മിഡ് ക്യാപ് - സ്‌മോള്‍ക്യാപ് ഓഹരികള്‍ വാങ്ങുമ്പോള്‍

Posted on: 09 May 2011


കെ.അരവിന്ദ്‌



കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30 ലാര്‍ജ് ക്യാപ് ഓഹരികള്‍ ഉള്‍പ്പെട്ട സെന്‍സെക്‌സിലുണ്ടായ മുന്നേറ്റം 9.06 ശതമാനമാണ്. അതേസമയം ബിഎസ്ഇ മിഡ് ക്യാപ്പില്‍ 0.41 ശതമാനവും ബിഎസ്ഇ സ്‌മോള്‍ക്യാപ്പില്‍ 5.04 ശതമാനവും ഇടിവാണ് നേരിട്ടത്. വിപണിയില്‍ ശക്തമായ മുന്നേറ്റം നടക്കുന്ന ഘട്ടങ്ങളില്‍ ലാര്‍ജ് ക്യാപ് ഓഹരികള്‍ ശക്തായ മുന്നേറ്റം കാഴ്ച വെച്ചതിനു ശേഷം അത് പിന്നീട് മിഡ് ക്യാപ്പിലേക്കും സ്‌മോള്‍ക്യാപ് ഓഹരികളിലേക്കും പടരുന്നതാണ് കണ്ടുവരാറുള്ളത്. 2010 രണ്ടാം പകുതിയില്‍ നാം അത് കണ്ടതാണ്. പക്ഷേ അതിനു ശേഷം വിപണിയില്‍ ഉണ്ടായ തിരുത്തല്‍ ലാര്‍ജ് ക്യാപ് ഓഹരികളെ ശക്തമായ ബാധിച്ചെങ്കിലും ആ ഓഹരികള്‍ തിരിച്ചുവരവ് നടത്തിയപ്പോഴും മിഡ് ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ക്ക് അത് സാധിച്ചിട്ടില്ലെന്നാണ് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലെ ഇടിവ് വ്യക്തമാക്കുന്നത്.

മിഡ് ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ക്ക് ലാര്‍ജ് ക്യാപ് ഓഹരികളേക്കാള്‍ മികച്ച നേട്ടം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് കാലാകാലങ്ങളായി ഓഹരികള്‍ നല്‍കുന്ന നേട്ടത്തിന്റെ ചരിത്രം വ്യക്തമാക്കുന്നത്. എന്നാല്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ ലാര്‍ജ് ക്യാപ് ഓഹരികളേക്കാള്‍ അതിതീവ്രമായ ചാഞ്ചാട്ട സ്വാഭാവമാണുള്ളത്. ഇപ്പോള്‍ മൊത്തം വിപണി നില അനുകൂലമായിരുന്നിട്ടും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ മങ്ങിയ പ്രകടനം ഈ വസ്തുതക്ക് അടിവരയിടുന്നു.

അതേസമയം ഇപ്പോഴത്തെ നിലയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകനെ സംബന്ധിച്ച് ലാര്‍ജ് ക്യാപ് ഓഹരികളേക്കാള്‍ ആകര്‍ഷകം മിഡ് ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികളാണ്. ലാര്‍ജ്ക്യാപ് ഓഹരികളേക്കാള്‍ താഴ്ന്ന മൂല്യത്തിലാണ് ഈ ഓഹരികള്‍ വ്യാപാരം ചെയ്യുന്നത് എന്നതു തന്നെ കാരണം. ഓഹരി വിലയും പ്രതി ഓഹരി ലാഭവും തമ്മിലുള്ള അനുപാതം, ഓഹരി വിലയും പുസ്തകമൂല്യവും തമ്മിലുള്ള അനുപാതം തുടങ്ങിയ ഓഹരികളുടെ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആധാരമാക്കിയാല്‍ ലാര്‍ജ് ക്യാപ് ഓഹരികളേക്കാള്‍ ആകര്‍ഷകമായ മൂല്യത്തില്‍ ഒരുപിടി മിഡ് ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ ഇപ്പോള്‍ ലഭ്യമാണ്.

