
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ട് ഓഹരി വിപണി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഈ മുന്നേറ്റത്തില്‍ പല ഓഹരികളുടെയും വില ശരിക്കുള്ള മൂല്യത്തെക്കാള്‍ ഉയര്‍ന്നു. വിപണിയില്‍ ഇനിയൊരു ഇടിവുണ്ടാകുമ്പോള്‍ ആദ്യം വീഴുക ചിലപ്പോള്‍ ഇത്തരം ഓഹരികളാവും. അതിനാല്‍ ചില ഓഹരികളെങ്കിലും വിറ്റുമാറുന്നത് നന്നായിരിക്കും. ഇപ്പോള്‍ വില്‍ക്കാവുന്ന അഞ്ച് ഓഹരികള്‍ ശുപാര്‍ശ ചെയ്യുകയാണ് ഇവിടെ. പ്രമുഖ ഓഹരി ഇടപാട് സ്ഥാപനമായ നിര്‍മല്‍ ബാങ്ങിന്റെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇക്വിറ്റീസ് റിസര്‍ച്ച് വിഭാഗമാണ് ഓഹരികള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഡിഎല്‍എഫ്
(DLF - Target Price: Rs.174)
രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിഎല്‍എഫ്. കടബാധ്യത നേരിയ തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ സാമ്പത്തിക വര്‍ഷം പ്രകടനം മോശമാകുമെന്നാണ് അനുമാനം. പലിശ നിരക്കുകള്‍ ഉയര്‍ന്നു നിന്നതുമൂലം ലാഭം കുറയും. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് ഈ ഓഹരിയുടെ വില സെന്‍സെക്‌സിന്റെ നേട്ടത്തെക്കാള്‍ ഇരട്ടിയിലേറെ ഉയര്‍ന്നു. ഇപ്പോള്‍ ഓഹരി വില 226 രൂപയാണ്. 174 രൂപ നിലവാരത്തിലേക്ക് താഴാം.
കാഡില ഹെല്‍ത്ത് കെയര്‍
(Cadila Healthcare - Target Price: Rs.629)
മരുന്നുത്പാദന രംഗത്തെ പ്രമുഖ കമ്പനിയാണ് കാഡില. കമ്പനിയുടെ കഴിഞ്ഞ ത്രൈമാസത്തിലെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. നാലാം ത്രൈമാസത്തിലും പ്രകടനം മോശമാവാനാണ് സാധ്യത. കുറഞ്ഞ മാര്‍ജിനുള്ള ബിസിനസ്സുകളില്‍ നിന്നുള്ള വരുമാനം ഉയരുന്നതും വിപണനച്ചെലവ് കൂടുന്നതും കമ്പനിക്ക് തലവേദനയുണ്ടാക്കും. 723 രൂപ നിലവാരത്തിലാണ് ഓഹരി വില ഇപ്പോള്‍. ഇത് 629 രൂപ നിലവാരത്തിലേക്ക് താഴാനാണ് സാധ്യത.
ജെഎസ്ഡബ്ല്യു സ്റ്റീല്‍
(JSW Steel - Target Price: Rs.543)
പ്രമുഖ സ്റ്റീല്‍ ഉത്പാദകരാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. മുന്‍ ത്രൈമാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം കുറയുകയാണ്. അമേരിക്കയിലെയും ചിലിയിലെയും പ്രകടനം മോശമായിരുന്നു. കമ്പനിയുടെ വായ്പ 16,300 കോടി രൂപയില്‍ നിന്ന് 17,700 കോടിയായി ഉയര്‍ന്നിട്ടുണ്ട്. ഓഹരി വില ഇപ്പോള്‍ 808 രൂപയാണ്. 543 രൂപ നിലവാരത്തിലേക്ക് താഴാന്‍ സാധ്യത.
എസ്ബിഐ
(State Bank of India - Target Price: Rs.1520)
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ഏതാനും മാസങ്ങളായി പലിശ നിരക്ക് വന്‍തോതില്‍ ഉയര്‍ന്നത് ബാങ്കിന് തിരിച്ചടിയായിട്ടുണ്ട്. വായ്പാ ഡിമാന്‍ഡ് കുറഞ്ഞതും കിട്ടാക്കടം ഉയര്‍ന്നതും എസ്ബിഐയെ സംബന്ധിച്ചിടത്തോളം തലവേദനയാണ്. നിലവിലുള്ള വിലയുടെ മൂന്നില്‍ രണ്ടായി ഓഹരി വില ഇടിഞ്ഞേക്കാം. ഇപ്പോള്‍ 2,243 രൂപയാണ് എസ്ബിഐയുടെ ഓഹരി വില. ഇത് 1,520 രൂപ നിലവാരത്തിലേക്ക് ഇടിയാനാണ് സാധ്യത.
തെര്‍മാക്‌സ്
(Thermax - Target Price: Rs.375)
ഹെവി ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളാണ് തെര്‍മാക്‌സ്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസം കമ്പനിയെ സംബന്ധിച്ചടത്തോളം മോശമായിരുന്നു. വരുമാനം കാര്യമായി വര്‍ധിച്ചില്ല എന്നുമാത്രമല്ല ലാഭം കുറയുകയും ചെയ്തു. പുതിയ കരാറുകളും കുറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം ചെലവുകള്‍ ഉയരുന്നതും വെല്ലുവിളിയാണ്. ഓഹരി വില ഇപ്പോള്‍ 536 രൂപ. ഇത് 375 രൂപ നിലവാരത്തിലേക്ക് താഴാം.