ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Posted on: 26 Aug 2011


കെ.അരവിന്ദ്‌മറ്റേത് നിക്ഷേപ മാര്‍ഗത്തേക്കാളും 'ലിക്വിഡിറ്റി'യുള്ളതിനാല്‍ താരതമ്യേന ഏറ്റവും സുഗമമായി ഇടപാടുകള്‍ നടത്താവുന്ന വേദിയാണ് ഓഹരി വിപണി. ഒരു ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉണ്ടെങ്കില്‍ ആര്‍ക്കും ഓഹരി നിക്ഷേപം നടത്താം. ടെര്‍മിനലില്‍ തെളിയുന്ന ഏത് 'ടിക്കര്‍ സിംബലി'ലും വ്യാപാരം ചെയ്യാം. എന്നാല്‍ വ്യാപാര രീതികള്‍ ഏറ്റവും സുഗമവും വേഗത്തിലും ചെയ്യാവുന്ന ഇടമാണ് ഓഹരി വിപണിയെങ്കിലും മറ്റേത് നിക്ഷേപ മാര്‍ഗത്തേക്കാളും സങ്കീര്‍ണമാണ് ഓഹരി വിപണിയുടെ ലോകം. നിക്ഷേപകരുടെ ഭാഗത്തു നിന്നും ഏറ്റവും കൂടുതല്‍ മുന്നൊരുക്കവും സ്വന്തം നിലയിലുള്ള പഠനവും ആവശ്യമായി വരുന്നതും ഓഹരി നിക്ഷേപത്തിലാണ്.

ഇന്ത്യയിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മൂവായിരത്തിലേറെ ഓഹരികളില്‍ നിന്ന് നിക്ഷേപം ലാഭകരമാക്കാന്‍ സാധിക്കുന്ന ഓഹരികളെ എങ്ങനെയാണ് കണ്ടെത്തുക എന്നതാണ് ഏതൊരു നിക്ഷേപകന്റെയും മുന്നിലുള്ള ആദ്യത്തെ കടമ്പ. ഓഹരി നിക്ഷേപം സംബന്ധിച്ച ടിവി പരിപാടികളിലും മറ്റും വിദഗ്ധര്‍ പലപ്പോഴും നിക്ഷേപകര്‍ക്ക് നല്‍കുന്ന നിര്‍ദേശമാണ് 'ഫണ്ടമെന്റലി സ്‌ട്രോങ്്' ആയ കമ്പനികള്‍ തിരഞ്ഞെടുക്കുക എന്നത്. 'ഫണ്ടമെന്റലി സ്‌ട്രോങ്' ആയ കമ്പനികളെ എങ്ങനെയാണ് കണ്ടെത്തുക? ഫണ്ടമെന്റലി 'സ്‌ട്രോങ്ങും ' 'വീക്കും' ആയ കമ്പനികളെ എങ്ങനെയാണ് വിവേചിച്ച് അറിയാന്‍ സാധിക്കുക?

ഒരു കമ്പനിയുടെ 'ഫണ്ടമെന്റല്‍ സ്‌ട്രെങ്തി'നെ അളക്കുന്നതിനുള്ള ഏറ്റവും അടിസ്ഥാനപരമായ നാല് മാനദണ്ഡങ്ങള്‍ ഇവയാണ്-
1. കമ്പനിയുടെ ബിസിനസ്
2. കമ്പനിയുടെ മാനേജ്‌മെന്റ്
3. സാമ്പത്തികഘടകങ്ങള്‍
4. ഓഹരിയുടെ നിലവിലുള്ള മൂല്യം

ഇതില്‍ ആദ്യത്തെ മൂന്ന് ഘടകങ്ങളാണ് ഒരു കമ്പനിയുടെ അടിസ്ഥാന ശേഷിയെ (ഫണ്ടമെന്റല്‍ സ്‌ട്രെങ്്തിനെ) നിര്‍ണയിക്കുന്നത്. നാലാമത്തെ ഘടകം ഓഹരിയുടെ വില ന്യായമാണോ എന്ന് നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡമാണ്. ഇതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങള്‍ മാത്രം പരിഗണിച്ചാല്‍ കമ്പനിയെ കുറിച്ചുള്ള വിലയിരുത്തല്‍ പൂര്‍ണമാകില്ല. ഓഹരികളുടെ കുറ്റമറ്റ തിരഞ്ഞെടുപ്പിന് ഈ നാല് ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്.

കമ്പനി എന്ത് ബിസിനസാണ് ചെയ്യുന്നത്?

