ദീപാവലിക്ക് വാങ്ങാവുന്ന 5 ഓഹരികള്‍

Posted on: 10 Nov 2012പൊറിഞ്ചു വെളിയത്ത്‌
സപ്തംബറിലെ വന്‍ മുന്നേറ്റത്തിന് ശേഷം ഓഹരി വിപണി സ്ഥിരത കൈവരിക്കുകയാണ്. കരുതലോടെയാണെങ്കിലും നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് മടങ്ങിവരുന്നുണ്ട്. അഴിമതിക്കഥകളും കുംഭകോണങ്ങളും വകവയ്ക്കാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പണമൊഴുക്കുന്നു. ആഗോള സാമ്പത്തിക അന്തരീക്ഷം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണ്. പൊതുതിരഞ്ഞെടുപ്പിന് മുന്‍പും അതിന് ശേഷവും രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മെച്ചപ്പെടാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലും മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിച്ചാല്‍ പണമുണ്ടാക്കാമെന്ന് പ്രമുഖ ഓഹരി വിദഗ്ധനും രാജ്യത്തെ പ്രമുഖ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പൊറിഞ്ചു വെളിയത്ത് ചൂണ്ടിക്കാട്ടുന്നു.

ഈ ദീപാവലിക്കാലത്ത് നിക്ഷേപിക്കാവുന്ന അഞ്ച് ഓഹരികള്‍ പൊറിഞ്ചു വെളിയത്ത് എംബി4ഫിന്‍ വായനക്കാര്‍ക്കായി ശുപാര്‍ശ ചെയ്യുന്നു.

ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ

(Eros International Media - Rs.165.55)
ചലച്ചിത്ര നിര്‍മാണം, വിതരണം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര കമ്പനി. കഴിഞ്ഞ വര്‍ഷം 77 ചിത്രങ്ങളാണ് ഇറോസ് റിലീസ് ചെയ്തത്. മൂന്നു വര്‍ഷംകൊണ്ട് 270 ചിത്രങ്ങളും. 1,100 ചലച്ചിത്രങ്ങളുടെ വിപുലമായ ലൈബ്രറി സ്വന്തമായുണ്ട്. ഈയിടെ പുറത്തിറങ്ങിയ ബോളീവുഡ് ചിത്രങ്ങളായ റാ-വണ്‍, റെഡി, കോക്ക്‌ടെയില്‍, വിക്കി ഡോണര്‍ എന്നിവ ഹിറ്റായി. രജനീകാന്തിന്റെ കൊച്ചടിയാന്‍ (Kochadaiyaan) ഉള്‍പ്പെടെ വമ്പന്‍ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുന്നതിനാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ മികച്ച പ്രവര്‍ത്തനഫലം പ്രതീക്ഷിക്കുന്നു. നിലവിലെ വിപണിമൂല്യമായ 1,500 കോടി രൂപയ്ക്ക് ഈ ഓഹരി ഏറെ ആകര്‍ഷകമാണ്. 165 രൂപ നിലവാരത്തിലാണ് ഇറോസ് ഇന്റര്‍നാഷണലിന്റെ ഓഹരി വില ഇപ്പോള്‍. ഒരു വര്‍ഷത്തിനുള്ളില്‍ 250 രൂപയിലേക്ക് ഉയരാം.

ജിയോജിത് ബിഎന്‍പി പാരിബ

(Geojit BNP Paribas - Rs.21.55)
രാജ്യത്ത് ഏറ്റവും നല്ല നിലയില്‍ മാനേജ് ചെയ്യപ്പെടുന്ന റീട്ടെയില്‍ സ്റ്റോക്ക് ബ്രോക്കിങ് കമ്പനി. കൊച്ചിയാണ് ആസ്ഥാനം. ബ്രോക്കിങ് വ്യവസായത്തിലെ മോശംകാലം തീര്‍ന്നതിനാല്‍, ഓഹരിവിപണി തിരിച്ചുവരുമ്പോള്‍ അതിന്റെ ഗുണം ആദ്യം ലഭിക്കുക ജിയോജിത്തിനായിരിക്കും. വായ്പാരഹിതമാണ് ഈ ക്യാഷ്-റിച്ച് കമ്പനി. ഓഹരി വില ഇപ്പോള്‍ 21.55 രൂപ. അടുത്ത ദീപാവലിയോടെ 50 ശതമാനം മൂല്യവര്‍ധന പ്രതീക്ഷിക്കുന്നു.

