചാല്‍ പോലും ഇപ്പോഴത്തെ വിലയില്‍ കാര്യമായ റിസ്‌ക് കാണുന്നില്ല.

എന്നിട്ടുപോലും 10 പി.ഇ അനുപാതത്തില്‍ മാത്രമാണ് ഓഹരി വിപണനം ചെയ്യുന്നത്. കടമില്ലാത്ത കമ്പനിയുടെ ബാലന്‍സ്ഷീറ്റില്‍ 125 കോടി രൂപ ക്യാഷ് ബാലന്‍സുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തില്‍ ഞാന്‍ പലതവണ മാനേജ്‌മെന്റുമായി ആശയവിനിമയം ചെയ്യുകയും കമ്പനിയുടെ എണ്ണപ്പാടങ്ങള്‍ (ബക്രോള്‍, ഇന്ദ്‌റോറ, ലോഹാര്‍, ഓഗ്‌നജ്, കര്‍ജിസാന്‍) സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട മാനേജ്‌മെന്റ് ക്വാളിറ്റിയെപ്പറ്റി സംശയിക്കേണ്ടതില്ല.

അടുത്ത രണ്ടു മൂന്നു വര്‍ഷത്തേക്കു നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വലിയ സമ്പത്ത് സൃഷ്ടിക്കാന്‍ ഉപകരിക്കുന്ന ഒരു ഓഹരിയായി സെലാന്‍ എക്‌സ്‌പ്ലൊറേഷനെ കരുതാവുന്നതാണ്.


പൊറിഞ്ചു വെളിയത്ത്
ഓഹരി വ്യാപാര രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന മികവുള്ള പൊറിഞ്ചു വെളിയത്ത് ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനും സിഇഒയുമാണ്. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനം (പിഎംഎസ്) മാത്രം ഒരുക്കുന്ന രാജ്യത്തെ ഒരേയൊരു കമ്പനിയാണ് ഇത്. വിവിധ ബിസിനസ് പ്രസിദ്ധീകരണങ്ങളിലും ടിവി ചാനലുകളിലും ഓഹരി ശുപാര്‍ശങ്ങള്‍ നല്‍കുന്നുണ്ട്.
Email: porinju@equityintelligence.com


Disclaimer: മേല്‍പ്പറഞ്ഞ ഓഹരികള്‍ പൊറിഞ്ചു വെളിയത്ത് വ്യക്തിപരമായോ ഇടപാടുകാര്‍ക്ക് വേണ്ടിയോ കൈവശം വയ്ക്കുന്നതാകാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.

Also Read:
2012ല്‍ നിക്ഷേപിക്കാന്‍ 5 ഓഹരികള്‍

Tags: This is the right time for wealth creation-Porinju Veliyath
»  News in this Section