ഓഹരികള്‍ വാങ്ങാന്‍ ഇത് നല്ലകാലം

Posted on: 02 Jul 2012


ഡോ. വി.കെ.വിജയകുമാര്‍



സാമ്പത്തികരംഗത്ത് നിലവിലുള്ള ആശങ്കകള്‍ അകലുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. യൂറോപ്പ് പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുകയാണ്. പ്രധാനമന്ത്രിയുടെ പുതിയ തീരുമാനങ്ങളും വിപണിക്ക് കരുത്തേകും. വളരെ വിലകുറഞ്ഞു നില്‍ക്കുന്ന, നല്ല ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താന്‍ ഇത് അനുയോജ്യമായ സമയമാണ് .


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും ഓഹരി വിപണിയും ഏറെ വെല്ലുവിളി നേരിടുന്ന സമയമാണിത്. ആഗോള സാഹചര്യങ്ങളും പ്രതികൂലമാണ്. സാമ്പത്തിക അസ്ഥിരത, കൂപ്പുകുത്തുന്ന വളര്‍ച്ചാ നിരക്ക്, ഇരട്ട അക്കത്തിനടുത്തു നില്‍ക്കുന്ന പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്കും ധനക്കമ്മിയും, രൂപയുടെ വിലയിടിവ് അങ്ങനെ നിരവധി ഘടകങ്ങള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ആശങ്കകളുണ്ടാക്കുന്നതാണ്. ഇതോടൊപ്പം നയരൂപീകരണത്തിലെ കാലതാമസവും ഭരണ പ്രതിസന്ധിയും കൂടിച്ചേരുമ്പോള്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. മുന്നേറികൊണ്ടിരുന്ന രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ചതും ഈ ഘടകങ്ങള്‍ തന്നെ.

മൊത്ത ആഭ്യന്തര ഉത്പാദന ( ജി. ഡി. പി. ) വളര്‍ച്ചാനിരക്ക് 2011-12 സാമ്പത്തിക വര്‍ഷം 6. 5 ശതമാനത്തിലേക്ക് കൂപ്പുകുത്തി. സാമ്പത്തിക മാന്ദ്യം രൂക്ഷമായ 2009 ല്‍ പോലും വളര്‍ച്ചാനിരക്ക് 6. 7 ശതമാനമായിരുന്നു. മാര്‍ച്ച് 31 ന് അവസാനിച്ച നാലാം ത്രൈമാസത്തില്‍ ജിഡിപി വളര്‍ച്ച 5. 3 ശതമാനം എന്ന ആശങ്കപ്പെടുത്തുന്ന നിലയിലായിരുന്നു. ഉത്പാദനമേഖലയിലെ വളര്‍ച്ച 0. 3 ശതമാനമായി കുറഞ്ഞു. ആഭ്യന്തര ഉത്പാദനത്തിലെ ഈ കുറവ് പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷിത നിരക്കിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുന്നതിനാല്‍ പലിശ കുറയ്ക്കുന്നകാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ ആര്‍ബിഐ തൃശങ്കുവിലാണ്.

യൂറോ മേഖലയിലെ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതുമൂലം വിപണിക്കുണ്ടാകുന്ന ആഘാതം ചെറുതല്ല. വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ നിന്നു വിട്ടു നില്‍ക്കുന്നതിന് കാരണവും ഇതു തന്നെ. ഇന്ത്യ പോലെ വികസനമുന്നേറ്റം നടത്തുന്ന രാജ്യങ്ങളെയാണ് ഇത് ഏറെ ബാധിച്ചത്. ആകര്‍ഷക വിലയില്‍ ഓഹരികള്‍ ലഭിക്കുമെന്നായിട്ടും ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്‍വലിയുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഈ പ്രതികൂലസാഹചര്യങ്ങളെല്ലാം ചേര്‍ന്ന് പല ഓഹരികളുടേയും വില ആകര്‍ഷകമായ നിലയിലെത്തിച്ചിരിക്കുകയാണ്. ഇടക്കാല, ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ അനുയോജ്യ സമയമാണിതെന്നാണ് എന്റെ വിലയിരുത്തല്‍. അതിന് ഒട്ടേറെ കാരണങ്ങളും ചൂണ്ടിക്കാട്ടാനാകും.

