ഇപ്പോള്‍ നിക്ഷേപിക്കാവുന്ന 5 ഓഹരികള്‍

Posted on: 11 Aug 2012അലക്‌സ് കെ. ബാബു
ഓഹരി വിപണിയിലെ ചലനങ്ങള്‍ പ്രവചനാതീതമാണ്. എന്നാല്‍, വളര്‍ച്ചാ സാധ്യതയുള്ള മികച്ച ഓഹരികള്‍ വാങ്ങാന്‍ കഴിഞ്ഞാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. അത്തരത്തിലുള്ള അഞ്ച് ഓഹരികള്‍ ശുപാര്‍ശ ചെയ്യുകയാണ് പ്രമുഖ ഓഹരി വിദഗ്ധന്‍ അലക്‌സ് കെ. ബാബു. പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ഹെഡ്ജ് ഇക്വിറ്റീസിന്റെ മാനേജിങ് ഡയറക്ടറാണ് അദ്ദേഹം. ഓഹരികള്‍ തിരഞ്ഞെടുക്കുന്നതുപോലെ പ്രധാനമാണ് വാങ്ങുന്ന സമയവും വിലയും. അതും അലക്‌സ് ഇവിടെ വിവരിക്കുന്നു. ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപിക്കാവും ഓഹരികളാണ് ഇവിടെ ശുപാര്‍ശ ചെയ്യുന്നത്.

ആക്‌സിസ് ബാങ്ക്

(Axis Bank Limited – Target Rs.1300)
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കാണ് ആക്‌സിസ്. റീട്ടെയില്‍ ബാങ്കിങ്ങിലും കോര്‍പ്പറേറ്റ് ബാങ്കിങ്ങിലും ഒരുപോലെ ശക്തര്‍. നിലവലില്‍ 1,390 ശാഖകളും 6,270 എടിഎമ്മുകളുമുണ്ട്. സമ്മിശ്രമായ പ്രകടനമായിരുന്നു 2012-13 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ കാഴ്ചവച്ചത്. 30 ശതമാനം വായ്പാവളര്‍ച്ച കൈവരിച്ച് ഞെട്ടിച്ചിരിക്കുകയാണ് ആക്‌സിസ് ബാങ്ക്. റീട്ടെയില്‍ വായ്പകളിലുണ്ടായ 50 ശതമാനം വളര്‍ച്ചയാണ് ഇതിന് സഹായിച്ചത്. റീട്ടെയില്‍ വായ്പകള്‍ ഉയരുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാങ്കിന് ഗുണകരമാണ്. ഉയര്‍ന്ന പലിശ വരുമാനം ലഭിക്കുമെന്നതുതന്നെ കാരണം. അറ്റ പലിശ വരുമാനം, നികുതി കഴിഞ്ഞുള്ള ലാഭം എന്നിവയിലും ബാങ്ക് മികച്ച വളര്‍ച്ച നേടി. ആക്‌സിസ് ബാങ്കിന്റെ ഓഹരി വില ഇപ്പോള്‍ 1,070.60 രൂപയാണ്. 1050 രൂപ നിലവാരത്തില്‍ ഈ ഓഹരി വാങ്ങാം. ഒരു വര്‍ഷത്തിനുള്ളില്‍ 1,300 രൂപയിലേക്ക് വില ഉയരാന്‍ സാധ്യതയുണ്ട്.

