
അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയും താഴേക്ക് പോയിരിക്കുകയാണ്. ചെറുകിട നിക്ഷേപകര്‍ക്ക് ഇതു മികച്ച നിക്ഷേപാവസരമാണെന്ന് പ്രമുഖ ഓഹരി വിദഗ്ധനും കൊച്ചിയിലെ സ്‌റ്റോക്ക് സ്ട്രാറ്റജി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായ ജയ്ദീപ് എസ്. മേനോന്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് താഴ്ന്നതും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ ഇന്ത്യയെ സംബന്ധിച്ചടത്തോളം ഗുണകരമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. അമേരിക്കന്‍ മാന്ദ്യത്തെ തുടര്‍ന്ന് ക്രൂഡോയില്‍ വില ഇടിയാന്‍ തുടങ്ങിയിട്ടുണ്ട്. ഇതു ഇന്ധന വില താഴാന്‍ ഇടയാക്കും. അതോടെ, ഉയര്‍ന്ന നിലയില്‍ തുടരുന്ന പണപ്പെരുപ്പം കുറയുമെന്നും ഇന്ത്യയുടെ വളര്‍ച്ച ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ഘടകങ്ങള്‍ കൂടി കണക്കിലെടുത്ത്,
ഇപ്പോഴത്തെ സാഹചര്യത്തില്‍ ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ അഞ്ച് ഓഹരികള്‍ ജയ്ദീപ് എസ്. മേനോന്‍ നിര്‍ദ്ദേശിക്കുന്നു. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ ഓഹരികളാണിവ.
ടാറ്റാ കമ്യൂണിക്കേഷന്‍സ്
(Tata Communications - Target Rs.500)
ടെലികോം രംഗത്തെ മികച്ച ഓഹരിയാണ് ടാറ്റാ കമ്യൂണിക്കേഷന്‍സ്. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ 1986ല്‍ ആരംഭിച്ച വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വിഎസ്എന്‍എല്‍) ആണ് പിന്നീട് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതോടെ ടാറ്റാ കമ്യൂണിക്കേഷന്‍സ് ആയി മാറിയത്. ദീര്‍ഘ ദൂര കമ്യൂണിക്കേഷന്‍സ് രംഗത്തെ മുന്‍നിരക്കാരാണ്. 10 രൂപ മുഖവിലയുള്ള ഈ ഓഹരിയുടെ ഇപ്പോഴത്തെ വില 202 രൂപയാണ്. ഒന്നര-രണ്ട് വര്‍ഷത്തിനുള്ളില്‍ 500 രൂപ വരെയായി ഉയരാം.
അഡ്വാന്റ ഇന്ത്യ
(Advanta India - Target Rs.670)
ഹൈബ്രിഡ് വിത്തുകളുടെ ഉത്പാദന രംഗത്തെ പ്രമുഖ കമ്പനി. സിന്‍ജെന്റ എന്ന ഇന്ത്യന്‍ കമ്പനിയെ നെതര്‍ലന്‍ഡ്‌സിലെ അഡ്വാന്റ എന്ന കമ്പനി ഏറ്റെടുക്കുകയായിരുന്നു. വരുമാനത്തിന്റെ 85 ശതമാനവും വിദേശത്തുനിന്നാണ്. നിരവധി ഏറ്റെടുക്കലുകള്‍ നടത്തിയതുമൂലമുള്ള വായ്പാ ബാധ്യത ഭീമമായിരുന്നു. എന്നാല്‍ വിദേശ കണ്‍വെര്‍ട്ടബിള്‍ ബോണ്ടുകള്‍ ഇറക്കി പണം സമാഹരിച്ചിട്ടുണ്ട്. 10 രൂപ മുഖ വിലയുള്ള ഓഹരി ഇപ്പോള്‍ 257 രൂപ നിലവാരത്തിലാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ 670 രൂപ വരെ പോകാം.
മാക്‌സ് ഇന്ത്യ
(Max India - Target Rs.280)
ധനകാര്യ രംഗത്തെ പ്രമുഖ കമ്പനി. ഇന്‍ഷുറന്‍സ് രംഗത്ത് ശക്തമായ സാന്നിധ്യം. ഇതിനോടകം ഇന്‍ഷുറന്‍സ് ബിസിനസ് നേട്ടത്തിലാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതോടെ മികച്ച മൂല്യം മാക്‌സ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് സംരംഭങ്ങള്‍ക്ക് കിട്ടുമെന്ന് ഉറപ്പാണ്. ന്യൂയോര്‍ക്ക് ലൈഫുമായി ചേര്‍ന്ന് മാക്‌സ് ന്യൂയോര്‍ക്ക് എന്ന പേരിലാണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി. മാക്‌സ് ബൂപാ എന്ന പേരില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുമുണ്ട്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഇപ്പോള്‍ 172 രൂപ നിലവാരത്തിലാണ്. 280 രൂപ വരെ ഉയരാം.
കാസ്‌ട്രോള്‍ ഇന്ത്യ
(Castrol India - Target Rs.730)
ഓയില്‍ മാര്‍ക്കറ്റിങ് രംഗത്തെ കമ്പനി. ക്രൂഡോയില്‍ വില താഴേക്കു വരുന്നത് ഈ ഓഹരിക്ക് ഗുണകരമാണ്. കമ്പനി ഏതു സമയവും 100 ശതമാനം ബൈ-ബാക്ക് ഓഫര്‍ മുന്നോട്ടുവച്ചേക്കാം. മികച്ച വിലയാവും ഓഹരികള്‍ മടക്കിവാങ്ങാന്‍ പ്രൊമോട്ടര്‍മാര്‍ മുന്നോട്ടു വെയ്ക്കുക. 10 രൂപയാണ് ഈ ഓഹരിയുടെ മുഖവില. ഇപ്പോള്‍ 526 രൂപ നിലവാരത്തിലാണ് ഈ ഓഹരി. 730 രൂപ വരെയാകാം.
ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്
(Godrej Industries - Target Rs.280)
രാജ്യത്തെ പ്രമുഖ പരമ്പരാഗത ബിസിനസ് ഗ്രൂപ്പായ ഗോദ്‌റേജിന്റെ മുഖ്യ കമ്പനി. ഒലിയോകെമിക്കല്‍സ് രംഗത്തെ മുന്‍നിരക്കാര്‍. ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്നിവ അസോസിയേറ്റ് കമ്പനികള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് ലാന്‍ഡ് ബാങ്കുണ്ട്. ഇവയുടെ മൂല്യം കണക്കാക്കിയാല്‍ പോലും ഇപ്പോഴത്തെ ഓഹരി വില തുച്ഛമാണ്. ഒരു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇപ്പോഴത്തെ വില 205.20 രൂപ. 280 രൂപ വരെയായി വില ഉയരാന്‍ സാധ്യതയുണ്ട്.
Disclaimer: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.