മോത്തിലാല്‍ ഓസ്‌വാള്‍

(Motilal Oswal Financial Services - Rs.120.70)
ബ്രോക്കിങ് വ്യവസായത്തിലെ മറ്റൊരു പ്രമുഖ ദേശീയ ബ്രാന്‍ഡ്. ശക്തമായ ബാലന്‍സ് ഷീറ്റും വിപുലമായ ദേശീയ ശൃംഖലയും ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ്, അസറ്റ് മാനേജ്‌മെന്റ് ബിസിനസ് എന്നിവയിലെ സാന്നിധ്യവും ഓഹരിഉടമകള്‍ക്ക് ഭാവിയില്‍ മികച്ച നേട്ടമുണ്ടാക്കി കൊടുക്കും. അടുത്ത 6-12 മാസം കൊണ്ട് ഓഹരി വില 50 ശതമാനം വരെ ഉയരാന്‍ ഇടയുണ്ട്. ഇപ്പോള്‍ 120 രൂപ നിലവാരത്തിലാണ് മോത്തിലാല്‍ ഓസ്‌വാള്‍ ഓഹരി.

എസ്ആര്‍എഫ്
(SRF - Rs.224.50)
നൈലോണ്‍ ടയര്‍ കോര്‍ഡ്, കെമിക്കല്‍സ്, പാക്കേജിങ് മെറ്റീരിയല്‍ എന്നീ മേഖലകളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് എസ്ആര്‍എഫ്. 2011-12ല്‍ കമ്പനിയുടെ വരുമാനം 4,000 കോടി രൂപയും ലാഭം 380 കോടി രൂപയുമായിരുന്നു. വന്‍തോതില്‍ ആസ്തിയും ക്യാഷ് ഫ്ലോയുമുള്ള കമ്പനിയാണ്. ഇപ്പോള്‍ മികച്ച വാല്യുവേഷനിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. 225 രൂപ നിലവാരത്തിലാണ് ഓഹരി വില. അടുത്ത ദീപാവലിയോടെ 50 ശതമാനം മൂല്യവര്‍ധന പ്രതീക്ഷിക്കാം.

ഫിനോലെക്‌സ് കേബിള്‍സ്

(Finolex Cables - Rs.52.65)
ഇലക്ട്രിക്, കമ്യൂണിക്കേഷന്‍ കേബിളുകളുടെ മുന്‍നിര ഉത്പാദകരാണ് ഫിനോലെക്‌സ് കേബിള്‍സ്. കോപ്പര്‍ റോഡ്, സിഎഫ്എല്‍, സ്വിച്ചുകള്‍ എന്നിവയും നിര്‍മിക്കുന്നു. പുണെ, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി 10 ഫാക്ടറികള്‍. കേബിള്‍ ഉത്പാദന മേഖലയിലെ വിശ്വസ്തമായ ബ്രാന്‍ഡ്. ഈ വര്‍ഷം 2,400 കോടി രൂപ വരുമാനവും 200 കോടി രൂപ ലാഭവും ലക്ഷ്യമിടുന്നു. അതിനര്‍ത്ഥം പ്രതി ഓഹരി വരുമാനം (ഇപിഎസ്) 13 രൂപയാണ് എന്നാണ്. ഓഹരി വില ഇപ്പോള്‍ 52.65 രൂപയിലാണ്. അടുത്ത ദീപാവലിയോടെ ഇത് ഇരട്ടിയാകുമെന്ന് കണക്കാക്കുന്നു.

പൊറിഞ്ചു വെളിയത്ത്
ഓഹരി നിക്ഷേപ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന മികവുള്ള പൊറിഞ്ചു വെളിയത്ത് വാല്യു ഇന്‍വെസ്റ്റിങ്ങിന്റെ വക്താവാണ്. കൊച്ചി ആസ്ഥാനമായുള്ള ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനും സിഇഒയും. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനം (പിഎംഎസ്) മാത്രം ഒരുക്കുന്ന രാജ്യത്തെ ഒരേയൊരു കമ്പനിയാണ് ഇത്. വിവിധ ബിസിനസ് പ്രസിദ്ധീകരണങ്ങളിലും ടിവി ചാനലുകളിലും ഓഹരി ശുപാര്‍ശങ്ങള്‍ നല്‍കുന്നുണ്ട്.
Email: porinju@gmail.com


Disclaimer: മേല്‍പ്പറഞ്ഞ ഓഹരികള്‍ പൊറിഞ്ചു വെളിയത്ത് വ്യക്തിപരമായോ ഇടപാടുകാര്‍ക്ക് വേണ്ടിയോ കൈവശം വയ്ക്കുന്നതാകാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.

Tags: Stock Recommendation by Porinju Veliyath for Diwali
»  News in this Section