താന്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനി എന്ത് ബിസിനസാണ് ചെയ്യുന്നത് എന്ന് നിക്ഷേപകന്‍ ശ്രദ്ധിച്ചിരിക്കണം. എന്ത് ഉല്‍പന്നമാണ് ആ കമ്പനി വില്‍ക്കുന്നത്, ആ ഉല്‍പന്നത്തിന് വിപണിയില്‍ എന്തുമാത്രം ഡിമാന്‍ഡുണ്ട്, എങ്ങനെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്, മറ്റ് കമ്പനികളില്‍ നിന്ന് എന്തുമാത്രം മത്സരം നേരിടുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ നിക്ഷേപകന്‍ പരിശോധിച്ചിരിക്കണം. കമ്പനി നേരിടുന്ന വെല്ലുവിളികളെയും കമ്പനിയുടെ ശക്തിയെയും ദൗര്‍ബല്യങ്ങളെയും മനസ്സിലാക്കുന്നത് കമ്പനിയെ അറിയുന്നതിന്റെ ഭാഗമാണ്.

ആരാണ് കമ്പനിയെ നയിക്കുന്നത്?

കമ്പനി ചെയ്യുന്ന ബിസിനസ് എന്താണെന്ന് മനസ്സിലാക്കി കഴിഞ്ഞാല്‍ അടുത്തതായി ചെയ്യേണ്ടത് ആ കമ്പനി നടത്തുന്നത് ആരാണ് എന്ന് അറിയുകയാണ്. എത്രമാത്രം കാര്യക്ഷമമായാണ് കമ്പനിയുടെ ഉടമസ്ഥരും മാനേജ്‌മെന്റിന് നേതൃത്വം നല്‍കുന്നവരും കമ്പനിയുടെ നടത്തിപ്പ് നിര്‍വഹിക്കുന്നത് എന്ന് നിക്ഷേപകന്‍ പരിശോധിച്ചിരിക്കണം. മാനേജ്‌മെന്റിന്റെ സത്യസന്ധത, കാര്യക്ഷമത, മത്സരക്ഷമത തുടങ്ങിയ കാര്യങ്ങള്‍ തൃപ്തികരമാണെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ മാത്രമേ ആ കമ്പനിയുടെ ഓഹരി നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവൂ. മാനേജ്‌മെന്റിന്റെ മുന്‍കാല ചരിത്രവും ഓഹരി ഉടമകളുടെ താത്പര്യത്തെ മാനിക്കുന്ന മാനേജ്‌മെന്റാണോയെന്നതു സംബന്ധിച്ച വസ്തുതകളുമൊക്കെ വിലയിരുത്തേണ്ടതുണ്ട്.

കമ്പനി എത്രത്തോളം ലാഭകരമായി പ്രവര്‍ത്തിക്കുന്നു?

ഒരു കമ്പനിയുടെ അടിസ്ഥാനപരമായ കരുത്തിനെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് കമ്പനിയുടെ സാമ്പത്തിക നില. ഒരു കമ്പനി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തുകയാണെങ്കില്‍ ആ കമ്പനി മറ്റേത് ഘടകത്തില്‍ മുന്നിട്ടുനിന്നാലും നിക്ഷേപത്തിനുള്ള ശരിയായ തിരഞ്ഞെടുപ്പ് ആയിരിക്കില്ല. ലാഭകരമായി മുന്നോട്ടുപോകുകയും വരുമാനത്തിലും ലാഭക്ഷമതയിലും സ്ഥിരതയോടെ വളര്‍ച്ച കൈവരിക്കുകയും ചെയ്യുന്ന ഒരു കമ്പനിയാണെന്ന നിഗമനത്തില്‍ എത്തിയതിനു ശേഷം മാത്രമേ ആ കമ്പനി നിക്ഷേപയോഗ്യമാണോയെന്ന് തീരുമാനിക്കാവൂ.

ഓഹരിയുടെ മൂല്യം ന്യായമാണോ?

മുകളില്‍ പറഞ്ഞ മൂന്ന് ഘടകങ്ങളും വിലയിരുത്തുമ്പോള്‍ കമ്പനി മികച്ചതാണെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ അടുത്തതായി നിക്ഷേപകന്‍ പരിശോധിക്കേണ്ടത് കമ്പനിയുടെ ഓഹരി ന്യായമായ വിലയിലാണോ ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് എന്നാണ്. ഒരു സാധനത്തിന്റെ വില ന്യായമല്ല എന്ന് തോന്നിയാല്‍ അത് എത്ര മികച്ചതായാലും നാം അത് വാങ്ങാറില്ല. അതുപോലെ തന്നെയാണ് ഓഹരിയുടെ കാര്യവും. ഒരു കമ്പനിയുടെ മൂല്യനിര്‍ണയത്തിന് പുസ്തകമൂല്യം, പ്രതി ഓഹരി വരുമാനം, പ്രതി ഓഹരി വരുമാനവും ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം, പുസ്തകമൂല്യവും ഓഹരിയുടെ വിലയും തമ്മിലുള്ള അനുപാതം തുടങ്ങിയ വിവിധ ഘടകങ്ങള്‍ മാനദണ്ഡങ്ങളാക്കേണ്ടതുണ്ട്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഓഹരിയുടെ വില കുറഞ്ഞ നിലയിലാണോ, ന്യായമാണോ, അമിത വിലയിലാണോ എന്നൊക്കെ നിര്‍ണയിക്കുന്നത്.

Tags: Things to remember when investing in stocks
»  News in this Section