* ആകര്‍ഷക വിലയില്‍ മികച്ച ഓഹരികള്‍ ഇപ്പോള്‍ ലഭിക്കുമെന്നതാണ് ഇതില്‍ പ്രധാനം. ഇന്ത്യന്‍ വിപണിയുടെ കഴിഞ്ഞ 16 വര്‍ഷത്തെ ചരിത്രത്തില്‍ ഓഹരികളുടെ പിഇ അനുപാതം ( ഒരു ഓഹരിയില്‍ നിന്ന് ലഭിക്കുന്ന വാര്‍ഷിക വരുമാനത്തിന് - ഇ.പി.എസ്. - അനുസരിച്ച് നിലവിലുള്ള മൂല്യം ) 16 നോട് അടുത്താണ്. എന്നാല്‍ ഇപ്പോള്‍ പി. ഇ. 13 മാത്രമാണ്. 2012 -13 ലെ സെന്‍സെക്‌സ് വരുമാന അനുമാനം ആധാരമാക്കിയാണിത് കണക്കാക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐടിസി, എച്ച്‌യുഎല്‍ തുടങ്ങിയവ ഒഴിവാക്കിയാല്‍ ശരാശരി ഓഹരികളുടെ പിഇ അനുപാതം ഒറ്റ അക്കത്തിലാവും. പിഇ അനുപാതം 10 വരത്തക്ക രീതിയിലുള്ള ഒരു മികച്ച ഓഹരിശേഖരം സ്വന്തമാക്കാനുള്ള അവസരം കൂടിയാണിതെന്നാണ് എന്റെ അഭിപ്രായം.

* ഓഹരി വിപണിയില്‍ രണ്ടു കാര്യങ്ങള്‍ എപ്പോഴും നിര്‍ണായകമായിരിക്കും. ഒന്ന് ഡോളറിനെതിരെ രൂപയുടെ വിനിമയ നിലവാരം. മറ്റൊന്ന് പലിശ നിരക്ക്. രണ്ടും ഉയര്‍ന്ന നിലയിലാണിപ്പോള്‍. ഡോളറൊന്നിന് 56 -57 നിരക്കിലാണ് രൂപ. ഡിസംബറോടെ ഇത് 52 -54 ലേക്ക് മെച്ചപ്പെടുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. ക്രൂഡോയിലിനൊപ്പം മറ്റ് ഉത്പന്നങ്ങളുടെയും വില കുറയുകയും സ്വര്‍ണ ഇറക്കുമതിയില്‍ ഇടിവുണ്ടാകുകയും കൂടി ചെയ്താല്‍ നിലവിലെ സ്ഥിതിമാറും. ധനക്കമ്മിയും വ്യാപാര കമ്മിയും കുറയും. ഇതോടെ വരുന്ന മാസങ്ങളില്‍ രൂപയുടെ വില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ വിദേശനിക്ഷേപക സ്ഥാപനങ്ങളെ വിപണിയിലെത്തിക്കുന്നതിന് ഇത് വഴിതെളിക്കും. ഒപ്പം ആര്‍ബിഐക്ക് പലിശ നിരക്കുകളില്‍ ഇളവു വരുത്താനും കഴിയും. രൂപ മെച്ചപ്പെടുകയും പലിശ നിരക്കു കുറയുകയും ചെയ്യുന്നതോടെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയില്‍ തിരികെയെത്തും.

* ഏതാനും വര്‍ഷങ്ങളായി യൂറോപ്യന്‍ മേഖലയില്‍ തുടരുന്ന കടപ്രതിസന്ധി ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മൂന്നു വര്‍ഷത്തിനിടെ ആദ്യമായി പ്രതീക്ഷയ്ക്കു വക നല്‍കുന്ന നടപടിക്രമങ്ങള്‍ അവിടെ ആരംഭിച്ചിട്ടുണ്ട്. ഇറ്റലിയിലെയും സ്‌പെയിനിലെയും വായ്പാ ചെലവ് കുറച്ചു കൊണ്ടുവരാനുള്ള പദ്ധതി തയ്യാറാക്കുന്നതില്‍ യൂറോപ്യന്‍ നേതാക്കള്‍ യോജിപ്പിലെത്തിയിട്ടുണ്ട്. വര്‍ഷാവസാനത്തോടെ യൂറോ മേഖലയിലെ ബാങ്കുകളെ ഒരു ഒറ്റ നിയന്ത്രണ ബോഡിയുടെ കീഴില്‍ കൊണ്ടു വരുന്നതിന് 17 യൂറോ രാജ്യങ്ങള്‍ ധാരണയായിക്കഴിഞ്ഞു. യൂറോപ്യന്‍ ബാങ്കിങ് യൂണിയന്‍ എന്ന മഹത്തായ ആശയത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പാണിത്. യൂറോപ്പില്‍ സാധാരണനില കൈവന്നാല്‍ വെല്ലുവിളികള്‍ കുറയും. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഓഹരി വിപണികളിലേക്ക് വന്‍തോതില്‍ നിക്ഷേപം ഒഴുകിയെത്തുന്നതിന് സാഹചര്യമൊരുങ്ങും.

