
യൂറോപ്പിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് ഓഹരി വിപണി വീണ്ടും താഴേക്കെത്തി നില്‍ക്കുകയാണ്. നിഫ്റ്റി 5000ത്തിന് താഴെയും സെന്‍സെക്‌സ് 16,500ന് താഴെയും എത്തിയതോടെ ചെറുകിട നിക്ഷേപകര്‍ക്ക് മികച്ച നിക്ഷേപാവസരമാണ് കൈവന്നിരിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ മികച്ച മൂല്യവര്‍ധനവിന് സാധ്യതയുള്ള പല ഓഹരികളും ഇപ്പോള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാണ്.
ഈ സാഹചര്യത്തില്‍ ദീര്‍ഘകാലത്തേക്ക് വാങ്ങാവുന്ന അഞ്ച് ഓഹരികള്‍ നിര്‍ദ്ദേശിക്കുകയാണ് ഓഹരി വിദഗ്ധനും പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ നിര്‍മല്‍ ബാങ്ങിന്റെ കേരള മേധാവിയുമായ വി.രാഘവന്‍.
യെസ് ബാങ്ക്
(Yes Bank - Target Rs.340)
ത്വരിതഗതിയില്‍ വളര്‍ന്നുവരുന്ന പുതുതലമുറ സ്വകാര്യ ബാങ്കാണ് യെസ് ബാങ്ക്. കഴിഞ്ഞ നാല് വര്‍ഷമായി മികച്ച വളര്‍ച്ചയാണ് ബിസിനസ്സിലും ലാഭത്തിലും ബാങ്ക് കൈവരിക്കുന്നത്. സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നതിലെ നിയന്ത്രണം റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം എടുത്തുകളപ്പോള്‍ നിരക്കുകള്‍ ആദ്യം ഉയര്‍ത്തിയത് യെസ് ബാങ്കാണ്. നാല് ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ, നിക്ഷേപത്തില്‍ വന്‍വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിന് കഴിയും. കിട്ടാക്കടം തീരെയില്ല എന്നതാണ് യെസ് ബാങ്കിന് ഗുണകരമാകുന്ന മറ്റൊരു ഘടകം. 10 രൂപ മുഖവിലയുള്ള ഈ ഓഹരിയുടെ ഇപ്പോഴത്തെ വില 270.30 രൂപ. 340 രൂപയാണ് ടാര്‍ഗെറ്റ്.
അജന്ത ഫാര്‍മ
(Ajanta Pharma - Target Rs.385)
മരുന്നുത്പാദന (ഫാര്‍മസ്യൂട്ടിക്കല്‍) രംഗത്തെ പ്രമുഖ കമ്പനിയാണ് അജന്ത ഫാര്‍മ. കമ്പനിയുടെ അടിസ്ഥാന ബിസിനസ്സുകള്‍ പ്രതിവര്‍ഷം 20 ശതമാനം എന്ന തോതില്‍ വളരുന്നുണ്ട്. അമേരിക്ക പോലുള്ള പുതിയ വിപണികള്‍ കണ്ടെത്തുന്നതും നേട്ടമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ചയാണ് വില്‍പനയിലുണ്ടായത്. 10 രൂപ മുഖവിലയുള്ള ഈ ഓഹരിയുടെ ഇപ്പോഴത്തെ വില 315 രൂപയാണ്. 385 രൂപയായി വില ഉയരാം.
കെപിഐടി കുമ്മിന്‍സ്
(KPIT Cummins - Target Rs.190)
ഐടി സൊലൂഷന്‍സ്, പ്രോഡക്ട് എന്‍ജിനീയറിങ് സൊലൂഷന്‍സ് രംഗത്തെ പ്രമുഖ കമ്പനിയാണ് കെപിഐടി കുമ്മിന്‍സ്. ഓട്ടോമോട്ടീവ് എന്‍ജിനീയറിങ് മേഖലയില്‍ നേതൃസ്ഥാനമാണ് കമ്പനിയ്ക്കുള്ളത്. സാപ് രംഗത്തെ വളര്‍ച്ചയും കമ്പനിക്ക് നേട്ടമാകും. രണ്ടു രൂപ മുഖവിലയുള്ള ഓഹരിയുടെ വില ഇപ്പോള്‍ 160.50 രൂപ നിലവാരത്തിലാണ്. 190 രൂപ നിലവാരത്തിലേക്ക് വില ഉയരാന്‍ സാധ്യത കാണുന്നു.
ദേനാ ബാങ്ക്
(Dena Bank- Target Rs.116)
പലിശ നിരക്കിലെ വര്‍ധനവിനിടയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്ന ദേശസാത്കൃത ബാങ്കാണ് ദേനാ ബാങ്ക്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ 193.6 കോടി രൂപ ലാഭം കൈവരിക്കാന്‍ ബാങ്കിന് കഴിഞ്ഞു. വായ്പയില്‍ 18 ശതമാനം വര്‍ധനവുണ്ടാക്കാനായി. ഈ സാമ്പത്തിക വര്‍ഷം അവസാനം 18-20 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. മറ്റു പല ബാങ്കുകളെക്കാള്‍ ആകര്‍ഷകമാണ് ദേനയുടെ ഇപ്പോഴത്തെ ഓഹരി വില. 10 രൂപ മുഖവിലയുള്ള ഓഹരി ഇപ്പോള്‍ 63.75 രൂപ നിലവാരത്തിലാണ്. 116 രൂപ വരെയായി ഉയരാം.
റെഡിങ്ടണ്‍ ഇന്ത്യ
(Redington - Target Rs.104)
ലോജിസ്റ്റിക്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ചരക്കുകടത്ത്) രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് റെഡിങ്ടണ്‍. ഇന്ത്യന്‍ ബിസിനസ് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ 20 ശതമാനം വളരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ബ്ലാക്‌ബെറി, എച്ച്പി എന്നിവ ഉള്‍പ്പെടെ ലോകോത്തര ബ്രാന്‍ഡുകള്‍ റെഡിങ്ടണിന്റെ ഗുണഭോക്താക്കളാണ്. ഐടി, നോണ്‍ ഐടി വിഭാഗങ്ങളിലെ ചരക്കുകടത്തില്‍ മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെയ്ക്കുന്നത്. രണ്ടു രൂപ മുഖവിലയുള്ള ഓഹരിക്ക് നിലവില്‍ 85.60 രൂപയാണ്. 104 രൂപ നിലവാരത്തിലേക്ക് ഉയരാം.
Disclaimer: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.