ഭെല്‍

(BHEL – Target Rs.300)
രാജ്യത്തെ ഊര്‍ജ - അനുബന്ധ അടിസ്ഥാനസൗകര്യ മേഖലയിലുള്ള ഏറ്റവും വലിയ സ്ഥാപനമാണ് ഭെല്‍. പൂര്‍ണ ശ്രേണിയിലുള്ള ഊര്‍ജ നിലയ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ചുരുക്കം ചില കമ്പനികളിലൊന്നാണ് ഇത്. 1976-77 മുതല്‍ വളര്‍ച്ചയിലും പ്രകടനത്തിലും ലാഭക്ഷമതയിലും മികച്ച ട്രാക്ക് റെക്കോഡ് നിലനിര്‍ത്തുന്നുണ്ട്. കരാറുകളുടെ എണ്ണത്തില്‍ കാലാകാലങ്ങളായി വളര്‍ച്ച നിലനിര്‍ത്താന്‍ കമ്പനിക്ക് കഴിയുന്നു. ടെക്‌നോളജിയുടെ കാര്യത്തിലും മുന്നിലാണ്. ഇതൊക്കെ കൊണ്ടുതന്നെ ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ ശക്തമായ സാന്നിധ്യമാണ് ഈ പവര്‍ പ്ലാന്റ് എക്യുപ്‌മെന്റ് കമ്പനിക്കുള്ളത്. റെയില്‍വേയ്ക്കുവേണ്ടിയും നിരവധി ഉപകരണങ്ങള്‍ ഭെല്‍ സപ്ലൈ ചെയ്യുന്നുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വിറ്റുവരവ് 7,123.38 കോടി രൂപയില്‍ നിന്ന് 16.89 ശതമാനം ഉയര്‍ന്ന് 8,326.24 കോടി രൂപയിലെത്തി. ലാഭമാകട്ടെ, 18.05 ശതമാനം വര്‍ധിച്ച് 1,202.19 കോടി രൂപയായി. ഇപ്പോള്‍ 228.80 രൂപയിലുള്ള ഈ ഓഹരി 220 രൂപ നിലവാരത്തില്‍ വാങ്ങാവുന്നതാണ്. 300 രൂപയാണ് ഒരു വര്‍ഷത്തെ ടാര്‍ഗെറ്റ്.

എക്‌സൈഡ് ഇന്‍ഡസ്ട്രീസ്

(Exide Industries Limited – Target Rs.150)
രാജ്യത്തെ പ്രമുഖ ബാറ്ററി നിര്‍മാതാക്കളാണ് എക്‌സൈഡ്. വാഹനം, റെയില്‍വേ, ടെലികോം, പവര്‍ പ്ലാന്റുകള്‍, സോളാര്‍ സെല്ലുകള്‍ എന്നീ മേഖലകള്‍ക്കാവശ്യമായ വ്യത്യസ്ത ഇനം സ്‌റ്റോറേജ് ബാറ്ററികള്‍ കമ്പനി നിര്‍മിക്കുന്നുണ്ട്. സബ്മറൈന്‍ ബാറ്ററികള്‍ നിര്‍മിക്കുന്ന ലോകത്തിലെ അഞ്ചു കമ്പനികളില്‍ ഒന്ന് എന്ന പ്രത്യേകതയും എക്‌സൈഡിനുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ കമ്പനി ശരാശരി പ്രകടനമാണ് കാഴ്ചവച്ചത്. ഒഇഎം വാഹന ബാറ്ററികളില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും വ്യാവസായിക ബാറ്ററി വിഭാഗത്തില്‍ മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നുണ്ട്. 19 ശതമാനമാണ് ഇതിലെ വളര്‍ച്ച. മൊത്തത്തില്‍ വില്‍പന 27 ശതമാനം ഉയര്‍ന്നിട്ടുണ്ട്. എക്‌സൈഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഇപ്പോള്‍ 130.15 രൂപയാണ്. 120 രൂപ നിലവാരത്തില്‍ ഈ ഓഹരി വാങ്ങാവുന്നതാണ്. ഒരു വര്‍ഷം കൊണ്ട് 150 രൂപയിലേക്ക് ഉയരാം.

എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സ്

(L&T Finance Holdings Ltd – Target Rs.60)
ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ ആന്‍ഡ് ടി) പ്രൊമോട്ട് ചെയ്യുന്ന ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് കമ്പനിയാണ് ഇത്. കോര്‍പ്പറേറ്റ്, റീട്ടെയില്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് മേഖലകളിലെ വിവിധയിനം ധനകാര്യ ഉത്പന്നങ്ങളും സേവനങ്ങളുമാണ് കമ്പനി ഒരുക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, റീട്ടെയില്‍ ഫിനാന്‍സ്, കോര്‍പ്പറേറ്റ് ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് എന്നിങ്ങനെ നാല് ബിസിനസ് ഗ്രൂപ്പുകള്‍ക്ക് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവുമധികം വിശ്വസ്തവും മൂല്യവത്തുമായ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളിലൊന്നാണ് എല്‍ ആന്‍ഡ് ടി. ഇതിന്റെ ഗുണം എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സിനും ലഭിച്ചിട്ടുണ്ട്. അനുബന്ധ സ്ഥാപനങ്ങളിലൂടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, റീട്ടെയില്‍ ഫിനാന്‍സ് മേഖലകളില്‍ സാന്നിധ്യമുണ്ട്. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ബുക്ക് സൈസാണ് ഇതിന്. എന്നാല്‍, മികച്ച ബിസിനസ് മോഡലും ഈ രംഗത്തെ വളര്‍ച്ചാ സാധ്യതയുമാണ് എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സിന് തുണയാകുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ വായ്പയില്‍ 37 ശതമാനവും മൊത്തം വരുമാനത്തില്‍ 44 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇപ്പോള്‍ 44.70 രൂപയിലുള്ള ഈ ഓഹരി 42 രൂപ നിലവാരത്തില്‍ വാങ്ങാം. ഒരു വര്‍ഷത്തിനുള്ളില്‍ 60 രൂപയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കനറാ ബാങ്ക്

(Canara Bank Limited – Target Rs.430)
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്ന്. വ്യക്തിഗത ബാങ്കിങ്, കോര്‍പ്പറേറ്റ് ബാങ്കിങ്, എന്‍ആര്‍ഐ ബാങ്കിങ് എന്നിവയിലായി വിപുലമായ ബാങ്കിങ് സേവനങ്ങളാണ് കനറാ ബാങ്ക് ഒരുക്കിയിരിക്കുന്നത്. ആസ്തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ് ഇത്. 2012-13ലെ ആദ്യ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം അത്ര മെച്ചമല്ല. അറ്റ പലിശ വരുമാനം 4.5 ശതമാനം മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. നിക്ഷേപ ചെലവ് 0.84 ശതമാനം ഉയര്‍ന്നപ്പോള്‍ വായ്പാവരുമാനത്തില്‍ 0.62 ശതമാനം വര്‍ധനവേയുള്ളൂ. ഉയര്‍ന്ന വരുമാനം നല്‍കുന്ന ഹ്രസ്വകാല കോര്‍പ്പറേറ്റ് വായ്പകളിലുള്ള സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്. നഷ്ടസാധ്യത കൂടുതലാണ് എന്നതുതന്നെ കാരണം. കിട്ടാക്കടം പെരുകിയിട്ടുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും നല്‍കിയ വായ്പകളിലാണ് ഇത്. എന്നാല്‍, ഇവയൊക്കെ ചെറിയ അക്കൗണ്ടുകളാണെന്നാണ് ബാങ്കിന്റെ പക്ഷം. വായ്പയുടെ നിലവാരം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. അതിനാല്‍ തന്നെ വരുംദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്. വിപണിയില്‍ പ്രവേശിക്കാന്‍ അനുകൂലമായ വിലയാണ് കനറാ ബാങ്ക് ഓഹരികള്‍ക്ക് ഇപ്പോള്‍ - 349.45 രൂപ. 360 രൂപ നിലവാരം വരെ വാങ്ങാവുന്നതാണ്. ഒരു വര്‍ഷം കൊണ്ട് 430 രൂപയിലേക്ക് ഓഹരി വില ഉയരും.

Disclaimer: മേല്‍പ്പറഞ്ഞ ഓഹരികള്‍ അലക്‌സ് കെ. ബാബു വ്യക്തിപരമായോ ഇടപാടുകാര്‍ക്ക് വേണ്ടിയോ കൈവശം വയ്ക്കുന്നതാകാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.

Tags: Stock Recommendation by Hedge Equities MD Alex K Babu
»  News in this Section