* പ്രധാനമന്ത്രി ധനകാര്യ വകുപ്പ് ഏറ്റെടുത്തതും നിര്‍ണായകമാണ്. അദ്ദേഹം ചുമതല ഏറ്റ ഉടനേ തന്നെ വിപണിക്ക് ഉണര്‍വേകുന്ന ചില പ്രധാന നീക്കങ്ങള്‍ നടത്തിക്കഴിഞ്ഞു. നിക്ഷേപത്തിന് പ്രാധാന്യം നല്‍കിയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ധനകാര്യവകുപ്പിന്റെ ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞിരുന്നു. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. വിദേശ നിക്ഷേപകര്‍ ആശങ്കയോടെ കാണുന്ന ഗാറിന്റെ ( ജനറല്‍ ആന്റി അവോയ്ഡന്‍സ് റൂള്‍ ) മുന്‍കാല പ്രാബല്യം പുനഃപരിശോധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാവും. മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പുനസ്ഥാപിച്ചേക്കുമെന്ന് കേള്‍ക്കുന്നു. ഇതെല്ലാം വിപണിക്ക് അനുകൂല ഘടകങ്ങളാണ്. ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട മന്‍മോഹന്‍ സിങ് ശരിയായ നടപടികളുമായി മുന്നോട്ടു വന്നാല്‍ വിപണിയുടെ പ്രതിസന്ധി നീങ്ങും. മാന്ദ്യം നീങ്ങി വളര്‍ച്ച തിരികെയെത്തും.

ചരിത്രം മാതൃകയാക്കാമെങ്കില്‍ ഇത് ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യ സമയമാണെന്നു തന്നെ പറയാം. വിപണി താഴെ നില്‍ക്കുമ്പോള്‍ മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാനായാല്‍ ഭാവിയില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കുമെന്നാണ് മുന്‍കാല അനുഭവങ്ങള്‍ കാട്ടിത്തരുന്നത്. താഴെ കൊടുക്കുന്ന പട്ടിക ഇതിന് അടിവരയിടുന്നതാണ്.

അടുത്ത കാലത്ത് ഇന്ത്യന്‍ വിപണിയുടെ ഏറ്റവും കുറഞ്ഞ പിഇ അനുപാതം 10 ആണ്. വളരെ കുറഞ്ഞകാലത്തേക്ക് മാത്രമേ ഈ നിലയില്‍ വിപണി തുടരുകയുള്ളൂ. ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി നോക്കിയാല്‍ ഇപ്പോഴത്തെ ഓഹരിവിലകള്‍ ആകര്‍ഷകമാണെന്ന് കാണാം. ബാങ്കിങ്, ഫാര്‍മ, ഐടി, ഓട്ടോ മൊബൈല്‍സ്, അടിസ്ഥാന സൗകര്യ മേഖലകളിലെ മികച്ച ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ക്ക് അനുയോജ്യമായ സമയം കൂടിയാണിതെന്നാണ് എന്റെ പക്ഷം.

കാലവര്‍ഷത്തിന്റെ തുടക്കം മോശമായത് വിപണിയില്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ജൂലായില്‍ കാലവര്‍ഷം ശക്തിപ്പെട്ടില്ലെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകും. പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഭാരതാംബയെ മഴദൈവം കൈവിടില്ലെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.
(ജിയോജിത് ബിഎന്‍പി പാരിബയിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)


»  News in this Section
ഗ്രാം2485.00
പവന്‍19880.00
വെള്ളി
ഗ്രാം52.00