ഇന്നത്തെ സ്‌മോള്‍ക്യാപ് ഓഹരികള്‍ നാളെ മിഡ്ക്യാപ്പുകളായും ഇന്നത്തെ മിഡ് ക്യാപ് ഓഹരികള്‍ നാളത്തെ ലാര്‍ജ് ക്യാപ് ഓഹരികളായും മാറാം. അതേ സമയം മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ആകര്‍ഷണീയത കണക്കിലെടുത്ത് സ്‌മോള്‍കാപ്പ് ഓഹരികള്‍ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

1. ഓഹരിയുടെ വില മാത്രം നോക്കി നിക്ഷേപിക്കുന്നത് അപകടകരമായ രീതിയാണ്. വിലയല്ല മൂല്യമാകണം നിക്ഷേപത്തിന്റെ മാനദണ്ഡം. ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം, ഓഹരി വിലയും പുസ്തകമൂല്യവും തമ്മിലുള്ള അനുപാതം തുടങ്ങിയ ഓഹരികളുടെ മൂല്യനിര്‍ണയം നടത്താന്‍ പൊതുവെ സ്വീകരിക്കപ്പെടുന്ന സാങ്കേതിക മാനദണ്ഡങ്ങള്‍ക്കു പുറമെ കമ്പനിയുടെ ബിസിനസിലെ വളര്‍ച്ചാ ശേഷി, മാനേജ്‌മെന്റിന്റെ മികവ്, കമ്പനിയുടെ അടുത്ത കാലത്തെ പ്രവര്‍ത്തന ഫലങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിശകലനം നടത്തിയതിനു ശേഷമേ ഓഹരികള്‍ തിരഞ്ഞെടുക്കാവൂ.

2. ഓഹരിയുടെ കഴിഞ്ഞ ആറു മാസത്തെ വ്യാപാര വ്യാപ്തം പരിശോധിക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം പ്രതിദിന വ്യാപാര മൂല്യമുള്ള ഓഹരികളെ ഒഴിവാക്കുക. കുറഞ്ഞ വ്യാപാര വ്യാപ്തത്തില്‍ വ്യാപാരം ചെയ്തിരുന്ന ഓഹരികളില്‍ വ്യാപാര വ്യാപ്തം പെട്ടെന്ന് ഉയരുമ്പോള്‍ അതിന്റെ കാരണം കമ്പനിയുടെ മികവ് വ്യക്തമാക്കുന്ന എന്തെങ്കിലും സംഭവവികാസമാണോ എന്ന് ഉറപ്പു വരുത്തുക.

3. വ്യാപാര വ്യാപ്തം കുറഞ്ഞ ഓഹരികളില്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ചാഞ്ചാട്ടമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കാണുക. നിക്ഷേപക സ്ഥാപനങ്ങള്‍ ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികള്‍ക്ക് കുറെക്കൂടി അടിസ്ഥാന മികവ് ഉണ്ടാകുമെന്ന് അനുമാനിക്കാവുന്നതാണ്.

4. ഓഹരികള്‍ ഏത് ഗ്രൂപ്പിലാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. മുന്‍നിര ഓഹരികള്‍ എ ഗ്രൂപ്പില്‍ സ്ഥാനം പിടിക്കുമ്പോള്‍ അസ്വാഭാവികമായ ചാഞ്ചാട്ടങ്ങള്‍ കണ്ടുവരുന്ന ഓഹരികളെ ടി ഗ്രൂപ്പിലാണ് പെടുത്തുന്നത്. ഇത്തരം ഓഹരികളിലെ നിക്ഷേപം അതീവ റിസ്‌കുള്ളതാണെങ്കിലും നല്ല ഓഹരികളും ടി ഗ്രൂപ്പില്‍ കണ്ടുവരാറുണ്ട്. അസ്വാഭാവികമായ ചാഞ്ചാട്ടങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഇത്തരം ഓഹരികളെ ബി ഗ്രൂപ്പിലേക്ക് മാറ്റുകയും ചെയ്യാറുണ്ട്.

5. ലാര്‍ജ് ക്യാപ് ഓഹരികളെ പോലെ സ്‌മോള്‍കാപ്പ് ഓഹരികളില്‍ കമ്പനി മാനേജ്‌മെന്റിന്റെ മികവ് നിര്‍ണയിക്കുക എളുപ്പമല്ല. അതിനാല്‍ അടുത്തറിയാന്‍ സാധിക്കുന്ന കമ്പനികളെ (കേരളത്തില്‍ നിന്നുള്ള ഏതാനും മികച്ച കമ്പനികള്‍ ഉദാഹരണം) പരിഗണിക്കുക.
Tags: Things to remember while investing in midcap, smallcap stocks
»  News in this Section